Image

ഇതാണ് ഓണം, മാലോകരെല്ലാരും ഒന്നു പോലെ (ലൗഡ് സ്പീക്കര്‍ 51: ജോര്‍ജ് തുമ്പയില്‍)

Published on 02 September, 2018
ഇതാണ് ഓണം, മാലോകരെല്ലാരും ഒന്നു പോലെ (ലൗഡ് സ്പീക്കര്‍ 51: ജോര്‍ജ് തുമ്പയില്‍)
അതിജീവനത്തിന്റെ മധുരം നുണഞ്ഞാണ് മലയാളി ഇത്തവണ ഓണമാഘോഷിച്ചത്. മാനുഷരെല്ലാരും ഒന്നുപോലെയുള്ള മാവേലിനാട് ഇതായിരുന്നുവെന്നു കേരളം ഉറക്കെ പ്രഖ്യാപിച്ചു. അതിനു കാരണമായ പ്രളയം പലേടത്തും ഇറങ്ങിത്തുടങ്ങിയിട്ടുമില്ല. ഇതെല്ലാം കാണുമ്പോള്‍ ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍. പ്രളയപ്പെയ്ത്തില്‍ എന്തുചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന ജനം പിന്നീട് ജീവനുവേണ്ടി അലറി വിളിച്ചതൊക്കെയും ഇന്നലെയെന്നതു പോലെ കണ്‍മുന്നിലുണ്ട് ഇപ്പോഴും. രക്ഷയ്ക്കായി നീണ്ടുവന്ന ഓരോ കൈയ്യിലും പിടിച്ചു കയറിയവര്‍, ചോര നീരാക്കി ഉണ്ടാക്കിയെടുത്ത വീടും വസ്തുവകകളും എന്തിനേറെ, ഉടുതുണി മാത്രം സ്വന്തമാക്കി കരതേടി ഓടിയതും മറക്കാനാവുന്നില്ല. അവരൊക്കെയും സുരക്ഷിതമായി കഴിയുമ്പോഴാണ് ഓണനിലാവ് പരന്നത്. എന്നാല്‍ ഓണം വേണ്ടെന്നു വച്ച്, വിശന്നവര്‍ക്ക് ഭക്ഷണം ഉണ്ടാക്കന്‍ ഓടി നടക്കുന്നവരെ കണ്ടപ്പോള്‍ അഭിമാനം തോന്നി. കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കും. കരഞ്ഞു വിളിക്കുന്നവര്‍ക്കു നേരെ കൈനീട്ടുന്നവര്‍, വിശന്നു തളര്‍ന്നവരെ വയര്‍ നിറയെ ഊട്ടുന്നവര്‍, മറ്റുള്ളവരെ ഉടുപ്പിക്കുന്നവര്‍, എല്ലാം നഷ്ടപ്പെട്ട് നെഞ്ചു തകര്‍ന്നിരിക്കുന്നവരെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്നവര്‍, ജാതിയും മതവും എല്ലാം മറന്ന് സഹജീവികള്‍ക്ക് കൂടൊരുക്കിയവര്‍, ദുഖവും കെടുതികളും മറന്ന് ആനന്ദ നൃത്തമാടുന്നവര്‍, താരജാഡകളോ അധികാരത്തിന്റെ ഗര്‍വോ ഇല്ലാതെ ഒപ്പമുള്ളവര്‍ക്ക് താങ്ങും തണലുമാകാന്‍ ഓടിനടക്കുന്നവര്‍, പിറന്ന നാടിനുവേണ്ടി കടലുകള്‍ക്കപ്പുറത്തുനിന്ന് സഹായം ഒഴുക്കി വിടുന്നവര്‍. ഇതാണ് കേരളം. ഇതാണ് മാവേലി സ്വപ്‌നം കണ്ട യഥാര്‍ത്ഥ ഓണാഘോഷം. ഇതിനൊപ്പം ഞാനും എന്റെ നാടുമുണ്ടെന്ന് ഉറപ്പിക്കട്ടെ.

*** ***** *****
ഓഗസ്റ്റ് 26, അമേരിക്കയിലെങ്ങും ദേശീയ നായ് ദിനമായിരുന്നു. അതിനു തലേന്നാണ് ഇ-മെയ്ല്‍ സന്ദേശമെത്തിയത്. അഞ്ചു ഡോളര്‍ വിലയുള്ള ഗിഫ്റ്റ് സൗജന്യമായി ലഭിക്കുന്നു, അതും നായ്ക്കള്‍ക്കു വേണ്ടി. ബാര്‍ക്ക്‌ബോക്‌സ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി വളര്‍ത്തു നായകള്‍ക്ക് ആവശ്യമായതെന്തും ഓണ്‍ലൈന്‍ വഴി എത്തിച്ചു കൊടുക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമാണ്. ഇവര്‍ക്കു ആറു ലക്ഷത്തോളം മാസവരിക്കാറുണ്ട്. ബാര്‍ക്ക് ബോക്‌സ് എന്ന കമ്പനിയുടെ പേര്. അമേരിക്കയ്ക്കു പുറമേ ക്യാനഡയിലും സേവനങ്ങള്‍ നല്‍കുന്ന കമ്പനി ബാര്‍ക്ക് പോസ്റ്റ് എന്ന വെബ്‌സൈറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഒപ്പം, നായ്ക്കുട്ടികളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി ബാര്‍ക്ക് കാം, ബാര്‍ക്ക് ബഡ്ഡി എന്നീ ആപ്ലിക്കേഷനുകളും പുറത്തിറക്കിയിരിക്കുന്നു. അഞ്ചു ഡോളര്‍ വിലയുള്ള സമ്മാനം നല്‍കാന്‍ കമ്പനി തീരുമാനിച്ചത് അവരുടെ വരിക്കാരുടെ എണ്ണം പത്തു ലക്ഷത്തില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചായിരുന്നുവത്രേ. എന്തായാലും 2011-ല്‍ ആരംഭിച്ച കമ്പനി ഇന്നു വന്‍ ലാഭത്തിലാണ്. ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരം സോഷ്യല്‍ മീഡിയയില്‍ പിന്തുടരാന്‍ ആവശ്യപ്പെടുന്ന 20 കമ്പനികളിലൊന്നാണ് ബാര്‍ക്ക് ബോക്‌സ്. അവര്‍ നായ്ദിനം ശരിക്കും ആഘോഷമാക്കുക തന്നെ ചെയ്തു.

*** ***** *****
ന്യൂസിലന്‍ഡില്‍ നിന്നും വീണ്ടുമൊരു പ്രസവ വാര്‍ത്ത. അവരുടെ വനിതാ പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ വിവാഹിതയാവാതെ ഗര്‍ഭം ധരിച്ചതും പിന്നീട് പ്രസവിച്ചതുമൊക്കെ വാര്‍ത്തയായത് ഈ വര്‍ഷമായിരുന്നു. എന്നാല്‍ അതേ മന്ത്രിസഭയിലെ മറ്റൊരു വനിത മന്ത്രി കഴിഞ്ഞ ദിവസം പ്രസവിക്കാനായി ആശുപത്രിയിലെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. നിറഗര്‍ഭിണിയായ അവര്‍ ആശുപത്രിയലെത്തിയതു സ്വന്തം സൈക്കിള്‍ ചവിട്ടിയാണ്. വനിതാ ക്ഷേമവും ഗതാഗത വകുപ്പ് സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്യുന്ന ജൂലി ആന്‍ സെന്ററാണ് ലോകമെങ്ങുമുള്ള ഗര്‍ഭിണികളെ ഞെട്ടിച്ചത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലയുള്ള ഓക്ലാന്‍ഡ് സിറ്റി ഹോസ്പിറ്റലിലേക്കാണ് ഇവര്‍ സൈക്കിളില്‍ എത്തിയത്. സഹായികളുമായി വരാന്‍ കാറില്‍ സ്ഥലമില്ലാത്തതിനാലാണ് താന്‍ സൈക്കിള്‍ തെരഞ്ഞെടുത്തത്. ഒപ്പം ഭര്‍ത്താവുമുണ്ടായിരുന്നു. ഈ യാത്ര എനിക്ക് വളരെ നല്ല മാനസികാവസ്ഥ സമ്മാനിച്ചുവെന്നും ജൂലി പറഞ്ഞു. എന്തായാലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ന്യൂസിലന്‍ഡില്‍ നിന്നും ഈ വര്‍ഷം കേട്ട രണ്ടാമത്തെ പ്രസവ വാര്‍ത്തയും ലോകമെങ്ങും ശ്രദ്ധ നേടിയത് മറ്റു ഗര്‍ഭിണികള്‍ക്ക് ആവേശമുണ്ടാക്കിയാല്‍ തെറ്റു പറയാനാവില്ല. വാര്‍ത്തകളില്‍ നിറയാന്‍ എന്തു ചെയ്യുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്.

*** ***** *****
പലതരം മോഷണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ തലമുടി മോഷ്ടിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംഭവം ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നാണ്. അമരിക്കയിലേക്ക് കയറ്റുമതി ചെയ്യാനായി സൂക്ഷിച്ചിരുന്ന പതിനാലു ലക്ഷം രൂപ വിലയുള്ള മുടിയാണ് മോഷണം പോയത്. ബാര്‍ബര്‍ ഷോപ്പില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം അവിടെ സൂക്ഷിച്ചിരുന്ന മുടിയുമായി കടന്നുകളയുകയായിരുന്നു. മുടി വെട്ടാനെന്നു പറഞ്ഞ് എത്തിയ മൂന്നുപേരാണ് ബാര്‍ബര്‍ ഷോപ്പ് ഉടമയായ ഹുസൈനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മുടി തട്ടിയെടുത്തത്. ബാര്‍ബര്‍ ഷോപ്പിനൊപ്പം തന്നെ വിഗുകള്‍ നിര്‍മിക്കുന്ന ഒരു വര്‍ക്ക് ഷോപ്പും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 200 കിലോവരുന്ന മുടിയാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. വിഗുകള്‍ നിര്‍മിക്കുന്നതിനായി അമേരിക്കയുടെ പലഭാഗങ്ങളിലേക്ക് ഇന്ത്യയില്‍നിന്ന് മുടി കയറ്റി അയയ്ക്കുന്നുണ്ട്. എന്തായാലും മുടി മോഷണം ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. എങ്ങനെയിതു കണ്ടെത്തുമെന്നും കണ്ടെത്തിയാല്‍ തന്നെ എങ്ങനെ ഇത് മോഷണം പോയതാണെന്നു തെളിയിക്കുമെന്നതാണ് പോലീസിന്റെ മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക