Image

സിങ്ങിന്റെ നേപ്പാള്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി

Published on 01 April, 2012
സിങ്ങിന്റെ നേപ്പാള്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി
വിവാദങ്ങളില്‍ മുങ്ങിയ കരസേനാമേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ നേപ്പാള്‍ സന്ദര്‍ശനം പ്രതിരോധ മന്ത്രാലയം വെട്ടിച്ചുരുക്കി. നേപ്പാളില്‍ തങ്ങുന്ന ദിവസങ്ങളും അവിടേക്ക് കൊണ്ടുപോകുന്ന പ്രതിനിധികളുടെ എണ്ണവുമാണ് കുറച്ചത്.

ഈമാസം നാലിന് കാഠ്മണ്ഡുവില്‍ തുടങ്ങുന്ന രണ്ടുദിവസത്തെ ശില്‍പ്പശാല കഴിഞ്ഞാല്‍ പിറ്റേന്നു തന്നെ മടങ്ങണമെന്നും പിന്നീട് അവിടെ നില്‍ക്കേണ്ടതില്ലെന്നുമാണ് മന്ത്രാലയം നിര്‍ദേശിച്ചത്. ജനറല്‍ വി.കെ സിങ്ങിന്റെ നാലു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞമാസം മന്ത്രാലയം റദ്ദാക്കിയിരുന്നു.

ദുരന്തനിവാരണവും ഭീകരവാദ പ്രതിരോധവും വിഷയമാക്കി നേപ്പാള്‍ സേനാമേധാവിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാനാണ് ജന. സിങ് നേപ്പാളില്‍ പോകുന്നത്. ഉഭയകക്ഷി വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദര്‍ശനമല്ലാത്തതിനാല്‍ കൂടുതല്‍ ദിവസം തങ്ങേണ്ടതിന്റെയും കൂടുതല്‍ പ്രതിനിധികളുടെയും ആവശ്യമില്ലെന്ന് മന്ത്രാലയം കരുതുന്നു.

സിങ്ങിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കണമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര. അദ്ദേഹത്തെ പുറത്താക്കിയാല്‍ കൂടുതലെന്തെങ്കിലും സംഭവിക്കും. സര്‍ക്കാര്‍ ശമ്പളത്തില്‍ രണ്ടുമാസത്തെ അവധി ആസ്വദിച്ച ശേഷം പെന്‍ഷന്‍ വാങ്ങി വീട്ടിലിരിക്കാന്‍ പറയുകയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു. സി.എന്‍.എന്‍ - ഐ.ബി.എന്‍. ചാനലിലെ 'ഡെവിള്‍സ് അഡ്വക്കേറ്റില്‍' പങ്കെടുത്ത് മിശ്ര പറഞ്ഞു.

ജന. വി.കെ. സിങ്ങിന്റെ മാനസിക നില തെറ്റിയെന്നാണ് തോന്നുന്നത്. കോഴ വാഗ്ദാനം ചെയെ്തന്ന ആരോപണത്തില്‍ നടപടിയെടുക്കാത്തതിന് അദ്ദേഹവും പ്രതിരോധ മന്ത്രിയും ഉത്തരവാദികളാണെന്നും മിശ്ര പറഞ്ഞു.

സൈന്യം സുസജ്ജമല്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് ജന. സിങ് അയച്ച കത്ത് പ്രധാനമന്ത്രിയുടെ കൈയില്‍ നിന്നോ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നോ പുറത്തുപോകില്ല. ജനറല്‍ അത് പുറത്തുവിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരിക്കും അതിനു പിന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക