Image

പ്രളയം ഒരു സര്‍വ്വകലാശാലയാണ് (രമാ പ്രസന്ന പിഷാരടി)

രമാ പ്രസന്ന പിഷാരടി Published on 27 August, 2018
പ്രളയം ഒരു സര്‍വ്വകലാശാലയാണ് (രമാ പ്രസന്ന പിഷാരടി)
ഒരിക്കല്‍ നഗരവീട്ടില്‍ കോര്‍പ്പറേഷന്‍ ടാപ്പ് അടയ്ക്കാന്‍ മറന്ന് ഉണര്‍ന്നെഴുനേറ്റപ്പോള്‍ അടുക്കളയില്‍ ഒരു ചെറിയ പ്രളയം ഉണ്ടായി. കാല്‍പ്പാദം മൂടും വരെ ശുദ്ധജലം. ഒഴുകിപ്പോവാന്‍ ഓവുചാലൊന്നും ഇല്ല. സിങ്കിന്റെ താഴെയുള്ള ചെറിയ സുഷിരങ്ങളുള്ള അടപ്പ് മാറ്റി കുറെ ജലം തിരിച്ചുവിട്ടു. പ്‌ളാസ്റ്റിക് മഗ്ഗില്‍ കോരിയും തെങ്ങോലച്ചൂലാല്‍ തുടച്ചും രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള പ്രയത്‌നം.

ഇപ്പോഴിതെഴുതുന്നത് കടുങ്ങല്ലൂരിലെ വീട്ടില്‍ രണ്ടാള്‍പൊക്കത്തില്‍ പ്രളയജലം വന്നെന്നും ടി വിയില്‍ കാണുന്നതില്‍ നിന്നുമൊക്കെ വളരെ ഭീകരമാണ് നേരനുഭവം എന്നും മനോജ് പറഞ്ഞതോര്‍മ്മിച്ചാണ്. പവിത്രക്കുട്ടിയ്ക്ക് കിട്ടിയ കുഞ്ഞുണ്ണിപ്രൈസ് സേഫായിട്ടുണ്ടാകുമോ? അറിയില്ല. . . മലയാളത്തിലെ രണ്ട് പ്രശസ്ത എഴുത്തുകാരുടെ വീടും കടുങ്ങല്ലൂരിലുണ്ട്. അവരുടെ വീടുകളും പ്രളയജലം കൈയേറി എന്നറിയാനായി.

ചെറിയ അടുക്കളയിലെ വെള്ളം പോലും ഭീകരമെന്നനുഭവപ്പെട്ടപ്പോള്‍ കടുങ്ങല്ലൂരിലെ രണ്ടാള്‍ പൊക്കം പ്രളയജലം കയറിയിറങ്ങിയ വീടിന്റെ അവസ്ഥ എന്താകും എന്ന് മനസ്സിലാക്കാനാകും.

തസ്രാക്കില്‍ പരിചയപ്പെട്ട നെന്മാറയിലെ അതുല്‍ എന്ന സ്‌കൂള്‍ കുട്ടി അവര്‍ക്കറിയുന്ന ഒരു കുടുംബം ഉരുള്‍പൊട്ടലില്ലാതെയായി എന്ന് പറയുമ്പോള്‍, (അതുലിന്റെ വീടിനരികിലേയ്ക്ക് മലയിടിഞ്ഞ വന്ന ഒരു വലിയ കല്ല് രണ്ട് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയതിനാല്‍ അവര്‍ രക്ഷപ്പെട്ടു) പോളണ്ടിലെ മെഡിക്കല്‍ കോളേജില്‍ അഡ്മിഷനായി പോകാനായി ഒരു മാംഗ്‌ളൂരിയന്‍ കുടുംബത്തിലെ എല്ലാവരും വടക്കന്‍ അമേരിക്കയിലെ ഒഹായോയിലെ ഹോട്ടലില്‍ ഒത്തുകൂടി. അവിടെ നിന്ന് പോളണ്ടിലേയ്ക്ക് ഒരുമിച്ച് പോകാനാണ് അവര്‍ തീരുമാനിച്ചത്. അവര്‍ താമസിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം ആ ഹോട്ടല്‍ ചുഴലികൊടുങ്കാറ്റില്‍ ഒഴുകിപ്പോയി എന്നറിയുമ്പോള്‍ പ്രകൃതിയുടെ രണ്ട് മുഖങ്ങള്‍ മുന്നില്‍ തെളിയുന്നു.

പ്രളയബന്ധിതമായ വീടുകളിലേയ്ക്ക് അതിജിവനത്തിന്റെ ഊര്‍ജ്ജവുമായി തിരികെ പോകുമ്പോള്‍ ജലം കവര്‍ന്ന ഓര്‍മ്മചെപ്പുകളില്‍, പ്രഷ്യസ് എന്ന് മുദ്രയേറ്റി സൂക്ഷിച്ചിരുന്ന ജീവിതത്തിന്റെ പലതുമുണ്ടായിരുന്നിരിക്കാം. നനവുതട്ടി മാഞ്ഞുപോയ അക്ഷരങ്ങളുണ്ടായേക്കാം, അമൂല്യ വസ്തുക്കളുണ്ടായേക്കാം. ഭീതിയുടെ ദു:സ്വപ്നങ്ങളുണ്ടായേക്കാം. എങ്കിലും പ്രാണന്റെ തിരിച്ചെടുക്കലില്‍ അമൂല്യമായ ജീവന്‍ ജലദുരന്തത്തിന്റെ ഉപേക്ഷിക്കപ്പെട്ട, അലങ്കോലപ്പെട്ട ഇടങ്ങള്‍

കഴുകി വെടിപ്പാനാരംഭിച്ചിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.. ശ്രമകരമായ പരിരക്ഷണങ്ങള്‍ നമുക്കാകും എന്നത് പ്രളയസര്‍വ്വകലാശാല നമ്മെ മഴയെന്ന, പുഴയെന്ന ക്‌ളാസ് മുറികളിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു..
പ്രളയം ഒരു സര്‍വ്വകലാശാലയാണ് (രമാ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക