Image

കോട്ടയത്ത് ഗതാഗത പരിഷ്കാരം:ചന്തക്കവല മുതല്‍ കോടിമത വരെ എം.ജി റോഡ് വണ്‍വേയാക്കി

Published on 02 April, 2012
കോട്ടയത്ത് ഗതാഗത പരിഷ്കാരം:ചന്തക്കവല മുതല്‍ കോടിമത വരെ എം.ജി റോഡ് വണ്‍വേയാക്കി
കോട്ടയം: നഗരത്തില്‍ ഗതാഗതപരിഷ്കാരം ഏര്‍പ്പെടുത്തിയതില്‍ മൊത്തവ്യാപാരികള്‍ക്ക് അതൃപ്തി. ചന്തക്കവല മുതല്‍ കോടിമത വരെ എം.ജി റോഡ് വണ്‍വേയാക്കിയത് മൊത്തവ്യാപാരികള്‍ക്ക് ദോഷകരമാകുമെന്ന് ആക്ഷേപമുണ്ട്. നഗരത്തിലെ പഴയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ച പച്ചക്കറി മാര്‍ക്കറ്റ് കോടിമതയിലേക്ക് മാറ്റുകയെന്നത് ലക്ഷ്യവെച്ചാണ് പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയത്. ദീര്‍ഘവീക്ഷണമില്ലാതെ തട്ടിക്കൂട്ടിയ ഗതാഗത പരിഷ്കാരം  അപാകത  നിറഞ്ഞതാണെന്ന് വ്യാപാരികള്‍ പറയുന്നു.
പുതിയ പച്ചക്കറി മാര്‍ക്കറ്റിലേക്ക് മാറിയ ചില വ്യാപാരികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നാണ് മൊത്തവ്യാപാരികളുടെ പരാതി. പുതിയ വണ്‍വേ റോഡില്‍ ചന്തക്കവല മുതല്‍ മാര്‍ക്കറ്റ് തീരുന്നതുവരെ ഭാഗം പൂര്‍ണമായും വളവും തിരിവും ഉള്‍പ്പെടുന്ന ഇറക്കമുള്ള റോഡാണ്. എം.എല്‍ റോഡില്‍ പതിറ്റാണ്ടുകളായി കച്ചവടം നടത്തുന്ന മൊത്തവ്യാപാരികള്‍ക്കാണ് വണ്‍വേ സംവിധാനം വിനയാവുന്നത്. വളവും തിരിവുമുള്ള ഇറക്കത്തിലിട്ട് സാധനങ്ങള്‍ കയറ്റിയിറക്കാന്‍ കഴിയില്ലെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കയറ്റത്തിലേക്ക് തിരിച്ചിട്ട് മാത്രമേ ലോഡ് ചെയ്യാന്‍ കഴിയൂ.
ഇതുകൂടാതെ ചന്തദിവസത്തെ തിരക്കും ഏറെയാണ്. ഇതിനിടെ, വണ്‍വേ സംവിധാനത്തിലൂടെ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്വകാര്യബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഗതാഗതതടസ്സവും സൃഷ്ടിക്കും. മറ്റ് സംവിധാനം ഏര്‍പ്പെടുത്തി മാര്‍ക്കറ്റ് റോഡിലെ ഗതാഗത തടസ്സത്തിന് പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. പരിഷ്കാരത്തിന് തുടക്കമിട്ട ഞായറാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് ഗതാഗതം സുഗമമാക്കിയത്.  പരിഷ്കാരം ഇങ്ങനെ: ഏറ്റുമാനൂരില്‍നിന്ന് വരുന്ന സ്വകാര്യബസുകള്‍ നാഗമ്പടം റെയില്‍വേ സ്റ്റേഷന്‍, ഗുഡ് ഷെപ്പേഡ് റോഡ്, ചന്തക്കവല, എം.എല്‍ റോഡ്, എം.ജി റോഡ് വഴി കോടിമത സ്റ്റാന്‍ഡില്‍ ട്രിപ് അവസാനിപ്പിക്കണം.
ഏറ്റുമാനൂരില്‍നിന്ന് വരുന്ന ടൗണ്‍ സര്‍വീസുകള്‍ക്കും എറണാകുളത്തുനിന്ന് വരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്കും പരിഷ്കരണം ബാധകമല്ല. നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍നിന്ന് എം.സി റോഡ് വഴി ചങ്ങനാശേരിക്ക് പോകേണ്ട പ്രൈവറ്റ് സ്റ്റേജ് കാര്യേജുകള്‍ റെയില്‍വേ സ്റ്റേഷന്‍, സെന്‍റ് ജോസഫ് ജങ്ഷന്‍, ഗുഡ് ഷെപ്പേഡ് റോഡ്, ചന്തക്കവല, എം.എല്‍ റോഡ്, എം.ജി റോഡ്, കോടിമത വഴി പോകണം.
റെയില്‍വേ ഗുഡ്ഷെഡില്‍നിന്ന് തെക്കുഭാഗത്തേക്ക് പോകേണ്ട ഭാരവണ്ടികള്‍ നാഗമ്പടം ഗ്രീന്‍പാര്‍ക്ക് ജങ്ഷന്‍, ടി.എം.എസ് ജങ്ഷന്‍, സെന്‍റ് ജോസഫ് ജങ്ഷന്‍, പൊലീസ് ഗ്രൗണ്ട്, ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍, കഞ്ഞിക്കുഴി, കൊല്ലാട്, ഗോമതിക്കവല വഴി ചങ്ങനാശേരിയിലേക്ക് പോകണം. റെയില്‍വേ ഗുഡ്ഷെഡില്‍നിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട ഭാരവണ്ടികള്‍ സിയേഴ്സ് ജങ്ഷന്‍, ബേക്കര്‍ ജങ്ഷന്‍, ചാലുകുന്ന് വഴി പോകണം.
രാവിലെ 8.30 മുതല്‍ 11 വരെയും വൈകുന്നേരം 3.30 മുതല്‍ ആറു വരെയും ഭാരവണ്ടികള്‍ക്ക് ടൗണില്‍ പ്രവേശം നിരോധിച്ചിട്ടുണ്ട്.  പാല്‍, വെള്ളം, പെട്രോള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.ശാസ്ത്രി റോഡില്‍ ടി.എം.എസ് ജങ്ഷന് പടിഞ്ഞാറുവശം ബസ് സ്റ്റോപ്പും ബസ് ഷെല്‍ട്ടറും നിര്‍മിക്കും. എം.എല്‍ റോഡില്‍ പഴയ പച്ചക്കറി മാര്‍ക്കറ്റിന് കിഴക്കുവശവും പുതിയ പച്ചക്കറി മാര്‍ക്കറ്റിന് സമീപം എം.ജി റോഡിലും പുതിയ ബസ് സ്റ്റോപ്പുകള്‍ അനുവദിക്കും.'
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക