Image

മെക്സിക്കന്‍ അതിര്‍ത്തിയില്‍ പൗരത്വം നിഷേധിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പുനഃപരിശോധന (ഏബ്രഹാം തോമസ്)

Published on 31 August, 2018
മെക്സിക്കന്‍ അതിര്‍ത്തിയില്‍  പൗരത്വം നിഷേധിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പുനഃപരിശോധന (ഏബ്രഹാം തോമസ്)
സാധാരണ ജനന സര്‍ട്ടിഫിക്കറ്റുകള്‍ പ്രശ്‌നമാവുക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി അമേരിക്കയില്‍ ജനിച്ചതാണോ എന്ന ചോദ്യം ഉയരുമ്പോഴാണ്. സമീപ കാലത്ത് പ്രസിഡന്റ് ബറാക്ക് ഒബാമയുടെയും സെനറ്റര്‍ ടെഡ് ക്രൂസിന്റെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമായിരുന്നു.

ഇപ്പോള്‍ റിയോ ഗ്രാന്‍ഡ് വാലി , ടെക്‌സസില്‍ 1950 കള്‍ മുതല്‍ 1990 കള്‍ വരെ ജനിച്ചതായി ഉള്ള സര്‍ട്ടിഫിക്കറ്റുകളാണ് പുനഃപരിശോധന നടത്തി പലരെയും നാട് കടത്തുകയും പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യുകയും പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരിക്കുകയും ചെയ്യുന്നത്.

ഹുവാന്റെ കാര്യമെടുക്കുക. ഹുവാന്റെ ജനന സര്‍ട്ടിഫിക്കേറ്റ് അനുസരിച്ച് ബ്രൗണ്‍സ് വില്ലില്‍ ഒരു മിഡ് വൈഫിന്റെ സഹായത്തോടെയാണ് അയാളുടെ അമ്മ അയാളെ പ്രസവിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലെ ഒരു (ടെക്‌സസ്) നഗരമാണ് ബ്രൗണ്‍സ് വില്‍. അയാള്‍ അമേരിക്കന്‍ സേനയില്‍ മൂന്നു വര്‍ഷവും പിന്നീട് ഒരു ബോര്‍ഡര്‍ പെട്രോള്‍ കേഡറ്റായും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ സ്റ്റേറ്റ് പ്രിസണ്‍ ഗാര്‍ഡായി ജോലി നോക്കുന്നു.

40 കാരനായ ഹുവാന്‍ തന്റെ അമേരിക്കന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കി. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മറുപടിയില്‍ അയാള്‍ അമേരിക്കന്‍ പൗരനാണെന്ന് വിശ്വസിക്കുന്നില്ല എന്നു പറഞ്ഞു. പാസ്‌പോര്‍ട്ട് പുതുക്കാന്‍ കുറെ രേഖകള്‍ കൂടി സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. അയാളുടെ അമ്മ പ്രസവത്തിന് മുന്‍പ് സ്വീകരിച്ച സേവനങ്ങള്‍, മാമോദീസ സര്‍ട്ടിഫിക്കറ്റ്, കുഞ്ഞായിരിക്കുമ്പോള്‍ മുതലുള്ള വീട്ടു വാടക രസീതുകള്‍ എന്നിവയാണ് ആവശ്യപ്പെട്ടത്.

ഹുവാന്‍ ചില രേഖകള്‍ സമര്‍പ്പിച്ച് വീണ്ടും അപേക്ഷിച്ചു. വീണ്ടും അപേക്ഷ നിരസിക്കപ്പെട്ടു. ഇനി നിയമ നടപടികള്‍ സ്വീകരിക്കാനാണ് അയാള്‍ ഉദ്ദേശിക്കുന്നത്. ഒരു മണിക്കൂറിനു 13 ഡോളര്‍ മാത്രം വേതനം ലഭിക്കുന്ന അയാള്‍ക്ക് താങ്ങാനാവുന്നതല്ല നിയമ നടപടികള്‍ക്കുള്ള ചെലവുകള്‍.

പ്രശ്‌നം പുതിയതായി രൂപം കൊണ്ടതല്ല. 1950 മുതല്‍ 1990 അവസാനം വരെ ടെക്‌സ് - മെക്‌സിക്കോ അതിര്‍ത്തിയില്‍ ചില ഡോക്ടര്‍മാരും മിഡ് വൈഫുമാരും യഥാര്‍ത്ഥത്തില്‍ മെക്‌സിക്കോയില്‍ ജനിച്ച കുട്ടികള്‍ അമേരിക്കന്‍ അതിര്‍ത്തിക്കുള്ളിലാണ് ജനിച്ചതെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി ഗവണ്‍മെന്റ് ആരോപിക്കുന്നു. 1990 കളില്‍ അനവധി കേസുകളില്‍ പ്രസവ സമയത്ത് ഹാജരുണ്ടായിരുന്ന അറ്റന്‍ഡുമാര്‍ തങ്ങള്‍ നല്‍കിയത് വ്യാജ സര്‍ട്ടിഫിക്കേറ്റുകളാണെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.

ഈ കുറ്റസമ്മതങ്ങള്‍ ഗവണ്‍മെന്റിന്റെ സംശയം വര്‍ധിപ്പിച്ചു. ഒബാമ ഭരണകാലത്ത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌സ് റിയോഗ്രാന്‍ഡ് വാലിയില്‍ മിഡ് വൈഫുമാര്‍ ജനന സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കിയവര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ നല്‍കിയില്ല. ഈ പ്രദേശത്ത് പരമ്പരാഗതമായി മിഡ് വൈഫുമാരാണ് പ്രസവത്തിന് സഹായിക്കുന്നത്. പ്രധാന കാരണം ആശുപത്രി ചെലവുകള്‍ പലര്‍ക്കും താങ്ങാനാവുന്നതല്ല എന്നതാണ്.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി എന്നാരോപിക്കപ്പെടുന്ന മിഡ് വൈഫുമാര്‍ ആയിരക്കണക്കിന് നിയമപരമായി അമേരിക്കയില്‍ ജനിച്ച കുട്ടികളുടെയും പിറവിക്ക് സഹായിച്ചു. വ്യാജനേത്, യഥാര്‍ത്ഥത്തില്‍ ഉള്ളതേത് എന്ന് സര്‍ട്ടിഫിക്കേറ്റുകള്‍ തിരിച്ചറിയാനാവില്ല. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ദശകങ്ങള്‍ക്ക് മുന്‍ ടെക്‌സസ് സംസ്ഥാന അധികാരികള്‍ നല്‍കിയതാണ്.

2009 ല്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ അപ്പീലില്‍ ഗവണ്‍മെന്റ് ഒത്തു തീര്‍പ്പിന് തയാറായതാണ്. ശേഷിച്ച ഒബാമ ഭരണ കാലത്ത് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നിരസിക്കുന്നത് കുറഞ്ഞു. പാസ്‌പോര്‍ട്ട് നിഷേധിച്ചവരുടെ പരാതി വൈകാതെ ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് പാസ്‌പോര്‍ട്ട് നിഷേധവും പാസ്‌പോര്‍ട്ട് മരവിപ്പിക്കലും വര്‍ധിച്ചതായാണു കണക്ക്. അമേരിക്കയില്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ കഴിയുകയും ജോലി ചെയ്യുകയും വോട്ട് ചെയ്യുകയും ചെയ്തവര്‍ക്കാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റിന്റെ ആരോപണത്തില്‍ പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെടുകയും പുതുക്കി നല്‍കാതിരിക്കുകയും ചെയ്യുന്നത്.

സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു : വ്യാജ നടപടികള്‍ നടത്തി എന്നു സംശയിക്കുന്ന മിഡ് വൈഫുമാരോ മറ്റുള്ളവരോ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ യുഎസിന്റെയും വിദേശ രാജ്യത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരോ അമേരിക്കയില്‍ ജനിച്ചവരാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജനിച്ചവരാണ് എന്ന് രേഖകള്‍ ഹാജരാക്കുവാന്‍ കഴിയാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നതല്ല.

35 കാരനായ, അമേരിക്കന്‍ പാസ്‌പോര്‍ട്ടുള്ള ഒരു ടെക്‌സസുകാരന്‍ തന്റെ മകനോടൊത്ത് മെക്‌സിക്കോയില്‍ നിന്ന് ടെക്‌സസിലേക്ക് മടങ്ങുകയായിരുന്നു. മെക്‌സിക്കോയിലെ റെയ്‌നോസയെ ടെക്‌സസിലെ മക്കെല്ലനുമായി ബന്ധിപ്പിക്കുന്ന മക്കെല്ലന്‍- ഹിഡാല്‍ഗോ- റെയ്‌നോസ ഇന്റര്‍ നാഷണല്‍ ബ്രിഡ്ജ് കടക്കുകയായിരുന്നു. അയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചു വാങ്ങിയിട്ട് അയാള്‍ മെക്‌സിക്കോയിലാണ് ജനിച്ചതെന്നു സമ്മതിക്കാന്‍ പറഞ്ഞു. വിസമ്മതിപ്പിച്ചപ്പോള്‍ അയാളെ ലോസ് ഫ്രെസ്‌നോസ് ഡിറ്റന്‍ഷന്‍ സെന്ററിലേയ്ക്കയച്ചു. അയാളെ തിരിച്ചയയ്ക്കുവാന്‍ വിചാരണ അടുത്ത വര്‍ഷം നടക്കും.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കാരണം അതിര്‍ത്തി പ്രദേശത്തുള്ള എത്ര പേര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ നിഷേധിച്ചു എന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നില്ല. സംശയിക്കപ്പെടുന്ന മിഡ് വൈഫുമാരുടെ വിവരവും ഗവണ്‍മെന്റ് നല്‍കിയിട്ടില്ല.

അറ്റേണിമാര്‍ പറയുന്നത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റാണ് എന്ന സംശയത്തില്‍ ഗവണ്‍മെന്റ് കുടിയേറ്റം തടഞ്ഞ് വയ്ക്കല്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ്. ബ്രൗണ്‍സ് വില്ലിലെ ഒരു അഭിഭാഷകനായ ജെയ്മി ഡയസ് ഇത്തരം ധാരാളം കേസുകള്‍ താന്‍ വാദിക്കുന്നുണ്ട് എന്നും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക