Image

നവകേരളത്തിന്റെ മുദ്രാവാക്യം 'പുതിയ ആശയങ്ങള്‍ക്കൊപ്പം പുതിയ ശീലങ്ങളും' (ശ്രീജിത്ത് ശ്രീകുമാര്‍)

Published on 26 August, 2018
നവകേരളത്തിന്റെ മുദ്രാവാക്യം 'പുതിയ ആശയങ്ങള്‍ക്കൊപ്പം പുതിയ ശീലങ്ങളും' (ശ്രീജിത്ത് ശ്രീകുമാര്‍)
മുഖ്യമന്ത്രിയുടെ വിദേശ മലയാളികളുടെ ഒരു മാസത്തെ ശമ്പളം എന്ന ആഹ്വാനം വളരെ നന്നായിട്ടുണ്ട്. ഇതിനോടടുത്ത് നില്‍ക്കുന്ന ഒരു കാര്യം എഴുതിയിരുന്നു എന്നതുകൊണ്ട് കൂടുതല്‍ സന്തോഷവും. നേടിയെടുക്കാനുള്ളത് വലിയ കാര്യങ്ങള്‍ ആയതുകൊണ്ട് ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ പല രീതികളും ശ്രമിക്കണം. വിജയിച്ചാല്‍ ലോകത്തിനുതന്നെ നമ്മള്‍ക്ക് മാതൃകയാവാന്‍ പറ്റും.

പക്ഷെ, ഒരു ദുരന്തം നടന്ന കാരണം വികാരപ്പുറത്ത് കുറച്ചാളുകള്‍ പൈസ അയച്ചേക്കുമെങ്കിലും ഭൂരിഭാഗവും ഇതിനോട് വളരെ പോസിറ്റീവ് ആയി പ്രതികരിക്കണമെങ്കില്‍ ആദ്യം വേണ്ടത് അവര്‍ക്ക്കൂടി ഒരു വിശ്വാസം ഉണ്ടാകുക എന്നതാണ്. അതിന് ആദ്യം വേണ്ടത് ഒരു ഡീറ്റെയ്ല്‍ഡ് പ്ലാന്‍ ആണ്. ഇതിനു മുമ്പുള്ള പല ഉദാഹരണങ്ങളും, അനുഭവങ്ങളും വിശ്വാസയോഗ്യമല്ല എന്നാണ് സത്യം.

ചുവടെകൊടുത്ത ചിലകാര്യങ്ങള്‍കൂടി ആ പ്ലാനില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ നന്നായിരുന്നു.

1) മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയില്‍വരുന്ന, ചിലവാക്കുന്ന പൈസയുടെ കണക്കുകള്‍ പബ്ലിക്കിനു മുന്നില്‍ ഒണ്‍ലൈനില്‍ സുതാര്യമായി, കൃത്യമായി ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് എടുക്കണം. പലരോടു പറയുമ്പോഴും ഇപ്പോഴും പറയുന്നത് പൈസ അയച്ചാലും അത്, അതിന്റെ ഗുണം സാധാരണക്കാര്‍ക്ക്, കിട്ടും എന്നതിന് എന്താണ് ഉറപ്പ് എന്നാണ്. രാഷ്ടീയക്കാരല്ലേ ഈ ഫണ്ടും പലരീതിയില്‍ അഴിമതി നടത്താനുള്ള സ്‌കീം ആക്കി അവര്‍ സുഖമായി മാറ്റും എന്നാണ്.

2) പല തലങ്ങളില്‍ പലരും നടത്തുന്ന ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം തുടങ്ങിയവ ഒരു ടീമിനു കീഴില്‍ കൊണ്ടുവരണം. അതില്‍ ഭരണ-പ്രതിപക്ഷ-പൊതുജന-പരിസ്ഥിതി മറ്റു വിദഗ്ദ്ധരുടെ പങ്കാളിത്തം ഉണ്ടായിരിക്കണം. അതിന്റെ വിവരങ്ങള്‍, പുരോഗതി, contact ചെയ്യാന്‍ പറ്റുന്ന ആളുകളുടെ ഡീറ്റെയില്‍സ് എന്നിവ ഒണ്‍ലൈനില്‍ ഉണ്ടായിരിക്കണം.

3)ടെക്‌നോളജിയും പ്രോസസ്സുകളും ഉപയോഗിച്ച് ഇതെല്ലാം ചെയ്യനുള്ള ഫ്രെയിംവര്‍ക്ക്തു, പ്രൊജക്റ്റ്, കമ്മ്യൂണിക്കേഷന്‍ മാനേജ്മന്റ് തുടങ്ങിയവ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. നമ്മുടെ നാട്ടിലെ എങ്ങിനീയറിങ് കോളേജുകളെ, അതുപോലത്തെ മറ്റു ഇന്‍സ്റ്റിട്ട്യൂഷനുകളെ അവിടത്തെ യുവാക്കളെ crowd osurcing model മാതിരി ഉപയോഗിക്കണം. അത് ലോകത്തിനു തന്നെ ഒരു കേരള മോഡല്‍ സംഭാവന ചെയ്യും,

4) ബ്രിട്ടീഷ് കാലത്തെ പാലങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയും നമ്മുടെ കാലത്തെ പാലങ്ങളും മറ്റും ഒലിച്ചുപൊകുകയും, ഉണ്ടാക്കി ഒരു കൊല്ലം കൊണ്ട് റോഡുകള്‍ തകര്‍ന്നു പോകുന്നതുമായ വിചിത്ര പ്രതിഭാസം ഉണ്ടാക്കുന്ന ക്വാളിറ്റിയില്ലാത്ത നിര്‍മ്മാണവവും മറ്റും നിര്‍ത്താന്‍ ശ്രമിക്കണം. പ്രൊജക്റ്റ് അവാര്‍ഡ് മുതല്‍ താഴെത്തട്ടില്‍വരെയുള്ള അഴിമതി ഒഴിവാക്കിയാലെ ഈ പൈസയുടെ വിനിയോഗം ശരിയായ ദിശയില്‍ നടക്കുകയുള്ളു. അതില്ലാത്തിടത്തോളം ഈ ഫണ്ടും മറ്റു പലതും പോലെ 60-70 ശതമാനം വേസ്റ്റ് ആവും.

5) കേരളത്തിലെ അനധികൃതമായി നടത്തുന്ന പാറമടകള്‍ ഉളപ്പടെയുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്രയും പെട്ടെന്ന് ഒരു നിയന്ത്രണം കൊണ്ടുവരണം. ഓരോ പാറമടയും അവിടെ പാറ പൊട്ടിക്കുമ്പോള്‍ ചുറ്റിലും ഉള്ള ഭൂമിയില്‍ ഉണ്ടാകുന്ന നമ്മള്‍ കാണാത്ത തരത്തില്‍ ഉള്ള വിള്ളലുകള്‍, ദുര്‍ബലപ്പെടുത്തലുകള്‍ എന്നിവയാണ് വെള്ളം വരുന്നസമയത്ത് വെള്ളം ഇറങ്ങാനും അതിലൂടെ ഉരുള്‍പ്പൊട്ടലുകളും മറ്റും ഉണ്ടാക്കാനും ഉള്ള സാധ്യതകളെ കൂട്ടുന്നത്.

6) കേരളം സുനാമിയും, വെള്ളപ്പൊക്കവും, ഭൂമികുലുക്കവും ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇതിന്റെ അടിസ്ഥാനത്തില്‍ സോണുകളാക്കി നമ്മുടെ ഭൂമിയെത്തിരിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ നയമങ്ങള്‍ ഉണ്ടാക്കി അത് കര്‍ക്കശമായി പാലിക്കാന്‍ സാധാരണക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാവരും പരസ്പരം ഓഡിറ്റ് ചെയ്തു അത് നമ്മുടെ സ്വാഭാവികമായ ഒരു ശീലം ആവുന്നത് വരെ ശ്രമിക്കണം. ഈ പ്രളയത്തിലും വീടും വസ്തുക്കളും ഏറ്റവും കൂടുതല്‍ പോയത്, സാമ്പത്തികമായി അടി കിട്ടിയത് സാധാരക്കാര്‍ക്കാണ് അല്ലാതെ കുന്നിടിക്കുന്ന, റിസോര്‍ട്ടുകളും മാറ്റും കെട്ടിപോകുന്ന മുതലാളിമാര്‍ക്കല്ല.

7) കുന്നിന്‍മുകളിലെ ഭക്തികൃഷി തടയാന്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ശ്രമിക്കണം. ഡയലോഗ് അടിയില്‍ ഒതുക്കരുത്. അതിനു 'രൂപാ താ' രീതിയിലുള്ളതായാലും, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ആയ ശബരിമല പോലുള്ള സ്ഥലങ്ങളിലെ തീത്ഥാടനം എന്ന പേരില്‍ ലക്ഷകണക്കിനാളുകള്‍ നടത്തുന്ന മറ്റു നശീകരണ പ്രവര്‍ത്തങ്ങള്‍ ആയാലും. അവിടെക്കൊക്കെ ഒരുപാട് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.

8) വേസ്റ്റ് മാനേജ്മന്റ് എല്ലായിടത്തും വേണം, അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.Lansink's Ladder മാതിരിയുള്ള രീതികള്‍ ചിന്തിക്കാവുന്നതാണ്.

9) കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളില്‍ കയ്യേറ്റവും മറ്റും ഇടതു-വലതു വ്യത്യാസം ഇല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, അതിനെതിരെ നിന്ന ഉദ്യോഗസ്ഥരെ ഇടതു-വലതു വ്യത്യാസം ഇല്ലാതെ സ്ഥലമാറ്റം ഉള്‍പ്പടെയുള്ള പലതുകൊണ്ടും ഒതുക്കിയിട്ടുമുണ്ട്. ഇനിയെങ്കിലും സാധാരണ ജനങ്ങളുടെ, കേരളത്തിന്റെ പരിസ്ഥിതിയുടെ ഒപ്പം നില്ക്കാന്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ തെയ്യാറാവണം. പ്രസംഗത്തില്‍ മാത്രം പോരാ.

10) നമ്മള്‍ വലിയ സംഭവം ആണെന്ന് പറയുമ്പോഴും നമ്മുടെ ഗവണ്‍മെന്റ് ഓഫീസുകളില്‍ ഇപ്പോഴും കൈക്കൂലിയും മറ്റും വലിയ രീതിയില്‍ തന്നെയുണ്ട്. അത് മാറാതെ ഇവിടെ പൈസയുടെ വിനിയോഗം അര്‍ഹിക്കുന്നവര്‍ക്ക് മുഴുവനായും ഒരിക്കലും കിട്ടില്ല.വിജിലന്‍സ് സംവിധാനങ്ങള്‍ ആളും തരവും നോക്കി പ്രവര്‍ത്തിക്കുന്ന രീതി മാറ്റണം.

11) നമ്മുടെ പല രാഷ്ട്രീയക്കാരുടെ ആസ്തിയും ബിനാമി ഉള്‍പ്പടെയുള്ള പലതും കൂട്ടി നോക്കിയാല്‍, ഏതു പൊട്ടനും മനസ്സിലാവും അത് അവരുടെ വരുമാനത്തിനനുസരിച്ചുള്ളതല്ല എന്ന്. പൈസ ഉണ്ടാകുന്നത് വലിയ തെറ്റൊന്നും അല്ല, പക്ഷെ ഒരു മയത്തിലൊക്കെ ചെയ്ത് ഒരു 70-80 ശതമാനം പൈസയും പൂര്‍ണ്ണമായും അതാത് പ്രോജെക്റ്റുകളില്‍ ചിലവാക്കാന്‍ ഉള്ള ഒരു സാഹചര്യം സൃഷ്ടിക്കണം.

12 ) നാടൊട്ടുക്കും ഫ്ളക്സും, ഹര്‍ത്താലും ഉള്‍പ്പടെയുള്ള പലതിനും ഇവിടത്തെ ഭരണ-പ്രതിപക്ഷ ഭേദമന്യേ നല്ല പിന്തുണയാണ്. ഇതിവിടത്തെ സാധാരണക്കാര്‍ക്ക് അറിയുകയും ചെയ്യാം. ഗതികേടുകൊണ്ടാണ് ആരും ഒന്നും മിണ്ടാത്തത്. ചെയ്യുന്ന പ്രവര്‍ത്തിയും, പറയുന്ന വാക്കുകളും തമ്മില്‍ കുറച്ചുകൂടി കൂടുതല്‍ ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കണം. ഇത്രയും കാലം ചെയ്ത ഹര്‍ത്താലുകളും, അതിലെ നഷ്ടങ്ങളും, അതിന്റെ ഗുണവും നോക്കിയാല്‍ കാണാം നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത. ആകെയുള്ള ഗുണം ഇവിടെ വരാവുന്ന പല സര്‍വീസ് ബേസ്ഡ് ബിസിനസ്സുകളും വേറെ പലയിടത്തും പോയി എന്നതാവും.

ഇതെല്ലാം ഒപ്പം മറ്റു പലതും നന്നാക്കാനുള്ള പോളിസികളും, നിയമനിര്‍മ്മാണവും കൂട്ടിച്ചേര്‍ത്ത ഒരു പ്ലാന്‍ ആയിരിക്കണം നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുക്കേണ്ടത്. ആ ഒരു പ്ലാന്‍ കൊണ്ടാവണം സര്‍ക്കാര്‍ ലോകത്തുള്ള മലയാളികളുടെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കേണ്ടത്. അതിലുള്ള വിശ്വാസമായിരിക്കും സ്വന്തം നാടിനെ നന്നാക്കാനുള്ള അവരുടെ സംഭാവനയുടെ കനം നിശ്ചയിക്കുക.

ചുറ്റുപാടുമുള്ള ഉദാഹരണങ്ങള്‍ കാരണം 'ഒരു മാതിരി രാഷ്ട്രീയക്കാരെപ്പോലെ പെരുമാറരുത്' എന്ന ഒരു ശൈലി തന്നെ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു നാട്ടില്‍ ഇത്തരം ഒരു വിശ്വാസയോഗ്യമായ ബ്ലൂ പ്രിന്റ് ഇല്ലാതെ മുഴുവന്‍ മലയാളികളും അകമഴിഞ്ഞ് സഹായിക്കുക അസാധ്യമാണ് എന്ന്കൂടി വിനീതമായി ഓര്‍മ്മപെടുത്തുന്നു

ഒപ്പമുണ്ട് സര്‍ക്കാരിന്റെ ഏതൊരു ഉദ്യമത്തിനും.

പക്ഷെ തിരിച്ചും ദയവായി വേണം എളുപ്പത്തില്‍ ചെയ്യാവുന്ന ചില ചെറിയ ഉറപ്പുകള്‍. ചിലവ താഴെ.

1) പദ്ധതികള്‍/സഹായങ്ങള്‍ കാലതാമസം കൂടാതെ അതര്‍ഹിക്കുന്നവര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ കിട്ടണം,

2) ചെറുകിട കച്ചവടക്കാരുടേയും, സാധാരണക്കാരുടെയും സര്‍ക്കാര്‍ ഓഫീസിലേയും മറ്റും ആവശ്യങ്ങള്‍ കൈക്കൂലിയോ, ലോക്കല്‍ നേതാക്കളുടെ ശുപാര്‍ശയോ ഇല്ലാതെ അവരുടെ അര്‍ഹതയായികണ്ടു നടത്തിതരുന്ന ഒരു bureaucracy സംവിധാനം വേണം. ജനങ്ങള്‍ ആണ് അവരുടെ വീട് പുലരാന്‍ ശമ്പളം കൊടുക്കുന്നത് തിരിച്ചല്ല.

3) നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകാന്‍ നിയമപാലകര്‍ ശ്രദ്ധിക്കണം.

4) ഇത്രയും ഡിപ്പാര്‍ട്‌മെന്റ്, അതില്‍ ഒരുപാട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉണ്ടായിട്ടും രാജാ-പ്രജ എന്ന രീതിയില്‍ ജനപ്രതിനിധികളുടെ വീട്ടില്‍ പോയി, പാര്‍ട്ടി ലോക്കല്‍ നേതാക്കളെ വിളിച്ചുകൊണ്ട്, അവരുടെ പിന്നാലെ നടന്നുകൊണ്ട് ഒരു ആവശ്യം നടത്തിഎടുക്കേണ്ട അവസ്ഥ ദയവായി മാറ്റിതരണം. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാഷ്ട്രീക്കാര്‍ ദൈവങ്ങള്‍ അല്ല, ജനങ്ങള്‍ അടിമകളും.

'പുതിയ ആശയങ്ങള്‍ക്കൊപ്പം പുതിയ ശീലങ്ങളും' എന്നതായിരിക്കണം നവകേരളത്തിന്റെ മുദ്രാവാക്യം
നവകേരളത്തിന്റെ മുദ്രാവാക്യം 'പുതിയ ആശയങ്ങള്‍ക്കൊപ്പം പുതിയ ശീലങ്ങളും' (ശ്രീജിത്ത് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക