Image

കോഹന്‍ ഇനി എന്തൊക്കെ പറയും?

ഏബ്രഹാം തോമസ് Published on 24 August, 2018
കോഹന്‍ ഇനി എന്തൊക്കെ പറയും?
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ മറ്റെല്ലാ മുന്‍ മൈക്കേല്‍ കോഹനും പ്രസിഡന്റിനെതിരെ മൊഴി പറഞ്ഞു. തനിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളില്‍ അഞ്ചെണ്ണവും കോഹന്‍ സമ്മതിച്ചു. ഇവയില്‍ 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ട്രമ്പിന്റെ നിര്‍ദേശപ്രകാരം രണ്ട് സ്ത്രീകളെ നിശബ്ദരാക്കുവാന്‍ രണ്ട് സ്ത്രീകള്‍ക്ക് ധനം നല്‍കിയതായ കുറ്റസമ്മതവും ഉള്‍പ്പെടുന്നു.

മനപ്പൂര്‍വം ഒരു നിയമവിരുദ്ധസംഭാവന ഒരു കോര്‍പ്പറേറ്റില്‍ നിന്നും വാങ്ങിയതും പ്രചാരണത്തിന് അനുവദനീയമല്ലാത്തതിലധികം പണം വാങ്ങിയതുമെല്ലാം ട്രമ്പിന്റെ മുന്‍ അറ്റോണിയും വിശ്വസ്ഥനുമായിരുന്ന കോഹന്‍ തുറന്ന് സമ്മതിച്ചു. പ്രചരണ ധനസമാഹരണത്തിലെ നിയമ വിരുദ്ധ കൃത്യങ്ങള്‍ക്ക് പ്രസിഡന്റിന്റെ നേരിട്ടുള്ള ബന്ധം ആരോപിച്ചു. കോഹന്റെ നടപടികള്‍ കളവ് പറയുന്നതിന്റെ ഒരു ശൈലിയും സത്യസന്ധത ഇല്ലായ്മയും വ്യക്തമാക്കുന്നവയാണെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

പ്രസിഡന്റിന്റെ നിര്‍ദേശം ഉണ്ടായിരുന്നു എന്നും നേരിട്ട് ഇടപെടല്‍ ഉണ്ടായിരുന്നു എന്ന ആരോപണങ്ങള്‍ ട്രമ്പിന്റെ നില വളരെ പരുങ്ങലിലാക്കിയതായി നിരീക്ഷകര്‍ പറഞ്ഞു.

എന്നാല്‍ പ്രസിഡന്റിനെതിരെ കുറ്റാരോപണം നടത്തുവാനാവില്ല എന്നാണ് നിയമഞ്ജരുടെ മതം. ഇംപീച്ച്‌മെന്റിന് വേണ്ടി മുറവിളി ഉണ്ടായേക്കാം. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് വളരെക്കാലം മുന്‍പ് നടത്തിയ നിയമ വ്യാഖ്യാനത്തില്‍ ഒരു പ്രസിഡന്റിനെതിരെ ക്രിമിനല്‍കുറ്റം ചാര്‍ത്താന്‍ കഴിയുകയില്ല എന്ന് വ്യക്തമാക്കിയിരുന്നു. 1973ലും 2000ലും ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ വിശകലനങ്ങളില്‍ ഭരണത്തിലിരിക്കുന്ന ഒരു പ്രസിഡന്റിനെതിരെ ക്രിമിനല്‍കുറ്റം ചുമത്താന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നു.

ഈ നിഗമനങ്ങള്‍ കോടതികളില്‍ പരീക്ഷിച്ചിട്ടില്ല. അങ്ങനെ ചെയ്യണമെങ്കില്‍ ഒരു പ്രോസിക്യൂട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ മറികടന്ന് ക്രിമിനല്‍ ചാര്‍ജുകള്‍ ചുമത്തി മുന്നോട്ട് പോകാന്‍ തയ്യാറാകണം.

മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ കോഹന്‍ കുറ്റസമ്മതം നടത്തിയതിന് ശേഷം ഡെപ്യൂട്ടി യു.എസ് അറ്റോണി റോബര്‍ട്ട ഖുസാമി പ്രോസിക്യൂട്ടറന്മാര്‍ നല്‍കുന്ന സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണ ധനസമാഹരണത്തില്‍ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ ചാര്‍ജ്ജുകള്‍ ഫയല്‍ ചെയ്ത് മുമ്പോട്ട് പോകാന്‍ മടിക്കുകയില്ല് എന്നാണെന്ന് പറഞ്ഞു. പക്ഷെ ട്രമ്പിന്റെ പേര് പറയുകയോ തന്റെ ഓഫീസ് പ്രസിഡന്റിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഒരുങ്ങുന്നതായോ പറഞ്ഞില്ല.

സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ മാസങ്ങള്‍ക്ക് മുന്‍പു തന്നെ പ്രചരണ ധനവിനിയോഗത്തിലെ ക്രമക്കേടും സ്ത്രീകള്‍ക്ക് പണം നല്‍കിയതായ ആരോപണം തന്റെ അന്വേഷണ പരിധിയില്‍ വരുന്നതല്ല എന്ന് പറഞ്ഞിരുന്നു. ഇതെല്ലാം ഇംപീച്ച്‌മെന്റിന്റെ സ്ധ്യതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ റിപ്പബ്ലിക്കനുകളുടെ മേല്‍ക്കൈ ഇതിനുള്ള സാധ്യത വിരളമാക്കുന്നു. എന്നാല്‍ നവംബറിലെ തിരഞ്ഞെടുപ്പില്‍ ജനപ്രതിനിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടായാല്‍ ഇംപീച്ച്‌മെന്റ് ശ്രമങ്ങള്‍ ശക്തമാവും.

കോഹന്‍ തുടര്‍ന്നെന്ത് പറയും എന്നതിനെ ആശ്രയിച്ചാണ് പ്രസിഡന്റിന് എത്രത്തോളം നഷ്ടമുണ്ടാവും എന്ന് പറയാനാവുക. 2016ലെ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് നിയമവിരുദ്ധമായി രഷ്യക്കാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തത് ട്രമ്പിന് അറിയാമായിരുന്നു എന്ന് കോഹന്‍ പ്രോസിക്യൂട്ടര്‍മാരോട് പരഞ്ഞേക്കും. ഇതെകുറിച്ച് നേരിട്ടറിയാവുന്നത് എത്രമാത്രം കോഹന്‍ മുള്ളര്‍ അന്വേഷണകമ്മീഷന് മുമ്പാകെ വെളിപ്പെടുത്തും എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു.

ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുമായി ഒരു ഡീല്‍ നടത്തുവാന്‍ കോഹന്‍ കഥകള്‍ മെനഞ്ഞുണ്ടാക്കുകയാണ് കോഹന്‍ എന്ന് ട്രമ്പ് ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ തെറ്റായ് ചെയ്ത ഒരേ ഒരു കാര്യം കുടിലയായ ഹിലരി ക്ലിന്റണും ഡെമോക്രാറ്റുകളും വിജയിക്കുമെന്ന് കരുതിയിരുന്ന തിരഞ്ഞെടുപ്പ് (ഞാന്‍) വിജയിച്ചതാണ്.

കോഹന്റെ ഭാഗധേയം ഇനി അമേരിക്കന്‍ നിയമസംവിധാനം തീരുമാനിക്കും. തന്നെ നിയമം ലംഘിക്കുവാന്‍ നിര്‍ദേശിച്ചു എന്ന് കോഹന്‍ മൊഴി നല്‍കിയ ട്രമ്പിന്റെ ഭാവി അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനിക്കും എന്നും നിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ റിപ്പബ്ലിക്കുകള്‍ ട്രമ്പിനൊപ്പമാണെന്ന പ്രതീതിയാണുള്ളത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രശ്‌നം വോട്ടര്‍മാരുടെ മുമ്പാകെ അവതരിപ്പിക്കും. കോണ്‍ഗ്രസിന് അന്വേഷണത്തിന്റെയും ഹാജരാകാന്‍ ആവശ്യപ്പെടുന്നതിന്റെയും ആവശ്യമായി വന്നാല്‍ ഇംപീച്ച്‌മെന്റിന്റെയും അധികാരം നല്‍കണോ വേണ്ടയോ എന്ന് വോട്ടര്‍മാര്‍ തീരുമാനിക്കും. കോഹന്റെ മൊഴിക്ക് ശേഷം മറ്റോരു മുന്‍ ട്രമ്പ് വിശ്വസ്ഥന്‍ പോള്‍ മാനഫോര്‍ട്ട് എട്ടു ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് വെര്‍ജീനിയയിലെ ഒരു ജൂറി കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക