Image

പ്രളയംപോലെതന്നെ ഈയൊരു ഫ്രയിമും (അബ്ദുള്‍ റഷീദ് )

അബ്ദുള്‍ റഷീദ് Published on 23 August, 2018
പ്രളയംപോലെതന്നെ ഈയൊരു ഫ്രയിമും (അബ്ദുള്‍ റഷീദ് )
ക്യാമറകള്‍ കണ്ണടയ്ക്കാതിരുന്ന ഒരു പ്രളയകാലം കൂടിയായിരുന്നു ഇത്. ആയിരക്കണക്കിന് വാര്‍ത്താചിത്രങ്ങള്‍ പിറന്ന ഈ പ്രളയത്തെ അതിന്റെ എല്ലാ ആഴത്തിലും നൊമ്പരത്തിലും ഒപ്പിയെടുത്ത ഒരു ഫ്രയിം, ഒരേയൊരു വാര്‍ത്താചിത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഇതാ, ഈ ചിത്രമാവും തൊടുക.

ഒരു കുത്തൊഴുക്കും ഇല്ലാത്ത ഈ ചിത്രത്തില്‍ പക്ഷേ, ഒരു മഹാപ്രളയത്തിന്റെ എല്ലാ കരകവിയലുകളുമുണ്ട്. ആശങ്ക, കണ്ണീര്‍, ആശ്വാസം, ആധി, സ്‌നേഹം, വാത്സല്യം, അനിശ്ചിതത്വം, രക്ഷപ്പെടല്‍, കൂടിച്ചേരല്‍….എല്ലാമെല്ലാം.

പാതിയുരിക്കപ്പെട്ട ആ വാഴപ്പഴവും പിന്നില്‍ അവ്യക്തതയില്‍ വിറച്ചുനില്‍ക്കുന്ന മറ്റൊരു സ്ത്രീയും രക്ഷാബോട്ടും എല്ലാം ചേരുമ്പോള്‍ ഈ ദുരന്തത്തിന്റെ സമ്പൂര്‍ണ്ണ ഫ്രയിം ആകുന്നു ഇത്. ആ അമ്മയുടെ വസ്ത്രത്തിലെ ബുദ്ധമുദ്രപോലും ഒരടയാളമാകുന്നു.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സി'നുവേണ്ടി ആലുവയില്‍ നിന്നു ഈ ചിത്രം പകര്‍ത്തിയത് ഒരു മലയാളിതന്നെ, വി ശിവറാം. മുമ്പ് മലയാള മനോരമയില്‍ 'ദ വീക്'ന്റെ ഫോട്ടോ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അദ്ദേഹം.

'റോയിട്ടേഴ്‌സി'ലൂടെ ലോകമെങ്ങും എത്തിയ ഈ പ്രളയചിത്രം കേരളത്തിന്റെ കണ്ണീരിന്റെ ക്യാമറാമുദ്ര ആയി നിരവധി ലോകമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തിലാകട്ടെ, സ്വന്തം ഫോട്ടോകളെല്ലാം മാറ്റിവെച്ചു മലയാള മനോരമയും മാതൃഭൂമിയും ഈ ചിത്രം ഒരേ ദിവസം ഒന്നാം പേജില്‍ മുഖ്യചിത്രമാക്കി. ആതില്‍ത്തന്നെ മനോരമ ചിത്രം വിന്യസിച്ച രീതി കൂടുതല്‍ മികച്ചതായി.

പ്രളയംപോലെതന്നെ ഈയൊരു ഫ്രയിമും മനസ്സില്‍നിന്നു മായുന്നില്ല.

പ്രളയംപോലെതന്നെ ഈയൊരു ഫ്രയിമും (അബ്ദുള്‍ റഷീദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക