Image

അന്തരിച്ച ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്; കരിയര്‍ ഗ്രാഫിനെ ഹാര്‍ട്ട് റേറ്റിനോട് ഉപമിച്ച നടന്‍ (ഏബ്രഹാം തോമസ്)

Published on 08 September, 2018
അന്തരിച്ച  ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്; കരിയര്‍ ഗ്രാഫിനെ ഹാര്‍ട്ട് റേറ്റിനോട് ഉപമിച്ച നടന്‍ (ഏബ്രഹാം തോമസ്)
സുന്ദരനും സുമുഖനും പൗരുഷ ഭാവത്തിന് ഉടമയുമായ ഹോളിവുഡ് സിനിമ, ടെലിവിഷന്‍ താരനടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് 82-ാം മത്തെ വയസ്സില്‍ ഫ്‌ലോറിഡയിലെ ജൂപിറ്റര്‍ നഗരത്തില്‍ അന്തരിച്ചു. വിവാദവും പ്രകീര്‍ത്തിയും ഒരുപോലെ ക്ഷണിച്ചുവരുത്തിയ അഭിനയ ജീവിതമായിരുന്നു റെയ്‌നോള്‍ഡ്‌സിന്റേത്.

ഏറെ പ്രശംസ ഏറ്റുവാങ്ങിയ ഡെലിവറന്‍സ്, ബൂഗിനൈറ്റ്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കൊപ്പം പണം വാരിയ ചിത്രങ്ങളായ സ്‌മോക്കി ആന്റ് ദ ബാന്‍ഡിറ്റും സ്മരിക്കപ്പെടും.. ലോണി ആന്‍ഡേഴ്‌സണും സാലി ഫീല്‍ഡുമായ ബന്ധങ്ങളും ആരാധകര്‍ മറക്കുകയില്ല.

മരണ വാര്‍ത്ത അറിയിച്ചത് അനിന്തരവള്‍ നാന്‍സി ലി ഹെസ്സാണ്. മരണം അപ്രതീക്ഷിതമായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നുവെങ്കിലും എന്നവര്‍ പറഞ്ഞു. മരണ കാരണം വെളിപ്പെടുത്തിയില്ല. തന്റെ അങ്കിളിന്റെ ദയാവായ്പും മഹാമനസ്‌കതയും സ്മരിച്ച് ബര്‍ട്ടിന്റെ ആരാധകരോട് അഭിനയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ നല്‍കിയ അമ്പരപ്പിക്കുന്ന പിന്തുണയ്ക്ക് നാന്‍സി നന്ദി പറഞ്ഞു. ചുണ്ടിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീളമുള്ള കട്ടിയായ മേല്‍ മീശയും കുസൃതിച്ചിരിയുമാണ് റെയ്‌നോള്‍ഡ്‌സിനെ പ്രസിദ്ധനാക്കിയത്. മേല്‍മീശ ഒരു ഹരമായി പടന്നു. മലയാള സിനിമയിലെ ഒരുപാട് നായകന്മാരും വില്ലന്മാരും സഹനടന്മാരും ഈ മീശ അവരുടെയും മുഖമുദ്രയാക്കി.

റെയ്‌നോള്‍ഡ്‌സിന്റെ അഭിനയ ജീവിതത്തില്‍ വളരെ വൈവിധ്യമേറിയ പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നു.

നിരൂപക പ്രശംസയും വിമര്‍ശനവും നിന്ദയും വന്‍ വിജയങ്ങളും വലിയ പരാജയങ്ങളുമെല്ലാം ഈ നടന് ലഭിച്ചു. റെയ്‌നോള്‍ഡ്‌സ് ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിനോദപ്രധാനമായ ദ കാനണ്‍ബാള്‍ റണ്ണിനും സ്‌മോക്കി ആന്റ് ദ ബന്‍ഡിറ്റിനുമൊപ്പം ഗൗരവമേറിയ പ്രമേയങ്ങളുള്ള ദ ലേം ഗെസ്റ്റ് യാര്‍ഡിലും ദ മാന്‍ ഹുലവ്ഡ് ക്വാറ്റ് ഡാന്‍സിംഗിലും ഒരു പോലെ തിളങ്ങാന്‍ നടന് കഴിഞ്ഞു.

ഏറ്റവും പ്രശസ്തമായ ബഹുമതിയും തീരെ നിലവാരം കുറഞ്ഞ അംഗീകാരവും റെയ്‌നോള്‍ഡ്‌സിന് ലഭിച്ചു. മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ചലച്ചിത്ര വ്യവസായത്തെക്കുറിച്ച് വോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ ചിത്രം ബൂ ഗീ നൈറ്റ്‌സിലെ പ്രകടനത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. ഈവനിംഗ് ഷെയ്ഡ് എന്ന ടിവി സീരിയലിന് എമ്മി അവാര്‍ഡും ഡെലിവറന്‍സിലെ അഭിനയത്തിന് ഏറെ പ്രശംസയും റെയ്‌നോള്‍ഡ്‌സ് നേടി.

അതേ സമയം ഏറ്റവും മോശം ചിത്രങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നല്‍കുന്ന റാസി ബഹുമതിക്കും പല തവണ നടന്‍ അര്‍ഹനായി. വ്യക്തി ജീവിതത്തിലെ നാടകീയ സംഭവങ്ങള്‍ കൂടുതല്‍ വര്‍ണ്ണപ്പകിട്ട് നല്‍കി. 1995 ല്‍ നടന്ന ആന്‍ഡേഴ്‌സണുമായുള്ള വികാര പാരുഷ്യം നിറഞ്ഞ വിവാഹമോചനം ടാബ്‌ളോയിഡുകളില്‍ നിറഞ്ഞു നിന്നു. ജൂഡി കാര്‍നേയുമായി ഉണ്ടായ വിവാഹം തീരെ സ്വരചേര്‍ച്ച ഇല്ലാത്തതായിരുന്നു.

ഡീന ഷോയുമായുള്ള പ്രണയവും അധിക നാള്‍ നീണ്ടു നിന്നില്ല. സാലി ഫീല്‍ഡുമായി ഉണ്ടായ പ്രണയ ബന്ധം റെയ്‌നോള്‍ഡ്‌സ് പരസ്യമായി കുറ്റസമ്മതം നടത്തിയത് പോലെ പ്രൊഫഷനല്‍ ജെലസി മൂലം അവസാനിച്ചു. ഇതിലെല്ലാം വ്യക്തമായത് രമ്യമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് റെയ്‌നോള്‍ഡ്‌സ് എന്ന വസ്തുത ഒരു വിരോധാഭാസമായി തോന്നാം.

എന്റെ കരിയര്‍ ഒരു സാധാരണ ചാര്‍ട്ട് അല്ല. ഒരു ഹാര്‍ട്ട് അറ്റാക്ക് പോലെയാണ് തോന്നുക. ഞാന്‍ 100 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് വലിയ നെറ്റ് വര്‍ക്കുകളിലും പ്രത്യക്ഷപ്പെട്ട ഏക നടന്‍ ഞാന്‍ മാത്രമാണ്. ഞാന്‍ ആയുര്‍ദൈര്‍ഘ്യത്തെ സംഗ്രഹിക്കുന്നു. 2001 ല്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. പലര്‍ക്കും റെയ്‌നോള്‍ഡ്‌സ് ഒരു പ്രഹേളിക ആയിരുന്നു. ചെറുപ്പകാലത്തെ മെര്‍ലന്‍ ബ്രാണ്ടോയുമായി തന്നെ സാമ്യപ്പെടുത്തിയിരുന്നത് റെയ്‌നോള്‍ഡ്‌സിന് ഇഷ്ടമായിരുന്നില്ല. ബ്രാന്‍ഡോയെ പോലെ ശക്തമായ ഇച്ഛാശക്തിയും സംവിധായകരും നിര്‍മ്മാതാക്കളുമായി വഴക്കിടുന്ന സ്വഭാവവും ഉള്ള നടനുമായിരുന്നു റെയ്‌നോള്‍ഡ്‌സ്.

പലപ്പോഴും ഒരു തമാശയ്ക്കുവേണ്ടിയാണ് താന്‍ റോള്‍ സ്വീകരിച്ചിരുന്നതെന്ന് നടന്‍ പറഞ്ഞിരുന്നു. ടേംസ് ഓഫ് എന്‍ഡിയര്‍മെന്റിലെ റെയ്‌നോള്‍ഡ്‌സ് വേണ്ടെന്ന് വച്ച റോള്‍ ജാക്ക് നിക്കോള്‍സണിന് ഓസ്‌കര്‍ നേടിക്കൊടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക