Image

ജാതി തിരിച്ചുള്ള ഓണക്കളികള്‍! (മനോജ് മനയില്‍)

Published on 25 August, 2018
ജാതി തിരിച്ചുള്ള ഓണക്കളികള്‍! (മനോജ് മനയില്‍)
മാനുഷരെല്ലാരും ഒന്നുപോലെയുള്ള ഓണത്തിന് പക്ഷേ, ഓണക്കളികളെല്ലാം ജാതി തിരിച്ചുള്ളതായത് എങ്ങിനെയാണെന്നതാണ് എന്റെ സംശയം! 

പണ്ടുകാലത്തുണ്ടായിരുന്നൊരു ഓണപ്പാട്ടിലാണ് ഈ ജാതി വേര്‍തിരിവ് സൂചിപ്പിക്കുന്നത്. പാട്ടു ഇങ്ങനെയാണ്:

'ഓണം വന്നാലോ നമ്പൂരാര്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു കമ്പിത്തായം
ഓണം വന്നാലോ നായന്മാര്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു കയ്യാങ്കളി
ഓണം വന്നാലോ ചെറുമക്കള്‍ക്കെല്ലാര്‍ക്കും
വേണം നല്ലൊരു തുമ്പിതുള്ളല്‍...'

ആ പാട്ട് ഈ വിധം തുടര്‍ന്നുപോകുന്നു. ഇതില്‍പ്പറയുന്ന കമ്പിത്തായം എന്നതു ചുതുകളിയാണ്. ഇതു നമ്പൂതിരിമാരാണ് ചെയ്യേണ്ടത്. തായങ്കളി എന്നും ഇതിനെപ്പറയും. നമ്പൂതിരിമാര്‍ പങ്കെടുക്കുന്ന മറ്റൊരു പഴയ ഓണക്കളിയാണ് ഏഴാമത്തുകളി. ക്ഷേത്രക്കുളങ്ങളുടെ പേര്‍ പറഞ്ഞുള്ള കളിയാണിത്. നമ്പൂതിരിമാരെക്കൂടാതെ അമ്പലവാസികളും ഇതില്‍ പങ്കെടുക്കും. കയ്യാങ്കളിയെന്നത് ഓണത്തല്ലാണ്. അതു നായന്മാര്‍ ചെയ്യും. പണ്ടുകാലത്തെ അഭ്യാസികളും പടയാളികളും നായന്മാരാണെന്നതായിരിക്കും ഇതിനവരെ പ്രാപ്തരാക്കിയത്. ജാതിയില്‍ താഴ്ന്നവര്‍ക്ക് തുമ്പിതുള്ളല്‍, താലീപീലിക്കളി, കണ്ണനാമുണ്ണികളി, കുടമൂത്തുകളി, പെണ്ണിനെത്തരുമോ കളി എന്നിവയൊക്കെയാണ്. നായന്മാരുടെ പെണ്ണുങ്ങള്‍ക്ക് കൈകൊട്ടിക്കളി, കുട്ടികള്‍ക്ക് പന്തുകളി എന്നിവയുമുണ്ട്. നായര്‍ യുവാക്കള്‍ക്ക് ആട്ടക്കളം കുത്തുക എന്നൊരു കളിയും നടക്കും. മെയ്യഭ്യാസത്തിന്റെ കളിയാണിത്. കബഡി കളിപോലെയുള്ള ഒരിനം. 

ഏതാണ്ട് കേരളത്തില്‍ ഓണക്കളികളായി നാല്പ്പതോളം ഇനങ്ങളുണ്ട്. ഇതെല്ലാം വ്യത്യസ്ത ജാതികള്‍ക്കായി നിര്‍മിക്കപ്പെട്ടവയും ആണ്. എന്നാലും നാം പാടും, 'മാനുഷരെല്ലാരും ഒന്നുപോലെ...'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക