Image

നമ്മളൊന്നാണ് (ഗീത രാജീവ്)

Published on 04 September, 2018
നമ്മളൊന്നാണ് (ഗീത രാജീവ്)
 'One Caste, one Religion, One God, For Mankind...

ദൈവമേ കാത്തുകൊള്‍കങ്ങു കെവിടാതിങ്ങു ഞങ്ങളെ എന്നു പ്രാര്‍ത്ഥിക്കുവാനാണ് കുട്ടിക്കാലം മുതല്‍ പഠിച്ചത് .അറിവല്ലാതെ ആനന്ദമല്ലാതെ വേറൊരു ദൈവമില്ല എന്നാണ് ഗുരുക്കന്മാര്‍ പഠിപ്പിച്ചത് എന്നിട്ടും അന്ന് തൊട്ടു ഇന്നുവരെ ദൈവത്തിന്റെ കൃത്യമായൊരു മുഖം കാണാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട് . ഇന്നിപ്പോള്‍ നിങ്ങളിലോരോരുത്തരിലും ഞാനതു കണ്ടു കഴിഞ്ഞു .ചില ദൈവങ്ങള്‍ നിശബ്ദമാക്കിക്കളഞ്ഞു ...കരയിച്ചു കളഞ്ഞു .ദൈവത്തിന്റെ സ്വന്തം നാടെന്ന വാക്കിന് ആത്മാവ് പണിതെടുത്ത ദിനങ്ങളിലൂടെയാണ് നാം കടന്നുപോയത് .

ധര്‍മ്മിഷ്ഠനില്‍ ധാര്‍മ്മിഷ്ഠനായ അര്‍ജുനന്‍ പോലും യുദ്ധക്കളത്തില്‍ പതറി പോയിട്ടുണ്ട് . എന്നാല്‍ നമ്മള്‍ ഒന്നാണ് നാം ഇതും അതിജീവിക്കും എന്നുറപ്പ് നല്‍കി ആശ്വസവും പ്രതീക്ഷയും നല്‍കി സമചിത്തതയുള്ള വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഒരു ജനതയെ ധീരമായി നയിക്കാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്....അതില്‍ അദ്ദേഹം അഭിനന്ദനം അര്ഹിക്കുന്നു . .ചേര്‍ത്തുപിടിക്കേണ്ട സന്ദര്‍ഭത്തില്‍ ചേര്‍ത്തുപിടിച്ചില്ലങ്കില്‍ പിന്നെ നാളെ നാം വിമര്‍ശിക്കാന്‍ അര്‍ഹരാവില്ല .

കേരളം ഒറ്റകെട്ടായി നേരിട്ട ഈ വിപത്തില്‍ ഓരോരുത്തരുടെയും പങ്കു മലയാളിമനസ്സില്‍ ഉറങ്ങി കിടന്ന എൈക്യത്തിന്റെയും സംസ്‌കാരത്തിന്റെയും സാമുഹിക പ്രതിബദ്ധതയുടെയും ഉണര്‍വായിരുന്നു .ഒരു ജനാധിപത്യ രാജ്യത്തു ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനുമില്ല എന്നു തെളിയിക്കുകകൂടിയായിരുന്നു .
ബലപ്രയോഗമില്ലാതെ ജനങ്ങളെ എകികരിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. അതിനാണ് ഗാന്ധിജിക്ക് അന്തര്‍ ദേശിയ അംഗികാരം നേടികൊടുത്തത് . മാനവികത എന്നത് പ്രസംഗ പീടത്തിലെ വാചാലതള്‍കൊണ്ട് അഭിനയിക്കപ്പെടേണ്ട ഒന്നല്ല, ജീവിതത്തിന്റെ സര്‍വ്വമുഹൂര്‍ത്തങ്ങളിലും വിളക്കിചേര്‍ക്കപ്പെടെണ്ട ഒന്നാണന്നു ഗാന്ധിജി വിണ്ടും വിണ്ടും ഓര്‍മ്മിപ്പിച്ചു.

മനുഷ്യനെന്ന നിലയില്‍ അവന് ലോകത്തോടുള്ള ബന്ധം ആവിഷ്‌കരിക്കപ്പെടുന്നത് 'സ്‌നേഹത്തിനു പകരം സ്നേഹവും വിശ്വാസത്തിപകരം വിശ്വാസവും' തിരികെ ലഭിക്കുന്നതിലുടെയാണെന്ന് മാക്‌സും പറയുന്നു .
നീ നിന്നപ്പോലെ നിന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക യെന്നു യേശു പറഞ്ഞപ്പോള്‍ 'അവനനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായുവരേണമെന്നു നാരായണഗുരുവും .എല്ലാം ഒന്നല്ലേ ,...?? ഇതൊക്കെയല്ലേ ഈ ദിവസങ്ങളില്‍ ഇവിടെ നാം അനുഭവിച്ചത്. അഭിമാന നിമിഷമാണ് നമുക്കിത് .

ഇത്രയും എഴുതികഴിഞ്ഞപ്പോഴേക്കും മേശപ്പുറത്ത് അലക്ഷ്യമായി ഇട്ടിരുന്ന നടരാജഗുരുവിന്റെ ഗുരുവരിളിലേക്ക് എന്റെ. കണ്ണുകള്‍ ഉടക്കി .നാരായണഗുരുവിനെ നേരില്‍ കണ്ട ഒരു സാധാരണക്കാരന്റെ ഗദ്ഗദങ്ങളാണ് കണ്ണില്‍ പെട്ടത് , അതിലുടെയൊന്നു കടന്നുപോകുന്നു
''എന്റെ വീട്ടിനടുത്തുള്ള ഒരുധനികന്റെ ഗൃഹത്തില്‍ ഗുരു വരുന്നതായി ഞാന്‍ കേട്ടറിഞ്ഞു. വളരെ നാളായി ഞാന്‍ അദേഹത്തെ പറ്റി കേള്‍ക്കു
ന്നുണ്ടായിരുന്നു. നേരിട്ടു കാണുവാന്‍ മോഹം തോന്നി . അതുകൊണ്ട് കിട്ടിയ അവസരം പാഴാക്കരുതെന്ന് കരുതി ഞാനവിടെ ഓടിയെത്തി .ഗുരു വന്നിട്ടുണ്ടായിരുന്നു .അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് പെട്ടന്നോര്‍മ്മ വന്നത് ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയാണ് .

ഗുരുവിന്റെ ഒരനുഗ്രഹവചസ്സ്‌കൊണ്ട് രോഗം മാറാന്‍ കൊതിച്ചവരും അവിടുത്തെ കാരുണ്യം കൊണ്ട് കുടുംബത്തിന് ബാധിച്ച ആപത്ത് ഒഴിഞ്ഞ്കിട്ടുവാന്‍ വേണ്ടി പ്രാര്ത്ഥിുച്ചവരുമായി ഒട്ടനേകം പേര്‍ അവിടെ കൂടിയിരുന്നു .ചിലര്‍ ആ പാവനപാദങ്ങളില്‍ പുരണ്ടിരുന്ന പൊടി അവരുടെ നെറുകയില്‍ അണിയുവാന്‍ അവസരം കാത്തുനില്ക്കുകയാണ് . മറ്റു ചിലര്‍ ആ വിശുദ്ധ ചരണം കഴുകി കിട്ടിയ തീര്ത്ഥത്തിനായ് കാത്തുനില്ക്കുന്നുണ്ട്. ഇങ്ങനെയാണ് പുരുഷാരത്തിനിടയില്‍ യേശുമിശിഹാ സഞ്ചരിച്ചിരുന്നതായി ഞങ്ങളുടെ വേദപുസ്തകത്തില്‍ നിന്നും ഞാന്‍ വായിച്ച് കേട്ടതും ....
എനിക്ക് ഗുരുവിനെ വീട്ടിലെക്കൊന്നു ക്ഷണിക്കണം . ഞാനാകപ്പാടെ കുഴങ്ങി. എന്റെ ഇംഗിതം എങ്ങനെ ഉണര്‍ത്തി ക്കാനാണ് ! ഞാനോരേഴ : വിദ്യയും ധനവുമില്ലാത്ത കൂലിപണിക്കാരന്‍ . എന്റെ കുടിലില്‍ ആ മഹാത്മാവ് വരുമോ എന്തായാലും ക്ഷണിക്കുകതന്നേ . വരുന്നത് വരട്ടേ .

ഞാന്‍ പറഞ്ഞുതീരും മുന്പ് കരുണാനിധിയായ ആ സ്‌നേഹസ്വരൂപന്‍ എന്നോടൊപ്പം വീട്ടിലേക്കു വരാമെന്ന് സമ്മതിച്ചു. ആ സമയത്ത് എന്റെ ഉള്ളില്‍ പൊട്ടിനിറഞ്ഞ ആനന്ദം നാമെങ്ങനെ പറയാനാണ് !
അല്പസമയത്തിനുള്ളില്‍ ഗുരു എന്നോടൊപ്പം എന്റെ കുടിലിലേക്ക് തിരിച്ചു.. പോകുന്ന വഴിക്ക് വാത്സ്യല്യം നിറഞ്ഞ വാക്കുകളോടുകൂടി എന്റെയും കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും എല്ലാവിവരങ്ങളും ചോദിച്ചറിഞ്ഞു . വീടിനോടടുക്കാറായപ്പോള്‍ ഞാന്‍ മാപ്പു ചോദിച്ച് മറുവഴിയായിട്ട് വീട്ടിലേക്കോടി . ആരാണെന്റെ അതിഥി ? വീട് ഒത്തവണ്ണമൊന്നു ഒരുക്കിവെയ്ക്കണ്ടേ..?

ഞാന്‍ എന്റെ കുഞ്ഞുങ്ങളെ അവര്‍ക്കുണ്ടായിരുന്ന ഏറ്റവും നല്ല കുപ്പായങ്ങള്‍ അണിയിച്ചു .ഗുരുവിനിരിക്കാനുള്ള കസേരയില്‍ ഒരലക്കിയ വസ്ത്രം വിരിച്ചു. അതിനടുത്ത് ചന്ദനത്തിരികള്‍ കത്തിച്ചുവെച്ചു. ഒരു വലിയ പിച്ചള പാത്രത്തില്‍ വെള്ളവും നിറച്ചുവെച്ചുകൊണ്ട് ഞാനുമ്മറത്തു നിന്നു. ഇരുളുകീറിയ ആദിത്യനെപോലെ ആ മഹാജ്ഞാനി എന്റെ കൊച്ചു പടിവാതിലില്‍ എത്തി. ഞാന്‍ തന്നെ കുനിഞ്ഞ് ആ പവിത്രപാദങ്ങളില്‍ വെള്ളമൊഴിച്ച് കഴുകി. അദേഹം ആദ്യം അതിന് വിസമ്മതിച്ചു എങ്കിലും അവസാനം എന്റെ നിര്‍ബന്ധത്തിന് വിധേയനായി. കാരുണൃദാതാവായ ഗുരു വാത്സല്യപൂര്‍വ്വം എന്റെ ആനതമായ മൂര്‍ദ്ദാവില്‍ തൊട്ട് അമുല്യമായ അനുഗ്രഹം എന്നിലര്‍പ്പി ച്ചപ്പോള്‍ അതിന്റെ മഹിതശക്തി എന്റെ അന്തരാത്മാവിന്റെ ആഴത്തില്‍ അപൂര്‍വ്വമായ ആനന്ദം നിറക്കുന്നതായി എനിക്കനുഭവപ്പെട്ടു.
ഗുരു ഇരുന്നതിനുശേഷം അദേഹത്തിന് പാദങ്ങളില്‍ വീണുചുംബിക്കുവാന്‍ ഞാനെന്റെ മകനോടു പറഞ്ഞു.

അവനോട് ഗുരു വാല്‍സല്യപുര്‍ വ്വം ' ഏത് ക്‌ളാസില്‍ പഠിക്കുന്നുവെന്ന് ചോദിച്ചു .പഠനത്തില്‍ ശുഷ്‌കാന്തികാണിക്കുവാന്‍ ഉപദേശിച്ചു . അതിന് ശേഷം അടുത്തുനിന്നിരുന്ന ഒരു അനുയായിയോട് ഒരു രൂപ കൊടുക്കുവാന്‍ അവിടുന്നു കല്പിച്ചു. അതവന്‍ ഗുരുവില്‍ നിന്നും വാങ്ങുമ്പോള്‍ ഗുരു അവനെ ഉപദേശിച്ചു: ആ പണം സംഭാവനയല്ല , വളര്‍ന്നു വലിയ ആളായി തീരുമ്പോള്‍ ആപണം വീണ്ടും പൊതുനന്മക്കായ് ഉപയോഗിക്കണം . പോകുന്നതിനുമുന്പായി ഗുരു എന്റെ നേര്‍ക്കു തിരിഞ്ഞ് ഞാനൊരിക്കലും അദ്ദേഹത്തെ ഒരന്യനായി കരുതരുതെന്ന് ഓര്‍മ്മപ്പെടുത്തി.ആ സ്‌നേഹനിധി പറഞ്ഞ അവസാനത്തെ വാക്കുകള്‍ ഞാന്‍ ഇന്നും എന്റെകാതില്‍ കേള്‍ക്കുന്നു .'നമ്മളൊന്നാണ്'' '

.. യതി പറയുന്നു ''എല്ലാതരത്തിലുള്ള സാമുദായിക വൈര്യങ്ങളും യുദ്ധങ്ങളും ഭീഷണികളും എല്ലാം ഉണ്ടാകുന്നത് നന്മക്കു പകരം ക്രോധം വേറൊരാളിലേക്ക് പര്‍ന്നു വെയ്ക്കുവാന്‍ കഴിയുന്നത് കൊണ്ടാണ്. അതിനെ തടയുവാന്‍ ഒരു വഴിയേയുള്ളൂ . മനസിന്റെ വികാസത്തെ എറ്റവും വലിയ വിശാലതയില്‍വേച്ചു ജീവിക്കുക.''
അതിനു നാം ബുദ്ധനും ക്രിസ്തുവോന്നും ആകേണ്ടതില്ല ' .ഞങ്ങളുടെ കുടപ്പിറപ്പികളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് കശുവേണ്ട സര്‍ എന്നു പറഞ്ഞ കയസിന്റെ വാക്കുകളാണ് നാമിനി ആവര്‍ത്തിക്ക പ്പെടെണ്ടത്...''.

ദുരന്തക്കയത്തില്‍ നിന്നും ജീവിതത്തിലേക്കു കയറിവരാന്‍ ജൈസല്‍ വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന് സ്വന്തം മുതുക് നിവര്‍ത്തിക്കൊടുക്കുന്ന ചിത്രം ഏവരുടെയും കണ്ണുനിറയുകയും ഉള്ളം വിതുമ്പുകയും ചെയ്തതാണ്.....നമ്മുടെ യുവാക്കള്‍ ഈ ദുരന്ത മുഖത്തു കാണിച്ച ഇപ്പോഴും കാണിക്കുന്ന മാതൃകാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രത്യാശ നല്‍കുന്നവയാണ്...

സ്‌നേഹമെന്ന മൂല്യത്തില്‍ എല്ലാ മൂല്യങ്ങളും ഇഴുകിച്ചേരുന്നുണ്ട്. സത്യത്തെയോ, അഹിംസയെയോ ഉള്‍ക്കൊള്ളാതെ സ്‌നേഹത്തിന് നില്കാനാവില്ല. പ്രണയം എന്ന ആ മഹാ ദൗത്യത്തിലേക്ക് പതുക്കെ പതുക്കെയാണെങ്കിലും നാം ഇറങ്ങിചെന്നിരിക്കുന്നു....മലയാളികള്‍ സകലതും മറന്ന് ഒന്നാകുന്നത് നാം കണ്ടു. ഇതല്ലേ നാം സ്വപ്നം കണ്ടകേരളം ..??എ ന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും കേരളീയസമൂഹത്തിന്റെ അത്യുദാത്തമായ നന്മ അവരുടെ ഒരുമയിലും കരുണയിലും പ്രതിഫലിക്കുകയാണ്.

'നമ്മുടെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കേണ്ടത് ഇപ്പോള്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധ മാറി മറ്റ് തര്‍ക്കങ്ങളിലേക്ക് കടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂ. യെന്ന മുഖൃമന്ത്രിയുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും ,ലോകം മുഴുവന്‍ സഹായഹസ്തവുമായി നില്ക്‌മ്പോള്‍ ഓരോ ഹൃദയത്തിലും പെയ്തിറങ്ങിയ ഈ അന്പിന്റെ , അരുളിന്റെ ഈ ഉരുള്‍പൊട്ടല്‍ തീ മഴയെ അണയാതെ മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെയും

'ഒന്നായ മാനവര്‍ക്കൊറ്റനീതി
'ഈ മണ്ണു നമ്മുടെ ആകെ ഭൂമി
ഒന്നായ് പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്ക്കുമോമനകള്‍ '
എന്ന യതിയുടെ ഈ വരികളെ ഓര്മ്മിപ്പിച്ചുകൊണ്ടും
ഞാനിതിവിടെ സമര്‍പ്പിക്കുന്നു ''കൂടെ നില്കാം കൂട്ടിരിക്കാം ...'അതാവട്ടെ നമ്മുടെ ഗുരു ഭക്തി ..അഭിമാനത്തോടെയും അദരവോടെയും
ഗീത രാജീവ്.

https://donation.cmdrf.kerala.gov.in/
Guru illustration :sashi memuri

നമ്മളൊന്നാണ് (ഗീത രാജീവ്)
Join WhatsApp News
ബിജുപുരുഷോത്തമൻ 2018-09-07 03:11:38
നല്ലെഴുത് നന്നായിട്ടുണ്ട് , 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക