ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാസഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ബഗുസരായ് ലോക്സഭാ മണ്ഡലത്തില്‍ നിന്നായിരിക്കും കനയ്യ ജനവിധി തേടുക. ബിഹാറില്‍ മഹാസഖ്യത്തെ നയിക്കുന്ന ആര്‍ജെഡി നേതൃത്വം കനയ്യയ്ക്ക് സീറ്റ് വിട്ടുനല്‍കാന്‍ തയാറാണെന്നാണു വിവരം.
ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം(എസ്), ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെട്ടതാണു ബിഹാറിലെ മഹാസഖ്യം. സിപിഐ ചിഹ്നത്തില്‍ കനയ്യ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പിന്തുണയ്ക്കുമെന്നു ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 2019ല്‍ മല്‍സരിക്കുന്നതിന് കനയ്യ സമ്മതം അറിയിച്ചതായി സിപിഐ ബിഹാര്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞു.