Image

അതിക്രമങ്ങള്‍ക്കെതിരെ പോരാട്ട ആഹ്വാനവുമായി ഡല്‍ഹിയില്‍ മഹിളാ റാലി

Published on 05 September, 2018
അതിക്രമങ്ങള്‍ക്കെതിരെ പോരാട്ട ആഹ്വാനവുമായി ഡല്‍ഹിയില്‍ മഹിളാ റാലി

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാട്ട ആഹ്വാനവുമായി ഡല്‍ഹിയില്‍ മഹിളാ റാലി. കനത്ത മഴയിലും അണയാതെ നിന്ന പ്രതിഷേധവുമായി പതിനായിരങ്ങള്‍ പാര്‍ലമെന്റ് റാലിയില്‍ അണിനിരന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ മണ്ഡിഹൗസില്‍നിന്ന് പകല്‍ 11.30നാണ് റാലി തുടങ്ങിയത്. 23 സംസ്ഥാനങ്ങളില്‍നിന്നെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച്‌ ചെയ്തത്.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രക്ഷോഭകരെ വേദിയിലെത്തി അഭിവാദ്യം ചെയ്തു. ചരിത്രത്തിലില്ലാത്തവിധം വര്‍ഗീയ അതിക്രമങ്ങള്‍ രാജ്യത്ത് പെരുകുമ്ബോള്‍ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നതെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ‌്ത മഹിളാ അസോസിയേഷന്‍ രക്ഷാധികാരി ബൃന്ദ കാരാട്ട് പറഞ്ഞു. നാലുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ 34 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഭയം വിതച്ച്‌ എല്ലാവരെയും നിശ്ശബ്ദമാക്കുന്ന ആര്‍എസ്‌എസ് സംസ്കാരം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കും- ബൃന്ദ പറഞ്ഞു. വൈസ് പ്രസിഡന്റ് സുഭാഷിണി അലി, ട്രഷറര്‍ പി കെ ശ്രീമതി എംപി, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ആശ ശര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി മറിയം ധാവ്ലെ പ്രമേയം അവതരിപ്പിച്ചു.

കഠ്വയില്‍ ക്രൂരകൊലപാതകത്തിനിരയായ എട്ടുവയസ്സുകാരിക്ക് നീതിക്കായി പോരാടുന്ന കശ്മീരില്‍നിന്നുള്ള അഭിഭാഷക ദീപിക സിങ് രജാവത്ത്, യുപിയിലെ ഉന്നാവയില്‍ ബിജെപി എംഎല്‍എ പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിങ് മാഖി തുടങ്ങിയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക