Image

രാജീവ്‌ ഗാന്ധി വധക്കേസ്‌; ഞങ്ങളുടെ മോചനത്തെ എതിര്‍ക്കാത്ത രാഹുല്‍ ഗാന്ധിയോട്‌ ഒരുപാട്‌ നന്ദിയുണ്ട്‌; നളിനി

Published on 08 September, 2018
രാജീവ്‌ ഗാന്ധി വധക്കേസ്‌; ഞങ്ങളുടെ മോചനത്തെ എതിര്‍ക്കാത്ത രാഹുല്‍ ഗാന്ധിയോട്‌ ഒരുപാട്‌ നന്ദിയുണ്ട്‌; നളിനി
ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ പ്രതികളായവരുടെ മോചനത്തെ എതിര്‍ക്കാതിരുന്ന കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ നന്ദിയോടെ കാണുന്നുവെന്ന്‌ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍.

സി.എന്‍.എന്‍ ന്യൂസ്‌ 18, നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ്‌ അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

നിലവില്‍ രാജീവ്‌ ഗാന്ധി വധക്കേസില്‍ എട്ടുപേര്‍ ശിക്ഷ അനുഭവിക്കുകയാണ്‌. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട്‌, പയസ്‌, ജയകുമാര്‍ എന്നിവരാണ്‌ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്‌.

ഇവരില്‍ മുരുകനും നളിനിയും ഭാര്യാ ഭര്‍ത്താക്കന്മാരാണ്‌

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന സൂചന പുറത്തെത്തുന്നതിനിടെയാണ്‌ നളിനിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ തങ്ങളോട്‌ കരുണയോടെ പ്രവര്‍ത്തിക്കണമെന്നാണ്‌ ആഗ്രഹം. വേദന നിറഞ്ഞ നിരവധി അനുഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്‌. അതെല്ലാം ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്‌. ഇനിയുള്ള ജീവിതം എന്റെ മകള്‍ക്കൊപ്പം ജീവിക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌ എന്ന്‌ നളിനിപറഞ്ഞു.

താനും ഭര്‍ത്താവും ഉടന്‍ പുറത്തെത്തുമെന്ന കാര്യം മകളെ അറിയിക്കാന്‍ താത്‌പര്യമുണ്ടെന്നും നളിനി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക