Image

സൗമ്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധുക്കള്‍

Published on 25 August, 2018
സൗമ്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ ബന്ധുക്കള്‍
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സൗമ്യ പ്രതിയായ കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥനായ തലശേരി സിഐ തലശേരി സിഐ കേസ് അട്ടിമറിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.

മാതാപിതാക്കളെയും കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റ് ചിലര്‍ കൂടിയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സൗമ്യയുടെ അഞ്ച് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പരിശോധിച്ചിട്ടും പോലീസിന് കാര്യമായ തെളിവൊന്നും ലഭിച്ചില്ല. ഇതില്‍ അസ്വാഭാവികതയുണ്ട്. കണ്ണൂരിലെ ജയിലില്‍ ചെന്നുകണ്ട കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് കൊലപാതകത്തില്‍ മറ്റ് ചിലര്‍ക്കും പങ്കുണ്ടെന്ന് സൗമ്യ പറഞ്ഞിരുന്നു. ഇക്കാര്യം കോടതിയില്‍ തുറന്നു പറയുമെന്ന നിലപാടിലായിരുന്നു അവര്‍.

സൗമ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ പരാതി പരിഗണിച്ചില്ലെന്നും അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ആത്മഹത്യാക്കുറിപ്പിലും സൗമ്യ കുറ്റം നിഷേധിച്ചിട്ടുണ്ട്. മാതാപിതാക്കളെയും കുട്ടിയെയും കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണ്. തന്‍റെ മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരല്ല. കുടുംബം തന്നെ ഒറ്റപ്പെടുത്തുകയാണ്. തെറ്റു ചെയ്തിട്ടില്ലെന്നും സൗമ്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളെയും കുട്ടിയെയും കൊലപ്പെടുത്തിയ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറല്ലെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. അതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പോലീസ് തന്നെ മറവു ചെയ്യും.

വഴിവിട്ട ജീവിതം നയിക്കുന്നതിന് മാതാപിതാക്കളെയും കുട്ടിയെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൗമ്യയ്ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതി ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച്‌ ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പട്ടാപ്പകല്‍ ജയില്‍ വളപ്പില്‍ വിചാരണ തടവുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗമ്യ ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക