Image

വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ മലയാളി ഇരട്ട വിദ്യാര്‍ത്ഥികള്‍ അഭിമാനമായി

Published on 30 August, 2018
വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ മലയാളി ഇരട്ട വിദ്യാര്‍ത്ഥികള്‍ അഭിമാനമായി
ന്യൂജേഴ്‌സി: വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്ത ആദ്യ ഇരട്ട സഹോദരീസഹോദരങ്ങള്‍ എന്ന നിലയില്‍ മലയാളി വിദ്യാര്‍ത്ഥികളായ ഡെന്നിസ് ചെറിയാനും, ഡെയ്‌സി ചെറിയാനും, ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാന സ്തംഭങ്ങളായി. കോട്ടയം ജില്ലയിലെ വാഴൂര്‍ സ്വദേശിയായ മാത്യു ചെറിയാന്റെയും ഉഴവൂര്‍ സ്വദേശിനിയായ റെജി ചെറിയാന്റെയും ഇരട്ട മക്കളായ ഇവര്‍ മെയ് 30 മുതല്‍ ആഗസ്റ്റ് 10 വരെ നീണ്ടു നിന്ന 'സമ്മര്‍ 2018 വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമി'ലാണ് മികവിന്റെ പ്രതീകങ്ങളായി പങ്കെടുത്തത്. 

ഇത് അസുലഭ ഭാഗ്യമാണെന്നും രാജ്യ സേവനത്തിനുള്ള ഊര്‍ജം ലഭിച്ച സുപ്രധാന അവസരമാണെന്നും ഡെന്നിസും ഡെയ്‌സിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കേരളത്തെ ഉഴുതുമറിച്ച പ്രളയക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള അടിയന്തിര ധനസമാഹരണ യജ്ഞത്തിലാണിപ്പോള്‍ രണ്ടു പേരും. 

ന്യൂജേഴ്‌സി ഈസ്റ്റ് ബേണ്‍സ്‌വിക്കിലാണ് മാതാപിതാക്കള്‍ക്കൊപ്പം ഡെന്നിസും ഡെയ്‌സിയും താമസിക്കുന്നത്. ഇന്റേണ്‍ഷിപ്പ് വിവരം അറിഞ്ഞതോടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ നല്‍കിയ ഇരുവരെയും തെരഞ്ഞെടുത്തത്. അവരുടെ ബഹുമുഖ പ്രതിഭയുടേയും സേവനോന്മുഖതയുടെയും അടയാളമാണ്. പെന്‍സില്‍വേനയയിലെ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ ഫിനാന്‍സ് രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിയാണ് ഡെന്നിസ്. ബോസ്റ്റണ്‍ കോളേജില്‍ രണ്ടാം വര്‍ഷ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിനിയാണ് ഡെയ്‌സി. ഇരുവരും പഠനത്തോടൊപ്പം സാമൂഹിക സേവന രംഗത്തും മറ്റും ഊര്‍ജ്വസ്വലരായി പ്രവര്‍ത്തിച്ചു വരുന്നു.

ന്യൂജേഴ്‌സി ടീനേജ്ഡ് റിപ്പബ്ലിക്കന്‍സിന്റെ സ്റ്റേറ്റ് ചെയര്‍മാനായിരുന്നു ഡെന്നിസ്. ഹൈസ്‌ക്കൂള്‍ തലത്തിലും ഡെന്നിസ് ഈ റോളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്. ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റര്‍ സാം തോംസണ്‍ന്റെ ഓഫീസില്‍ 2016 സമ്മറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട്. ഭാവിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ഡെന്നിസിന് താത്പര്യം.

ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്‌കൂള്‍ ന്യൂസ്‌പേപ്പറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഡെയ്‌സി. പബ്ലിക് അക്കൗണ്ടിങ് രംഗമാണ് ഡെയ്‌സി തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഡെയ്‌സിയും ഡെന്നിസൂം ഹൈസ്‌ക്കൂള്‍ കാലത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള സംഘടനയായ 'ബെസ്റ്റ് ബഡീസി'ന്റെ മുന്‍നിര പ്രവര്‍ത്തകരായിരുന്നു. ഹൈസ്‌ക്കൂളിലെ പൊളിറ്റിക്കല്‍ ക്ലബിന്റെ സ്ഥാപകരുമാണ് ഇവര്‍. ന്യൂജേഴ്‌സി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ 2017ലെ സമ്മര്‍ ഇന്റേണ്‍ഷിപ്പിലും ഈ ഇരട്ടക്കുട്ടികള്‍ പങ്കെടുത്തിട്ടുണ്ട്. 

ഡെന്നീസിനെയും ഡെയ്‌സിയെയും അഭിനന്ദിക്കുന്നതിനായി ഈസ്റ്റ് ബേണ്‍സ്‌വിക് ടൗണ്‍ഷിപ്പ് കൗണ്‍സില്‍ ഔദ്യോഗിക പ്രൊക്ലമേഷന്‍ പാസ്സാക്കി. ഈസ്റ്റ് ബേണ്‍സ്‌വിക് സിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ കൗണ്‍സില്‍ വുമണ്‍ കാമില്ലെ ക്ലാര്‍ക്ക് ഡെന്നിസിനും കൗണ്‍സില്‍ മാന്‍ സ്റ്റെര്‍ലെ സ്റ്റാന്‍ലി ഡെയ്‌സിക്കും പ്രൊക്ലമേഷന്‍ സമ്മാനിച്ചു. 

വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എന്നത് ഒരു പൊതുസേവന നേതൃത്വ പരിശിലന സംരംഭമാണ്. പുതുതലമുറയ്ക്ക് നേതൃപരമായ കഴിവുകള്‍ ലഭ്യമാക്കുകയും പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് നേടുന്നതിനുമുള്ള ശ്രദ്ധേയമായ പരിപാടിയാണിത്. ഇന്നത്തെ യുവത്വത്തെ നാളത്തെ രാഷ്ട്ര നേതാക്കളാക്കി വാര്‍ത്തെടുക്കാനുള്ള പരിപാടി എന്ന നിലയില്‍ ഇത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നേതൃപരമായ കഴിവുകള്‍ രാജ്യസേവനത്തിന് ഉപയുക്തമാക്കുവാന്‍ പ്രസിഡന്റും പ്രഥമ വനിതയും വൈറ്റ് ഹൗസ് സ്റ്റാഫുകളുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ  സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നു. 

വിദ്യാര്‍ത്ഥികളുടെ സമയവും കഴിവുകളും ഊര്‍ജവും സേവനവും വൈറ്റ് ഹൗസിനെയും രാഷ്ട്രത്തെ തന്നെയും ശാക്തീകരിക്കുവാന്‍ വേണ്ടി ഉപയോഗിക്കുക എന്നതാണ് ഈ ഇന്റേണ്‍ഷിപ്പിന്റെ സുപ്രധാനമായ ലക്ഷ്യം. ഇന്റേണ്‍ഷിപ്പ് കാലത്ത് ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ചില ജോലികള്‍ നല്‍കപ്പെടും. ഗവേഷണം, അന്വേഷണത്തിന് മറുപടി പറയല്‍, മീറ്റിംഗുകളില്‍ പങ്കെടുക്കുക, മെമ്മോസ് തയ്യാറാക്കുക, മീറ്റിംഗുകള്‍ ഡിസൈന്‍ ചെയ്യുക തുടങ്ങിയവയാണവ. 18 വയസ്സുമുതല്‍ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാം. ഇവര്‍ അമേരിക്കന്‍ സിറ്റിസണ്‍ ആയിരിക്കുകയും വേണം. അണ്ടര്‍ ഗ്രാജുവേഷന്‍ മുതല്‍ ഉള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.

വൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ മലയാളി ഇരട്ട വിദ്യാര്‍ത്ഥികള്‍ അഭിമാനമായിവൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ മലയാളി ഇരട്ട വിദ്യാര്‍ത്ഥികള്‍ അഭിമാനമായിവൈറ്റ് ഹൗസ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ മലയാളി ഇരട്ട വിദ്യാര്‍ത്ഥികള്‍ അഭിമാനമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക