Image

അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനം ഉടനെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി

Published on 02 April, 2012
അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനം ഉടനെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി
ദോഹ: ലീഗിന്‍െറ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കകം അന്തിമതീരുമാനമുണ്ടാകുമെന്ന്‌ സംസ്ഥാന വ്യവസായമന്ത്രിയും മുസ്ലിം ലീഗ്‌ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകളെല്ലാം ഇതിനകം നടന്നുകഴിഞ്ഞെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകാനിരിക്കെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കുഞ്ഞാലിക്കുട്ടി കെ.എം.സി.സി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ചില ആപ്പ, ഊപ്പകളാണ്‌ കേരളം ഭരിക്കുന്നതെന്നും ഭരണത്തിന്‍െറ നിയന്ത്രണം ലീഗിനാണെന്നുമുള്ള പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍െറ പ്രസ്‌താവനയെ പരാമര്‍ശിച്ച്‌ ലീഗും ഭരിക്കുന്നുണ്ടെന്നും അത്‌ അദ്ദേഹം ഇപ്പോള്‍ മാത്രമാണ്‌ മനസ്സിലാക്കുന്നതെന്നും വി.എസിന്‍െറ ചില അസുഖങ്ങളുടെ ഭാഗമാണ്‌ ഇത്തരം പ്രസ്‌താവനകളെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ചില സമുദായങ്ങളെ അദ്ദേഹം കാണാതെ പോകുകയാണ്‌. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച കെ. മുരളീധരന്‍െറ പ്രസ്‌താവനയില്‍ ലീഗിനെ പരാമര്‍ശിച്ചിട്ടില്ലെന്നും ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ്‌ അദ്ദേഹം ചെയ്‌തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗിനെ കേരള ജനതക്ക്‌ നന്നായറിയാം. മതസൗഹാര്‍ദത്തിന്‌ കോട്ടം തട്ടിക്കുന്ന ഒരു നീക്കവും ലീഗില്‍ നിന്നുണ്ടാവില്ല. ലീഗിന്‍െറ മന്ത്രിസ്ഥാനം ഒരു നിലക്കും മതേതരത്വത്തെ ബാധിക്കുന്നതല്ല. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്‌ തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ ലീഗ്‌ അംഗീകരിക്കുമെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാരുടെ ജീവിത മാര്‍ഗം മെച്ചപ്പെടുത്താനും ചികില്‍സാ സൗകര്യങ്ങളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതികളാണ്‌ യു.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പാക്കിുന്നത്‌. സര്‍ക്കാറിന്‍െറ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ച ജനകീയാംഗീകാരമാണ്‌ പിറവം വിജയം. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത്‌ യുവാക്കളുടെ തൊഴില്‍ സാധ്യതകളെ ബാധിച്ചിട്ടില്ല. പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകും വിധം വിനിയോഗിക്കുക എന്നതാണ്‌ സര്‍ക്കാര്‍ നയം. കേരളത്തിലേക്ക്‌ അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്‌ വര്‍ധിച്ചത്‌ സംസ്ഥാനത്തിന്‍െറ വളര്‍ച്ചയുടെ സൂചനയായാണ്‌ കാണേണ്ടത്‌. കേരളത്തില്‍ വ്യവസായങ്ങള്‍ വേരുപിടിക്കില്ലെന്ന ധാരണ പഴങ്കഥയാണ്‌. സംസ്ഥാനത്തിന്‍െറ മുഖം മാറുമ്പോള്‍ ചില ആപ്പ, ഊപ്പകള്‍ തടസ്സം നില്‍ക്കാതിരിക്കുയാണ്‌ വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എം.സി.സി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ്‌ പി.എസ്‌.എച്ച്‌ തങ്ങള്‍, സെക്രട്ടറിയേറ്റംഗം എം.പി ഷാഫി ഹാജി എന്നിവരും പങ്കെടുത്തു.
അഞ്ചാം മന്ത്രിസ്ഥാനം: തീരുമാനം ഉടനെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക