Image

കൊല്ലുമോ മോമോ? (പകല്‍ക്കിനാവ്- 114, ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 24 August, 2018
കൊല്ലുമോ മോമോ?  (പകല്‍ക്കിനാവ്- 114, ജോര്‍ജ് തുമ്പയില്‍)
പോക്കിമോനും ബ്ലൂവെയ്‌ലിനും ശേഷം ലോകത്തെയാകെ ഞെട്ടിക്കുന്ന ഒരു ഗെയിം പുറത്തിറങ്ങിയിരിക്കുന്നു. വാട്‌സ് ആപ്പ് ഉപയോക്താക്കളെ ടാര്‍ജറ്റ് ചെയ്തിരിക്കുന്ന ഇതു പുറത്തു വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ലോകത്തെ നവമാധ്യമമായി മാറിയിരിക്കുന്ന വാട്‌സ് ആപ്പിനെ വെല്ലുവിളിച്ചു കൊണ്ട്, ഓരോരുത്തരെയും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധമാക്കുന്ന ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് വെളിപ്പെട്ടിട്ടില്ലെങ്കിലും ഒന്ന് ഉറപ്പ്. ഇത് മാനവരാശിയെ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍പ് വന്ന് ബ്ലൂവെയില്‍ എന്നത് ശരിക്കുമൊരു ആത്മഹത്യക്കളിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവതരിച്ചിരിക്കുന്ന മോമോ എന്ന ഗെയിമും ലക്ഷ്യമിടുന്നത് ഏതാണ്ട് അതൊക്കെ തന്നെ. 

ഓരോരുത്തരെയും വെല്ലുവിളിച്ചു കൊണ്ടാണ് ഈ ഗെയിമിന്റെ മുന്നേറ്റം. അതു കൊണ്ടു തന്നെ, മോമോ ചലഞ്ച് എന്നത് കൂടുതലും കൗമാരക്കാരെയാണ് പിടികൂടുക. ഈ ഗെയിമിന്റെ ലോഗോ എന്നത് ഒരു സ്ത്രീ രൂപമാണ്. പലേടത്തും ഇതിനെതിരേയുള്ള വാണിങ് മെസ്സേജുകള്‍ വന്നു കഴിഞ്ഞു. മിഡോറി ഹയാന്‍ഷി എന്ന പ്രശസ്തനായ ജാപ്പനീസ് ചിത്രകാരിയുടെ മദര്‍ ബേര്‍ഡ് സൃഷ്ടിയാണ് ഇപ്പോള്‍ മോമോയ്ക്ക് നല്‍കിയിരിക്കുന്ന ലോഗോ. അതു കൊണ്ട് ജപ്പാനില്‍ നിന്നും ഉരുത്തിരഞ്ഞതാണ് ഈ ഗെയിം എന്നു സംശയിക്കപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. എഫ്ബിഐ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക ഘട്ടത്തില്‍ ജാപ്പനീസ് ബുദ്ധിയാണ് ഇതിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ സെര്‍വര്‍ അഡ്രസ് പരിശോധിച്ചതില്‍ നിന്നും ജപ്പാനാണ് ഇതിന്റെ ഉറവിടമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊരു ക്ലൗഡ് സേര്‍വറാണോയെന്നും സംശയിക്കുന്നുണ്ട്. അമേരിക്കയില്‍ മാത്രമല്ല പലേടത്തും പ്രത്യേകിച്ച്, കേരളത്തില്‍ പോലും ഇതിന്റെ അലയൊലികള്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. 

എന്തിനു വേണ്ടിയാണ് മോമോ ഇത്തരമൊരു നീക്കവുമായി എത്തിയതെന്നും വ്യക്തമല്ല. പണമാണോ, അതോ സാങ്കേതികമായി ഫോണില്‍ നിന്നും വല്ലതും ചോര്‍ത്താനാണോ, അതോ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റൊരു ഫോണ്‍ വാങ്ങിപ്പിക്കുന്നതിനു വേണ്ടിയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.  മോമോ ഗെയിമിന്റെ എപികെ (ആന്‍ഡ്രോയിഡ് പാക്കേജ് കിറ്റ്) ഇന്‍സ്റ്റാലേഷന്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ ഈ ഹാക്കിങ് സാദ്ധ്യമാവൂ എന്നതാണ് സത്യം. പക്ഷേ, ഇത്തരത്തിലൊന്ന് ഇവിടെ നടക്കാന്‍ സാധ്യതയില്ല. എന്നാല്‍ നടന്നു എന്നു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഗെയിമിന്റെ ഓരോ ഘട്ടത്തിലും എപികെ ഇന്‍സ്റ്റലേഷന്‍ നടത്തിക്കൊണ്ടാണ് മോമോ മുന്നേറുന്നത്. പക്ഷേ, തുടക്കത്തില്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്തിരിക്കുന്നുവെന്നും കോള്‍ ലോഗ്, ചാറ്റ് ഹിസ്റ്ററി എന്നിവ വേണമെങ്കില്‍ കാണിച്ചു തരാമെന്നും വെല്ലുവിളിച്ചു കൊണ്ട്, ഒരു സ്ത്രീയുടെ ചാറ്റില്‍ നിന്നും വരുന്നതു കണക്കേ സന്ദേശങ്ങള്‍ നല്‍കി കൊണ്ടാണ് മോമോയുടെ അശ്വമേധം.  ഹാക്ക് ചെയ്തൂ എന്ന് ധരിപ്പിച്ച് ബ്ലാക്ക് മെയിലിങ് മോഡ് ഓഫ് ഓപറേഷനാണ് മോമോ ഗെയിമിന്റെ ഒരു രീതിയെന്നു വേണമെങ്കില്‍ പറയാം.

മോമോയുടെ ആദ്യ ഘട്ട പരിപാടിയെന്നത്, സെല്‍ഫി ചോദിക്കല്‍ ചടങ്ങാണെന്നും പ്രൊഫൈല്‍ പിക് വേരിഫിക്കേഷന്‍ ആണെന്നതും കാണാം. ഇതൊക്കെയും സ്‌ക്രീന്‍ ഷോട്ട് കൃത്യമായി അവലോകനം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാണ്, മോമോ ടൂളുകളില്‍ പറയും പോലെ അത്ര തമാശ മാത്രമായി കരുതാനാവില്ല ഇത്. കാരണം ബ്ലൂവെയില്‍ ഗെയിമില്‍ പൊലിഞ്ഞത് എത്രയോ കൗമാരക്കാരുടെ ജീവനാണ്. ജപ്പാനില്‍ ആത്മഹത്യ ചെയ്ത 12 വയസുകാരിയുടെ ഫോണില്‍ മോമോ ചാറ്റ് ഉണ്ടായിരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ ഗെയിം ലോകമറിഞ്ഞത്. അതു കൊണ്ടു തന്നെ കുട്ടികള്‍ക്കിടയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അടിയന്തിരമായി തന്നെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ചാറ്റിങ്ങ് അമ്മമാര്‍ നിരിക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം.

അറിയാത്ത ഏതെങ്കിലും നമ്പരില്‍ നിന്നും മെസേജ് വന്നാലുടന്‍ ബ്ലോക്ക് ഓപ്ഷന്‍ ഉപയോഗിക്കണമെന്ന് സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണം. ആവശ്യമില്ലാത്ത മറുപടി കൊടുത്ത് വെറുതെ നിങ്ങളുടെ എപികെ ഇന്‍സ്റ്റലേഷനു വേണ്ടി ഫോണിനെ ഒരുക്കി നിര്‍ത്തേണ്ടതില്ല. പലയിടത്തെയും പോലീസുകാര്‍ എന്തായാലും മോമോയെക്കുറിച്ച് വിശദമായ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോമോ പോലെയുള്ള വാണിങ്, ഹാക്കിങ്, ത്രെട്ടനിങ് മെസ്സേജുകള്‍ ഫോണില്‍ വന്നാലുടന്‍ അത് രക്ഷകര്‍ത്താവിനെ കുട്ടികള്‍ അറിയിക്കണം. ഒപ്പം, ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുക. കൂടാതെ സംശയാസ്പദമായ നമ്പരുകളില്‍നിന്നു വരുന്ന സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും പ്രതികരിക്കാതിരിക്കുക.

പോക്കിമോനും ബ്ലൂവെയിലും സൃഷ്ടിച്ച ആശങ്ക വളരെ വലുതായിരുന്നു. അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടു വരുമ്പോഴാണ് ഇപ്പോള്‍ മോമോ എന്ന പേരില്‍ പുതിയ ഗെയിം ഇറക്കി ലോകത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. ഇതേ പേരില്‍ തന്ന ചൈനയില്‍ ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പ് ഉണ്ട്. ആദ്യം ഇത് ചൈനക്കാരുടെ പരിപാടിയായിരിക്കുമെന്നു കരുതി മുന്‍കരുതലെടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ അതിനൊക്കെ മുകളിലാണ് ഈ ഗെയിമിന്റെ സ്ഥാനമെന്നു ചില അനുഭവസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ സൂക്ഷിക്കേണ്ടത് നമ്മളാണ്. നമ്മള്‍ ചാറ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിധത്തിലായിരിക്കും ഈ സന്ദേശങ്ങള്‍ എത്തുന്നത്. ചിലപ്പോള്‍ നേരിട്ടും മറ്റു ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്ത് തന്നെയാവും ഇതിനെ ഫോളോ ചെയ്യാന്‍ ആവശ്യപ്പെട്ട് സന്ദേശമയക്കുന്നത്. ലോകത്തെ മുന്നിലേക്കു നയിക്കാന്‍ പറ്റുന്ന വിധത്തിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങുകള്‍ നിര്‍മ്മിക്കുന്നതിനു പകരം, ഇനിയെങ്കിലും ഇത്തരം ലോകനശീകരണത്തിനു തുല്യമായ ഗെയിമുകള്‍ നിര്‍മ്മിക്കുന്നവരെ ഒറ്റപ്പെടുത്തുക. അതു മാത്രമാണ് ലോകത്തെ രക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം; മോമോയെ ഹനിക്കുവാനും.

Join WhatsApp News
Sudhir Panikkaveetil 2018-08-24 12:53:44
എത്ര പേര് ഇത് വായിച്ചു?  വായിക്കാതിരിക്കയും 
ചുറ്റും നടക്കുന്നത് അറിയാതിരിക്കയും 
ചെയ്യുന്ന ഒരു ജനതയുണ്ടെന്നു ഇത്തരം 
കണ്ടുപിത്തക്കാർക്ക് അറിയാം. അവരെ കുടുക്കാൻ എളുപ്പമല്ലേ?
മതത്തിനും രാഷ്ട്രീയത്തിനും 
സമയം കളയുന്നവർ വായിക്കാൻ കൂടി കുറച്ച് 
സമയം ഉപയോഗപ്പെടുത്തുന്നത് നല്ലതായിരിക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക