Image

ദുരന്തമുഖത്ത് ഭീതിയോടെ.... (ജി. സുനില്‍ കുമാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട)

Published on 28 August, 2018
ദുരന്തമുഖത്ത് ഭീതിയോടെ.... (ജി. സുനില്‍ കുമാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട)
A heart touching story and heroism of rescue. Fishermen from Trivandrum

ദുരന്തത്തിന്റെ നാലാം ദിവസം. ആറാട്ടുപുഴ കളരിക്കോട് ആണ് ഞാനും എന്റെ ടീമും.
ആറു മാസം പ്രായമുള്ള ഒരു കുഞ്ഞും എണ്‍പത്തഞ്ച് വയസ്സുള്ള ഒരു വൃദ്ധയും ഉള്‍പ്പെടെ ഏഴു പേര്‍ ആറാട്ടുപുഴ ബാറിന് സമീപമുള്ള വീട്ടില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. ഞങ്ങള്‍ നില്ക്കുന്നിടത്തു നിന്നും വെള്ളത്തിലൂടെ ഏകദേശം മൂന്നു കിലോമീറ്റര്‍ ഉണ്ട് അവിടേയ്ക്ക് . തുമ്പക്കാരന്‍ ജോസഫ് ആയിരുന്നു എന്റെ ബോട്ടിന്റെ സ്രാങ്ക്. പോകും വഴി എതിരെ വന്ന ബോട്ടുകാരോട് ജോസഫ് കടപ്പുറം ഭാഷയില്‍ കുശലം പറഞ്ഞു. ഞങ്ങള്‍ അന്വേഷിച്ചു പോകുന്ന അതേ വീട്ടുകാരേ എടുക്കാന്‍ പോയതാണ് അവര്‍. "കുമ്പാരീ ..നിങ്ങ പോവല്ല് കേട്ടാ, ചൊഴിയാണ്, ചുറ്റും മരങ്ങള്.. ഞങ്ങ ആവുന്ന നോക്കീ..നടക്കൂല... ആന്ഡ്രൂ നമ്മക്കു മുമ്പേ പോയ് തിര്യേ പോണതാണ്.. അയിനും മുമ്പ് രണ്ട് വള്ളം പോയി ..നടക്കൂല്ലാ .. ഞാന്‍ ജോസഫിനേ നോക്കി. ഞാന്‍ കണ്ട നേരം മുതല്‍ ചുണ്ടൊഴിയാതെ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റിന്റെ പുകച്ചുരുളിനുള്ളില്‍ കൂടി
കടലിന്റെ വന്യതയെ കീറിമുറിക്കുന്ന ആ കണ്ണുകള്‍ ഒറ്റ ചലനത്തില്‍ എന്നോടു പറഞ്ഞു ..നമ്മള്‍ അവരേ എടുത്തിരിക്കും... അപ്പോഴേയ്ക്കും അറുപതോളം പേരെ ഞങ്ങള്‍ കരയ്‌ക്കെത്തിച്ചിരുന്നു. അവിടൊക്കെ ജോസഫിന്റെ കരുണയുള്ള ചലനങ്ങളും ബോട്ടോടിക്കുവാനുള്ള വൈഭവവും ഞാനനുഭവിച്ചിരുന്നു.

ജോസഫ് ബോട്ട് സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏറെ ദൂരം ചെന്നില്ല , കെട്ടു പിണഞ്ഞു കിടക്കുന്ന ഇലക്ട്രിക് കമ്പികള്‍ മുക്കി ഒഴുകുകയാണ് കലങ്ങി മറിഞ്ഞ പമ്പ. ബോട്ട് ഓഫ് ചെയ്തു തുഴഞ്ഞും കമ്പികള്‍ തെള്ളി മാറ്റിയും തുഴയ്ക്കു പകരം കമ്പികളില്‍ പിടിച്ചു പിന്നിലേക്കു വലിച്ച് മുന്‍പോട്ട് അരക്കിലോമീറ്ററോളം പോയി . പിന്നീട് കുറച്ച് ദൂരം ബോട്ട് സ്റ്റാര്‍ട്ട് ചെയ്തുള്ള യാത്ര. കുതിച്ചു പായുന്ന പമ്പാ നദിയ്ക്ക് നൂറു മീറ്റര്‍ അരികിലാണിപ്പോള്‍ ബോട്ട്. 

ഒരു വീട് കാണാം. സാര്‍ ആ വീടിന്റെ അപ്പുറത്തെ വീടാണ്. വഴികാട്ടാന്‍ വന്ന നാട്ടുകാരന്‍ പറഞ്ഞു. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം അങ്ങോട്ടടുക്കാന്‍ പറ്റുന്നില്ല. അയാളൊന്നു കൂവി വിളിച്ചു. അനക്കമില്ല. വീണ്ടും രണ്ട് മൂന്ന് പ്രാവശ്യം കൂവി. പെട്ടെന്ന് ആരോ പ്രതികരിച്ചു. ഒരു സ്ത്രീ ശബ്ദം. ഞങ്ങള്‍ ആ വീടിനടുത്ത് തുഴഞ്ഞെത്തി. ടെറസ്സിന് ചേര്‍ത്ത് വള്ളമടുപ്പിക്കുമ്പോഴേയ്ക്കും അവര്‍ വള്ളത്തിലേക്ക് ചാടി. ഭര്‍ത്താവ് വെള്ളം കൂടിത്തുടങ്ങിയപ്പോള്‍ അടുത്ത വീട്ടിലേക്കു പോയതാണ്. തിരികെ വരാന്‍ പറ്റാത്തത്ര വെള്ളമായി പോയി.

ഞങ്ങള്‍ ലക്ഷ്യം വച്ച വീട്ടിലാണയാള്‍. സര്‍ , മുന്നില്‍ കൂടി പോകാന്‍ പറ്റില്ല... ആറിന്റെ കുത്തൊഴുക്കാണ്. പിന്നില്‍ വലിയ കാട് ആണ്... കുറച്ച് കൂടി തുഴഞ്ഞു ഞങ്ങള്‍ വീടിന് നൂറു മീറ്റര്‍ അരികിലെത്തി.

വീടിന്റെ മുന്‍വശം ഗേറ്റും മതിലും കിഴക്കു ഭാഗവും പമ്പാ നദിയുടെ കുത്തൊഴുക്കിനുള്ളില്‍ പെട്ടു പോയിരിക്കുന്നു.

ഇനിയുള്ള ഒറ്റ പ്രതീക്ഷ പിന്‍വശമാണ്. പക്ഷേ അവിടെ കൈക്കനമുള്ള പെരുമരക്കാട് ഇടതൂര്‍ന്ന് വളര്‍ന്ന് വെള്ളത്തിന് മുകളില്‍ ഒഴുക്കില്‍ ആടി ഉലയുകയാണ്. ഞാന്‍ വള്ളത്തിന്റെ ഏറ്റവും മുന്നിലിരുന്ന് ചെറുമരങ്ങളെ ഇരുവശത്തേയ്ക്കും ചവിട്ടി അകറ്റി. ജോസഫ് അല്പാല്പമായി വള്ളം അതിനുള്ളിലൂടെ മുമ്പിലേക്ക് തള്ളി. നാല്‍പ്പത് മീറ്ററോളം ഏകദേശം അര മണിക്കൂര്‍ കൊണ്ട് കടന്നു കിട്ടി. പലപ്രാവശ്യം മുന്നിലേക്കും പിന്നിലേക്കും വള്ളം തള്ളിയിട്ടും മുമ്പോട്ടു പോകാന്‍ കഴിയാതെ വന്നിടത്ത് ഞാന്‍ വെട്ടുകത്തി കൊണ്ട് കാട് വെട്ടിത്തെളിച്ചും ഒന്ന് രണ്ടിടത്ത് വെള്ളത്തില്‍ ചാടി ചെറു മരങ്ങള്‍ മുറിച്ചുമാറ്റിയും മുന്നോട്ട് നീങ്ങി. 

ഇപ്പോള്‍ ഞങ്ങള്‍ വീടിന് മുപ്പത് മീറ്റര്‍ അകലെയെത്തി. വീടിന്റെ രണ്ടാം നിലയില്‍ ആളുകള്‍ പ്രതീക്ഷ അറ്റതുപോലെ ഞങ്ങളേ നോക്കി നില്ക്കുകയാണ്. 

കടമ്പ ഏകദേശം കടന്നു എന്ന വിശ്വാസത്തില്‍ മുന്‍പൊട്ട് നീങ്ങുമ്പോഴാണ് വീടിനു മുകളില്‍ നിന്ന ഒരാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നത്...സാര്‍...സാര്‍..അതു മതിലേണ്. അപ്പോഴേയ്ക്കും വള്ളം മതിലില്‍ ഇടിച്ചു നിന്നു.

മുന്നില്‍ മതില്‍...
മതില്‍ കഴിഞ്ഞാല്‍ രണ്ടാള്‍ താഴ്ചയില്‍ വെള്ളം .. ശക്തമായ ഒഴുക്ക്... മുന്നോട്ടുള്ള പോക്ക് അസാധ്യം എന്ന് തോന്നിയ നിമിഷം. 

സാറു വള്ളം നോക്കാമെങ്കില്‍ മതില്‍ ഞാന്‍ ചവിട്ടി ഇടിക്കാമെന്ന് ജോസഫ്. പക്ഷേ അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഇന്നേ വരെ വള്ളം തുഴഞ്ഞിട്ടില്ലാത്ത ഞാന്‍ നാലു പേരെയും വച്ച് അതി സാഹസത്തിന് മുതിരുന്നത് അവരുടെ ജീവന് ആപത്താണെന്ന് എനിക്കുറപ്പായിരുന്നു. 

കയ്യിലുണ്ടായിരുന്ന വെട്ടുകത്തി വള്ളത്തിലിട്ട് വെള്ളത്തിലേക്കു ഞാന്‍ ചാടുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൂട്ടിന്. ആദ്യം മതില്‍ കണ്ടു പിടിച്ച് അതിന് മുകളില്‍ കയറി ഇരുന്നു. പിന്നെ വള്ളത്തില്‍ പിടിച്ചു കൊണ്ട് അല്പാല്പമായി മതില്‍ ചവിട്ടി ഇടിച്ചു. ഏകദേശം പതിനഞ്ച് മിനിറ്റ് കൊണ്ട് പല പ്രാവശ്യം വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും ആ മതില്‍ വള്ളത്തിന് പോകാന്‍ പാകത്തില്‍ ഞാന്‍ ഇടിച്ചു മാറ്റി. തിരികെ വള്ളത്തില്‍ കയറി വീടിനടുത്തേയ്ക്ക്. 

ഇപ്പോള്‍ വീട്ടുകാരുടെ മുഖത്ത് പ്രതീക്ഷയുടെ തിരിവെളിച്ചം. ആദ്യം എണ്‍പത്തഞ്ച് വയസ്സുള്ള ഒരു മുത്തശ്ശി. അടുത്തത് പതിനെട്ട് വയസ്സേ ഉള്ളുവെങ്കിലും നൂറ്റിപ്പത്ത് കിലോ ഭാരമുള്ള ഒരു ആണ്‍കുട്ടി. അവനേ വള്ളത്തില്‍ കയറ്റേണ്ടത് എന്റെ മാത്രം ആവശ്യമാണെന്ന പോലെ അവന്‍ നിന്നു തന്നു. പിന്നെയും മൂന്ന് അമ്മമാര്‍, രണ്ടു ചെറുപ്പക്കാര്‍ ..ടൗവ്വലില്‍ ഭംഗിയായി പൊതിഞ്ഞ ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്. മരണത്തിന്റെ കുത്തൊഴുക്കില്‍ നിന്നും ഏഴു ജീവനുകള്‍.. 

നെഞ്ചിടിപ്പിനെ കൂട്ടുപിടിച്ച് നാലു നാളിന്റെ വിശപ്പും ഭയവും പേറി തീരമണയാനൊരുങ്ങുകയാണ്.

ഹെലികോപ്റ്റര്‍ വന്നിരുന്നു സാര്‍, അവര്‍ കുറച്ചു നേരം നോക്കിയിട്ട് തിരിച്ചു പോയി. ഞങ്ങള്‍ എല്ലാരും പോയെന്ന് കരുതിയതാ.. കൂട്ടത്തിലെ ഒരു സ്ത്രീ എന്നെ നോക്കി പറഞ്ഞു..

തിരിച്ചുള്ള യാത്ര ആരംഭിക്കും മുമ്പ് എന്നേ അത്ഭുതപ്പെടുത്തി കൊണ്ട് ജോസഫ് കുഞ്ഞിനടുത്തെത്തി. ബീഡി വലിച്ച് കറുത്ത ചുണ്ടുകള്‍ കൂര്‍പ്പിച്ചു അവന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. ആത്മ നിര്‍വൃതിയുടെ ഒരു നനവ് എന്റെ കണ്ണില്‍ നിന്നും ഊര്‍ന്നു കവിളിലേക്കിറങ്ങി....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക