Image

1984- കോണ്‍ഗ്രസിന് കൈകഴുകി ഒഴിയുവാന്‍ ആകുമോ രാഹുല്‍? (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 07 September, 2018
1984- കോണ്‍ഗ്രസിന് കൈകഴുകി ഒഴിയുവാന്‍ ആകുമോ രാഹുല്‍? (ഡല്‍ഹികത്ത് : പി.വി.തോമസ് )
1984 ഒക്ടോബര്‍ 31-ാം തീയതി രാവിലെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിജിക്ക് സംരക്ഷക ഭടന്മാരുടെ വെടിയേറ്റ് ഔദ്യോഗിക വസതിയായ ഒന്നാം നമ്പര്‍ സഫ്ദര്‍ ജംങ് റോഡില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആവുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദല്‍ഹിയിലെ ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് മരിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് ദല്‍ഹിയിലും രാജ്യത്ത് ഉടനീളവും സിക്ക് വിരുദ്ധ വംശീയ കലാപം ഉണ്ടായി. മൂവായിരത്തോളം സിക്ക് വംശജര്‍ കൊലചെയ്യപ്പെട്ടു. കോടിക്കണക്കിന് വരുന്ന അവരുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ഇതിന്റെ പിന്നില്‍ അന്നത്തെ കോണ്‍ഗ്രസ് ഭരണാധികാരികള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നതെന്ന് പരസ്യമായ ഒരു സത്യം ആണ്. പക്ഷേ, 1984-ലെ സിക്ക് വിരുദ്ധകലാപത്തില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, രണ്ടാഴ്ച മുമ്പ് ലണ്ടനില്‍ വച്ച് ഒരു സന്ദര്‍ശനവേളയില്‍ ചോദ്യത്തിന് ഉത്തരമായി പ്രസ്താവിച്ചു. ഇത് വിവാദം ആയി. അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം ആണെന്ന് ബി.ജെ.പി.യും രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നു. ഇത് പരിശോധിക്കപ്പെടേണ്ട ഒരു രാഷ്ട്രീയ യാഥാര്‍്തഥ്യം ആണ്.

2014-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറയുകയുണ്ടായി. 1984-ലെ സിക്ക് വിരുദ്ധ വംശീയ കലാപവേളയില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നില്ലെന്ന്. വിദ്യാര്‍ത്ഥി ആയിരുന്നു. ശരിയാണ് അത്. പക്ഷേ, കാര്യം അവിടെ തീരുന്നില്ല. കാരണം സംഭവങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് അങ്ങനെ അല്ലല്ലോ. 1984-ല്‍ രാഹുല്‍ ഗാന്ധിക്ക് 14 വയസ് ആയിരുന്നിരിക്കാം പ്രായം. അദ്ദേഹം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നിരിക്കും. വ്യക്തമായി പറഞ്ഞാല്‍ 1980 കളിലെ ഖാലിസ്ഥാന്‍ ഭീകരവാദ ഭീഷണിയെ തുടര്‍ന്ന് ദെറാഡൂണിലെ ഡൂണ്‍ സ്‌ക്കൂളില്‍ നിന്നും വെല്ലംസ് സ്‌കൂളില്‍ നിന്നും രാഹുലിനെയും സഹോദരി പ്രിയങ്കയെയും പിന്‍വലിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുകയായിരുന്നു. പക്ഷേ, ഇവിടെ വിഷയം അതല്ല.

സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് (1984) രാഹുല്‍ ലണ്ടനില്‍(ഓഗസ്റ്റ് 25) പറഞ്ഞത് ശ്രദ്ധേയം ആണ്. അദ്ദേഹം പറഞ്ഞു: അത് നൂറു ശതമാനവും  വേദനാജനകം ആണ്. കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷതന്നെ നല്‍കണം. അക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. അതൊരു വന്‍ ദുരന്തം ആയിരുന്നു. അത് വേദനാജനകമായ ഒരു അനുഭവം ആയിരുന്നു. നിങ്ങള്‍ പറയുന്നു കോണ്‍ഗ്രസ് പാര്‍ട്ടി ആയിരുന്നു അതിന്റെ പിറകിലെന്ന്. ഞാന്‍ അത് അംഗീകരിക്കുന്നില്ല. തീര്‍ച്ചയായും അവിടെ ഒരു ദുരന്തം സംഭവിച്ചു. തീര്‍ച്ചയായും അവിടെ അക്രമം സംഭവിച്ചു. ഞാനും അക്രമത്തിന്റെ ഒരു ഇര ആണ്(രാജീവ് ഗാന്ധി വധം). അതിന്റെ വേദന എനിക്കറിയാം.'

രാഹുല്‍ അവസാനം പറഞ്ഞത് ശരിയാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ഭീകരവാദത്തിന്റെയും ദുരന്തത്തിന്റെയും ഇരകള്‍ ആയിരുന്നു. പക്ഷേ, ഇവിടെ വിഷയം 1984-ലെ സിക്ക് വിരുദ്ധ നരഹത്യയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് അല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ്. കോണ്‍ഗ്രസിന് അല്ലെങ്കില്‍ വേറെ ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം?

വധിക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ സമുന്നത നേതാവും പ്രധാനമന്ത്രിയും ആയിരുന്ന ഇന്ദിരഗാന്ധി ആയിരുന്നു. അതിനുശേഷം പ്രധാനമന്ത്രി ആയത് രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധി ആയിരുന്നു. പ്രസിഡന്റ് സിക്കുകാരനായ ധ്യാനി സെയില്‍ സിംങ്ങ് ആയിരുന്നു(മുന്‍ കോണ്‍ഗ്രസ് കാരന്‍). അദ്ദേഹത്തിന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയമാതിരി കലാപത്തിന്റെ ദിനങ്ങളില്‍ അദ്ദേഹം നിസഹായന്‍ ആയിരുന്നു. രാജീവ് അദ്ദേഹത്തിന്റെ ടെലിഫോണ്‍ വിളികള്‍ക്ക് പോലും ഉത്തരം നല്‍കിയിരുന്നില്ല. അന്നത്തെ ഗൃഹമന്ത്രി മുന്‍ പ്രധാനമന്ത്രി ആയിരുന്ന പി.വി.നരസിംഹറാവു ആയിരുന്നു. രാജീവും റാവുവും സിക്കു വംശഹത്യക്ക് മൗനാനുവാദം നല്‍കി. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അതിന് മുന്‍ നിര നേതൃത്വം നല്‍കി. ഇതാണ് 1984 സംബന്ധിച്ച സത്യം. അതിന്റെ ഭാഗമായിട്ടാണ് ഇന്ദിരാഗന്ധിയുടെ ജന്മദിനമായ നവംബര്‍ 19-ന് രാജീവ് ഗാന്ധി കുപ്രസിദ്ധമായ ആ ന്യായീകരണ പ്രസ്താവന  ദല്‍ഹിയിലെ ബോട്ട് ക്ലബില്‍ വച്ചു നടത്തിയത്: 'വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ചില ചെറു പുല്ലുകള്‍ ചതഞ്ഞ് അരഞ്ഞെന്നിരിക്കാം. കാരണം അദ്ദേഹം അന്ന് വിദ്യാര്‍ത്ഥി ആയിരുന്നല്ലോ.
പക്ഷേ, ചരിത്രം ചരിത്രം ആണ്. അതൊന്നും ആരും മറക്കുകയില്ല. രാഹുല്‍ ഒരു കാര്യം ഓര്‍മ്മിക്കണം നിരവധി അന്വേഷണ കമ്മീഷനുകള്‍ എച്ച്.കെ.എല്‍.ഭഗതിന്റെയും ജഗദീഷ് ടൈറ്റലറിന്റെയും സജ്ജന്‍ കുമാറിന്റെയും നിരവധി കോണ്‍ഗ്രസ് നേതാക്കന്മാരുടെയും പേരുകള്‍ കുറ്റവാളി പട്ടികയില്‍ നിരത്തിയിട്ടുണ്ട്. ഇവരൊക്കെ ഈ കൊലക്ക് നേതൃത്വം നല്‍കിയത് അവരുടെ വ്യക്തിപരമായ നിലയില്‍ ആയിരിക്കാം എന്ന പി.ചിദംബരത്തിന്റെ ന്യായീകരണം വിലപ്പോവുകയില്ല. അതുപോലെ തന്നെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിന്റെ വാദവും. അദ്ദേഹം രാഹുലിന്റെ വിദ്യാര്‍ത്ഥികാലത്തെ ആണ് ദൃഷ്ടാന്തമാക്കിയത്. ആരും പറയുന്നില്ല രാഹുല്‍ ആണ് ഈ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയതെന്ന്. പക്ഷേ, കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഈ കൂട്ടചോരച്ചൊരിച്ചിലില്‍ നിന്നും ആര്‍ക്കും ഒഴിവാക്കുവാന്‍ ആവുകയില്ല. രാഹുല്‍ അതിന് ശ്രമിച്ചത് അക്ഷന്തവ്യമായ അപരാധം ആണ്. വമ്പന്‍ രാഷ്ട്രീയ മണ്ടത്തരവും.

രാഹുലിന് തീര്‍ച്ചയായും തെറ്റുപറ്റി. സോണിയ ഗാന്ധിയും മന്‍മോഹന്‍സിംങ്ങും സിക്ക് വിരുദ്ധ കലാപത്തില്‍ സിക്കുകാരോട് മാപ്പ് ചോദിച്ചിട്ടുള്ളതാണ്. അത് കൊണ്ട് ഒന്നും പരിഹരിക്കപ്പെടുന്നില്ലെങ്കിലും അതാണഅ രാഷ്ട്രീയമായി ശരി. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചതിനുശേഷം മന്‍മോഹന്‍സിംങ്ങ് നടത്തിയ പ്രസംഗം ശ്രദ്ധേയം ആണ്: സിക്കുകാരോട് മാപ്പ് പറയുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. രാജ്യത്തോടാകമാനം ഞാന്‍ മാപ്പ് ഇരക്കുന്നു. കാരണം 1984-ല്‍ സംഭവിച്ചത് ഭരണഘടന വാഗ്ദാനം ചെയ്ത രാജ്യം എന്ന വാസ്തവതക്ക് എതിരെയുള്ള ഒരു ആക്രമണം ആയിരുന്നു. ഞാന്‍ ലജ്ജ കൊണ്ട് തലതാഴ്ത്തുന്നു.' 2004 ല്‍ സോണിയഗാന്ധി ഒരു സിക്കുകാരനെ പ്രധാനമന്ത്രി ആക്കിയതും ഈ തെറ്റിനുള്ള പ്രായശ്ചിത്തം ആയിരുന്നിരിക്കാം. അതിന്റെ മറ്റ് രാഷ്ട്രീയ വശങ്ങള്‍ ഇവിടെ ഇപ്പോള്‍ പരാമര്‍ശിക്കേണ്ട കാര്യം ഇല്ല. കോണ്‍ഗ്രസിന് ഈ വംശീയ കലാപത്തില്‍ പങ്ക് ഇല്ലായിരുന്നുവെങ്കില്‍ എന്തിന് സോണിയയും മന്‍മോഹന്‍സിംങ്ങും മാപ്പ് പറയണം?

നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം എന്തുകൊണ്ടാണ് ടൈറ്റ്‌ലര്‍ കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവയ്ക്കുവാന്‍ നിര്‍ബ്ബന്ധിതന്‍ ആയത്? 2009 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയ ടൈറ്റ്‌ലര്‍ക്കും സജ്ജന്‍ കുമാറിനും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചു? ടൈറ്റ്‌ലറെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ പഞ്ചാബ് ഇന്‍-ചാര്‍ജ്ജ് ആയി നിയമിച്ചപ്പോള്‍ ഉണ്ടായ പ്രതിഷേധവും അതെ തുടര്‍ന്ന് നിയമനം റദ്ദാക്കിയതും ചരിത്രം ആണ്. 

കോണ്‍ഗ്രസ് പാര്‍ട്ടി 1984-ലെ സിക്ക് വിരുദ്ധ കലാപത്തിലും കൊലപാതകത്തിലും പ്രധാനപ്രതിയാണ്. രാഹുലിന്റെ പ്രസ്താവന ശരിയല്ല. കോണ്‍ഗ്രസുകാര്‍, അണികള്‍ വ്യക്തികള്‍ ആയിട്ടല്ല അതില്‍ സജീവ ഭാഗഭാക്കുകള്‍ ആയത്. പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ ആണ്. അവരെ കോണ്‍ഗ്രസ് പാര്‍ട്ടിയും കോണ്‍ഗ്രസ് ഗവണ്‍മെന്റും പിന്തുണച്ചു. ഇതാണഅ സത്യം.

2002- ലെ ഗുജറാത്ത് വംശഹത്യയില്‍ ഒരു മാപ്പ് അപേക്ഷ ഉണ്ടായില്ല. കാരണം നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന സംഘപരിവാര്‍ തത്വസംഹിത മുസ്ലീം-ന്യൂനപക്ഷ വിരുദ്ധത അതിന്റെ മുഖമുദ്രയായി കണക്കാക്കുന്നു. 1984-ല്‍ അങ്ങനെ ഒരു മതവെറി ഉണ്ടായിരുന്നില്ല. അത് പകയായിരുന്നു. ഒരിക്കലും ന്യായീകരിക്കാനാവാത്ത കാട്ടുപക. 2002-ലേത് വംശവിദ്വേഷത്തിന്റെ കാട്ടു തീയും. രണ്ടും ദേശവിരുദ്ധം ആണ്. രണ്ടില്‍ നിന്നും കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും വിടുതല്‍ ഇല്ല. പ്രത്യേകിച്ചും മോഡിക്ക്.

1984- കോണ്‍ഗ്രസിന് കൈകഴുകി ഒഴിയുവാന്‍ ആകുമോ രാഹുല്‍? (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക