Image

പാരസ്പര്യത്തിന്റെ വിത്ത് (മീട്ടു റഹ്മത്ത് കലാം)

Published on 29 August, 2018
പാരസ്പര്യത്തിന്റെ വിത്ത് (മീട്ടു റഹ്മത്ത് കലാം)
ഭൂട്ടാന്‍ യാത്രയ്ക്കിടയില്‍ ഏറ്റവും ചിന്തിപ്പിച്ച ഒന്നാണ് “ഹാര്‍മോണിയസ് ഫോര്‍’ എന്ന ചിത്രം. ആദ്യകാഴ്ചയില്‍ അതെന്താണെന്ന് മനസ്സിലായിരുന്നില്ല. ചുവരുകളില്‍ ആവര്‍ത്തിച്ച് ഇതേ ചിത്രം കണ്ടപ്പോഴാണ് നാടിന്റെ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന എന്തോ ഒന്ന് ആ പെയ്ന്റിങ്ങിനു പിന്നിലുണ്ടെന്ന തോന്നല്‍ ഉണ്ടായത്. ഷെയര്‍ ടാക്‌സിയില്‍ ഒപ്പം യാത്രചെയ്ത ഭൂട്ടാനി വനിതയുടെ സ്മാര്‍ട്ടഫോണിന്റെ സ്ക്രീന്‍സേവറില്‍ അറിയാതൊന്ന് കണ്ണ് പതിഞ്ഞു. അപ്പോഴാണ് ചിത്രം കുറച്ചുകൂടി വ്യക്തമായത്. ഒരു മരച്ചുവട്ടില്‍ നില്‍ക്കുന്ന ആന, ആനപ്പുറത്ത് കുരങ്ങ്, അതിനുമുകളിലായി മുയല്‍, മുയലിന്റെ മേല്‍ നിന്ന് മരത്തിലെ ഫലം പറിക്കുന്ന പക്ഷി. ഒരു ജനതയെ ആകമാനം സ്വാധീനിക്കത്തക്കതായി എന്താണാ ചിത്രത്തിലെന്ന് അറിയാന്‍ അതോടെ ജിജ്ഞാസയായി. ഒപ്പം യാത്ര ചെയ്തിരുന്ന സ്ത്രീക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയാത്തതുകൊണ്ട് കാര്യം ചോദിച്ചുമനസിലാക്കാന്‍ കഴിഞ്ഞില്ല.

തേടിയ വള്ളി കാലില്‍ ചുറ്റി എന്നതുപോലെ, തിമ്പുവില്‍ (ഭൂട്ടാന്റെ തലസ്ഥാനം) ഞാനെത്തിയ ബുദ്ധവിഹാരത്തിന്റെ ചുവരിലും അതേ ചിത്രം. അവിടെക്കണ്ടുമുട്ടിയ പലരോടും അനേ്വഷിച്ചതില്‍ നിന്നാണ് ”ഹാര്‍മോണിയസ് ഫോര്‍’ എന്ന പേര് അറിയുന്നത്. വീട്ടിലായാലും ജോലിസ്ഥലത്തായാലും ഈ ചിത്രം വയ്ക്കുന്നത് സമാധാനം കൊണ്ടുവരുമെന്നാണ് അവിടത്തുകാരുടെ വിശ്വാസം. മാത്രമല്ല, ഇതില്‍ നോക്കി പ്രാര്‍ത്ഥിച്ചാല്‍ വിദേ്വഷമുള്ളവര്‍ തമ്മില്‍പോലും ഇണങ്ങുമത്രേ. സാമ്പത്തിക നേട്ടങ്ങളെക്കാള്‍ ജനങ്ങളുടെ സന്തോഷമാണ് രാഷ്്രടത്തിന്റെ ഉന്നമനത്തിന് ആധാരം എന്നുകരുതുന്ന രാജ്യത്ത് നിന്നുള്ള അറിവായതിനാല്‍ എനിക്കും ആ വാക്കുകളില്‍ വിശ്വാസം തോന്നി. ഈ പെയിന്റിംഗ് വരയ്ക്കുന്ന കലാകാരന്മാര്‍ ചിത്രത്തിനു ചുവടെ അവരുടെ കയ്യൊപ്പിടാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ദൈവീകമായ പ്രക്രിയ ആയാണവര്‍ അതിനെ കാണുന്നത്.

ടിബറ്റിലും നേപ്പാളിലും പ്രചാരത്തിലുള്ള പാരസ്പര്യത്തിന്റെയും ഐക്യത്തിന്റെയും മഹത്വം പഠിപ്പിക്കുന്ന ബുദ്ധമതാധിഷ്ഠിതമായ കഥയുണ്ട് ഹാര്‍മോണിയസ് ഫോറിനു പിന്നില്‍. മരത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് തുടക്കം. മരം ആദ്യം കണ്ട ആളെന്ന നിലയില്‍ ആന അവകാശവാദം ഉന്നയിച്ചപ്പോള്‍ മരത്തിലെ പഴങ്ങള്‍ കഴിച്ചുവളര്‍ന്ന തനിക്കു സ്വന്തമാണ് മരമെന്ന് കുരങ്ങ് സമര്‍ത്ഥിച്ചു. മുള പൊട്ടിത്തുടങ്ങിയതുമുതല്‍ ചെടിയാകുന്നതുവരെ ഇല തിന്ന കണക്കില്‍ തന്റെ അവകാശത്തെക്കുറിച്ച് മുയലും വാചാലനായി. താന്‍ കഴിച്ച പഴത്തിന്റെ വിത്തുവീണു കിളുത്ത മരത്തിന്മേല്‍ മറ്റാരേക്കാളും അവകാശം തനിക്കുണ്ടെന്ന് പറഞ്ഞ് വിട്ടുകൊടുക്കാതെ പക്ഷിയും നിന്നു. വളരെനേരം തര്‍ക്കം തുടര്‍ന്നെങ്കിലും അവകാശത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. വഴക്കിട്ടതുകൊണ്ട് ഗുണമില്ലെന്ന് മനസ്സിലാക്കിയ അവര്‍ പിന്നെ സുഹൃത്തുക്കളായി, സാഹോദര്യത്തോടെ കഴിയാന്‍ തീരുമാനമെടുത്തു. പരസ്പരം സഹകരിച്ചതിന്റെ ഫലമായി മരത്തില്‍നിന്നുള്ള ഗുണാനുഭവം അവര്‍ ഒരുമിച്ച് ആസ്വദിച്ചു. ഈ തത്വമാണ് ഭുട്ടാന്‍ എന്ന രാജ്യം എല്ലാക്കാര്യങ്ങളിലും പിന്‍പറ്റുന്നത്.

പ്രളയക്കെടുതിയില്‍ നഷ്ടങ്ങളുടെ വലിയ കണക്ക് മുന്നിലുണ്ടായിട്ടും കേരളം തളരാത്തത് പാരസ്പര്യത്തിന്റെ ഈ രസച്ചരട് നമുക്കിടയിലും ഉള്ളതുകൊണ്ടാണ്.

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരില്‍ മത്സ്യബന്ധന തൊഴിലാളികള്‍മുതല്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ വരെ ഉണ്ടായിരുന്നു. വലിയവനെന്നോ ചെറിയവനെന്നോ ചിന്തിക്കാതെ അങ്ങനൊരു പ്രതിസന്ധിയെ അതിജീവിക്കാന്‍ ഒരുമിച്ചുനില്‍ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍, ഇനിയും അതിന് സാധിക്കും. കൈകോര്‍ത്ത് വലിയനേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള പ്രേരണ നല്‍കുക എന്നതായിരിക്കാം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നഷ്ടങ്ങളുടെ ലക്ഷ്യം.

പാരസ്പര്യത്തിന്റെ വിത്ത് (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക