Image

വിദേശ സഹായം: കേന്ദ്ര നിലപാടിനെതിരെ ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

Published on 25 August, 2018
വിദേശ സഹായം: കേന്ദ്ര നിലപാടിനെതിരെ ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി


പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്‌ വിദേശ ധനസഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സി പി ഐ നേതാവ്‌ ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നാശനഷ്ടം കണക്കാക്കുന്നതിനു മുമ്പ്‌ സഹായം നിഷേധിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ രാജ്യസഭാ എം പി കൂടിയായ ഹര്‍ജിക്കാരന്‍ ആരോപിച്ചു.

പ്രളയം മൂലമുണ്ടായ ആകെ നാശനഷ്ടങ്ങള്‍ കണക്കാക്കേണ്ടതുണ്ട്‌. നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനു മുമ്പേ വിദേശസഹായം വേണ്ടെന്നു വയ്‌ക്കുന്നത്‌ ദുരന്തനിവാരണ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണെന്നാണ്‌ ബിനോയ്‌ വിശ്വത്തിന്റെ വാദം.

പ്രളയദുരന്തം നേരിടുന്നതിന്‌ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വ്യാജമാണെന്ന്‌ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ധനസഹായ പ്രഖ്യാപനം വ്യാജമാണെന്ന്‌ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ക്ക്‌ അടക്കമുള്ള മറപടിയാണ്‌ യുഎഇ ഭരണാധികാരികളുടെ സഹായ വാഗ്‌ദാനത്തിന്‌ നന്ദി അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ്‌.

യുഎഇ ഭരണാധികാരിയുടെ സഹായവാഗ്‌ദാനം പുറത്തുവന്നത്‌ കഴിഞ്ഞ 18നായിരുന്നു. `ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കും. അടിയന്തരസഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌' എന്നതായിരുന്നു ട്വീറ്ററിലൂടെയുള്ള സന്ദേശം.

അന്നുതന്നെ സഹായത്തിന്‌ നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റും പറത്തുവന്നു. `ഉദാരമായ വാഗ്‌ദാനം' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്‌. ദുബായ്‌ ഭരണാധികാരിയുടെ ട്വീറ്റിനെ പ്രധാനമന്ത്രി ടാഗും ചെയ്‌തു.

സഹായം 700 കോടിയുടേതാണെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ട്വീറ്റ്‌ ചെയ്‌തത്‌ 21നാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ട്വീറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ട്വീറ്റിനെയും ടാഗ്‌ ചെയ്‌തിരുന്നു. യുഎഇ ഭരണാധികാരിയുടെ ട്വീറ്റും ടാഗ്‌ ചെയ്‌തു. യുഎഇ സര്‍ക്കാര്‍ സഹായവാഗ്‌ദാനം ആദ്യമായി അറിയിച്ചത്‌ വ്യവസായി എം എ യുസഫലിയെ ആയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ്‌ അന്നുതന്നെ ട്വീറ്റ്‌ ചെയ്‌തു.

എന്നാല്‍, 22ന്‌ കേരളം വിദേശസഹായം സ്വീകരിക്കുന്നത്‌ തടഞ്ഞ്‌ വിദേശ മന്ത്രാലയം വാര്‍ത്താകുറിപ്പിറക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോഴാണ്‌ സംഘപരിവാറും ബിജെപി അനുകൂലികളും തെളിവ്‌ ആവശ്യപ്പെട്ട്‌ രംഗത്തുവന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക