Image

ശ്രീകൃഷ്ണന്‍ എന്ന കണക്കുമാഷ്! (മനോജ് മനയില്‍)

Published on 02 September, 2018
ശ്രീകൃഷ്ണന്‍ എന്ന കണക്കുമാഷ്! (മനോജ് മനയില്‍)
ശ്രീകൃഷ്ണനെ ഒരു കണക്കു മാഷായിട്ടങ്ങ് സങ്കല്‍പ്പിച്ചു നോക്ക്വാ. കണക്കായിപ്പോയി എന്നായിരിക്കും നാക്കില്‍ വന്നത്. അല്ലെങ്കിത്തന്നെ ശ്രീകൃഷ്ണന് ആള്‍റെഡീ നൂറായിരം വിശേഷണങ്ങളുണ്ട്. ഇനിയിപ്പോ കണക്കു മാഷും കൂടിയായാല്‍ ഭേഷായി. അത്രയ്ക്കൊക്കെ വിശേഷണംണ്ടോ കൃഷ്ണന്? എന്തൊക്ക്യാണ് ശ്രീകൃഷ്ണനു ഇപ്പോഴുള്ള വിശേഷണം? അതറിഞ്ഞിട്ടു മതി ശ്രീകൃഷ്ണനെ കണക്കു മാഷാക്കാനും സയന്‍സ് മാഷാക്കാനുമൊക്കെ ശ്രമിക്കുന്നത്. 

ശരി. ആയ്ക്കോട്ടെ. സംസ്‌കൃതത്തില്‍ വളരെ പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്. സംസ്‌കൃതത്തില്‍ എന്നുപറയുമ്പോള്‍ സൂക്ഷം, ഭാഗവതത്തില്‍. ആ ശ്ലോകം ഇങ്ങനെയാണ്:

'മല്ലാണാമശനിര്‍, നൃണാം നരവരഃ,
സ്ത്രീണാം സ്മരോ മൂര്‍ത്തിമാന്‍
ഗോപാനാം സ്വജനോ/സതാം ക്ഷിതിഭുജാം
ശാസ്താ, സ്വപിത്രോഃ ശിശുഃ
മൃത്യുര്‍ഭോജപതേര്‍, വിരാഡവിദുഷാം,
തത്വം പരം യോഗിനാം
വൃഷ്ണീനാം കുലദേവതേതി വിദിതോ
രംഗം ഗതഃ സാ'

എന്നാണ് പറയുന്നത്. ദോണ്ടെ, കടിച്ചാപ്പൊട്ടാത്ത സംസ്‌കൃതവുമായി വന്നു ആളെ പറ്റിക്ക്യാന്നങ്ങ് നിരീച്ചു ല്ലേ? 

വേണ്ട, അങ്ങനങ്ങട്ട് നിരീക്കണ്ട. അതിനും പരിഹാരംണ്ട്. ഏ.ആര്‍. രാജരാജവര്‍മ തന്റെ ഭാഷാഭൂഷണത്തിനുവേണ്ടി ഇതങ്ങ് മലയാളീകരിച്ചിട്ടുണ്ടേ. അതങ്ങട് വായിക്കുമ്പോ, സംഗതി ഭേഷായിട്ട് പിടികിട്ടും. 

അതിതാണ്:
'മല്ലന്മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍, മീനാങ്കണേണാക്ഷിമാര്‍-
ക്കില്ലത്തില്‍ സഖി, വല്ലവര്‍,ക്കരി ഖലര്‍,
ക്കന്നന്ദനോ നന്ദനന്‍;
കാലന്‍ കംസനു, ദേഹികള്‍ക്കിഹ വിരാള്‍,
ജ്ഞാനിക്കു തത്ത്വംപരം
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ'

അമ്പമ്പോ കേട്ടതൊന്നുമല്ല അല്ലേ? മ്മള് ആകെക്കേട്ടതെന്തൊക്ക്യാ. കള്ളക്കൃഷ്ണന്‍, തുണി മോഷ്ടിക്കുന്നവന്‍, പെണ്ണുങ്ങളെക്കറക്കുന്നവന്‍ എന്നിങ്ങനെ എല്ലാം നെഗറ്റീവാ. മോളിലെ ശ്ലോകം ഒന്നുവായിക്കുമ്പോ കൃഷ്ണ! കൃഷ്ണ! ങ്ങള് ആളൊരു സംഭവം തന്ന്യാന്നു തോന്നും. പ്പോ, ആളുടെ പര്യായൊക്കെ ശരിക്കും മനസ്സിലായീലോ. 

ഇനി മ്മക്ക് കൃഷ്ണനെ കണക്കുമാഷായിട്ടൊന്നു കണ്ടാലോ. ചാക്കോ മാഷിന്റെ ആ മൊരടന്‍ ഡയലോഗുണ്ടല്ലോ, വിത്തൗട്ട് മാത്തമാറ്റിക്സ്, ഭൂഗോളം ഒരു സീറോ ആണെന്നോ മറ്റോ. അതന്നെ. കണക്കാണ് മക്കളെ കണക്ക്. ഡംഭ് പറയ്വാണെന്നു വിചാരിക്കല്ലേ, പണ്ടൊരു മാസികേല് കണക്ക് ന്ന് പേരുള്ളൊരു കവിത മ്മള് കാച്ചീനിം. അതില് അവസാനം ഒരു പഞ്ച് വരീംണ്ട്: 

'എത്രമേല്‍ കൂട്ടിനോക്കി
എത്രമേല്‍ കിഴിച്ചാലും
മര്‍ത്യജീവിതം ശരി-
യാവാത്ത കണക്കത്രേ!'

കവികള്‍ക്കൊക്കെ എന്തുമാകാലോ, ല്ലേ എന്നായിരിക്കും ചിന്ത. ഛെ. പൊങ്ങച്ചം പറയുന്നോ? കാര്യത്തിലേക്കു വരാം. വൃഷ്ണികുലസംവര്‍ധകനായ ശ്രീകൃഷ്ണന്റെ ലീലകളൊക്കെ ഒരു തരം കണക്കായിരുന്നു. അതൊക്കെ വിവരിക്കാന്‍ പോയാല്‍ രസച്ചരടങ്ങട് പൊട്ടിപ്പോകും. അതുവേണ്ട. അതൊക്കെ മറ്റൊരവസരത്തില് പറയാം. 

ശ്രീകൃഷ്ണന്റെ കണക്കുവിദ്യ നടക്കുന്നത് മ്മടെ കേരളത്തില്‍ത്തന്ന്യാണ്. വേറെ എവിട്യേം അല്ല. അതു സാക്ഷാല്‍ മ്മടെ കുട്ടനാടൊക്കെ ഉള്‍പ്പെട്ട ഒരു രാജ്യം പണ്ട് കേരളത്തിലുണ്ടാര്‍ന്നു. ചെമ്പകശ്ശേരി എന്നാണതിന്റെ പേര്. അതായത് ഇന്നത്തെ അമ്പലപ്പുഴ രാജ്യം. കേരളത്തില്‍ വളരെ അപൂര്‍വമായി ബ്രാഹ്മണരാജാക്കന്മാര്‍ ഭരിച്ച ഒരു രാജ്യം. മറ്റൊന്നു ഇടപ്പള്ളിയാണ്. ദേവനാരായണന്‍ എന്ന മാറാപ്പേരിലായിരുന്നു ചെമ്പകശ്ശേരി രാജാക്കന്മാര്‍ അന്ന് ഭരിച്ചോണ്ടിരുന്നത്. മാറാപ്പേരെന്നാല്‍ മാറാത്ത പേര്. എന്നു വെച്ചാല്‍ ഭരിക്കുന്നതാരുമാകട്ടെ, പേരു ദേവനാരായണന്‍ എന്നുമാത്രം. പണ്ടുകാലത്ത് അങ്ങനെയൊക്കെ ഡിഫറന്റ് ആചാരങ്ങളുണ്ടായിരുന്നു. 

എന്താന്നറീല്യ, കേരളത്തില്‍ ചെമ്പകശ്ശേരി രാജ്യത്തിന്റെ കഥകളില്‍ മാത്രാണ് ചതുരംഗക്കളിയെക്കുറിച്ച് ഇത്രമാത്രം സ്റ്റോറീസ് കേള്‍ക്കുന്നത്. ന്നുവെച്ചാല്‍, ദേവനാരായണന്‍ എന്ന ദരിദ്രനമ്പൂതിരിക്കു ചെമ്പകശ്ശേരി രാജാവാകാന്‍ യോഗമുണ്ടായത് തന്നെ ചില ഏഭ്യന്‍ നമ്പൂരിമാരുടെ ചതുരംഗക്കമ്പത്തില്‍ നിന്നുണ്ടായ ഏനക്കേടാണത്രെ. അതൊക്കെ വല്യ വല്യ കഥകളാ. അപ്പൊ പറഞ്ഞുവന്നത്, ഈ ദേവനാരായണന്മാര്‍ വലിയ ചതുരംഗക്കളിക്കമ്പക്കാരായിരുന്നു
നമ്മുടെ കഥ നടക്കുന്ന കാലത്തും ചതുരംഗത്തില്‍ കമ്പമുള്ള ദേവനാരായണനായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ആള് കമ്പക്കാരന്‍ മാത്രമായിരുന്നില്ല, ശ്ശി അഹങ്കാരി കൂടിയായിരുന്നു. 

'ഏത്, നോം വല്യ കളിക്കാരനാണ്. നമ്മെ തോല്‍പ്പിക്കാന്‍ ആരുമില്ല' എന്നൊക്കെ അസ്‌കിതയുള്ള ഒരു രാജാവ്.
അങ്ങനെയിരിക്കെ ഒരീസം, ഒരു ബ്രാഹ്മണബാലന്‍, (അല്ലെങ്കിലും ഇത്തരം കഥകളില്‍ ഒരു ബ്രാഹ്മണബാലന്‍ തന്നെയായിരിക്കും വരിക) രാജാവിനെക്കണ്ട് ഒറ്റപ്പറച്ചില്‍:
'മഹാരാജന്‍! അങ്ങുന്നുമായി ചതുരംഗപ്പലകയില്‍ മാറ്റുരയ്ക്കാന്‍ നാം ആഗ്രഹിക്കുന്നു.'

രാജാവതുകേട്ട് ഒന്നു മന്ദഹസിച്ചു.(ഹ..ഹ..) കൊള്ളാം. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ വരുന്നോ? മൊയിലാരെ ഉറുക്കുകെട്ടാന്‍ പഠിപ്പിക്കുന്നോ? അയ്യപ്പനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നോ? എന്നിത്യാദി നാട്ടുമൊഴികള്‍ ഏമ്പക്കമായി വന്നെങ്കിലും രാജന്‍ പുറത്തുവിട്ടില്ല. ഡിഗ്നിറ്റി, ഡിഗ്നിറ്റി!
'ആട്ടെ. കളിക്കാം. എന്താണ് പന്തയം?' 

രാജാവ് കൗതുകത്തോടെ ആരാഞ്ഞു. ബാലന്‍ താണുവണങ്ങി പറഞ്ഞു:

'അയ്യോ തമ്പ്രാനേ, എന്റെ കൈയില്‍ തരാനൊന്നുമില്ല. പക്ഷേ, രാജന്‍ തോറ്റാല്‍ എനിക്കെന്തു തരും?'
'ഈ ചെക്കന് പ്രാന്താണോ? ഞാന്‍ തോറ്റാലെന്ന്! പയല്കള്തന്നെ.' രാജാവ് ആത്മഗതംകൊണ്ടു. പക്ഷേ, പുറത്തുകേട്ടില്ല.
'ആട്ടെ, ഞാന്‍ തോറ്റാല്‍ എന്താണ് വേണ്ടത്, മോന്‍തന്നെ പറഞ്ഞോളൂ..' രാജാവ് ഇങ്ങനെ പറഞ്ഞെങ്കിലും താനുണ്ടോ തോല്‍ക്കാന്‍ പോന്നൂ എന്നായിരുന്നു മനസ്സില്. 

അപ്പോ ബാലന്‍ പറഞ്ഞു:
'അധികമൊന്നും വേണ്ട തമ്പ്രാനേ. അങ്ങ് തോറ്റാല്‍ മ്മള് കളിക്കുന്ന ഈ ചതുരംഗക്കളത്തില് നെന്മണി അങ്ങട് വച്ചുതര്വാ. ആദ്യത്തെ കളത്തില്‍ ഒന്നാണെങ്കില്‍ അതിന്റെ ഇരട്ടി അടുത്ത കളത്തില്‍ വെക്കണം. ഉദാ(രണ്ടുകുത്തും) 2 മണി. അതിന്നടുത്ത കളത്തില്‍ അതിന്നിരട്ടി 4. അടുത്ത കളത്തില്‍ അതിന്നിരട്ടി 8. അടുത്തകളത്തില്‍ അതിന്നിരട്ടി 16, അടുത്ത കളത്തില്‍ അതിന്നിരട്ടി 32... ഇങ്ങനെ 64 കളത്തിലും വെയ്ക്കണം. ഇരട്ടപ്പെരുക്കത്തില്‍ 64 കളത്തില്‍ കിട്ടുന്ന നെല്ലു മാത്രംമതി.'

പന്തയവസ്തുകേട്ട് ദേവനാരായണന് ചിരിവന്നു. ഇതെത്ര നിസ്സാരം. നെല്ലറകളുടെ നാടായ ചെമ്പകശ്ശേരിക്കാണോ നെല്ലിനു ക്ഷാമം. അതും 64 കളം നിറയ്ക്കാന്‍. ചീള് കേസ്.
'ഓക്കേ. സമ്മയിച്ചു.'

ദേവനാരായണന്‍ മറുപടിച്ചു.
സേവകര്‍ ഉടന്‍തന്നെ ചതുരംഗപ്പലകകൊണ്ടുവന്നു. കളിയാരംഭിച്ചു. കുതിച്ചും വെട്ടിയും മുന്നോട്ടുനീങ്ങി. കളി കുട്ടിക്കളിയല്ലെന്നു രാജാവിന് പെട്ടെന്നുതന്നെ ബോധ്യംവന്നു. എന്തിനേറെപ്പരത്തിപ്പറയുന്നു ചതുരംഗത്തില്‍ ദേവനാരായണന്‍ തോറ്റെന്നു പറഞ്ഞാ മതീലോ. അപമാനവും അല്‍ഭുതവുമൊക്കെ മാറി മാറി ഇന്‍സേര്‍ട്ടു ചെയ്തു ഷോട്ടായി മാറി അദ്ദേഹത്തിന്റെ മോന്ത.
എന്തായാലും ഒരു ബാലന്‍ തന്നെ തോല്‍പ്പിച്ചല്ലോ. ഇതിന് ഓന് വിലയേറിയ ഗിഫ്റ്റ് നല്‍കാന്‍ തന്നെ തീരുമാനിച്ച രാജാവ് ഗോള്‍ഡും ഡയമണ്‍ഡ് നെക്ലേസുമൊക്കെ ഓഫര്‍ ചെയ്തു.

 അതുകേട്ട് ബാലന്‍ പറഞ്ഞു:
'മ്മക്ക് ഗോള്‍ഡൊന്നും വേണ്ട. നെന്മണി മാത്രം മതി. അതാവട്ടെ ശരിക്കും ഡബിളായിത്തന്നെ എണ്ണിവെക്കണം.'
രാജാവ് നെന്മണി കൊണ്ടുവരാന്‍ പറഞ്ഞു. ഭൃത്യര്‍ എണ്ണിവെക്കാന്‍ തുടങ്ങി. വച്ചുവച്ച് 16-ാമത്തെ കളമെത്തിയപ്പോള്‍ത്തന്നെ നെന്മണിയുടെ സംഖ്യ 32,768 ആയി. കളത്തിലൊന്നും വെക്കാന്‍ പറ്റാതായി. അന്നേരം അളന്നെടുത്തു കണക്കാക്കാന്‍ ബാലന്‍ ഓര്‍ഡര്‍ നല്‍കി. പിന്നീട് അളക്കാനും കഴിഞ്ഞില്ല. കളത്തിന്റെ പകുതിയെത്തിയപ്പോഴേക്കും മണികള്‍ 2147483648 (Two billion, One hundred forty-seven million, Four hundred eighty-three thousand, Six hundred forty-eight) എന്നാണ് നെറ്റ് പറയുന്നത്. മ്മക്ക് കണക്കത്ര നിശ്ശല്ലാത്തോണ്ട് മലയാളം പറയാന്‍ മെനക്കെടുന്നില്ല.
ഇങ്ങനെ മുന്നോട്ടു പോയപ്പോള്‍ ദേവനാരായണന് ഒരു കാര്യം മനസ്സിലായി. ഇതൊരു ചില്ലറക്കളിയല്ല. പിന്നീടുള്ള ഓരോ കളത്തിലേക്കും നെല്ലു ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. തകഴി, പുളിങ്കുന്ന്, കാവാലം, കൈനകരി, തലവടി, കോഴിമുക്ക് എന്നുതുടങ്ങി കുട്ടനാട്ടിലെ കരികളും കരകളും പാടശേഖരങ്ങളും എല്ലാമെല്ലാം നീക്കിവച്ചിട്ടും കളങ്ങള്‍ തീര്‍ന്നില്ല. 

രാജാവ് അന്തംവിട്ട് കുന്തംമിണുങ്ങി('കുന്തംവിഴുങ്ങി' എന്നു സംസ്‌കാരസമ്പന്നര്‍ പറയും). അഹങ്കാരം കാവാലം ചുണ്ടനില്‍ക്കയറി പമ്പകടന്നു. കളം നിറയ്ക്കാനാകാതെ കണ്ണുനിറച്ചുനിന്നുപോയി ദേവനാരായണന്‍. 

സര്‍വതും അസ്തമിച്ചുപോയ രാജാവിന്റെ മുന്നില്‍നിന്ന ബാലനതാ മാഞ്ഞുപോകുന്നു. പകരം പുഞ്ചിരിതൂകിക്കൊണ്ട് ശ്രീകൃഷ്ണന്‍ നില്‍ക്കുന്നു! ഒരു തമിഴ് സിനിമയിടെ എഫക്റ്റ്പോലെ!

രാജാവ് സമസ്താപരാധങ്ങളും പൊറുക്കണേ എന്നു നിലവിളിച്ചുകൊണ്ട് കരുണാമയനായ ആ ദേവന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു. അതുകണ്ട് ശ്രീകൃഷ്ണന്‍ പറഞ്ഞു:
'അങ്ങിനി ആ കളം നിറയ്ക്കാന്‍ മെനക്കെടേണ്ട. പകരം എനിക്കു ദെവസോം പാല്‍പ്പായസം നിവേദിച്ച് കടംവീട്ടിക്കൊള്ളൂ.'

ഇങ്ങനെയാണത്രേ, അമ്പലപ്പുഴ അമ്പലത്തില്‍ പാല്‍പ്പാസയം നിവേദ്യമാകാന്‍ കാരണം. ആ പാല്‍പ്പായസത്തിന്റെ പ്രശസ്തി ഇന്നു ഈരേഴു പതിനാലു ലോകത്തിലും പടര്‍ന്നു പിടിച്ചിരിക്കുന്നു. ആവട്ടെ. 

പറഞ്ഞുവന്നത്, നോക്കൂ, ശ്രീകൃഷ്ണന്റെ കണക്കു എന്തൊരു കണക്കാണ്? വല്ലാത്ത ഐഡിയ! ആപത്തുവിളയുന്ന കണക്കാണ്. ഈ കണക്കു നമുക്കൊന്നുനോക്കാം. എന്റെ കണക്കുകൂട്ടലില്‍ 64-ാമത്തെ കളത്തില്‍ കിട്ടിയത് 9223358615081963008 (?) എന്ന സംഖ്യയാണ്. സംസ്‌കൃതത്തില്‍ ഈ സംഖ്യാക്രമത്തിന് ദശപരാര്‍ധം എന്നാണ് പറയുന്നത്. നെറ്റില്‍ നോക്കിയപ്പോള്‍ Nine quintillion, Two hundred twenty-three quadrillion, Three hundred fifty-eight trillion, Six hundred fifteen billion, Eighty-one million, Nine hundred sixty-three thousand, eigth എന്നാണ്. 

ഇതെത്രയാണെന്നു കവിതാവള്ളം ഊന്നി ജീവിക്കുന്ന എനിക്കറിയില്ല. അതുമാത്രമല്ല, ഒന്നുമുതല്‍ 64 വരെയുള്ള ഇരട്ടിപ്പട്ടികയുടെ റിസള്‍ട്ട് ഇതാണെന്ന് വല്യ നിശ്ചോംല്ല. കണക്കിലെ അഗ്രഗണ്യന്മാര്‍ മറുപടി തന്നാല്‍ പെരുത്തു സന്തോഷം. ഇതു കണ്ടുപിടിക്കാന്‍ ഒരു എളുപ്പവഴി തോന്നീത് മ്മള് പങ്കുവെക്കാം. അതായത്, 64-ാമത്തെ കളത്തില്‍ കിട്ടുന്ന സംഖ്യയെ (ആ സംഖ്യയെ കണക്കപ്പിള്ളമാര്‍ കണക്കുകൂട്ടി കണ്ടുപിടിക്കണം) തൂക്കത്തിലേക്കു കൊണ്ടുവരിക. ഗ്രാം, കിലോഗ്രാം, മെട്രിക് ടണ്‍ എന്നിങ്ങനെ കാണക്കാക്കുക. അതായത്, ഒരു ഗ്രാം നെല്ലില്‍ ഏതാണ്ട് 38 മണികളുണ്ടാവും. ഒരു കിലോഗ്രാം നെല്ലില്‍ 38,000 മണികളും ഒരു മെട്രിക് ടണ്ണില്‍ 38,000,000 (3.8 കോടി)മണികളുമാണുണ്ടാവുക. ഈ രീതിയനുസരിച്ച് കണക്കറിയാവുന്നവര്‍ 64-ാമത്തെ കളത്തിലെ ശരിയായ നെന്മണിയുടെ കണക്കു കണ്ടുപിടിച്ച് അതിനെ മെട്രിക് ടണ്ണിലേക്കു കൊണ്ടുവന്നു പോസ്റ്റിയാല്‍ മഹത്തരമായിരിക്കും. നേരത്തെ ആരെങ്കിലും ഇതു ചെയ്തിട്ടുണ്ടോ എന്നും അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അവര്‍ പറഞ്ഞാലും മതി. നാല്‍പ്പതുകോടി മെട്രിക് ടണ്ണോളം നെല്ലുവേണ്ടി വരും 64-ാമത്തെ കളത്തിലെത്തുമ്പോള്‍ എന്നാണ് ഏതാണ്ടൊരു കണക്ക്!

എന്തായാലും ഇങ്ങനെയൊരു കുഴപ്പം പിടിച്ച കണക്കുണ്ടാക്കിയ ശ്രീകൃഷ്ണന്‍ കണക്കുമാഷല്ലാതെ മറ്റാരാണ്? എന്താണ് നിങ്ങളുടെ അഭിപ്രായം? ഈ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പുരാവൃത്തത്തില്‍നിന്നും യുക്തിയിലേക്കും ഉദ്ബോധനശേഷിയിലേക്കും വെറുതെ നമുക്കൊന്നു സഞ്ചരിക്കാന്നേ. ഇത്തവണ എന്തായാലും ശോഭായാത്രയൊന്നും ഇല്ലാലോ. എല്ലാവരും ചേര്‍ന്നു വീട്ടിലിരുന്നു 'മാത്തമാറ്റിക്സ് ഓഫ് ശ്രീകൃഷ്ണ' എന്ന തിയറിയുടെ കുരുക്കഴിക്കാം.

വാല്‍ക്കഷ്ണം: ഇത് കേരളത്തില്‍ പ്രചരിക്കുന്ന ഒരു നാടോടി ഐതിഹ്യകഥയാണ്. എന്നാല്‍ കണക്കെന്നത്, അത്രയെളുപ്പത്തില്‍ കണക്കാക്കാന്‍ പറ്റിയ ഒന്നല്ലെന്നു കണ്ടുപിടിക്കുകയും ആ കണക്കിനെ പ്രചാരത്തിലാക്കാന്‍ ഈയൊരു ഐതിഹ്യകഥ മെനയുകയും ചെയ്ത ആ പൗരാണികബുദ്ധിജീവിയെ ഞാന്‍ നമസ്‌കരിക്കുന്നു. ക്രിസ്തുവര്‍ഷം 1300ല്‍ രൂപംകൊണ്ട രാജവംശമാണ് ചെമ്പകശ്ശേരി. അന്നുതൊട്ടുതന്നെ ശ്രീകൃഷ്ണക്ഷേത്രവും പാല്‍പ്പായസ നിവേദ്യവും ഉണ്ടായിരിക്കണം. എന്നുപറഞ്ഞാല്‍ ഈ കണക്കുകഥയ്ക്ക് അത്രത്തോളം പഴക്കം കാണണം എന്നു താല്‍പ്പര്യം.
-------------------------
വര
ഗീതാഞ്ജലി

ശ്രീകൃഷ്ണന്‍ എന്ന കണക്കുമാഷ്! (മനോജ് മനയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക