Image

ടെക്‌സസില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ടെലിവിഷന്‍ പ്രചാരണം ആരംഭിച്ചു (എബ്രഹാം തോമസ്)

Published on 01 September, 2018
ടെക്‌സസില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ടെലിവിഷന്‍ പ്രചാരണം ആരംഭിച്ചു (എബ്രഹാം തോമസ്)
വീണ്ടും ജനവിധി തേടുന്ന ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ടെലിവിഷന്‍ പ്രചാരണം ആരംഭിച്ചു. ഡാലസ് കൗബോയ്‌സും ഹൂസ്റ്റണ്‍ ടെക്‌സസും തമ്മിലുള്ള (അമേരിക്കന്‍) ഫുട്ബാള്‍ പ്രീ സീസണ്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പേ നെറ്റ് വര്‍ക്കുകളില്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യമാണ് ആബട്ടിനുവേണ്ടി ടെക്‌സന്‍സ് ഫോര്‍ ആബട്ട് എന്ന സംഘടന ആരംഭിച്ചത്. ടെക്‌സസ് മുഴുവന്‍ അടുത്ത രണ്ടു മാസം 30 സെക്കന്‍ഡ് പരസ്യങ്ങള്‍ തുടരുമെന്ന് സംഘടന അറിയിച്ചു. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ തന്റെ അത്രയും ധനസമാഹരണം നടത്താത്ത രണ്ട് എതിരാളികള്‍ക്കെതിരെ ആബട്ട് മത്സരിക്കുമ്പോള്‍ ചില ടിവി പരസ്യങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇതു പോലെ സംസ്ഥാന വ്യാപകമായിരുന്നില്ല.

നവംബര്‍ 6 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിരാളി മുന്‍ ഡാലസ് കൗണ്ടി ഷെരീഫ് ലൂപെ വാല്‍ഡെസിനെക്കാള്‍ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതനാണ്. ധനസമാഹരണത്തിലും ഏറെ മുന്നിലാണ്. ആബട്ടിന്റെ പരസ്യത്തില്‍ എതിരാളിയുടെ പേര് പറയുന്നില്ല. പരസ്യത്തില്‍ ഉടനീളം ആബട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ ഉള്ളത്. വാഗ്ദാനങ്ങള്‍ നടത്തി, വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന വാചകത്തോടെ പരസ്യം ആരംഭിക്കുന്നു.

നാലു വര്‍ഷം മുന്‍പ് ഞാന്‍ ചില വലിയ വാഗ്ദാനങ്ങള്‍ നടത്തി. ഓരോ ദിവസവും ഇവ നിറവേറ്റുവാന്‍ ഞാന്‍ പ്രയത്‌നിക്കുന്നു. ടെക്‌സസില്‍ തൊഴില്‍ അവസരങ്ങളില്‍ വലിയ മെച്ചമുണ്ടായി. തൊഴിലില്ലായ്മ നിരക്ക് റിക്കോര്‍ഡ് താഴ്ചയിലാണ്. ഹൈസ്‌കൂളുകളിലെ വിജയ ശതമാനം മുമ്പെങ്ങും ഇല്ലാത്തത്ര ഉയരത്തിലാണ്. കുടുംബങ്ങള്‍ കൂടുതല്‍ സുരക്ഷിതമാണ്. ആപല്‍ക്കാരികളായ ആയിരക്കണക്കിന് അക്രമ സംഘംഗങ്ങളെ ഇരുമ്പഴിക്കുള്ളില്‍ ആക്കി. നാം ഒരുപാട് കാര്യങ്ങള്‍ നേടി. ജോലി ആരംഭിച്ചിട്ടേ ഉള്ളൂ, പരസ്യം തുടരുന്നു.

ഹൈസ്‌കൂളിലെ വിജയ ശതമാനം 1996 ല്‍ 74.5% ആയിരുന്നു. ആബട്ട് ഗവര്‍ണറായി അധികാരമേറ്റ 2015 ല്‍ 89% ആയി. 2016 ല്‍ 89.1% ആയിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം ആയിരുന്നു ഇത്. അക്രമികളെ അറസ്റ്റു ചെയ്ത വാര്‍ത്തകള്‍ ആബട്ട് ഉദ്ധരിക്കുന്നവ മൊത്തത്തില്‍ നൂറു കണക്കിന് മാത്രമേ വരുന്നുള്ളൂ. ആയിരങ്ങള്‍ എന്നത് പെരുപ്പിച്ച വാദമാണ്. 2015 ജനുവരി മുതല്‍ 2018 ജൂലൈ വരെ അറസ്റ്റ് ചെയ്തത് 4,907 പേരെ ആയിരുന്നു എന്ന് ടെക്‌സസ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പബ്ലിക് സേഫ്ടി ഹൂസ്റ്റണിലെ ടെക്‌സസ് ആന്‍ഡ് ഗ്യാംങ് സെന്ററിന്റെ കണക്കുകള്‍ ഉദ്ധരിച്ച് പറഞ്ഞു.

ജൂണ്‍ 30 വരെ ആബട്ടിന്റെ പ്രചരണ ഫണ്ടിലെ ബാക്കിയിരിപ്പ് 29 മില്യന്‍ ഡോളറാണ്. കഴിഞ്ഞ നാലില്‍ അധികം മാസങ്ങളില്‍ പ്രചരണത്തിന് ചെലവഴിച്ച 22 മില്യന്‍ ഡോളറിനുശേഷമുള്ള തുകയാണിത്. വല്‍ഡെസ് സമര്‍പ്പിച്ച കണക്കനുസരിച്ച് ജൂണ്‍ 30 ന് അവരുടെ നീക്കിയിരിപ്പ് 2,20,000 ഡോളറാണ്. വാല്‍ഡെസ് ഡാലസ് കൗണ്ടി ഷെരീഫ് ആയിരുന്നപ്പോള്‍ അവര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജയിച്ച് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയതിനുശേഷം വാല്‍ഡെസ് അവരുടെ ആറ് വീടുകള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നല്‍കേണ്ടിയിരുന്ന നികുതി നല്‍കിയില്ല എന്ന് ആരോപണം ഉണ്ടായി.

ഷെരീഫായപ്പോള്‍ അവര്‍ക്ക് നല്‍കിയ ഔദ്യോഗിക തോക്ക് അവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ മുതല്‍ കാണാനില്ല എന്നും റിപ്പോര്‍ട്ടുണ്ടായി. തോക്ക് കണ്ടെത്തിയെന്നും കണ്ടെത്താന്‍ വൈകിയത് തന്റെ പിഴവാണെന്നും പിന്നീട് വാല്‍ഡെസ് സമ്മതിച്ചു. ഹിസ്പാനിക് വംശജയായ ഇവര്‍ക്ക് ഹിസ്പാനിക്കുകളുടെ വോട്ടിന്റെ ഒരു വലിയ ശതമാനം ലഭിച്ചേക്കും. ഡാലസ് കൗണ്ടി ഷെരീഫായിരിക്കുമ്പോള്‍ കൗണ്ടിയിലെ കറുത്ത വംശജര്‍ക്ക് വാല്‍ഡെസിനോട് വലിയ മമത ഉണ്ടായിരുന്നില്ല. ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഈ ജനവിഭാഗത്തിന്റെ എത്രശതമാനം വോട്ട് ഇവര്‍ക്ക് ലഭിക്കും എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക