Image

തുമ്പയും കൃഷ്ണകിരീടവും കാക്കപ്പൂവും ഇന്ന് കളത്തിനു പുറത്താണ്

അനില്‍ പെണ്ണുക്കര Published on 25 August, 2018
തുമ്പയും കൃഷ്ണകിരീടവും  കാക്കപ്പൂവും ഇന്ന് കളത്തിനു പുറത്താണ്
മലയാളികളുടെ പൂക്കളുടെ ഉത്സവമാണ് അന്നും ഇന്നും ഓണം. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസത്തെ ഓണം. അത്തത്തലേന്ന് വീടിന്റെ ഉമ്മറത്തു മണ്ണുകൊണ്ട് കളം തീര്‍ക്കുന്നത് തൊട്ടാണ് ആ ഉത്സവം കൊടിയേറുന്നത്. കളത്തിന്റെ വലിപ്പം കൂട്ടണമെന്ന് വാശി പിടിക്കുന്ന കുട്ടികള്‍ ആ വലിയ കളം നിറക്കാനുള്ള പൂക്കള്‍ ശേഖരിക്കാനും വാശിയോടെ മത്സരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു .

വീട്ടിലെ പ്രായംചെന്നവര്‍ പച്ചോലകൊണ്ട് ഉണ്ടാക്കികൊടുത്ത വട്ടിയുമായി പൂ പറിക്കാന്‍ പാടത്തും പറമ്പിലും കുട്ടികള്‍ അലഞ്ഞു നടക്കുന്നു. സന്ധ്യയാവുമ്പോള്‍ വട്ടി നിറയെ പൂക്കളുമായി ആര്‍പ്പുവിളിയോടെ അവര്‍ തിരിച്ചെത്തും. തുമ്പ, മുക്കുറ്റി, കൃഷ്ണകിരീടം, അരിപ്പൂ, കാക്കപ്പൂ.അങ്ങനെ പല നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കള്‍ വട്ടിയില്‍ നിറഞ്ഞിരിക്കും. പിറ്റേന്ന് കളം നിറയെ പൂക്കളിട്ട് വട്ടി കാലിയാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് ഒരു സമാധാനവും ഉണ്ടാവില്ല. പൂക്കളുടെ ഈ ഉത്സവം ഇന്നില്ല. അത് വെറും പഴങ്കഥകളും സങ്കല്‍പ്പങ്ങളും മാത്രം.

തുമ്പയും കൃഷ്ണകിരീടവും കാക്കപ്പൂവും ഇന്ന് കളത്തിനു പുറത്താണ്. പകരം അന്യ നാട്ടില്‍ നിന്നും വണ്ടി കയറിയെത്തിയ കണ്ണഞ്ചിപ്പിക്കുന്ന പൂക്കള്‍. രാവിലെ കളത്തില്‍ അരിഞ്ഞിട്ടാല്‍ പിറ്റേന്ന് രാവിലെയാകും വരെ വാട്ടം വരാതെ, ഉതിപ്പോടെ നില്‍ക്കുന്ന അവക്ക് ആവശ്യക്കാര്‍ ഉണ്ടാവാതിരിക്കുമോ?അതും പണത്തിനു വേണ്ടി നെട്ടോട്ടമോടുന്ന, സമയം ഒട്ടും ചിലവഴിക്കാനില്ലാത്ത ഇന്നത്തെ തലമുറയ്ക്ക്. മുറ്റത്ത് പൂത്തുനില്‍ക്കുന്ന തെച്ചിപ്പൂ പോലും പറിച്ചു കളത്തിലിടാന്‍ നേരമില്ലാത്തവരാണ് നമ്മള്‍.

അപ്പോള്‍ പിന്നെ തുമ്പപ്പൂവിന്റെ കാര്യം ചിന്തിക്കുകയെ വേണ്ട. ഇതൊന്നുമറിയാതെ ഓണക്കാലമായാല്‍ പാടത്തും പറമ്പിലും പൂത്തുനില്‍ക്കും നമ്മള്‍ വേണ്ടെന്നു പറയുന്ന ആ ഓണപ്പൂക്കള്‍. നിറംകൊണ്ടും മണം കൊണ്ടും രൂപഭംഗികൊണ്ടും മനം കവരുന്ന അവ നാട്ടിന്‍പുറങ്ങളെ മനോഹരമാക്കും. ഓണക്കാലത്തു കളത്തിലേക്ക് കണ്ണും നട്ട് അവ തഴച്ചു വളരും. പറമ്പിലേക്ക് ഇറങ്ങി നോക്കിയാല്‍ കാണാം സ്വര്‍ണ്ണനിറം വിതറിയ പോലെ മുക്കുറ്റികള്‍. ദശപുഷ്പങ്ങളില്‍ ഏറ്റവും പ്രധാനിയാണ് മുക്കുറ്റി. മുക്കുറ്റി കഴിഞ്ഞാല്‍ പിന്നെ കാണുന്നത് ഉദിച്ചുനില്‍ക്കുന്ന കോളാമ്പിയായിരിക്കും. നീലയും മഞ്ഞയും നിറങ്ങളിലുള്ള കോളാമ്പിപ്പൂക്കള്‍ പൂക്കളം ആകര്‍ഷകമാക്കും. ഇന്ന് ഇടിച്ചു നിരത്തിയ കുന്നുകളും കോണ്‍ഗ്രീറ്റ് ചെയ്ത പറമ്പുകളും മുക്കുറ്റിയോടും കോളാമ്പിപ്പൂവിനോടും വിട പറഞ്ഞിരിക്കുന്നു.

പണ്ട് ഓണക്കാലമായാല്‍ പാടവരമ്പിലും കുന്നിഞ്ചെരുവിലും തുമ്പപ്പൂക്കള്‍ വെള്ളപ്പട്ടുവിരിച്ചിരിക്കും. ക്ഷമയോടെ ഓരോ തുമ്പപ്പൂവും നുള്ളിയെടുത്ത് വട്ടി നിറക്കാന്‍ പരിശ്രമിക്കുന്ന കുട്ടികള്‍ ഇന്ന് കേള്‍ക്കാന്‍ രസമുള്ള കഥകള്‍ മാത്രമായിരിക്കുന്നു. ഓണപ്പൂവെന്നു വിളിക്കുന്ന കാട്ടുകാശിത്തുമ്പയെത്തേടിയുള്ള അലച്ചില്‍ ഇന്നില്ല. പറമ്പിന്റെ മൂലയിലും ഇടവഴികളിലും തലയെടുപ്പോടെനില്‍ക്കുന്ന കൃഷ്ണകിരീടം ഇന്ന് ആര്‍ക്കും വേണ്ട. നെല്ലിപ്പൂ എന്ന് കേള്‍ക്കുമ്പോള്‍ സംശയത്തോടെ എന്ത് എന്ന് ചോദിക്കുന്നവരാണ് ഇന്നത്തെ തലമുറ.

അരളിപ്പൂ, കാട്ടുമുല്ല, നന്ത്യാര്‍വട്ടം, മന്ദാരം, ശംഖുപുഷ്പം, ഓടിച്ചുകുത്തി.... അങ്ങനെ ഒട്ടനേകം നാട്ടുപൂക്കള്‍ ഇന്ന് വിപണിയിലെത്തിയ അന്യദേശ പൂക്കള്‍ക്ക് വഴിമാറികൊടുത്തിരിക്കുന്നു.മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ച റോസാപ്പൂ, മല്ലിക, ജമന്തി, വാടാര്‍മല്ലി തുടങ്ങിയ വിലയേറിയ പൂക്കളാണ് ഇന്ന് മലയാളികള്‍ക്ക് പ്രിയം. സമയലാഭവും അധ്വാനക്കുറവുമാണ് നമ്മെ ഇവയില്‍ ആകൃഷ്ടരാക്കിയത്. ഇന്ന് നാട്ടുപൂക്കളില്ല. ഉള്ളവയെ തിരിച്ചറിയുന്നവരുമില്ല. അതിനാല്‍ തന്നെ ഓണം ഇന്ന് പൂക്കളുടെ ഉത്സവവുമല്ല.

കളത്തിലേക്ക് വിലക്കപ്പെട്ടെങ്കിലും ഓണക്കാലമെത്തിയാല്‍ ഓണപ്പൂക്കള്‍ക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ. പലയിടത്തും പലതിനെയും ഭയന്ന് കളത്തിലേക്ക് കണ്ണും നട്ട് അവ കാത്തിരിക്കുന്നുണ്ട്, ഒരിക്കല്‍ പൂക്കളത്തില്‍ നാട്ടുപൂക്കള്‍ നിറഞ്ഞുനിന്ന ആ പഴയകാലം തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ അടുത്ത ഓണം വരെ കാത്തിരിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക