Image

ഡാം മാനേജ്മെന്‍റില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതിന്‍റെ പ്രധാന കാരണമെന്ന് മുന്‍ ജലവിഭവ മന്ത്രിമാര്‍

Published on 04 September, 2018
ഡാം മാനേജ്മെന്‍റില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതിന്‍റെ പ്രധാന കാരണമെന്ന് മുന്‍ ജലവിഭവ മന്ത്രിമാര്‍
ഡാം മാനേജ്മെന്‍റില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതിന്‍റെ പ്രധാന കാരണമെന്ന് മുന്‍ ജലവിഭവ മന്ത്രിമാര്‍ ആരോപിച്ചു. മുന്‍ മന്ത്രിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

സര്‍ക്കാരിന്‍റെ ഗുരുതര അനാസ്ഥകൊണ്ടാണ് പത്തനംതിട്ട ജില്ലയിലെ റാന്നി, ചെങ്ങന്നൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങാന്‍ കാരണം. ഓഗസ്റ്റ് 14ന് ശക്തമായ മഴ തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പത്തനംതിട്ട ഉണ്ടായിരുന്നില്ല. അന്ന് രാത്രി കനത്ത മഴ പെയ്തതോടെ പന്പ, കക്കി, അട്ടത്തോട് ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിടേണ്ടി വന്നു. ഇതോടെ പന്പാനദിയില്‍ 40 അടി വരെ ജലനിരപ്പ് ഉയര്‍ന്നതാണ് ചെങ്ങന്നൂരിനെയും റാന്നിയെയും മുക്കികളഞ്ഞതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ആരോപിച്ചു.

അച്ചന്‍കോവിലാര്‍, മണിമലയാര്‍, ചാലിയാര്‍ എന്നീ പുഴകളില്‍ ഡാമുണ്ടായിട്ടാണോ വെള്ളം ഉയര്‍ന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ബാലിശമായിപ്പോയി. പന്പയുടെ കൈവഴി ഈ പുഴകളിലേക്കുള്ള കാര്യം അദ്ദേഹം ഓര്‍ക്കണമെന്നും ഇതാണ് ഈ പുഴകളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മഹാപ്രളയം കൊല്ലം ജില്ലയെ ബാധിക്കാതിരുന്നതിന്‍റെ കാരണം ജില്ലാ ഭരണകൂടത്തിന്‍റെ മുന്നൊരുക്കം തന്നെയാണ്. അവര്‍ ഇക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ജൂലൈ അവസാനം കനത്ത മഴ പെയ്തതോടെ കൊല്ലം ജില്ലയിലെ തെന്മലയിലുള്ള കല്ലട ഡാമിലെ വെള്ളം തുറന്നുവിട്ട് അധികൃതര്‍ ജലനിരപ്പ് നിയന്ത്രിച്ചു. ഇതാണ് കൊല്ലം ജില്ല പ്രളയത്തില്‍ നിന്നും രക്ഷപെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ ഇത്തരമൊരു മുന്നൊരുക്കവും സര്‍ക്കാര്‍ നടത്തിയില്ല. ഡാം തുറന്നുവിടുന്നു എന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ നല്‍കിയില്ല. അവസാന നിമിഷം മുന്നറിയിപ്പ് നല്‍കാന്‍ പോയപ്പോഴാണ് പ്രളയ ജലത്തില്‍ മൂന്ന് അനൗണ്‍സ്മെന്‍റ് വാഹനം ഒഴുകിപ്പോയ സ്ഥിതിയുണ്ടായത്. ദുരഭിമാനം വെടിഞ്ഞ് സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മുന്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക