Image

മഴ ഒരു ഓര്‍മ്മപ്പെടുത്തല്‍ (കവിത: ജോസ് വല്ലരിയന്‍)

ജോസ് വല്ലരിയന്‍ Published on 30 August, 2018
മഴ ഒരു ഓര്‍മ്മപ്പെടുത്തല്‍ (കവിത: ജോസ് വല്ലരിയന്‍)
രാത്രിയുടെ ഏകാന്തതയില്‍

ഞാനെന്നും കാതോര്‍ത്തു

കിടന്നിരുന്നു നിന്റെ വരവിനായെന്നും ..

 

രാവുകളിലെ എന്റെ മോഹങ്ങള്‍

നിന്റെ വരവിലെ സ്‌നേഹം

നിറഞ്ഞ ചെറുതണുപ്പായിരുന്നു

എന്നും എന്റെ ഉള്ളിലെ സ്വപ്‌നങ്ങള്‍ ..

 

ചിന്നി ചിന്നി നീ മഴയായി

പെയ്തിറങ്ങുമ്പോള്‍ മനസിന്റെ

കോണിലെ നറുസ്വപ്നങ്ങള്‍ക്കു

മഴവില്ലിന്‍ വര്‍ണ്ണങ്ങളായിരുന്നുന്നെന്നും ..

 

എന്നാല്‍ ഇന്ന് നീ എവിടെയോ

മറഞ്ഞിരുന്നു ഉഗ്രരൂപിണിയായി

തീര്‍ന്നിരിക്കുന്നു, കാടത്തം നിറഞ്ഞ

മനുഷ്യ മൃഗങ്ങള്‍ക്കു നിന്റെ

വരവിന്നു മിന്നാമിന്നി വെട്ടം

തേടിയുള്ള യാത്രയാക്കി മാറ്റി നീ ...

 

നീ കോരിചൊരിഞ്ഞപ്പോഴും

ഒരുതുള്ളി ദാഹജലത്തിനായി

ഓടിയലഞ്ഞവന്‍ സര്‍വ്വതും മറന്നു ..

ഒട്ടിയ വയറുകള്‍ മറന്നവന്‍

ജീവന്‍ നിലനിര്‍ത്താനായി

കണ്ണുകള്‍ പായിച്ചു നാലുപാടും ..

 

ഒന്ന് നീ പഠിപ്പിച്ചു

മനുഷ്യനാം മാടമ്പിമാരെ

പണവും ജാതിയും വര്‍ണ്ണവും

കുലീനതയും എല്ലാം മുറിച്ചു

മാറ്റി ഒന്നിച്ചുണ്ണാനും ഉറങ്ങാനും

നിന്റെ ചെറു തുള്ളികള്‍

ഒന്ന് ആര്‍ത്തലച്ചു പെയ്താല്‍

മാത്രം മതിയെന്ന് ....

 

സ്വപ്നങ്ങളില്‍ ഒരിക്കല്‍

സ്‌നേഹമായി പെയ്തിറങ്ങിയ

നീയിന്നു ഞെട്ടുന്ന ഓര്‍മകളായി

തീര്‍ന്നിരിക്കുന്നു ഞങ്ങള്‍ക്കിന്നു ....

മഴ ഒരു ഓര്‍മ്മപ്പെടുത്തല്‍ (കവിത: ജോസ് വല്ലരിയന്‍)
Join WhatsApp News
വിദ്യാധരൻ 2018-08-30 11:29:30
ഉണ്ട് പ്രകൃതിക്ക് മാനുഷരെപോലെ 
ബഹുമുഖ വ്യക്തിത്വമെന്നു നാം അറിഞ്ഞു
വന്നു കുളിർപ്പിക്കും ചാറ്റ മഴയായി പിന്നെ 
വന്നിടും ഉഗ്രപ്രളയമായി നമ്മെ മുക്കികൊല്ലാൻ
വന്നിടും മന്ദമാരുതനായി തലോടുവാൻ 
വന്നിടും പിന്നെ ചുഴലിക്കാറ്റായി നമ്മെ തൂത്തെറിയാൻ 
കാണുമ്പോൾ  നമ്മൾ ചിരിച്ചു കാണിക്കും പിന്നെ 
കാണാതിരിക്കുമ്പോൾ പാരവയ്ക്കും 
വെള്ളം ഇറങ്ങുമ്പോൾ വെള്ളം അടിക്കും നാം 
പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങും 
നീയാണോ ഞാനോണോ വലുതെന്ന ഭാവത്താൽ 
പ്രകൃതിയും മനുഷ്യരും യുദ്ധമത്രെ 
ഇത്തിരി ഇല്ലാത്ത മാനുഷരെ നോക്കി 
അട്ടഹസിക്കുന്നു പ്രകൃതിയെന്നും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക