Image

പൊടിപൊടിക്കുന്നത് കേരള പുനര്‍നിര്‍മാണ ചര്‍ച്ച(മനോജ് മനയില്‍ )

മനോജ് മനയില്‍ Published on 29 August, 2018
പൊടിപൊടിക്കുന്നത് കേരള പുനര്‍നിര്‍മാണ ചര്‍ച്ച(മനോജ് മനയില്‍ )
എറണാകുളം ജില്ലയിലെ മലയോരമേഖലയില്‍ വെള്ളം കയറി വീടും കൃഷിയും നശിച്ചുപോയ എന്റെ ഒരു സുഹൃത്തിനെ ഞാനിന്നു കാണാനിടയായി. സങ്കടമാണ് അവന്റേയും ആ പ്രദേശത്തേയും ഇപ്പോഴത്തെ അവസ്ഥ. എല്ലാവരും ക്യാമ്പില്‍നിന്നു തിരിച്ചു ശവപ്പറമ്പായ വീടുകളിലെത്തിയിരിക്കുന്നു. ഒന്നും ചെയ്യാനാകാതെ അവര്‍ വിധിയെ ശപിക്കുന്നു.

കൃത്യമായും അവന്‍ പറഞ്ഞു:
'ഇത് സര്‍ക്കാര്‍ പറയുന്നതുപോലെ മഴപെയ്ത പ്രളയമല്ല. എന്റെ വീടിലും പരിസരത്തുംവന്ന വെള്ളം ചെറുതോണിയില്‍നിന്നും തുറന്നുവിട്ടതാണ്. ഔദ്യേഗിക കേന്ദ്രങ്ങളില്‍നിന്നു യാതൊരു മുന്നറിയിപ്പുമുണ്ടായിരുന്നില്ല. ആളുകളൊക്കെ എങ്ങോട്ടുപോകണമെന്നു ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.'

ക്യാമ്പില്‍നിന്നു തിരിച്ചെത്തിയ ആളുകള്‍ തങ്ങളുടെ വീടും പരിസരവും കണ്ടു ചങ്കു തകര്‍ന്നുപോയിരിക്കുന്നു. വീടിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ കയറിപ്പോയ വെള്ളം സ്വപ്‌നങ്ങളെ തകര്‍ത്തുകളഞ്ഞു. 'വീടുപേക്ഷിച്ചു ജീവനുംകൊണ്ടോടുമ്പോള്‍, ആകെ എടുത്തുമാറ്റാനായത്, കുഞ്ഞിന് കുറുക്കുണ്ടാക്കാനുള്ള മുത്താറിയും അതിന്റെ പാത്രവുമാണെന്നു' ഒരു വീട്ടുകാരന്‍ പറയുന്നു. 
ഈ വീടു പുനര്‍നിര്‍മിക്കാന്‍ ഏതാണ്ട് പതിനഞ്ചു ലക്ഷം രൂപയോളം ഏറ്റവും ചുരുങ്ങിയതു വേണ്ടിവരും. ഈ കുടുംബസ്ഥന് കൃഷിയിനത്തില്‍ നശിച്ചത് ഏതാണ്ട് 3 ലക്ഷം രൂപയോളം. കപ്പ, വാഴ, ചേന എന്നിവയായിരുന്നു കൃഷികള്‍. ഇവയെല്ലാം വെള്ളം പിഴുതുകൊണ്ടുപോയി. തെങ്ങുകളെല്ലാം പാതി ചരിഞ്ഞിരിക്കുന്ന കാഴ്ചയാണ്.

ഈ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ വില്ലേജ് ഓഫീസില്‍ നിന്നു രണ്ടു ഉദ്യേഗസ്ഥര്‍ ഈ വീട്ടിലെത്തുകയും നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയും ചെയ്തു. വീട് പൂര്‍ണമായും നഷ്ടപ്പെട്ടു എന്നാണ് വില്ലേജ് ഉദ്യോഗസ്ഥര്‍ എഴുതിക്കൊണ്ടുപോയത്. കൃഷിയുടെ നാശനഷ്ടത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, കൃഷിഭവനില്‍നിന്നു ഉദ്യേഗസ്ഥര്‍ എത്തുമെന്നും അവര്‍ കണക്കാക്കുമെന്നുമാണ്.
അടുത്ത ദിവസം കൃഷിഭവനില്‍നിന്നു ഉദ്യോഗസ്ഥര്‍ എത്തുകയും നാശനഷ്ടം കണ്ടുപോവുകയും ചെയ്തു. അവരുടെ മറ്റു വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.
പോകുന്നതിനുമുമ്പ് അവര്‍ പറഞ്ഞത്, കൃഷിനാശം കണക്കാക്കാന്‍ ക്യാമ്പു തടത്തുമെന്നും അതില്‍വച്ച് നാശനഷ്ടം കണക്കാക്കുമെന്നുമാണ്. 
നശിച്ച കൃഷിയിടത്തിന്റെ മുന്നില്‍നിന്നു കര്‍ഷകന്‍ നില്‍ക്കുന്ന ഫോട്ടോയാണ് അവര്‍ക്കു രേഖയായി വേണ്ടത്. എന്നാല്‍ വാഴയും ചേനയും കപ്പയും വെള്ളം പിഴുതുപോയ കൃഷിയിടത്തില്‍ കര്‍ഷകന്‍ നിന്നു ഫോട്ടോയെടുക്കുമ്പോള്‍ ശൂന്യമായ പറമ്പായിരിക്കും കാണാനാവുക എന്നതാണ് വസ്തുത!

വില്ലേജ് ഓഫീസ് ഉദ്യേഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതിനുശേഷം, ദുരിതബാധിതര്‍ വില്ലേജോഫീസിലെത്തി നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും ആധാര്‍ കാര്‍ഡുപോലെയുള്ള ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കാനും പറഞ്ഞു. രേഖകള്‍ മൊത്തം നശിച്ചുപോയവര്‍ക്ക്, താലുക്കാഫീസുമായി ബന്ധപ്പെട്ടു രേഖകള്‍ ഡ്യൂപ്ലിക്കേറ്റു ചെയ്തതിനുശേഷം മാത്രമേ നേരത്തെ കൊടുത്ത അപേക്ഷയില്‍ എന്തെങ്കിലും മേല്‍ നടപടി ഉണ്ടാവുകയുമുള്ളൂ എന്നതാണ് ഇപ്പോഴത്തെ നടപടി ക്രമം. (അവരുടെ കാത്തിരിപ്പ് എത്രകാലമെന്നത് നോ ഐഡിയ).

ഇനി വില്ലേജോഫീസില്‍ മതിയായ രേഖകള്‍ സഹിതം അപേക്ഷകൊടുത്ത കുടുംബത്തിനു കിട്ടുന്ന സഹായധനത്തെക്കുറിച്ചുള്ള വിവരമിതാണ്. ഭാഗികമായി വെള്ളം കയറിയ വീടിനു പതിനായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നു പറയുന്നു. എന്നാല്‍ വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം 3,800രൂപ മാത്രമേ കിട്ടുകയുള്ളൂ എന്നാണ്. പൂര്‍ണമായും വെള്ളം കയറി നശിച്ചുപോയ വീടിനു എത്രരൂപ കിട്ടുമെന്നു ഇതുവരെ യാതൊരു അറിയിപ്പുമില്ല!

ക്യാമ്പില്‍നിന്നു ഉപയോഗശൂന്യമായ വീട്ടിലെത്തിയവര്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. അവരൊക്കെ കൊടിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും സത്വരവും അടിയന്തരവുമായ നീതി ഇപ്പോഴും അവര്ര്‍ക്കു കിട്ടിയിട്ടില്ല. ചുവപ്പുനാടയ്ക്കുള്ളില്‍ മനുഷ്യജീവിതം വീണ്ടും മുങ്ങിച്ചത്തു കൊണ്ടിരിക്കുന്നു. അപ്പോഴും ഭരണതലങ്ങളില്‍ കേരളം പുനര്‍നിര്‍മിക്കാനുള്ള ചര്‍ച്ച അഹോരാത്രം പൊടിപൊടിക്കുന്നു.

വാല്‍ക്കഷ്ണം: ഇതേ സ്ഥലത്തു കഴിഞ്ഞ വര്‍ഷമുണ്ടായ കാറ്റിലും മഴയിലും കൃഷി നശിച്ചുപോയവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നു പ്രത്യേകം ഓര്‍മിക്കുകയും വേണം!

പൊടിപൊടിക്കുന്നത് കേരള പുനര്‍നിര്‍മാണ ചര്‍ച്ച(മനോജ് മനയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക