Image

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി അബുല്ലൈസ് പിടിയില്‍

Published on 25 August, 2018
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി അബുല്ലൈസ് പിടിയില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി അബുല്ലൈസ് പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ആണ് ഇയാളെ തൃശൂരില്‍ പിടികൂടിയത്. തൃശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തിനായി രഹസ്യമായി എത്തിയപ്പോഴാണ് പിടികൂടിയത്. 2013 മുതലാണ് കൊടുവള്ളി സ്വദേശിയായ അബുല്ലൈസ് ഒളിവില്‍ പോയത്. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദുബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തിലെ ഒന്നാം പ്രതി കൊടുവള്ളി പടനിലം ആരാമ്ബ്രം മടവൂര്‍ എടായിപൊയില്‍ ടി.എം. ഷഹബാസിനെ 2015 ആഗസ്റ്റില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസം ജയിലില്‍ കിടന്ന ഷഹബാസ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഈ കേസില്‍ മൂന്നാം പ്രതിയാണ് അബുല്ലൈസ്.

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിറകെ അബുല്ലൈസിനൊപ്പം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് എന്നിവര്‍ ഇരിക്കുന്ന ഫോട്ടോ പുറത്തുവന്നത് വിവാദമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് സ്ഥാനാര്‍ഥിയായിരുന്ന ടി. സിദ്ദീഖ് പ്രവാസി സംഘടനകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.എ.ഇയില്‍ പോയപ്പോള്‍ യൂത്ത്‌ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസും കൂടെയുണ്ടായിരുന്നു. ഈ സമയത്ത് നിരവധി പേര്‍ കൂടെ നിന്ന് ഫോട്ടോയെടുത്തിട്ടുണ്ടെന്നും അബുല്ലൈസിനെ തങ്ങള്‍ക്ക് അറിയില്ലെന്നുമാണ് സിദ്ദീഖും ഫിറോസും അന്ന് വിശദീകരണം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക