Image

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Published on 01 April, 2012
 പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
കോട്ടയം: യുഡിഎഫില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തര്‍ക്കം ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ക്ക് ഒരു ദിവസം പോലും ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍െറ ആശങ്ക സാമുദായിക സന്തുലനത്തില്‍
തിരുവനന്തപുരം: മന്ത്രിസഭയുടെ സാമുദായിക സന്തുലിതാവസ്ഥയെ മുസ്ലിം ലീഗിന്‍െറ അഞ്ചാം മന്ത്രി ബാധിക്കുമോ എന്ന ഹൈകമാന്‍ഡിന്‍െറ ആശങ്ക ദൂരീകരിക്കുകയാണ് മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്‍റിന്‍െറയും ദല്‍ഹി യാത്രയുടെ ലക്ഷ്യമെന്നറിയുന്നു. മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കുന്നതില്‍ ഹൈകമാന്‍ഡാണ് തീരുമാനം എടുക്കേണ്ടത്.   ഉമ്മന്‍ചാണ്ടി ഒരാഴ്ചമുമ്പ് നടത്തിയ ദല്‍ഹി സന്ദര്‍ശനത്തിലും അഞ്ചാം മന്ത്രിപദം ഹൈകമാന്‍ഡിന് മുന്നില്‍ ചര്‍ച്ചാവിഷയമായിരുന്നു. സാമുദായിക സന്തുലനം മാറ്റരുതെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിരാശനായാണ് അദ്ദേഹം മടങ്ങിയത്.
മന്ത്രിസഭയിലെ യു.ഡി.എഫിന്‍െറ സാമുദായിക അനുപാതം അനുസരിച്ച് മുസ്ലിം - ക്രിസ്ത്യന്‍ മന്ത്രിമാരുടെ എണ്ണം   പകുതിയായാണത്രേ നിശ്ചയിച്ചിട്ടുള്ളത്. അഞ്ച് മുസ്ലിം മന്ത്രിമാരും അഞ്ച് ക്രിസ്ത്യന്‍ മന്ത്രിമാരുമാണ് ഇപ്പോഴുള്ളത്. പുറമേ പാര്‍ലമെന്‍ററികാര്യമന്ത്രിക്ക് തുല്യനായി ചീഫ് വിപ്പുമുണ്ട്. ന്യൂനപക്ഷ മന്ത്രിമാര്‍ കൂടാന്‍ പാടില്ലെന്നതിനാലാണ് പി.സി.ജോര്‍ജിനെ പാര്‍ലമെന്‍ററി കാര്യ മന്ത്രിയാക്കാതെ ചീഫ് വിപ്പാക്കിയത്.
ആ നിലക്ക് ലീഗിന് അഞ്ചാം മന്ത്രിയെ കൊടുക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസിന്‍െറ ക്രിസ്ത്യന്‍ മന്ത്രിമാരിലോ മുസ്ലിം മന്ത്രിയിലോ കുറവുവരണം. മുസ്ലിം വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു മന്ത്രിയാണുള്ളത്. ഈ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായം വളരുന്നതിനാല്‍ ആകെയുള്ള മുസ്ലിം മന്ത്രിയെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോ കെ.പി.സി.സി പ്രസിഡന്‍േറാ തയാറാകില്ല. പിന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയടക്കം രണ്ട് ക്രിസ്ത്യന്‍ മന്ത്രിമാരാണുള്ളത്.
ഇതില്‍ കുറവുവരണമോ എന്നതാണ് പ്രശ്നം. ഇക്കാര്യമാകും ഇക്കുറി ഹൈകമാന്‍ഡിന് മുന്നിലുള്ള ചര്‍ച്ചയെന്നറിയുന്നു.  ഈവിധത്തില്‍ ഒരു പിന്മാറ്റം ന്യൂനപക്ഷ മന്ത്രിമാരില്‍ നിന്നുണ്ടാകുമ്പോള്‍ ഭൂരിപക്ഷ വിഭാഗത്തിലെ പിന്നാക്കക്കാരനായ ഒരാളെ മന്ത്രിയാക്കണമെന്ന ആലോചനയും കോണ്‍ഗ്രസിലുണ്ട്. ഇപ്പോള്‍ പ്രാതിനിധ്യം ലഭിക്കാത്ത പിന്നാക്ക വിഭാഗത്തിലെ ഒരാളെ മന്ത്രിയാക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷക്കാരനെ മാറ്റാതെ തന്നെ അഞ്ചാം മന്ത്രിക്കൊപ്പം പിന്നാക്കക്കാരനെ മന്ത്രിയാക്കുക എന്ന ആലോചനയുമുണ്ട്.
ആരെയും പിന്‍വലിക്കാതെ ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാവുന്നതാണെന്ന അഭിപ്രായക്കാരും കോണ്‍ഗ്രസിലുണ്ട്. നിയമസഭാംഗങ്ങളുടെ എണ്ണമനുസരിച്ച് ആനുപാതികമായി 21 മന്ത്രിവരെയാകാം.  എന്നാല്‍ 20 പേര്‍ മതിയെന്നാണ് യു.ഡി.എഫ് നേതൃത്വവും കോണ്‍ഗ്രസ് ഹൈകമാന്‍ഡും തീരുമാനിച്ചത്. അതിനാല്‍ കേണ്‍ഗ്രസിലെ ഒരു മന്ത്രിയെ പിന്‍വലിക്കണമോ അതോ ഒരാളെ കൂട്ടണമോ എന്നത് ഹൈകമാന്‍ഡിന്‍െറ അഭിപ്രായപ്രകാരമേ  തീരുമാനിക്കൂ.ഇക്കാര്യത്തില്‍ മൂന്നിന് നടക്കുന്ന കെ.പി.സി.സി നേതൃയോഗത്തിലെ പൊതുഅഭിപ്രായം കൂടി ഹൈകമാന്‍ഡിനെ അറിയിക്കുമെന്നറിയുന്നു.

യു.ഡി.എഫിന് ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥ: അച്യുതാനന്ദന്‍

രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചിരിക്കുകയാണെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. 1957 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ഗീയ-സാമുദായിക കൂട്ടായ്മയാണ് ഈ കാലഘട്ടത്തിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്സിന്റെ തോല്‍വിക്ക് പിന്നില്‍ എസ്.എന്‍.ഡി.പിയാണ്. എസ്.എന്‍.ഡി.പി ജെ.എസ്.എസ് സ്ഥാനാര്‍ഥികളെ തോല്‍പിച്ചു.

ജാതി മതസാമുദായിക ശക്തികളുടെ ഇടപെടല്‍ യു.ഡി.എഫിനേയും ബാധിച്ചു.

മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ അങ്ങനെയൊരു രീതിയില്ല. കോണ്‍ഗ്രസിന് 45 എം.എല്‍.എമാര്‍ ഉള്ളപ്പോഴും മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിസ്ഥാനങ്ങളാണുണ്ടായിരുന്നത്. എം.എല്‍.എമാരുടെ എണ്ണം 60 ആയപ്പോഴും 10 പേര്‍ മാത്രമാണുണ്ടായിരുന്നത്. കഷ്ടകാലത്തിന് ഇത്തവണ 38 ആയിപ്പോയി.

അനൂപിന്റെ സത്യപ്രതിജ്ഞ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനയാണ്. അനൂപിനെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യും. പിറവത്തുകാരോട് നിങ്ങള്‍ എന്താണ് പറഞ്ഞത്. ആ വാക്ക് നിങ്ങള്‍ പാലിച്ചോ എന്ന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ചോദിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിനും പാറശാലയില്‍ എ.ടി ജോര്‍ജ്ജിനും കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കാമെങ്കില്‍ നെയ്യാറ്റിന്‍കരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ കഴിയും.

യു.ഡി.എഫിനുള്ളില്‍ കുറുമുന്നണിയുണ്ടാകുന്നത് ആശാസ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദം കേരളത്തിലെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയാണ്. ലീഗാണല്ലോ ഫലത്തില്‍ ഭരണം നടത്തുന്നത്. പി.സി ജോര്‍ജ്ജ് പറയുന്നതിനൊന്നും മറുപടിയില്ലെന്നും വി.എസ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യു.ഡി.എഫില്‍ കുറുമുന്നണിയുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ധനകാര്യമന്ത്രിയുമായ കെ.എം മാണി. ലീഗ്-മാണി ഗ്രൂപ്പ് കുറുമുന്നണിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് അഞ്ചാമതൊരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അത് അന്യായമാണെന്ന് പറയാനാകില്ല. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. മുമ്പത്തെ പോലെ അതിന്റെ  ഇത്തവണ സഹിച്ചുനില്‍ക്കില്ലെന്നും കെ.എം മാണി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക