Image

ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡില്‍ വി. കുര്‍ബാന അര്‍പ്പിച്ചു; മോചനത്തിനു ശ്രമിച്ചവര്‍ക്ക് നന്ദി

Published on 05 September, 2018
ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡില്‍ വി. കുര്‍ബാന അര്‍പ്പിച്ചു;  മോചനത്തിനു ശ്രമിച്ചവര്‍ക്ക് നന്ദി
ന്യൂയോര്‍ക്ക്: യമനില്‍ ഒന്നര വര്‍ഷത്തിലേറെ ഭീകരരുടെ തടവില്‍ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലില്‍ ശാരീരിക അവശതകള്‍ മറന്ന് റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (വെസ്ലി ഹില്‍സ്) വി. കുര്‍ബാന അര്‍പ്പിച്ചു. അദ്ദേഹത്തോടൊപ്പം ബാംഗ്ലൂരില്‍ നിന്നു വന്ന സാലേഷ്യല്‍ വൈസ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് കോയിക്കല്‍, വികാരി ഫാ. തദേവൂസ് അരവിന്ദത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

താന്‍ തടവിലായിരുന്നപ്പോള്‍ തന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് ഫാ. ടോം നന്ദി പറഞ്ഞു. ഭരണകൂടം ഇല്ലാത്ത അവസ്ഥയിലേക്ക് യമന്‍ എത്തിപ്പെട്ടതിന്റെ ചരിത്രവും അദ്ദേഹം വിവരിച്ചു. ഇസ്ലാമിക രാജ്യമായ യമനില്‍ മദര്‍ തെരേസയുടെ സിസ്റ്റേഴ്സിനെ 1973-ല്‍ അന്നത്തെ പ്രസിഡന്റാണ് സ്വാഗതം ചെയ്തത്. ഏഡന്‍ കേന്ദ്രീകരിച്ചായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്. അബുദാബിയിലുള്ള ബിഷപ്പിനാണ് യമന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ കത്തോലിക്കരുടെ മേല്‍ അധികാരം.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഠത്തോടനുബന്ധിച്ച് പുരോഹിതനെക്കൂടി അനുവദിച്ചത്. 2016-ലാണ് താന്‍ എത്തുന്നത്. അഞ്ച് സിസ്റ്റേഴ്സാണ് അവിടെ ഉണ്ടായിരുന്നത്.

രാജ്യം ആഭ്യന്തര കലാപത്തിലായതോടെ ഭക്ഷണത്തിനു പോലും പ്രയാസമായി. എന്നിട്ടും ഒരു മുസ്ലീം മഠത്തില്‍ ബ്രഡ് നല്‍കിക്കൊണ്ടിരുന്നു. ദൈവപരിപാലന തന്നെ. ഒരു ദിവസം അയാള്‍ കുറച്ചു ഗോതമ്പുപൊടി കൊണ്ടുവന്നു കൊടുത്തിട്ട് ഇനി ഒന്നും കിട്ടാന്‍ സാധ്യതയില്ലെന്നറിയിച്ചു.

ഭീകരാക്രമണത്തില്‍ 5 സിസ്റ്റര്‍മാരും കൊല്ലപ്പെടുമെന്നാണ് താന്‍ കരുതിയത്. തന്നെ കസ്റ്റഡിയിലാക്കി അവര്‍ കൊണ്ടുപോയെങ്കിലും ശാരീരികമായി ഉപദ്രവിച്ചില്ല. പ്രാര്‍ത്ഥനയും പ്രതീക്ഷയുമായി താന്‍ കഴിച്ചുകൂട്ടി. രക്ഷപെടാനൊന്നും ശ്രമിച്ചില്ല.

തന്നെ മോചിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റും, വത്തിക്കാനും മറ്റു പലരും ശ്രമിച്ചു. അതാരൊക്കെയാണെന്ന് അറിയില്ല. അവരോടൊക്കെ നന്ദിയുണ്ട്.

സിസ്റ്റര്‍മാരില്‍ ഒരാള്‍ ഒരു ഫ്രിഡ്ജില്‍ കയറി രക്ഷപെടുകയായിരുന്നു. ഭീകരര്‍ എല്ലാ ഭാഗവും അരിച്ചുപെറുക്കിയെങ്കിലും ആ ഫ്രിഡ്ജില്‍ നോക്കിയില്ല. സിസ്റ്റര്‍ സാലി ഭാഗ്യവശാല്‍ രക്ഷപെട്ടു.

രണ്ടു തവണയായി ഏഴു സിസ്റ്റര്‍മാരാണ് അവിടെ കൊല്ലപ്പെട്ടത്. ഇപ്പോള്‍ ഏഴുപേര്‍ പുതുതായി അവിടെ സേവനം അനുഷ്ഠിക്കുന്നു. വൈദീകരില്ല. ഇനിയും തന്നെ അവിടെ സേവനത്തിനു നിയോഗിച്ചാല്‍ പോകാന്‍ മടിക്കില്ല. തടവിലായിരുന്നപ്പോള്‍ ഡയബെറ്റിക്സിനും മറ്റും മരുന്നില്ലാതെ ഏറെ വിഷമിച്ചു.

ശാരീരികമായ അവശതകളുണ്ടെങ്കിലും അച്ചന്റെ സാക്ഷ്യം ആളുകള്‍ക്ക് പ്രചോദനമാകുമെന്നു കരുതിയാണ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നു ഫാ. ജോസ് കോയിക്കല്‍ പറഞ്ഞു. ഇവരോടൊപ്പം പ്രോവിന്‍സിലെ പ്രൊക്യുറേറ്റര്‍ ഫാ. ഷാല്‍വിനും ഉണ്ട്.

പ്രാര്‍ത്ഥനയിലും ദൈവാശ്രയത്തിലും ജീവിക്കാന്‍ ഫാ. ടോം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡില്‍ വി. കുര്‍ബാന അര്‍പ്പിച്ചു;  മോചനത്തിനു ശ്രമിച്ചവര്‍ക്ക് നന്ദി ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡില്‍ വി. കുര്‍ബാന അര്‍പ്പിച്ചു;  മോചനത്തിനു ശ്രമിച്ചവര്‍ക്ക് നന്ദി ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡില്‍ വി. കുര്‍ബാന അര്‍പ്പിച്ചു;  മോചനത്തിനു ശ്രമിച്ചവര്‍ക്ക് നന്ദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക