Image

കുട്ടനാട്ടിലെ പ്രളയജലം വറ്റിക്കാന്‍ തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തകരെത്തി

Published on 06 September, 2018
കുട്ടനാട്ടിലെ പ്രളയജലം വറ്റിക്കാന്‍ തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തകരെത്തി
വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ രണ്ടാഴ്‌ചയോളം കുടുങ്ങിക്കിടന്ന 12 കുട്ടികളെയും കോച്ചിനെയും ഒരുപോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുത്തിയവര്‍ കുട്ടനാട്ടിലെ പ്രളയജലം വറ്റിക്കാനുമെത്തി.

ജലസംബന്ധമായ ദൗത്യങ്ങള്‍ക്കു പേരുകേട്ട സൈലം വാട്ടര്‍ സൊല്യൂഷന്‍സ്‌ എന്ന കമ്പനി കുട്ടനാട്ടില്‍ നടത്തുന്ന പമ്പിങ്ങിന്‌ നേതൃത്വം വഹിക്കുന്നത്‌ അമേരിക്കക്കാരന്‍ റോബര്‍ട്ട്‌ സ്‌പിന്നറും ഇംഗ്ലണ്ടുകാരന്‍ ആദം ഡ്രെയ്‌ക്ലിയും ആണ്‌. ഇരുവരും കമ്പനിയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണെന്ന്‌ മനോരമ റിപ്പോര്‍ട്ട്‌ ചെയ്‌തു.

പ്രളയക്കെടുതിയില്‍ നിന്ന്‌ കുട്ടനാട്ടിനെ പൂര്‍വ്വസ്ഥിതിയിലേക്ക്‌ കൊണ്ടുവരാന്‍ ഒരാഴ്‌ച മുമ്പ്‌ തന്നെ ആദം ആലപ്പുഴയിലെത്തിയിരുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍ സൗജന്യസേവനത്തിനാണു കമ്പനി സംഘത്തെ അയച്ചത്‌.

പമ്പുകള്‍ സ്ഥാപിക്കേണ്ട സ്ഥലം നിശ്ചയിക്കലും അനുബന്ധ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ്‌ ചൊവ്വാഴ്‌ച അദ്ദേഹം ഇംഗ്ലണ്ടിലേക്കു മടങ്ങി. ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി റോബര്‍ട്ട്‌ ഇന്നു ഫിലഡല്‍ഫിയയിലേക്കു തിരിക്കും.

ആദ്യമായാണ്‌ റോബര്‍ട്ട്‌ ഇന്ത്യയിലെത്തുന്നത്‌. ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു തായ്‌ലന്‍ഡിലേത്‌. അമ്പരപ്പിക്കുന്ന നാശനഷ്ടങ്ങളാണു കുട്ടനാട്ടില്‍ കണ്ടത്‌. സേവനം ചെയ്യാന്‍ എന്നും സന്തോഷമേയുള്ളു. പമ്പുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. എന്റെ ജോലി കഴിഞ്ഞു' റോബര്‍ട്ട്‌ പറഞ്ഞു.

പ്രളയജലം വറ്റിക്കാന്‍ പന്ത്രണ്ട്‌ കൂറ്റന്‍ പമ്പുകളാണ്‌ ദുബായില്‍ നിന്ന്‌ എത്തിച്ചത്‌. രണ്ടു ബാര്‍ജുകളിലായി 11 എണ്ണം കുട്ടനാട്ടിലെ പാടങ്ങളിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക