Image

വെക്ട്ര ഗ്രൂപ്പ് ചെയര്‍മാന്‍ രവി ഋഷിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്

Published on 02 April, 2012
വെക്ട്ര ഗ്രൂപ്പ് ചെയര്‍മാന്‍ രവി ഋഷിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്
ന്യൂഡല്‍ഹി: വിവാദമായ ടട്ര ട്രക്ക് ഇടപാടില്‍ ഉള്‍പ്പെട്ട വെക്ട്ര ഗ്രൂപ്പ് ചെയര്‍മാന്‍ രവി ഋഷിക്കെതിരേ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. രാജ്യം വിട്ടു പോകുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു.

ബിഇഎംഎല്‍ വഴിയായി കരസേനയ്ക്കു ട്രക്കുകള്‍ കെമാറിയ ഇടപാടില്‍ അഴിമതി നടന്നെന്ന ആരോപണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി രവി ഋഷിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. നിലവാരം കുറഞ്ഞ ടട്ര ട്രക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ ഇടനിലക്കാരന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു ടട്ര ട്രക്ക് ഇടപാട് ചര്‍ച്ചയാകുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ പ്രവാസി കൂടിയായ രവി ഋഷിയെ സിബിഐ ഇതിനോടകം രണ്ടു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അതേസമയം, കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കണമെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അഭിപ്രായപ്പെട്ടു. അഴിമതിയെക്കുറിച്ചു വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നതില്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കും കരസേനാ മേധാവിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. കരസേനാ മേധാവിയെ പുറത്താക്കിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. ഈ സാഹചര്യത്തില്‍ ജനറല്‍ സിംഗ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയാണു വേണ്ടത്. പ്രധാനമന്ത്രിക്ക് അയച്ച കത്തു ചോര്‍ത്തിയതു ജനറല്‍ സിംഗ് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ ആരെങ്കിലും ആയിരിക്കുമെന്നും മിശ്ര ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക