Image

ഗാന്ധിജിയുടെ ജന്മവാര്‍ഷികം: തടവുകാര്‍ക്ക് മോചനം, 96 പേര്‍ പട്ടികയില്‍

Published on 04 September, 2018
ഗാന്ധിജിയുടെ ജന്മവാര്‍ഷികം: തടവുകാര്‍ക്ക് മോചനം, 96 പേര്‍ പട്ടികയില്‍
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം പ്രമാണിച്ച്‌ തടവുകാരെ ശിക്ഷാ ഇളവ് നല്‍കി വിട്ടയയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം സംസ്ഥാനത്ത് 96 പേരുടെ പ്രാഥമിക പട്ടിക തയ്യാറായി. ഇതില്‍ മൂന്ന് വനിതകളുമുണ്ട്. സെന്‍ട്രല്‍ ജയിലുകളായ പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍, ഓപ്പണ്‍ ജയിലായ നെട്ടുകാല്‍ത്തേരി എന്നിവിടങ്ങളിലുള്ളവര്‍ കൂട്ടത്തിലുണ്ട്. പ്രാഥമിക പട്ടിക പരിശോധിക്കാനുള്ള ആദ്യ യോഗം കഴിഞ്ഞമാസം ചേര്‍ന്നിരുന്നു. രണ്ടാമത്തെ യോഗം ഇന്ന് നടക്കും. സ്ത്രീകളില്‍ 55 വയസ് കഴിഞ്ഞവരെയും ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയവരെയും വിട്ടയയ്ക്കും. സമാന വ്യവസ്ഥകളാണ് ഭിന്നലിംഗത്തില്‍പെട്ടവര്‍ക്കും. പുരുഷന്‍മാരാണെങ്കില്‍ 60 വയസ് പൂര്‍ത്തിയാവണം. പകുതി ശിക്ഷാ കാലാവധി കഴിയുകയും വേണം. 70 ശതമാനം വൈകല്യമുള്ളവര്‍ക്കും അവസരം കിട്ടും. ശിക്ഷാ കാലാവധിയുടെ 66 ശതമാനം പൂര്‍ത്തിയാക്കിയവരെയും വിട്ടയയ്ക്കും. സ്ഥിരം രോഗികളായവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചവരെ പരിഗണിക്കില്ല.

സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകം, മാനഭംഗം, മനുഷ്യക്കടത്ത്, പോക്‌സോ, യു.എ.പി.എ, തീവ്രവാദ പ്രവര്‍ത്തനം, വ്യാജ കറന്‍സി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും മോചനം നല്‍കില്ല. അതിനാല്‍ വിവാദ കേസുകളിള്‍ ഉള്‍പ്പെട്ട തടവുകാര്‍ ഇക്കൂട്ടത്തില്‍ ഇല്ലെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു. ജയില്‍ സൂപ്രണ്ടുമാരാണ് തടവുകാരുടെ പേരുകള്‍ കൈമാറിയത്. ജയില്‍ ഡി.െഎ.ജിമാര്‍, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതി ഇത് വിലയിരുത്തി മറ്റൊരു പട്ടിക തയ്യാറാക്കി ജയില്‍ ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന സമിതിയ്ക്ക് കൈമാറും. തുടര്‍ന്ന് അവര്‍ രൂപം നല്‍കുന്ന അന്തിമപട്ടികയാണ് സര്‍ക്കാരിന് നല്‍കുക. പിന്നീട് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയശേഷം ഗവര്‍ണര്‍ക്ക് കൈമാറും. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ തടവുകാരെ വിട്ടയയ്ക്കും. ഈ വര്‍ഷം ജൂലായിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇക്കാര്യം തീരുമാനിച്ചത്. മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയയ്ക്കാനാണ് നീക്കം. ജന്മവാര്‍ഷികത്തിന് മുന്നോടിയായി ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ആദ്യ സംഘത്തെ വിട്ടയയ്ക്കുക. തുടര്‍ന്ന് അടുത്തവര്‍ഷം ഏപ്രില്‍ 10നും ഒക്ടോബര്‍ രണ്ടിനും തടവുകാരെ മോചിപ്പിക്കും. ചമ്ബാരന്‍ സത്യാഗ്രഹത്തിന്റെ വാര്‍ഷികമായതിനാലാണ് ഏപ്രില്‍ 10 തിരഞ്ഞെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക