Image

പ്രളയക്കെടുതിയില്‍ നിന്നും പറന്ന് പറന്ന് നെടുമ്പാശേരി (എ.എസ് ശ്രീകുമാര്‍)

Published on 29 August, 2018
പ്രളയക്കെടുതിയില്‍ നിന്നും പറന്ന് പറന്ന് നെടുമ്പാശേരി (എ.എസ് ശ്രീകുമാര്‍)
പ്രളയപ്പെയ്ത്തില്‍ അടച്ച് രണ്ടാഴ്ചയ്ക്ക് ശേഷം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഇന്ന് (ആഗസ്റ്റ് 29) ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ചു. അഹമദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് ആദ്യമിറങ്ങിയത്. ആദ്യം ഉയരുന്നതും ഈ വിമാനം തന്നെയായിരുന്നു. 32 വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇന്ന് വന്നു പോകുന്നത്. ദിവസങ്ങള്‍ക്കകം എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് അടച്ച വിമാനത്താവളത്തില്‍ എയര്‍ലൈന്‍, കസ്റ്റംസ്, ഇമിഗ്രഷന്‍ വിഭാഗങ്ങള്‍ 27-ാം തീയതി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രവാസി മലയാളികള്‍ക്ക് വലിയ ആശ്വാസമായി. ഓഗസ്റ്റ് 15 നാണ് എയര്‍പോര്‍ട്ട് അടച്ചിട്ടത്. എയര്‍പോര്‍ട്ട് തുറന്നതോടെ കൊച്ചി നേവല്‍ ബേസില്‍ നിന്നും താല്‍ക്കാലികമായി ആരംഭിച്ച സര്‍വീസുകള്‍ അവസനാപ്പിക്കുകയും ചെയ്തു.

ചരിത്രത്തില്‍ ആദ്യമായാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇത്രയും നാള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്. മഹാപ്രളയത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിരുന്നു. ആയിരത്തില്‍ അധികം പേര്‍ എട്ടുദിവസത്തോളം 24 മണിക്കൂറും ജോലി ചെയ്താണ് വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. കൊടിയ പേമാരി മൂലം 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വെളളം പുറത്തേയ്‌ക്കൊഴുക്കി കളയുന്നതിനായി രണ്ടര കിലോമീറ്റര്‍ ചുറ്റുമതില്‍ പൊളിച്ചുനീക്കിയിരുന്നു. പാര്‍ക്കിംഗ് ബേ, ടെര്‍മിനലുകള്‍ എന്നിവയില്‍ വെള്ളം കയറിയിരുന്നു. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടിയിരുന്നു. ചെങ്കല്‍തോടടച്ചുള്ള നിര്‍മാണമാണ പ്രവര്‍ത്തനമാണ് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സോളാര്‍ പാടത്തിലും വെള്ളം കയറിയിരുന്നു. തകര്‍ന്ന സൗരോര്‍ജ്ജ പ്ലാന്റുകളില്‍ പകുതിയോളം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. കേടായ കണ്‍വെയര്‍ ബെല്‍റ്റുകള്‍, ജനറേറ്ററുകള്‍, റണ്‍വേ ലൈറ്റുകള്‍ തുടങ്ങിയവ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് നെടുമ്പാശ്ശേരി വഴിയുള്ള വിമാനടിക്കറ്റുകള്‍ വിമാനകമ്പനികളുടെ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. ജെറ്റ് എയര്‍വേയ്‌സിന്റെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകളും ഇന്‍ഡിഗോയുടെ ദോഹയില്‍ നിന്നുള്ള വിമാനം, ജെറ്റ് എയര്‍ വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ കോലാലംപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ സര്‍വീസ് നടത്തുന്നുണ്ട്. 

ഇന്ത്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായ നെടുമ്പാശേരിയെപ്പറ്റി ഇത്തരുണത്തില്‍ ഒരു പുനര്‍വായനയാവാം. സ്വപ്ന തുല്യമായ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നെടുമ്പാശേരിയെ നാമറിയും മുമ്പ് അതൊരു കൊച്ച് ഗ്രാമമായിരുന്നു. തനിമയുള്ള കേരളീയ ഗ്രാമം. വല്ലപ്പോഴുമൊരിക്കല്‍ മേഘങ്ങളെ തുളച്ച് പറന്നുപോകുന്ന വിമാനം കണ്ട് അത്ഭുതപ്പെട്ടിരുന്ന തനി 'നാടന്‍'മാരുടെ ദേശം. അവര്‍ ഈ ആകാശ വിസ്മയത്തെ അന്നൊന്നും അടുത്ത് കണ്ടിരുന്നില്ല. ഒരുകാലത്ത് സ്വര്‍ണവര്‍ണമുള്ള നെല്ല് വിളഞ്ഞിരുന്ന പാടങ്ങള്‍ ഉണ്ടായിരുന്നു അവിടെ. ഹരിത സ്വപ്നങ്ങളുടെ നിറകറ്റകള്‍ മെതിച്ചിരുന്ന വയലുകള്‍ പിന്നീട് ഇഷ്ടികക്കളങ്ങള്‍ക്ക് വഴിമാറി. ചുട്ടെടുക്കുന്ന മണ്‍കട്ടകള്‍ പലയിടങ്ങളിലേയ്ക്ക് കയറ്റി വിട്ടിരുന്നു. അങ്ങനെ തട്ടിയും മുട്ടിയും നെടുമ്പാശേരിക്കാര്‍ ദിവസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്ന കാലത്താണ് പാലാക്കാരന്‍ നസ്രാണിയായ വി.ജെ കുര്യന്‍ ഐ.എ.എസിന്റെ കണ്ണുകള്‍ ആ ഇഷ്ടികക്കളങ്ങളിലുടക്കിയത്. അദ്ദേഹം അവിടെ വിലമതിക്കാനാവാത്ത ഒരു നിധി ഒളിഞ്ഞിരിക്കുന്നത് കണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വി.ജെ കുര്യന്‍ നെടുമ്പാശേരിയുടെ പാടവരമ്പുകളിലിരുന്ന് ഒരു വിമാനത്താവളത്തിന്റെ വിത്തെറിഞ്ഞു. അത് മുളച്ചു പൊന്തി. വളര്‍ന്ന് കതിരുവീശി, ഇന്ന് നൂറുമേനിയുടെ കൊയ്ത്തുല്‍സവമാണവിടെ.

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന 'സിയാലി'ന്റെ ശില്‍പിയായ വി.ജെ കുര്യന്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദത്തിലിരുന്നുകൊണ്ട് ഇക്കഴിഞ്ഞ 2017 ഫെബ്രുവരി 27ന് ഔദ്യോഗിക രംഗത്തുനിന്ന് വിരമിച്ചെങ്കിലും 2021 വരെ സിയാല്‍ മാനേജിങ് ഡയറക്ടറായി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടിക്കൊടുത്തിരുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് തുടക്കമിട്ട് അതിനെ ലാഭകരമാക്കിയതാണ് വി.ജെ കുര്യന്റെ ഏറ്റവും വലിയ നേട്ടം. ഒട്ടേറെ രാഷ്ട്രീയ എതിര്‍പ്പുകളുടെ ശബ്ദഘോഷങ്ങള്‍ക്കിടയിലാണ് നെടുമ്പാശേരി വാമാനത്താവളത്തിന് ശിലയിടാന്‍ വി.ജെ കുര്യന്‍ പെടാപ്പാടുപെട്ടത്. ഭരണ മികവുകൊണ്ടും വ്യക്തിത്വത്തിന്റെ വേറിട്ട വിശേഷത്താലും ആദ്ദേഹം ആ വലിയ സ്വപ്നം സാര്‍ത്ഥകമാക്കി. എതിരാളികളുടെ ശരവേഗങ്ങളെ മറികടന്ന ഈ സിവില്‍ സര്‍വീസുകാരന്‍ വികസനത്തിന്റെ കാര്യത്തില്‍ മലയാള നാട്ടില്‍ പുതിയൊരു മനോഭാവത്തിന്റെ വക്താവായി. അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡ് എന്ന നിലയില്‍ സിയാല്‍ ത്വരിത വളര്‍ച്ചയുടെ ഉന്നതിയിലാണിന്ന്. നെടുമ്പാശേരിയുടെ റണ്‍വേയില്‍ നിന്ന് ഓരോ വിമാനവും ഹുങ്കാരത്തോടെ മേഘക്കൂട്ടത്തിലേയ്ക്ക് പറന്നൊളിക്കുമ്പോഴും കടലുകള്‍ കടന്ന് മലയാള മണ്ണിലേയ്ക്ക് ചിറകൊതുക്കിയിറങ്ങുമ്പോഴും മലയാളിയുടെ, പ്രത്യേകിച്ച് പ്രവാസികളുടെ മനസില്‍ ടര്‍ബുലന്‍സില്ല, മറിച്ച് അഭിമാനത്തിന്റെ അവിരാമമായ തിരയിളക്കം മാത്രം.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വി.ജെ കുര്യന്‍ എറണാകുളം കളക്ടറായിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. നേവിയുടെ ഒരു ചെറിയ എയര്‍പോര്‍ട്ടായിരുന്നു അന്ന് കൊച്ചിക്ക് സ്വന്തമായിട്ടുണ്ടായിരുന്നത്. ഈ എയര്‍പോര്‍ട്ടിന്റെ വികസനത്തെക്കുറിച്ച് കേന്ദ്രസിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒരു ചര്‍ച്ച വിളിച്ചു കൂട്ടി. ബന്ധപ്പെട്ട കേരള മന്ത്രിക്ക് അന്ന് ഡല്‍ഹിയിലെ ചര്‍ച്ചയല്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടായിരുന്നതിനാല്‍ സ്ഥലം കളക്ടറായ കുര്യനെയാണ് അയച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹം നേവി എയര്‍ പോര്‍ട്ടിന്റെ വികസനത്തിനു പകരം പുതിയൊരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രൊപ്പോസലാണ് വച്ചത്. അത് അംഗീകരിക്കപ്പെടുകയും സര്‍വേ ഉള്‍പ്പെടെയുളള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. അന്ന് ഈ പ്രോജക്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത വികസന വിരോധികള്‍ പിന്നീടതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന ഉളുപ്പില്ലായ്മയുടെ കാഴ്ചകളും മലയാളികള്‍ കണ്ടു. ഏതായാലും മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഇഛാശക്തിയും വി.ജെ കുര്യന്റെ നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്നപ്പോള്‍ നെടുമ്പാശേരി എയര്‍ പോര്‍ട്ട് യഥാര്‍ത്ഥ്യമായി.

അടിസ്ഥാന സൗകര്യവികസനമില്ലാതെ ഒരു എയര്‍ പോര്‍ട്ട് എങ്ങനെ ഉണ്ടാവും എന്ന വിമര്‍ശനങ്ങള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നു. ഇക്കാര്യമൊരിക്കല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ലേഖകനോട് വി.ജെ കുര്യന്‍ പറഞ്ഞതിങ്ങനെ... ''ആദ്യം എയര്‍ പോര്‍ട്ട് ഉണ്ടാവട്ടെ. റോഡും, റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ പിന്നാലെ ശരിയായിക്കൊള്ളും...'' അതാണ് പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നോര്‍ക്കുക. ഇന്ന് കൊച്ചി മെട്രോയും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞല്ലോ. ഇത് മൂന്നാം വട്ടമാണ് അദ്ദേഹം സിയാലിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി വഹിക്കുന്നത്. 

വിമാനത്താവളം തുടങ്ങുമ്പോള്‍ ഗോവ വഴി ഡല്‍ഹിക്ക് ഒരു വിമാന സര്‍വീസ് മാത്രമായിരുന്നു കൊച്ചിയില്‍ നിന്നുണ്ടായിരുന്നത്. 1999 ജൂണ്‍ പത്തിനാണ് നെടുമ്പാശ്ശേരിയില്‍ ആദ്യ വിമാനമിറങ്ങിയത്. ആദ്യ സാമ്പത്തിക വര്‍ഷത്തില്‍ (2000 മാര്‍ച്ച് വരെ) 4.95 ലക്ഷം പേര്‍ സിയാല്‍ വഴി യാത്രചെയ്തു. വിമാനങ്ങളുടെ മൊത്തം ടേക് ഓഫ്‌ലാന്‍ഡിങ് എണ്ണം 6473 ആയിരുന്നു. ആദ്യത്തെ പൂര്‍ണ സാമ്പത്തിക വര്‍ഷമായ 2001-02ല്‍ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 4.57 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരായിരുന്നു. 2002-03ല്‍ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. 2006-07ആകുമ്പോഴേക്ക് പ്രതിവര്‍ഷം കാല്‍ക്കോടി യാത്രക്കാരുമായി സിയാല്‍ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറി.

ആദ്യ സാമ്പത്തികവര്‍ഷം ഒഴികെ, തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരായിരുന്നു മുന്നില്‍. അവരുടെ എണ്ണത്തില്‍ ഇന്ത്യയിലെ നാലാം സ്ഥാനവും സിയാലിന് നേടാനായി. മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാന്‍ ഏഴ് പൂര്‍ണ സാമ്പത്തിക വര്‍ഷവും ഒരു അര്‍ധ സാമ്പത്തിക വര്‍ഷവും വേണ്ടിവന്നു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അടുത്ത ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി. 2006-07 മുതല്‍ 2009-10 വരെ 1.64 കോടി യാത്രക്കാരായിരുന്നു സിയാല്‍ വഴി പറന്നത്. തുടര്‍ന്ന് ഒരു കോടി പിന്നിടാന്‍ രണ്ടര സാമ്പത്തിക വര്‍ഷം മതിയായി. 2013-14 ല്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 50 ലക്ഷം പിന്നിട്ടു. തുടര്‍ന്നുള്ള രണ്ടുഘട്ടങ്ങളില്‍ ഒന്നരവര്‍ഷം കൊണ്ടാണ് ഒരുകോടി യാത്രക്കാര്‍ സിയാലിലെത്തിയത്. 2013-14ല്‍ 64.12 ലക്ഷം പേരും 2014-15ല്‍ 77.57 ലക്ഷം പേരും 22016-17ല്‍ 89.41 ലക്ഷം പേരും സിയാല്‍ വഴി യാത്രചെയ്തു. 2017-18 മാര്‍ച്ച് 28ന് ആ സാമ്പത്തികവര്‍ഷം മാത്രം സിയാല്‍ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം ഒരു കോടി തികഞ്ഞു.

2017-18ല്‍ മാത്രം സിയാല്‍ വഴി യാത്രചെയ്തത് 1.01 കോടി യാത്രക്കാരാണ്. ഇതില്‍ 52.35 ലക്ഷം പേര്‍ അന്താരാഷ്ട്ര യാത്രക്കാരാണ്. 48.89 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും. 1999-2000 മുതല്‍ 2017-18 വരെ യാത്രക്കാരുടെ എണ്ണത്തില്‍ ഏറെക്കുറെ സ്ഥിരതയ്യാര്‍ന്ന വളര്‍ച്ചയാണ് സിയാലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം യാത്ര ചെയ്ത 7,37,25,036 പേരില്‍ 4,17,80,106 പേര്‍ രാജ്യാന്തരയാത്രക്കാരാണ്. 3,19,44,930 പേര്‍ ആഭ്യന്തര യാത്രക്കാരും. ഇതുവരെ 6,65,178 തവണ വിമാനങ്ങള്‍ വന്നുപോയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ ദേശീയ ശരാശരിയേക്കാള്‍ സിയാല്‍ വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവര്‍ത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയില്‍ ഏഴാമതും അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.

ഇപ്പോള്‍ ദിവസവും 13 വിമാനങ്ങളാണു ഡല്‍ഹിക്കുള്ളത്. ഒന്‍പതെണ്ണം നേരിട്ടുള്ള ഫ്‌ളൈറ്റുകളാണ്. ആഴ്ച തോറുമുള്ള ആഭ്യന്തര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ ഡല്‍ഹിയിലേക്കാണ്-99 എണ്ണം. ഏറ്റവും കുറവ് അഗത്തിയിലേക്കും-ആറ് എണ്ണം. അഹമ്മദാബാദ്, കോഴിക്കോട്, പൂനെ, കൊല്‍ക്കൊത്ത എന്നീ എയര്‍ പോര്‍ട്ടുകളിലേക്ക് ഏഴു വീതം സര്‍വീസുകളുണ്ട്. ബംഗളൂരു-56, ചെന്നൈ-48, ഹൈദരാബാദ്-42, മുംബൈ-57, തിരുവനന്തപുരം-15 എന്നിങ്ങനെയാണ് മറ്റ് ആഭ്യന്തര സര്‍വീസുകളുടെ വിവരം. പ്രതിവാര രാജ്യാന്തര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ ദുബൈയിലേക്കാണ്-60 എണ്ണം. ഏറ്റവും കുറവ് സലാലയിലേക്കും-ഒന്ന്. ബാങ്കോക്ക്, മാലി, റിയാദ് എന്നിവിടങ്ങളിലേക്ക് ഏഴു വീതം സര്‍വീസുകളുണ്ട്. ബഹ്‌റൈന്‍, കൊളംബോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് 14 സര്‍വീസുകള്‍ വീതവും ആഴ്ചയില്‍ ഓപ്പറേറ്റ് ചെയ്യുന്നു. അബുദാബി-35 ദമാം-10, ദോഹ-18, ജിദ്ദ-15, ക്വാലാലംപൂര്‍-18, കുവൈത്ത്-12, മസ്‌ക്കറ്റ്-34, ഷാര്‍ജ-28 എന്നിങ്ങനെ അന്താരാഷ്ട്ര സര്‍വീസുകളും നെടുമ്പാശേരിയുടെ ആകാശമേലാപ്പിലൂടെ നടത്തുന്നു. യൂറോപ്പ്, യു.എസ് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിമാനക്കമ്പനികള്‍ക്ക് ഏറെനാള്‍ മാറി നില്‍ക്കാന്‍ കഴിയില്ലെന്ന കണക്കു കൂട്ടലിലാണ് അധികൃതര്‍. 

മലയാളത്തനിമയും അന്താരാഷ്ട്ര നിലവാരവും ഒത്തിണങ്ങിയ പുതിയ ടെര്‍മിനലിന്റെ പേര് 'ടി ത്രീ' എന്നാണ്. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ ടെര്‍മിനല്‍ 2017 ഏപ്രില്‍ 18ന് പ്രവര്‍ത്തന സജ്ജമായി. ടെര്‍മിനല്‍, ഫ്‌ളൈ ഓവര്‍, ഏപ്രണ്‍ എന്നിവയുള്‍പ്പെടെ 1100 കോടി രൂപ മുതല്‍മുടക്കിലാണു പുതിയ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ സിടി (കമ്പ്യൂട്ടഡ് ടോമോഗ്രാഫി) സ്‌കാനിംഗ് ബാഗേജ് ഹാന്‍ഡിലിങ് സംവിധാനമാണ് പുതിയ ടെര്‍മിനലിലുള്ളത്. ഇത് സ്ഥാപിച്ചത് ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യോമ ഗതാഗത ഐ.ടി വിഭാഗത്തിലെ പ്രമുഖരായ 'സിറ്റ'യാണ്. 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കണ്‍വെയര്‍ ബെല്‍റ്റ് ഇന്ത്യയിലെ ഏറ്റവും നീളമേറിയതാണ്. നാല് സ്ഥലങ്ങളിലെ 360 ഡിഗ്രി ഇമേജ് സ്‌കാനിംഗിനു ശേഷമാണ് ബാഗേജുകള്‍ വിമാനത്തിലെത്തുക. അത്യാധുനിക കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിംഗ് സിസ്റ്റം, കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് കിയോസ്‌ക്, ബാഗേജ് റീകണ്‍സിലിയേഷന്‍ സിസ്റ്റം എന്നിവയാണ് ഇവിടെ ഉപയുക്തമാകുന്നത്. 

ടി ത്രിയില്‍ 3000 ഹൈ ഡെഫനിഷന്‍ സെക്യൂരിറ്റി ക്യാമറകളുണ്ട്. 10 എയ്‌റോ ബ്രിഡ്ജ്, 21 മെറ്റല്‍ ഡിറ്റക്ടര്‍, 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഏഴ് പെന്റാ ബൈറ്റ് സംഭരണ ശേഷിയുള്ള സര്‍വര്‍, 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബിസിനസ് ലോഞ്ച്, നാല് എ.ടി.എം, നാല് മണി എക്‌സ്‌ചേഞ്ച് കൗണ്ടര്‍, 2000 ട്രോളി, നാല് ബഗ്ഗി തുടങ്ങിയവും ടി ത്രിയുടെ പാസഞ്ചര്‍ ഫ്രണ്ട്‌ലി സൗകര്യങ്ങളാണ്. വിമാനത്താവളത്തിലേക്കെത്താന്‍ നാലര കിലോമീറ്റര്‍ നീളമുള്ള നാലു വരി പാതയും റെയില്‍വേ മേല്‍പ്പാലവുമുണ്ട്. നെടുമ്പാശേരി അങ്ങനെ അനുപമമായ വിശേഷങ്ങളാല്‍ മലയാള നാടിന്റെ ആകാശക്കീഴിലെ അഭിമാന സംരംഭമാകുന്നു.

പ്രളയക്കെടുതിയില്‍ നിന്നും പറന്ന് പറന്ന് നെടുമ്പാശേരി (എ.എസ് ശ്രീകുമാര്‍)പ്രളയക്കെടുതിയില്‍ നിന്നും പറന്ന് പറന്ന് നെടുമ്പാശേരി (എ.എസ് ശ്രീകുമാര്‍)പ്രളയക്കെടുതിയില്‍ നിന്നും പറന്ന് പറന്ന് നെടുമ്പാശേരി (എ.എസ് ശ്രീകുമാര്‍)പ്രളയക്കെടുതിയില്‍ നിന്നും പറന്ന് പറന്ന് നെടുമ്പാശേരി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
vincent emmanuel 2018-08-29 14:38:28
with due recognition to Mr. Kurian, please note that, this would not happened if it wasn't for late CM karunakaran. Passengers who travel thru cochi should realise that , if it wasn't for Mr. Karunakaran , this would have never happened. 
observer 2018-08-29 14:45:21
Kochi Airport wastes precious land putting thermal panels ground level. It shows lack of ideas. It was a hazard during the deluge as the water could not flow freely.
It shows the lack of imagination of authorities
The panels could have been placed above sheds or other structure. The land below could be used for other things. Sad to see it
CID Moosa 2018-08-29 19:20:29
Kerala politicians cannot be trusted. If they spent their   time for their country, they make sure they get something out of it. If is not like John F. Kennedy said, " My fellow Americans, ask not what your country can do for you, ask what you can do for your country. More over Kerala people haven't forgotten the Rajan Murder case and Surianelli rape.  If the solar panels are installed ground level,  as observer noted here, they would have made money out of it. Corruption everywhere. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക