Image

ദുരന്തങ്ങളുടെ പെരുമഴക്കാലം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 03 September, 2018
ദുരന്തങ്ങളുടെ പെരുമഴക്കാലം (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
ദുരിതപൂര്‍ണ്ണമായ ദുരന്തങ്ങള്‍ ഇന്നു അടിക്കടിയാണു ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെയും ഒരവസാനം നോക്കിയിരിക്കുമ്പോഴാണു വലിയ മറ്റൊരു ദുരന്തത്തിന്റെ വാര്‍ത്തയുമായി ഓരോ ദിവസവും പൊട്ടിവിരിയുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ജന്മനാടിനേയും ഒരു വലിയ ദുരന്തം വിഴുങ്ങിയപ്പോഴാണു നമുക്കും അതിന്റെ തീവ്രത അനുഭവപ്പെടാന്‍ തുടങ്ങിയത്.

ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലില്‍ കേരളത്തില്‍ ഒരു മഹാജലപ്രളയം ഉണ്ടായി. അതിനെ പഴമക്കാര്‍ തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം എന്നു പേരു വിളിച്ചു വര്‍ണ്ണിക്കുന്നതു കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം. ലോകത്തിന്റെ ഏതു ഭാഗത്തും എത്ര വലിയ ദുരന്തങ്ങള്‍ ഉണ്ടായാലും ഒന്നും ലേശമെ ഏല്‍ക്കാത്ത ഒരു കൊച്ചുനാടുണ്ടായിരുന്നു- കേരളം! എന്നാല്‍ കഴിഞ്ഞ ദിനരാത്രങ്ങളില്‍ പ്രകൃതി ഈ ദേശത്തോടു ചെയ്തതു അല്പം ക്രൂരമായിപോയി.

തിരിഞ്ഞു നോക്കുമ്പോള്‍, ലോകത്തു കഴിഞ്ഞ ഒരു ഇരുപതു വര്‍ഷക്കാലം ദുരന്തങ്ങളുടെ ഒരു പെരുമഴക്കാലമായിരുന്നു. ഥ2ഗ തുടങ്ങുന്നതിനു മുമ്പു രണ്ടായിരമാണ്ടു ലോകത്തിനെന്തോ സംഭവിക്കാന്‍ പോവുന്നു എന്നു പറഞ്ഞു മനുഷ്യന്‍ നെട്ടോട്ടമോടി. രണ്ടായിരമാണ്ടിന്റെ സുപ്രഭാതം ഒരു റോസാപുഷ്പം വിരിയുന്നപോലെ പൊട്ടിവിരിഞ്ഞു. ലോകത്തിനൊന്നും സംഭവിച്ചില്ല. എന്നാല്‍ ലോകത്തിലെ സമ്പന്നവും, ശക്തവുമായ അമേരിക്കയില്‍ തന്നെ തുടക്കം കുറച്ചു കൊണ്ടു ആദ്യത്തെ വന്‍ ദുരന്തം. ‘സെപ്റ്റംബര്‍ പതിനൊന്ന്’ എന്ന പേരില്‍ ലോകമനുഷ്യന്റെ മുമ്പില്‍ അവതരിച്ചു. അതിനു മുന്നോടിയായി ലൂസിയാനായിലെ കത്രീന എന്ന കൊടുങ്കാറ്റു മനുഷ്യമനസ്സിനു ചിന്തിക്കാവുന്നതിലും അപ്പുറമായി ആഞ്ഞടിച്ചു വലിയ നാശം വിതച്ചു. ഐസിസ് എന്ന തീവ്രവാദ സംഘടനയുടെ സംഹാരതാണ്ഡവവും, തന്മൂലം ജന്മദേശത്തെ ഒരു നോക്കു കൂടെ തിരിഞ്ഞുനോക്കാന്‍ മേലാതെ മുലകുടി മാറാത്ത കൈക്കുഞ്ഞുങ്ങളേയും വാരിയെടുത്തുകൊണ്ടു ഓടുന്ന അമ്മമാരുടെ ഭയാനകരമായ ദയനീയമുഖവും മനസില്‍ നിന്നും മായാതെ നില്‍ക്കുന്നു. വീണ്ടും ചെറുതും, വലുതുമായ എത്രയെത്ര ഭയാനകരമായ സംഭവങ്ങള്‍, ദുരന്തങ്ങള്‍! ഇപ്പോഴിതാ നമ്മുടെ ജന്മദേശമായ കേരളക്കരയിലും.

കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ കുറെക്കാലമായി ഒരു കണ്ണുതുറന്നുപിടിച്ചുകൊണ്ടുറങ്ങേണ്ടുന്ന ഒരു അവസ്ഥയിലാണ്. ഇനിയും ‘മുല്ലപ്പെരിയാര്‍’ എന്ന ഒരു വലിയ ചോദ്യചിഹ്നം കൂടെ മനുഷ്യന്റെ മുമ്പിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌വാരത്തില്‍ ഏകദേശം നാല്പതു ലക്ഷം ജനങ്ങളും, അവരുടെ കന്നുകാലികളും, മറ്റു മിണ്ടാപ്രാണികളുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലത്തെ സ്ഥിതി ഇനിയും കേരളത്തിലെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല; അവര്‍ക്കു ജലപ്രളയ ദുരന്തമെന്തെന്നു ശരിക്കും മനസ്സിലായി. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇതു ചിലര്‍ക്കു ഒരു പൊളിറ്റിക്കല്‍ മൈലേജ് കിട്ടാനുള്ള ‘നേട്ടം’ കൂടെയാവാം. കാത്തിരുന്നു കാണുക.

ഏകദേശം നൂറ്റിയിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പു ഇന്നത്തെ സാങ്കേതിക വൈദഗ്ധ്യങ്ങളൊന്നുമില്ലാതിരുന്ന കാലത്തുണ്ടാക്കിയ, വെറും അറുപത്തഞ്ചു വര്‍ഷത്തെ ആയുസു മാത്രം മതിച്ച ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. കുടത്തില്‍ നിന്നും വെളിയിലേക്കു ചാടാന്‍ വെമ്പല്‍ കൊള്ളുന്ന ഭൂതത്തെപ്പോലെയാണ് അണക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്ന ജലം. വര്‍ഷാവര്‍ഷങ്ങളായുള്ള വലിയ വെള്ളക്കെട്ടിന്റെ നിരന്തര സമ്മര്‍ദ്ദം, ‘വെതറിംഗ്’, ‘ഇറോഷ്യന്‍’, ഭൗമപാളികളുടെ ചലനം, ഭൂഗര്‍ഭ ജലത്തിന്റെ മൂവ്‌മെന്റ്‌സ്, അതിന്റെ കൂടെ വിവരദോഷികളായ ഉന്നതാധികാരികളുടെ മര്‍ക്കടമുഷ്ടി, ഇതൊക്കെയും ഈ അണക്കെട്ടിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നവയാണ്. അതിന്റെ കൂടെ അണക്കെട്ടിനു താഴെ ധാരാളം സ്വപ്നങ്ങളും മെനഞ്ഞുകൊണ്ടു കഴിഞ്ഞുകൂടുന്ന കുറെ ജനങ്ങളുടെ പരിരക്ഷ.

തമിഴന്‍ പറയും വണ്ണം അണപൊട്ടുകയില്ലായിരിക്കാം, കേരളീയര്‍ ഭയപ്പെടുന്ന പോലെ പൊട്ടിയെന്നിരിക്കാം- ഒരു ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ്..! ആ ഫിഫ്റ്റി പെര്‍സന്റ് ചാന്‍സെന്നു പറയുന്നതു തന്നെ ഒരു വലിയ ചാന്‍സാണ്. തമിഴന്‍ വഴങ്ങുന്നില്ലെന്നു കണ്ട കേരളം ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നു പരാതി നല്‍കിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. അവരുടെ ‘വിദഗ്ദാഭിപ്രായത്തിലും’ അണപൊട്ടുകയില്ലെന്നത്രെ ‘അന്തിമവിധി’. കാരണം ഉത്തരേന്ത്യയിലെ ‘ആര്യപുത്രന്മാര്‍ക്കു’ ബീഫ് കഴിക്കുന്ന കേരളക്കാരന്‍ ജീവിച്ചിരുന്നിട്ടെന്തു കാര്യം? പണ്ടുമുതലേ ഇവര്‍ ദസ്യംക്കളായ കേരളത്തോടു ചിറ്റമ്മ നയമല്ലെ? കേരളത്തില്‍ ജലപ്രളയമുണ്ടായതു ബീഫ് കഴിച്ചതുകൊണ്ടാണെന്നു ഉത്തരേന്ത്യയിലെ മാംഗ്ലോയിഡ്-ദ്രാവിഡ മിക്‌സുള്ള ‘ആര്യന്‍മാര്‍’ പറയുന്നു. അങ്ങനെയെങ്കില്‍ രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ദിനംപ്രതി ബീഫ് കഴിക്കുന്ന പാശ്ചാത്യലോകത്തിനു എന്നും ജലപ്രളയത്തില്‍ മുങ്ങിക്കിടക്കാനേ സമയം കാണൂ. ഈശ്വരാ... ഈ ഉത്തരേന്ത്യക്കാരനു നിര്‍ബന്ധിത അടിസ്ഥാനവിദ്യാഭ്യാസം വേണമെന്നുള്ളതും അവിടത്തുകാര്‍ നിയമമാക്കിയിരുന്നെങ്കില്‍...? അതോ ഇനിയും വിദേശമിഷനറിമാര്‍ വന്നു പണ്ടത്തേ പോലെ സ്കൂളുകള്‍ തുടങ്ങേണമോ???

കേരളസമ്മതിദായകരുടെ മുറവിളി ഭയന്നു കേരളനേതാക്കള്‍ പുരട്ച്ചിതലൈവി കൂടെയായ മദ്രാസിലെ അമ്മയെ പോയി നേരില്‍ കണ്ടു സങ്കടമുണര്‍ത്തിച്ചു. അമ്മ പറഞ്ഞു തന്റെ പൊന്നോമനമക്കള്‍ക്കു കേരളത്തിന്റെ വെള്ളം ജീവജലമാണെന്ന്. ഇത്രമാത്രം മക്കളെ സ്‌നേഹിച്ചിരുന്ന ഒരമ്മയെ മുമ്പെങ്ങും കണ്ടിട്ടില്ല. കൂടാതെ പണ്ട് ജാംബവാന്റെ കാലത്ത് എഴുതിവെച്ച ഒരു ഉടമ്പടി അരഞ്ഞാണച്ചരടിലെ ഏലസിനുള്ളില്‍ കെട്ടിവെച്ചാണു അമ്മ എപ്പോഴും നടന്നിരുന്നതും. കേരളം സ്വന്തമായി ഒരണക്കെട്ടുണ്ടാക്കിയാല്‍ തമിഴനറിയാം വെള്ളക്കരം കൊടുത്തവന്‍ മുടിയുമെന്ന്. കാരണം മുലക്കരം വരെ നടപ്പാക്കി കാശ് അടിച്ചുമാറ്റിയവരാണ് കേരളക്കാര്‍. പിന്നെ വെള്ളത്തിന്റെ കാര്യം പറയണമോ? കേരള നേതാക്കളുടെ നിരന്തരശല്യം സഹിക്കാതെ വന്നപ്പോള്‍ അമ്മ അവരുടെ കയ്യിലിരുന്ന തുറുപ്പുഗുലാനെടുത്തൊന്നു വീശി... അതായതു കൂടുതല്‍ കളിച്ചാല്‍ നേതാക്കന്മാരുടെ മദ്രാസിലെ റിസോര്‍ട്ടുകളുടെയും, തോട്ടങ്ങളുടെയും, ബാങ്ക് ബാലന്‍സിന്റെയുമൊക്കെ വിവരപട്ടിക പുറത്തുവിടുമെന്ന്. കേട്ടപാതി, കേള്‍ക്കാത്തപാതി നേതാക്കാന്മാര്‍ ശരവേഗം സ്ഥലം കാലിയാക്കിയെന്നല്ലെ ഒരിക്കല്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. അങ്ങനെ നേതാക്കളുടെ നാവും അവര്‍ എന്നെന്നേക്കുമായി അടച്ചു.

ഓ... പറയാന്‍ വന്നതു ഇന്നലത്തെ ജലപ്രളയത്തേപ്പറ്റിയാണല്ലോ? ഫേക്ക് ന്യൂസായാലും, അല്ലെങ്കിലും റ്റി.വി.യില്‍ കൂടെ വരുന്ന കാഴ്ച കണ്ടു മനസ്സിലാക്കാന്‍ ഒരു സാധാരണക്കാരനു അധികം സമയം വേണ്ടല്ലോ? ആ ഭയാനക കാഴ്ച ലോകത്തിന്റെ നാലു ദിക്കിലും കഴിയുന്ന പ്രവാസി മലയാളികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇത്രയും പ്രകൃതി ക്ഷോഭിച്ചതെന്തുകൊണ്ട് എന്നത് മറ്റൊരു വലിയ വിഷയമാണ്, അതേപറ്റി പിന്നീടൊരിക്കല്‍ ചിന്തിക്കാം. യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വന്ന ഈ ജലപ്രളയം സാദാ മനുഷ്യന്റെ ജീവിതം നരകതുല്യമാക്കി, അവരുടെ മോഹങ്ങളെ കണ്ണീരിന്റെ കരകാണാക്കയത്തിലേക്കു വലിച്ചെറിഞ്ഞു. സമയാസമയങ്ങളില്‍ ഡാം തുറക്കുകയും അടക്കുകയും വേണമെന്നുള്ളതു അറിഞ്ഞിരിക്കാന്‍ ഒരു റോക്കറ്റ് സയന്റിസ്റ്റിന്റെയൊന്നും ആവശ്യമില്ല. ലോകത്തിലെ നൂതനസാങ്കേതികവിദ്യകള്‍ക്കു അറിവു പകര്‍ന്നുകൊടുക്കുന്ന കോള്‍ സെന്ററുകള്‍ വരെയുള്ള ഒരു ദേശത്താണിതു സംഭവിച്ചിരിക്കുന്നത്. ഇതിനുത്തരവാദം പറയാന്‍ ആരെങ്കിലുമുണ്ടോ?

ഒരു ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ തന്നെ തെരെഞ്ഞെടുത്തുവിട്ട നേതാക്കളില്‍ ചിലര്‍ തന്നെ ആ ജനത്തിന്റെ അന്തകനാവുക എന്നു പറഞ്ഞാല്‍...? കേരളം ജലസ്രോതസ്സുകൊണ്ടു അനുഗ്രഹിക്കപ്പെട്ട ഒരു നാടാണ്. ആ ജലം ശേഖരിച്ചു പിന്നീടുപയോഗിക്കാനും, വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും, വേണ്ടവര്‍ക്കു പങ്കിടാനുമൊക്കെയാണല്ലോനമുക്കു ജലസേചന പദ്ധതികളൊക്കെയുള്ളത്? അത് സമയാസമയങ്ങളില്‍ തുറന്നുവിടുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതിനു പകരം പിടിവാശിയും, മര്‍ക്കടബുദ്ധിയുമായി നടക്കുന്ന ചിലര്‍ ഡാമിന്റെ ഷട്ടര്‍ ‘ഒന്ന്’, ‘രണ്ട്’, ‘മൂന്ന്’ എന്ന ക്രമത്തില്‍ തുറന്നുവിട്ടു. തോരാതെ ഉള്ള മഴവെള്ളപ്പൊക്കഭീതിയില്‍ തീ തിന്നു കഴിയുന്ന ജനം അറിയുന്നോ ഇവര്‍ കാണിക്കുന്ന വീരശൂരപരാക്രമങ്ങള്‍? അനേക മനുഷ്യരും, മിണ്ടാപ്രാണികളും മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ കടലില്‍ ചെന്നു പതിച്ചു. ഇനിയും ഇങ്ങനെ ഒരു ദുരന്തം കേരളത്തിലെന്നല്ല, ലോകത്തൊരിടത്തും ഉണ്ടാവാതിരിക്കട്ടെ.

ഇനിയും അന്യോന്യം പഴിചാരി പ്രസംഗങ്ങളുടെയും ഘോഷയാത്രകളുടെയും ഒരു പെരുമഴക്കാലം തന്നെ കാണാം. ഈ സമ്പ്രദായം കാലാകാലങ്ങളായി കണ്ടുകൊണ്ടേയിരിക്കുന്ന ഒരു നാടാണ് കേരളം. ഓണത്തിനു സിനിമാക്കാര്‍ക്കു നൂറുകോടിയുടെ നഷ്ടമുണ്ടായെന്നു വെള്ളപ്പൊക്കവാര്‍ത്തയുടെ നടുവില്‍ സംപ്രേഷകന്‍ മോനിട്ടറില്‍ നോക്കി യാതൊരു സങ്കോചവുമില്ലാതെ വായിക്കുന്നതു കണ്ടു. മനുഷ്യന്‍ മലവെള്ളപ്പാച്ചിലില്‍ മൂക്കുമുങ്ങാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ്. ജീവന്‍ നിലനിര്‍ത്താന്‍ അല്പം ആഹാരത്തിനും, വെള്ളത്തിനും ഓടുകയാണ്, ഹും.... “ചത്തുകിടന്നാലും കുറുക്കന്റെ കണ്ണു കോഴിക്കൂട്ടിലേക്ക്.”

കേരളത്തിലെ ജനങ്ങള്‍ ഒന്നുകൂടെ ഉണര്‍ന്നു ചിന്തിക്കേണ്ടതായിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ അഭ്യസ്തവിദ്യരായ സ്ഥാനാര്‍ത്ഥികളെ മാത്രമേ തിരഞ്ഞെടുക്കാവൂ എന്നു ദൃഢനിശ്ചയം ചെയ്യുക- പാര്‍ട്ടി ആരുമാവട്ടെ. ആരോഗ്യമന്ത്രി ആരോഗ്യപരിപാലനത്തില്‍ വിദ്യാഭ്യാസം ചെയ്തവന്‍, ജലസേചനവകുപ്പു മന്ത്രി അതിനെചുറ്റിപ്പറ്റിയുള്ള വിദ്യാഭ്യാസം ചെയ്തവന്‍, പോലീസു വകുപ്പു കൈകാര്യം ചെയ്യുന്ന ആള്‍ ക്രിമിനോളജിയില്‍ വിദ്യാഭ്യാസം ചെയ്തവന്‍.. അങ്ങനെ... അങ്ങനെ...

സംഭവിക്കാനുള്ളതു സംഭവിച്ചു. ഇനിയും എന്ത്? ഏതൊരു ദുരന്തസാഹചര്യത്തിലും സഹായഹസ്തങ്ങള്‍ നീട്ടുന്നതില്‍ പ്രവാസി മലയാളികള്‍ കാണിക്കുന്ന ശുഷ്ക്കാന്തി വര്‍ണ്ണനാതീതമാണ്. പണ്ടുമുതലേ അതാണു ചരിത്രം. ഒരു മലയാളി ഏതു സമ്പന്നരാജ്യത്തുപോയി എത്ര സമ്പാദിച്ചാലും അവനു ജന്മദേശവുമായി നാഭീനാളബന്ധം! കേരളമവന് അമ്മയാണ്, മലയാളം അമ്മിഞ്ഞപ്പാലും. മനമങ്ങും മിഴിയിങ്ങുമായും കഴിയുന്നവര്‍.

കേരളജനതയുടെ ഇന്നത്തെ ദുരിതത്തില്‍ പങ്കുചേരുന്നു, പ്രാര്‍ത്ഥിക്കുന്നു, കൈ തുറക്കുന്നു. ഇതില്‍ നിന്നെല്ലാം നമുക്കു പഠിക്കാന്‍ ധാരാളമുണ്ട്. ‘മഴ നിന്നാലും മരം പെയ്യും’ എന്നൊരു പഴഞ്ചൊല്ല് നമ്മുടെ നാട്ടിലുണ്ടല്ലോ? സകലതും നഷ്ടപ്പെട്ട ജനതയ്ക്കു അടിസ്ഥാന അടിയന്തിര ആവശ്യങ്ങള്‍ക്കു പുറമെ, പ്രളയത്തിന്റെ അന്തരദൂഷ്യഫലങ്ങളായ രോഗങ്ങള്‍, മാനസീക ആകുലതകള്‍, വിഷാദരോഗങ്ങള്‍ ഒക്കെയും അഭിമുഖീകരിക്കേണ്ടി വരാം. ഇതിനൊക്കെയും മാനസീക-ആത്മീയ കൗണ്‍സിലിംഗുകള്‍ ആവശ്യമാണ്. ഇനിയും ഒരു ജനജീവിതം തിരികെ പിടിക്കാന്‍ എത്ര വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതു കണ്ടറിയേണ്ട സംഗതിയാണ്.

ഇവിടെ ഒരു കാര്യം കൂടെ പ്രത്യേകം ഓര്‍ക്കേണ്ടതായിട്ടുണ്ട്. സുനാമി, ഓഖി എന്നീ ദുരന്തങ്ങള്‍ക്കെല്ലാം ഫണ്ടുകള്‍ പിരിച്ചു, എന്നാല്‍ ഈ തുകകള്‍ എങ്ങനെ വിനിയോഗിച്ചു എന്നതിനെപ്പറ്റി വ്യക്തതയില്ലാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു എന്നും കേള്‍ക്കുന്നു. ഒരു ദുരന്തമുണ്ടാവുമ്പോള്‍ പല അഭിവനവ സംഘടനകള്‍ ചേര്‍ന്നു പിരിക്കുന്നു, ഇതിനൊക്കെയും ഒരു അക്കൗണ്ടബിലിറ്റി കൂടെ വേണമല്ലോ? അതിനായി ഒരു പാനലിനെത്തന്നെ നിയമിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ പലര്‍ക്കും ഒരു നല്ല അവസരമാണ്, അല്ലെങ്കില്‍ ചാകരയാണ്.

ഈ അവസരത്തില്‍ കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ സ്വന്തം ആരോഗ്യസ്ഥിതി വരെ കണക്കിലെടുക്കാതെ കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ കടന്നുചെന്നു വേണ്ട ഒത്താശകളും, കടമകളും നിറവേറ്റുന്നത് കണ്ടത് ചാരിതാര്‍ത്ഥ്യജനകമാണ്. കേന്ദ്രസേന, വന്നു അവരുടെ പ്രാഗത്ഭ്യം തെളിയിച്ചതും, എപ്പോഴും ദുരന്തമുഖത്തു ജീവനെ പണയപ്പെടുത്തി കഴിയുന്ന ഒരു അവഗണിക്കപ്പെട്ട വിഭാഗവുമായ മത്സ്യബന്ധന തൊഴിലാളികളുടെ നിസ്വാര്‍ത്ഥ സഹായവും, സര്‍വ്വോപരി കേരളത്തിലെ ചെറുപ്പക്കാരായ യുവാക്കളുടെ സ്വയം ത്യജിച്ചുള്ള ത്യാഗപൂര്‍ണ്ണമായ സഹായങ്ങളും, സേവനങ്ങളും, ഗള്‍ഫ് മേഖലയില്‍ നിന്നും അവിടുത്തെ നാടുവാഴികള്‍ നീട്ടിയ സഹായഹസ്തവും നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ.

ഇതിലെല്ലാം ഒരു നന്മ കണ്ടതു ജാതിമത വര്‍ണ്ണരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കൈകോര്‍ത്തുപിടിച്ചു തോളോടുതോളുരുമ്മി ഈ ദുരന്തത്തില്‍ കൈത്താങ്ങലുമായി വന്നത്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു. ആ ഒത്തൊരുമയും, സാഹോദര്യവും വീണ്ടും തുടര്‍ന്നുപോയാല്‍ കേരളത്തെ തോല്‍പിക്കാന്‍ ഒരു ശക്തിയ്ക്കും കഴിയില്ല. ഒരു ചോദ്യമുള്ളത് ഇങ്ങനെ ഒരു ദുരന്തം വന്നുകൂടണമായിന്നോ ഇങ്ങനെ ഒത്തൊരുമയോടെ ജീവിയ്ക്കാന്‍..? ഇനിയും ഒരു നവകേരളം പിറക്കട്ടെ എന്ന പ്രത്യാശയോടെ...

******
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക