Image

കേരളത്തിലും പെണ്‍സുന്നത്ത് എന്ന പ്രാകൃത ആചാരം (എ.എസ് ശ്രീകുമാര്‍)

Published on 28 August, 2018
കേരളത്തിലും പെണ്‍സുന്നത്ത് എന്ന പ്രാകൃത ആചാരം (എ.എസ് ശ്രീകുമാര്‍)
പെണ്‍കുട്ടികളുടെ ചേലാകര്‍മം (പെണ്‍സുന്നത്ത്) നടത്തുന്നതിനു പിന്നിലെ ശാസ്ത്രീയ ന്യായീകരണം എന്താണെന്ന സുപ്രീം കോടതിയുടെ ചോദ്യം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. ദാവൂദി ബോറ മുസ്ലിം സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചേലാകര്‍മം നടത്തണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നു സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ വിഭാഗക്കാര്‍ സ്ത്രീകളുടെ ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്ന രീതി തടയണമെന്നാവശ്യപ്പെട്ട് സുനിത തിവാരിയെന്ന അഭിഭാഷക നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജനനേന്ദ്രിയത്തില്‍ മാറ്റം വരുത്തുന്നതു പോക്‌സോ നിയമത്തിലെ 3(ബി) വകുപ്പിന്റെ പരിധിയില്‍ വരുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ ശരീരത്തില്‍ ബാഹ്യ ഇടപെടല്‍ എന്തിനാണെന്ന് ചോദിച്ച കോടതി ജനനേന്ദ്രിയം തികച്ചും സ്വകാര്യമായ സംഗതിയാണെന്ന് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉത്തരേന്ത്യയിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും മാത്രം നിലനില്‍ക്കുന്നു എന്ന് കരുതിപ്പോന്ന ചേലാകര്‍മ്മം കേരളത്തിലും നടക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കോഴിക്കോടും തിരുവനന്തപുരത്തും ഇതിനായി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ സ്ത്രീകളാരും തുറന്ന് പറയാന്‍ മടിക്കും. കേട്ടുകേള്‍വി മാത്രം ഉള്ള, മുസ്ലീം വനിതകള്‍ക്കിടയില്‍ നടത്തുന്ന ചേലാകര്‍മ്മം ഇന്ത്യയിലും വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ''ഞങ്ങളുടെ ജനനേന്ദ്രിയം കറികത്തിയും, ഷേവിങ്ങ് ബ്ലേഡും ഉപയോഗിച്ച് അറുത്തുമാറ്റാന്‍ ആര്‍ക്കും അവകാശമില്ലെ...'' എന്ന് പ്രഖ്യാപിച്ച് മുസ്ലീം സമുദായത്തില്‍ നിന്നും മസൂമ രണല്‍വി എന്ന വനിതാ പോരാളി രംഗത്തു വന്നത് ഈയിടെ വൈറലായിരുന്നു. കേരളത്തില്‍ സുന്നത്ത് കര്‍മത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിനൊടുവില്‍ പിഞ്ചു കുഞ്ഞ ഈയിടെയാണ് മരിച്ചത്്.  തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ആണ് സംഭവം. ജനിച്ച് 29 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. 

പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം വ്യാജ ചികിത്സയുടേയും കടുത്ത അന്ധവിശ്വാസത്തിന്റേയും പരിധിയില്‍ വരുന്ന കാര്യമാണ്. അതിക്രൂരവും പൈശാചികവുമായ ഈ നടപടി കേരളത്തിലുമുണ്ടെന്ന വിവരം ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തതാണ്. ആരോഗ്യപ്രശ്‌നം കൊണ്ട് മാത്രമല്ല, സ്ത്രീത്വത്തിന് മേലുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയില്‍ മാറ്റം വരുത്തല്‍ എന്നാണ് ലോകാരോഗ്യ സംഘടന ചേലാകര്‍മത്തിന് നല്‍കിയിരിക്കുന്ന പേര്. പെണ്‍ ചേലാകര്‍മം, സുന്നത്ത് കല്യാണം എന്നും ഇതിന് പേരുണ്ട്.  ആരോഗ്യകരമായ കാരണങ്ങള്‍ക്കല്ലാതെ, ഭാഗികമായോ പൂര്‍ണമായോ സ്ത്രീ ലൈംഗിക അവയവങ്ങള്‍ മുറിച്ചു മാറ്റുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യുന്നതിനെയാണ് സ്ത്രീകളിലെ ചേലാകര്‍മം എന്ന് വിളിക്കുന്നത്. പുറത്തുകാണുന്ന സ്ത്രീ ലൈംഗികാവയവങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ മുറിച്ചുമാറ്റുന്ന പ്രക്രിയയാണ് ഇത്. സ്ത്രീക്ക് രതിസുഖം കൊടുക്കുന്ന യോനിച്ഛദം അഥവാ ഭഗശിശ്‌നിക, ഗുഹ്യഭാഗത്തെ തൊലി എന്നിവയാണ് മുറിച്ചുകളയുന്നത്. 

സ്ത്രീകളിലെ ലൈംഗിക വികാരം കുറയ്ക്കാന്‍ വേണ്ടി എന്നാണ് ഇതിന് കാരണമായി പലപ്പോഴും പറയപ്പെടുന്നത്. സ്ത്രീയുടെ വൃത്തിയില്ലാത്ത ലൈംഗിക അവയവങ്ങള്‍ ശുചിയാക്കലാണ് ഇതത്രേ.  സോമാലിയ, സുഡാന്‍, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളിലാണ് സുന്നത്ത് കല്യാണം ഏറ്റവും കൂടിയ അളവിലുള്ളത്. 13 കോടിയിലധികം സ്ത്രീകള്‍ സുന്നത്ത് കല്യാണത്തിന് വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളില്‍ മാസമുറ താളം തെറ്റല്‍, അണുബാധ, രക്തസ്രാവം, വൃക്ക തകരാറിലാകല്‍, ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍, പ്രസവത്തില്‍ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ്  പെണ്‍സുന്നത്ത് ഉണ്ടാക്കുന്നത്.

മാസമുറ പോകാനും മൂത്രമൊഴിക്കാനും ചെറിയ ഒരു ദ്വാരം മാത്രം ബാക്കിയാക്കി രണ്ട് വശത്തെ തൊലികള്‍ തുന്നിക്കെട്ടുന്ന പരിപാടിയും ചിലയിടങ്ങളില്‍ സാധാരണമാണ്. കല്യാണം കഴിഞ്ഞ് മാത്രമേ തുന്നിക്കെട്ട് അഴിക്കാവൂ എന്നാണ് ഈ പ്രാകൃത നിയമം അനുശാസിക്കുന്നത്. സ്വയം ഭോഗം, വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍ തുടങ്ങിയവയില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്താനാണത്രേ ഈ പീഡനം. ചേലാകര്‍മം നടത്തുന്നത് വിദഗ്ധ ഡോക്ടര്‍മാരല്ല. ആശുപത്രിയിലുമല്ല ഇത് ചെയ്യുന്നത്. ആയമാരോ പ്രായമായ സ്ത്രീകളോ ആണ് സുന്നത്ത് കല്യാണം നടത്തിക്കൊടുക്കുന്നത്. കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് പ്രാകൃതമായ മുറിച്ചുമാറ്റല്‍. ഇസ്ലാം മതം സ്ത്രീകളിലെ ചേലാകര്‍മം നിര്‍ബന്ധമാക്കിയിട്ടില്ല. പിന്നെ എന്തിനാണ് ഇത് നടത്തുന്നത്. സംവാദങ്ങളും വിവാദങ്ങളും തുടരുക തന്നെയാണ്. 

ലോകത്ത് ആദ്യമായി ചേലാകര്‍മ്മം നടത്തിയത് ഈജിപ്തിലെ ഫറോവ രാജാവിന്റെ കൊട്ടാരവൈദ്യന്‍ ഇംഹട്ടത്തായിരുന്നു. ബി.സി 5000ത്തിലോ മറ്റോ നടന്ന ആ സംഭവം എങ്ങനെ മുസ്ലിങ്ങള്‍ ആചാരമായി സ്വീകരിക്കുന്നതെന്ന് ചോദ്യമുണ്ട്. ലൈംഗികാവയവത്തെ ബാധിച്ച അസുഖം മാറ്റാന്‍ വേണ്ടിയാണ് ഇംഹട്ടത്തെന്ന കൊട്ടാരവൈദ്യന്‍ അക്കാലത്ത് ചേലാകര്‍മ്മം നടത്തിയതെന്ന് ചരിത്ര രേഖകളുണ്ടത്രേ. മുസ്ലിം സ്ത്രീകളില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ജൂത, മതങ്ങളില്‍പെട്ട സ്ത്രീകളിലും സുന്നത്ത് കല്യാണം നടത്താറുണ്ടത്രേ. മാതാപിതാക്കള്‍ തന്നെയാണ് പലപ്പോഴും ഇതിന് മുന്‍കൈയ്യെടുക്കുന്നത്. എണ്ണത്തില്‍ കുറവാണെങ്കിലും അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലും സ്ത്രീകളിലെ സുന്നത്ത് കല്യാണം നടക്കുന്നുണ്ടത്രേ. പെണ്‍സുന്നത്ത് നിയമം മൂലം നിരോധിച്ച രാജ്യങ്ങളുണ്ട്. ആഗോളതലത്തില്‍ ഇത് നിരോധിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകത്തെ 41 രാജ്യങ്ങളില്‍ പെണ്‍ചേലാകര്‍മ്മം നിയമവിരുദ്ധമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതിനെതിരെ നിലവില്‍ ഒരു നിയമങ്ങളും ഇല്ല.

സ്ത്രീകളില്‍ ചേലാകര്‍മ്മം നിര്‍വ്വഹിക്കുന്നതിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. പ്രാകൃതമായ ഒരു ആചാരമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. മതത്തിന്റെ പേരില്‍ ചെയ്യുന്ന ഈ അനാചാരം, സ്ത്രീകള്‍ക്ക് ഒരിക്കലും ലൈംഗികത അസ്വദിക്കാന്‍ പോലും പറ്റാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുക. ഈ പ്രാകൃതാചാരം യെമന്‍ പോലുള്ള ചില ഇസ്ലാമിക രാജ്യങ്ങളിലും ഇസ്ലാമിക ഗോത്രങ്ങളിലും മാത്രമാണ് തുടരുന്നത് എന്ന് കരുതരുത്. ഇന്ത്യയിലും ഇത് തുടരുന്നവരാണ് ദാവൂദി ബോറ മുസ്ലീങ്ങള്‍. ഇപ്പോള്‍ അവരുടെ കൂട്ടത്തിലെ സ്ത്രീകള്‍ തന്നെ ചേലാകര്‍മത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഷിയ മുസ്ലീങ്ങളാണ് ദാവൂദി ബോറ. ഷിയയിലെ ഇസ്മായിലി വിഭാഗമാണിവര്‍. വ്യത്യസ്തമാണ് ഇവരുടെ പല ആചാരങ്ങളും. ഇവര്‍ക്ക് ഒരു പ്രത്യേക ഭാഷയും ഉണ്ട്. ലിസാന്‍ ഉദ് ദാവത്ത് എന്നാണ് അതിന്റെ പേര്. അറബിയും ഉറുദുവും ചേര്‍ന്ന ഒരുതരം ഗുജറാത്തി ഭാഷയാണിത്. 

ഇന്ത്യയ്ക്ക പുറമെ പാകിസ്താനിലും ദാവൂദി ബോറ മുസ്ലീങ്ങള്‍ ഉണ്ട്. യെമനിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. സ്ത്രീകളിലെ ചേലാകര്‍മ്മം നിര്‍ത്തലാക്കണം എന്നാണ് ഇപ്പോള്‍ ദാവൂദി ബോറ മുസ്ലീം സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ മുന്നിലാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്. ഓണ്‍ലൈന്‍ ചെയ്ഞ്ച് ഓര്‍ഗ്ഗ് വെബ്ബില്‍ ഓണ്‍ലൈന്‍ പരാതികളില്‍ ഒപ്പിട്ടുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. ലോക മനുഷ്യാവകാശ ദിനത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. 1,400 വര്‍ഷത്തോളം പഴക്കമുണ്ട് സ്ത്രീകളിലെ ചേലാകര്‍മ്മത്തിന്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഇത്രയേറെ പുരോഗമിച്ചിട്ടും അതെല്ലാം തുടരുന്നുണ്ട് എന്നത് നാണക്കേട് തന്നെയാണ്. ചേലാകര്‍മ്മത്തിനെതിരെ സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയതാണ്. അതിപ്പോഴും ശക്തിയായി തന്നെ തുടരുന്നു.

പെണ്‍കുട്ടികളുടേതു മാത്രമല്ല, ആണ്‍കുട്ടികളുടെ ചേലാകര്‍മ്മവും അനിസ്ലാമികമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി വൈസ് പ്രസിഡണ്ട് ഡോ. എം അബ്ദുല്‍ ജലീല്‍ പുറ്റെക്കാട് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രാകൃത രൂപമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആന്‍ ആണെന്നും അതില്‍ ചേലാകര്‍മ്മത്തെ പറ്റി പറയുന്നില്ലെന്നും ഡോ. ജലീല്‍ വ്യക്തമാക്കുന്നു.

ഐ.എസ് ഭീകരര്‍ യസീദി പെണ്‍കുട്ടികളിലും, ഇറാക്കില്‍നിന്നും പിടികൂടിയ ക്രിസ്ത്യന്‍ സ്ത്രീകളിലും വ്യാപകമായി ചേലാകര്‍മം നടത്തിയിരുന്നു. 2012 ഡിസംബറില്‍, യു.എന്‍. ജനറല്‍ അസംബ്ലി എഫ്.ജി.എം (Female Genital Mutilation) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ദുരാചാരത്തെ ലോകത്ത് നിന്ന് തുടച്ചുനീക്കുന്നതിനായുള്ള തീരുമാനം കൈക്കൊള്ളുകയും അതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ഇത് നിരോധിച്ച് കൊണ്ട് നിയമം നടപ്പിലാക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇത്തരമൊരു നിരോധനം ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയില്ലെന്ന് മാത്രമല്ല ഇത് ഇന്ത്യയില്‍ അനുവദനീയമാവുകയും ചെയ്തു.  അതാണിപ്പോള്‍ സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്.

അതേസമയം ചേലാകര്‍മ്മത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രസാധകയും പൊതു പ്രവര്‍ത്തകയും ഏഴാമത്തെ വയസില്‍ ചേലാകര്‍മത്തിന് ഇരയായ വ്യക്തിയുമായ മസൂമ രണല്‍വി രംഗത്തെത്തിയിരിക്കുന്നത്. പ്രസംഗം, അഭിമുഖം, സര്‍ക്കാരില്‍ നിവേദനം, എന്നിവകൂടാതെ സോഷ്യല്‍ മീഡിയയിലും മസൂമ രണല്‍വി സജീവമായതോടെ അത് ലോകമാകെ വാര്‍ത്തയായി. ബി.ബി.സി, സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ മസൂമയെ വാര്‍ത്തയാക്കി. ചേലാകര്‍മ്മം നിയമം മൂലം നിരോധിക്കാന്‍ ആവശ്യപ്പെട്ട് മോഡി സര്‍ക്കാരിനെ ഇവര്‍ സമീപിച്ചു. നിരോധനം വരും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് മസൂമ രണല്‍വിയുടെ നിലപാട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമാന ചിന്താഗതിക്കാരായ ആയിരക്കണക്കിന് സ്തീകളെ  ചേര്‍ത്ത് 'സ്പീക്ക് ഔട്ട് ഓണ്‍ എഫ്.ജി.എം' എന്ന ഫോറത്തിനു രൂപം കൊടുത്തിരിക്കുകയാണ്.

അമേരിക്കയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ 2017 ഏപ്രിലില്‍ പിടിയിലായിരുന്നു. ജുമാന നാഗര്‍വാല എന്ന 44കാരിയാണ് അന്ന് അറസ്റ്റിലായത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി ചേര്‍ന്നാണ് ഡോക്ടര്‍ ഇത് ചെയ്തത്. വളര്‍ന്നുവരുമ്പോള്‍ പെണ്‍കുട്ടികള്‍ ജീവിത മൂല്യങ്ങള്‍ മുറുകെ പിടിക്കാനും, തൊഴിലും മറ്റും ചെയ്ത് നല്ല നിലയില്‍ സ്വഭാവ ശുദ്ധിയോടെ ജീവിക്കാനുമാണ് കൃത്യം ചെയ്തത് എന്നാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. കുറ്റം തെളിയക്കപ്പെട്ടാല്‍ ഇവര്‍ ജീവിതകാലം മുഴുവനും ജയിലില്‍ കഴിയേണ്ടി വരും. എന്നാല്‍ ജുമാന കുറ്റം നിഷേധിച്ചു. 

പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ യു.എസ് ചേലാകര്‍മം നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് വനിത ഡോക്ടറെ പിടികൂടിയത്. അതീവ രഹസ്യമായാണ് ഇവര്‍കൃത്യം ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് ജുമാന കൃത്യം നടത്തിയത്. 2006ല്‍ മറ്റൊരു എത്തിയോപ്പിയന്‍ വംശജന്‍ ഇത്തരത്തില്‍ പിടിയിലായിട്ടുണ്ട്. രണ്ടു വയസ്സുകാരിയായ തന്റെ മകളെ കത്രികയുടെ മാത്രം സഹായത്തോടെ ചേലാകര്‍മ്മം നടത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. 10 വര്‍ഷമാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്. 2012ലെ കണക്ക് അനുസരിച്ച സ്ത്രീകളും പെണ്‍കുട്ടികളും അടക്കം 5,13,000 ലക്ഷം ആളുകളാണ് അമേരിക്കയില്‍ മാത്രം ചേലകര്‍മ്മത്തിന് ഇരയായിരിക്കുന്നത്. 

കേരളത്തിലും പെണ്‍സുന്നത്ത് എന്ന പ്രാകൃത ആചാരം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക