Image

എറണാകുളത്ത് പ്രളയബാധിത മേഖലകളില്‍ ഡെങ്കിപ്പനിക്ക് സാധ്യത; ശക്തമായ മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

Published on 07 September, 2018
എറണാകുളത്ത് പ്രളയബാധിത മേഖലകളില്‍ ഡെങ്കിപ്പനിക്ക് സാധ്യത; ശക്തമായ മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി. എന്നാല്‍, കൊച്ചിക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയില്ല. കൊതുകുകളുടെ സ്വന്തം നാടായ കൊച്ചിയില്‍ എലിപ്പനിയല്ല, മറിച്ച് ഡെങ്കിപ്പനി ആകും വില്ലനാകുക എന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയശേഷം ടണ്‍കണക്കിന് മാലിന്യം അടിഞ്ഞു കൂടിയത് ആണ് വലിയ വെല്ലുവിളി. ഈ സാഹചര്യത്തില്‍ മാലിന്യനിര്‍മ്മാര്‍ജനത്തിന് അടിയന്തര പ്രധാന്യം നല്‍കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കുടുംബശ്രീ മുഖേന വോളണ്ടിയേഴ്‌സിനെ ഇറക്കി വീടുവീടാന്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. 1089 വാര്‍ഡുകളാണ് ജില്ലയില്‍ പകര്‍ച്ച വ്യാധി ഭീഷണി നേരിടുന്നത്. ഇത് കൂടാതെ അപകടഭീഷണി കൂടുതല്‍ ഉള്ള മേഖലകളില്‍ ചെന്നൈയില്‍ നിന്നുള്ള വിദഗ്ദരുടെ സഹായവും എത്തിക്കും.

ജില്ലയില്‍ ഈ മാസം ഒരാള്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 31 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്. ജൂണ്‍ മാസം 68 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിടത്ത് നിലവിലെ കണക്ക് ആശാസ്യമാണ്. എങ്കിലും വരും ദിവസങ്ങളില്‍ പനിയുടെ വ്യാപനം കൂടുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. എന്നാല്‍ പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഡെങ്കിയെ തുരത്താനാകുമെന്ന ആരോഗ്യവകുപ്പ് കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക