Image

നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

Published on 29 August, 2018
നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. മോഹന്‍ലാലും മമ്മൂട്ടിയും നല്‍കിയ അതേ തുകയാണ് യുവനിരയിലെ സൂപ്പര്‍ താരവും നല്‍കുന്നത്.

ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍ നിര്‍മ്മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി വിശദീകരിക്കുന്നു. യുവതാരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന ആരോപണം നിവിന്‍ പോളി തള്ളിക്കളഞ്ഞു. പല ചലച്ചിത്ര പ്രവര്‍ത്തകരും പ്രളയ നാളുകളില്‍ ഉറക്കമൊഴിച്ച്‌ പ്രളയബാധിതരെ പലതരത്തിലും സഹായിക്കുന്നുണ്ടായിരുന്നെന്നും പലരും അതൊന്നും പുറത്തു പറയാത്തതാണെന്നും നിവിന്‍ പോളി ചൂണ്ടിക്കാട്ടി. ഗണേശ് കുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മടിക്കാതെയാണ് നിവിന്‍ പോളിയുടെ സഹായം നല്‍കല്‍. വരും ദിവസങ്ങള്‍ ഇനിയും യുവതാരങ്ങള്‍ ദുരിതാശ്വാസത്തിന് പണം നല്‍കുമെന്ന സൂചനയാണ് നിവിന്‍ പോളി പങ്കുവയ്ക്കുന്നത്.

അതിനിടെ കൂടുതല്‍ താരങ്ങള്‍ പ്രളയ ദുരിതാശ്വാസത്തിന് നിവിന്‍ പോളിയുടെ മാതൃക പിന്തുടരുമെന്നാണ് സൂചന. പൃഥ്വിരാജും കുഞ്ചാക്കാ ബോബനും ജയസൂര്യയും അടക്കമുള്ള താരങ്ങളും താമസിയാതെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. മഞ്ജു വാര്യരും സഹായം പ്രഖ്യാപിക്കുമെന്നാണ് സൂചന. മോഹന്‍ലാല്‍ 25ലക്ഷവും മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷവും നല്‍കിയിരുന്നു. ആലുവ പ്രദേശത്ത് നടന്‍ ദിലീപും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എല്ലാ വിധ സഹായവും ചെയ്യുന്നുണ്ട്. എന്നാല്‍ തമിഴ്-തെലുങ്ക് താരങ്ങള്‍ പ്രളയകാലത്ത് നടത്തിയതിന് സമാനമായ ഇടപെടലിന് മലയാള സിനിമാ ലോകം മടിച്ചുവെന്ന വിലയിരുത്തലെത്തി. ഇതിനിടെ യുവതാരങ്ങളെ പ്രതിക്കൂട്ടിലാക്കി ഗണേശ് കുമാറിന്റെ പ്രസ്താവനയും എത്തി. ഇതോടെയാണ് യുവതാരങ്ങള്‍ ദുരിതാശ്വാസ തുക മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനിച്ചത്.

യുവതാരങ്ങളെല്ലാം ദുരിതാശ്വാസത്തിന്റെ തിരക്കിലായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച്‌ എല്ലാവരും നല്ല പ്രവര്‍ത്തനാണ് നടത്തിയത്. ഇതിന് ശേഷം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സഹായം നല്‍കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് പല കോണുകളും അനാവശ്യ വിമര്‍ശനം ഉയര്‍ത്തിയതെന്നാണ് പ്രമുഖ യുവതാരം ഗണേശിന്റെ വിമര്‍ശനത്തോട് മറുനാടനോട് പ്രതികരിച്ചത്. അതിനിടെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്നാണ് സൂചന. നാളെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അടുത്ത ദിവസം തന്നെ 25 ലക്ഷം സര്‍ക്കാരിന് കൈമാറുകയും ചെയ്യും. വ്യക്തിപരമായി ചെയ്യാനാകുന്ന സഹായം ചെയ്യാനും ഫെഫ്ക അംഗങ്ങളോട് ആവശ്യപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക