Image

കസ്റ്റംസ്‌ മേഖലയിലെ സഹകരണം: ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു

Published on 02 April, 2012
കസ്റ്റംസ്‌ മേഖലയിലെ സഹകരണം: ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു
അബൂദബി: കസ്റ്റംസ്‌ മേഖലയില്‍ സഹകരണവും പരസ്‌പര സഹായവും ഉറപ്പാക്കാനുള്ള കരാറില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കസ്റ്റംസ്‌ വിഭാഗത്തിന്‍െറ സംയുക്ത പരിശീലനവും വിദഗ്‌ധരുടെ സന്ദര്‍ശനങ്ങളുമുണ്ടാകും. നിയമ വിരുദ്ധ വസ്‌തുക്കളുടെ കടത്ത്‌ തടയുന്നത്‌ ഉള്‍പ്പെടെ സുപ്രധാന കാര്യങ്ങളില്‍ സഹകരണമുണ്ടാകുന്നത്‌ സുരക്ഷപ്രതിരോധ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും.

അബൂദബിയിലെത്തിയ ഇന്ത്യന്‍ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്‍ഡ്‌ കസ്റ്റംസ്‌ (സി.ബി.ഇ.സി) ചെയര്‍മാന്‍ സതീഷ്‌ കുമാര്‍ ഗോയെലും യു.എ.ഇ ഫെഡറല്‍ കസ്റ്റംസ്‌ അതോറിറ്റി (എഫ്‌.സി.എ) ആക്ടിങ്‌ ഡയറക്ടര്‍ ജനറല്‍ ഖാലിദ്‌ അലി അല്‍ ബുസ്‌താനിയുമാണ്‌ ഒപ്പുവെച്ചത്‌. ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ്‌, കോണ്‍സല്‍ ജനറല്‍ സഞ്‌ജയ്‌ വര്‍മ എന്നിവര്‍ക്ക്‌ പുറമെ ഇരു ഭാഗത്തെയും ഉന്നതര്‍ സന്നിഹിതരായി.

കരാറിന്‍െറ ഫലമായി വ്യാപാര, സാമ്പത്തിക ബന്ധം ശക്തിപ്പെടും. രണ്ടു രാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ, സാമൂഹിക, സാംസ്‌കാരിക താല്‍പര്യങ്ങളെ ഹാനികരമായി ബാധിക്കുന്ന വിധത്തിലുള്ള കസ്റ്റംസ്‌ നിയമ ലംഘനങ്ങള്‍ തടയും. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം, ഇന്ത്യയുടെയോ യു.എ.ഇയുടെയോ സുരക്ഷയെ ബാധിക്കുന്ന ഒരു വസ്‌തുവിന്‍െറയും കയറ്റിറക്കുമതി അനുവദിക്കില്ല. സാമൂഹിക, സാമ്പത്തിക സുരക്ഷക്ക്‌ ഭീഷണിയാകുന്ന വസ്‌തുക്കളും അനുവദിക്കില്ല.

ആയുധം, മയക്കുമരുന്ന്‌ ഉള്‍പ്പെടെയുള്ളവയുടെ കടത്ത്‌ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കും. ഷിപ്‌മെന്‍റ്‌ വിവരങ്ങള്‍ പരസ്‌പരം കൈമാറും. കയറ്റുമതി, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട നികുതി ഉള്‍പ്പെടെയുള്ളവ കൃത്യമായി കണക്കാക്കാനും ശേഖരിക്കാനും ഷിപ്‌മെന്‍റ്‌ വിവര കൈമാറ്റം സഹായിക്കും. പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങള്‍ക്കനുസൃതമായും ലോക കസ്റ്റംസ്‌ സംഘടന, ജി.സി.സി കസ്റ്റംസ്‌ നിയമം, യു.എ.ഇയിലെ നിയമങ്ങള്‍ എന്നിവ പാലിച്ചുമാണ്‌ കരാര്‍ തയാറാക്കിയത്‌.

കസ്റ്റംസ്‌ മേഖലയിലെ സഹകരണം: ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക