Image

പാമ്പ് വേലായുധന് ഒരാമുഖം (പി.എസ് സുമേഷ്)

Published on 26 August, 2018
പാമ്പ് വേലായുധന് ഒരാമുഖം (പി.എസ് സുമേഷ്)
ഒരു ഗ്രാമത്തിന്റെ തനത് വാമൊഴിയില്‍ എഴുതപ്പെട്ട ഒരു ചെറു നോവല്‍... ഇങ്ങനെയാവും മലയാള സാഹിത്യത്തില്‍ പാമ്പ് വേലായുധന്‍ അടയാളപ്പെടുക.. മലയാള സാഹിത്യ ശാഖയില്‍ ഇത്തരം പരീക്ഷണ രീതി പിന്തുടരുന്ന ആദ്യ സാഹിത്യകാരനായി തോമസ് കേയല്‍ മാറുകയും ചെയ്യും.

കഥാപാത്രങ്ങള്‍ ദേശത്തിന്റെ തനത് ഭാഷയില്‍ പരസ്പരം സംസാരിക്കുന്ന രീതി നിരവധി സാഹിത്യ മഹാരഥന്മാര്‍ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലും സംഭവങ്ങളും സാഹചര്യവുമെല്ലാം അതേ ഗ്രാമ്യ ശൈലിയില്‍ പിന്തുടരുന്ന കൃതികള്‍ മലയാളത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുക തന്നെ വേണം.

പാമ്പിന്റെ ആദ്യ ലക്കം മുതല്‍ പരിശോധിച്ചാല്‍ ഇന്നത്തെ സോഷ്യല്‍ മീഡിയ വായനക്കാരനെ രണ്ടാം തവണയും വായിക്കാന്‍ പാമ്പ് നിര്ബന്ധിക്കുന്നുണ്ട്. പാമ്പിനൊടുള്ള പ്രതിപത്തിയും ഭാഷയുടെ കുഴപ്പിക്കലുകളും ഒരേ അളവില്‍ വായനക്കാരനെ രണ്ടാം വായനയ്ക്ക് നിര്‍ബന്ധിക്കുന്നു എന്നതാണ് സത്യം.

ഭാഷയ്ക്ക് പച്ച മലയാളം എന്നൊരു ക്ലാസിഫിക്കേഷന്‍ ഉണ്ട്. ഇങ്ങനെ നോക്കിയാല്‍ ഓരോ പ്രദേശവും വ്യത്യസ്ത പ്രയോഗങ്ങള്‍ മലയാളത്തിന് സമ്മാനിക്കുന്നുണ്ട്. മലയാള ഭാഷയുടെ സംസ്കൃതീകരണത്തിന് മുന്‍പ് അതാത് ദേശങ്ങളില്‍ പ്രയോഗത്തിലിരുന്ന വിനിമയ ഭാഷ... പച്ച മലയാളത്തിന് അങ്ങനെ ഒരു നിര്‍വചനം കൊടുക്കുന്നതാണ് ഉചിതം.

അങ്ങനെ നോക്കിയാല്‍ തൃശ്ശിവപേരൂര്‍ എന്ന ത്രിശൂരിനോട് ചേര്‍ന്നു കിടക്കുകയും എന്നാല്‍ ത്രിശ്ശൂരില്‍ നിന്നും വ്യത്യസ്തമായ നീട്ടല്‍ കുറുക്കലുകളോടെ സ്വന്തം ഭാഷ സംസാരിക്കുന്ന പ്രദേശമാണ് ആമ്പല്ലൂര്‍ മുതല്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ എത്തുന്ന വരന്തരപ്പിള്ളി ഉള്‍പ്പടെയുള്ള ദേശങ്ങള്‍.

നോവലില്‍ കടന്നു വരുന്ന എല്ലാ കഥാപാത്രങ്ങളും മേല്‍ പറഞ്ഞ വരന്തരപ്പിള്ളിയിലും ചുറ്റുപാടുമായി ജീവിച്ചു മരിച്ചവരോ ഇന്നും ജീവിക്കുന്നവരോ ആണ് എന്നതാണ് പാമ്പ് വേലായുധനന്ന സാഹിത്യ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത....

'പൊട്ടന്‍പാടത്തിന്റെ നടുക്കുള്ള തുരുത്തില്‍ കൊപ്രമ്പുകാരുടെ വീടെത്തുംമുമ്പ്, കാടക്കണ്ണന്‍ കല്ല് നിറഞ്ഞ വെളിമ്പറമ്പിന്റെ ഒത്ത നടുക്കാണ് വേലായ്‌തേട്ടന്റെ ചെറ്റക്കുടില്‍. കത്തിവായപോലെ ചെത്തിക്കൂര്‍പ്പിച്ച് നിര്‍ത്തിയിരിക്കുന്ന പാടവരമ്പിലൂടെ കുഞ്ഞിത്തോടും കടന്നു വേണം വീട്ടിലെത്താന്‍.'

ഒരു നോവല്‍ തുടങ്ങുകയാണ്....

വായനക്കാരനെ നോവലിലേക്ക് എത്താന്‍ ക്ഷണിക്കുകയല്ല, മറിച്ച് നോവലിനൊപ്പം വായനക്കാരനെ ബലമായി ചേര്‍ക്കുകയാണ് പാമ്പ് ചെയ്യുന്നത്.... ആദ്യ അധ്യായത്തില്‍ ഒരു കോമാളിയുടെയോ, പ്രതി നായകന്റെയോ, ഭീരുവിന്റെയോ ഒക്കെ രൂപത്തില്‍ എത്തുന്ന വേലായുധന്‍ 23 അധ്യായങ്ങള്‍ കഴിയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വിപ്ലവ നേതാവായി മാറുകയാണ്....

ഇതിനിടയില്‍ വായനക്കാരനെ ത്രസിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ പാമ്പ് നമുക്കായി കാത്തു വെച്ചു...

'കുഞ്ഞോന്‍കുമാരന്റമ്മ കുറുമ്പ കോന്ത്യലമ്പാടത്ത് കൊയ്യാമ്പോയപ്പഴാണ് കോതേനെ ആദ്യായിട്ട് കണ്ടത്. കുനിഞ്ഞുനിന്നു കൊയ്യണ കോതേടെ ചന്തിമ്മെ അരിവാള്‍പ്പിട്യോണ്ട് കുത്തി കുറുമ്പ പതിവ് കുനിഷ്ട് ചോദ്യം ചോയ്ച്ചു '..എന്താണ്ടീ നെനക്കിങ്ങനെ നിന്നാ മത്യാ..ആടത്തെ പൂപ്പായ്യൊക്ക്യൊന്ന് കളേണ്ടേ..' നോവലിലെ നായിക കോതയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്....

'എനക്ക് കോതേനെ മാത്രം മതി ഓളെ കെട്ടിച്ച് തരോ' എന്ന് ചോയ്ച്ച വേലായ്തന്‍ കോതേടെ മനസ്സില് കൈതോലത്തടുക്കെടുത്തിട്ടതിലിരിപ്പൊറപ്പിച്ചു.

കോതയെന്ന തനി നാടന്‍ പെണ്ണിന്റെ മനസ്സില്‍ മാത്രമല്ല വേലായ്തന്‍ നായകനായി ഇരിപ്പുറപ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ നിമിഷവും വായനക്കാരന്റെ മനസ്സിലേക്ക് വേലായ്തന്‍ എന്ന പച്ച മനുഷ്യന്‍ നായകനായി ലബ്ധപ്രതിഷ്ഠ നേടുകയായിരുന്നു.

എന്നാല്‍ കൊച്ചവ എന്ന അനാഥക്കുഞ്ഞിനെ മകളായി വളര്‍ത്താന്‍ തീരുമാനിക്കുന്നിടത്തു വേലായുധന്‍ നായകനില്‍ നിന്നും ഉയര്‍ന്ന് അസാധാരണ വ്യക്തിപ്രഭാവമുള്ള ആളായി രൂപാന്തരം പ്രാപിക്കുന്നു...

ജന്മി മനോഭാവത്തോടുള്ള കീഴാളന്റെ സമരസപ്പെടലോ കീഴടങ്ങലോ അല്ല വേലായുധന്റെ മനോഭാവം.

ഒരു കാലത്ത് കേരളത്തില്‍ കമ്യൂണിസം അതിന്റെ വിത്തുകള്‍ പാകിയത് ജന്മി കൂടിയാന്‍ ബന്ധത്തിന്റെ അസ്വാരസ്യങ്ങള്‍ മുതലെടുത്തു തന്നെയായിരുന്നു.

കോവിലകത്തെ തമ്പുരാട്ടിയോട് വേലായുധനുള്ള മനോഭാവവും ഒട്ടും വ്യത്യസ്ഥമല്ല.... കുളത്തിലുള്ള കരിയോയില്‍ പ്രയോഗം തമ്പുരാട്ടിയോട് മാത്രമുള്ള യുദ്ധമായിരുന്നില്ല... പിന്നീട് വന്ന കൊക്കര എന്ന ഇടിയന്‍ പോലീസിനോടും വേലായ്തന്‍ യുദ്ധം ചെയ്തു. എന്നാല്‍ വേലായ്തന്റെ യുദ്ധം ഒരു സാമൂഹ്യ വിപ്ലവമായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ച നമുക്ക് കാട്ടിത്തന്നത് ഇരുപത്തി മൂന്നാം അദ്ധ്യായമാണ്. ഒരു നാടിനെ മുഴുവന്‍ വെല്ലുവിളിച്ച് സ്വന്തം പാടത്ത് കൊയ്ത്തിനായി നന്ദിക്കരയില്‍ നിന്നും ആളെ ഇറക്കിയ തമ്പുരാട്ടിയോടുള്ള വേലായ്തന്റെ എതിരിടല്‍ ഒരു പക്ഷെ നമ്മുടെ തൊഴിലാളി വര്‍ഗ്ഗസമരങ്ങളുടെ ചരിത്രം തന്നെയാണ്.

സമരത്തിന്റെ വിജയത്തിന് ശേഷമുള്ള വേലായ്തന്റെ വാക്കുകള്‍ കേള്‍ക്കൂ.....

'.ങ്ങള് ന്തായാലും കൊയ്യണ്ട..'
വേലയ്തന്‍ പറേണ കേട്ട് 'ദെ ന്താ പ്പിങ്ങനെ' ന്ന് ആലോയ്ച്ച് അന്തം വിട്ടോരോട് വേലായ്തന്‍ ഇങ്ങനേം കൂടിപ്പറഞ്ഞു 'ഞാള് കൊയ്‌തോളാം ങ്ങള്ക്ക് കറ്റചോക്കലും മെതിക്കലും, പതളക്കണത് രണ്ടൂട്ടര്‍ക്കും വിത്യാസില്ല്യാണ്ടും..ന്തേ പോരെ' ആധുനിക തൊഴിലാളി വര്‍ഗ്ഗത്തിന് തീരെ പരിചിതമല്ലാത്ത തൊഴിലാളിയെ തൊഴിലാളിയായി തന്നെ അംഗീകരിക്കാനുള്ള അസാമാന്യ വര്‍ഗ്ഗബോധം തുളുമ്പുന്ന ഈ കാഴ്ചപ്പാടാണ് വേലായ്തനെ ഏറെ വ്യത്യസ്തനാക്കുന്നതും....

വേലായ്തന്‍ എന്ന സാധാരണ ഒരു ചാരായ ഷാപ്പ് വാസിയില്‍ നിന്നും 23 അധ്യായങ്ങള്‍ പിന്നിടുമ്പോള്‍ ആകാശത്തോളം വളര്‍ന്നു നില്‍ക്കുകയാണ് പാമ്പ് എന്ന വേലായ്‌തേട്ടന്‍....

ജഗദീഷ് നാരായണന്റെ വരകള്‍ കൂടി ചേര്‍ന്ന് പുസ്തക രൂപത്തിലേക്ക് വേലായുധന്‍ വരുമ്പോള്‍ സമ്പൂര്‍ണ്ണമായ ഒരു വായനയെ ആയിരിക്കും അത് സമ്മാനിക്കുക എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട....
പാമ്പ് വേലായുധന് ഒരാമുഖം (പി.എസ് സുമേഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക