Image

മോശം റിവ്യൂ: സിനിമാഗ്രൂപ്പ് പൂട്ടിച്ചതായി അഡ്മിന്‍

Published on 09 September, 2018
മോശം റിവ്യൂ: സിനിമാഗ്രൂപ്പ് പൂട്ടിച്ചതായി അഡ്മിന്‍
പൃഥ്വിരാജ് നായകനായ ചിത്രം രണത്തിന് മോശം റിവ്യൂ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഒരു ലക്ഷത്തിലധികം മെമ്പര്‍മാരുള്ള സിനിമാഗ്രൂപ്പ് പൂട്ടിച്ചതായി അഡ്മിന്‍ മുഹമ്മദ് നിസാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

പ്രിയ്യപ്പെട്ട സിനിമാ സ്നേഹികളേ.. സിനിമാക്കാരേ..

കഴിഞ്ഞ വ്യാഴാഴ്ച്ച (06-09-2018) രാത്രി മുതല്‍ ഒരു ലക്ഷത്തോളം മെമ്പേര്‍സ് ഉള്ള AFX മൂവി ക്ലബ് ഗ്രൂപ്പ്, ഫേസ്ബുക്ക് ബ്ലോക്ക് ചെയ്ത വിവരം നിങ്ങളില്‍ പലരും അറിഞ്ഞു കാണുമല്ലോ. അന്നേ ദിവസം റിലീസ് ചെയ്ത ഒരു മലയാള സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ്, സിനിമ കണ്ട കുറച്ചു മെമ്പേര്‍സ് ആ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു എന്നുള്ളതാണ് ഗ്രൂപ്പ് ബ്ലോക്ക് ആകാന്‍ ഉള്ള കാരണം എന്നാണു പ്രാഥമിക അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. ഗ്രൂപ്പ് ബ്ലോക്ക് ആകുന്നതിനു മുന്‍പേ തന്നെ ആ സിനിമയുടെ നെഗറ്റീവ് റിവ്യൂസ് ആയി ചില മെമ്പേര്‍സ് ഇട്ട പോസ്റ്റുകള്‍ ഗ്രൂപ്പില്‍ നിന്നും ഫേസ്ബുക്ക് തന്നെ നീക്കം ചെയ്തിരുന്നു. പിന്നീട് ഗ്രൂപ്പും ബ്ലോക്ക് ആയി. ഗ്രൂപ്പ് ബ്ലോക്ക് ആയതിനോടൊപ്പം ചില അഡ്മിന്‍സ് ഐഡികളും ബ്ലോക്ക് ആയിട്ടുണ്ട്.

മെമ്പേര്‍സിന്റെ അഭിപ്രായ സ്വാതന്ത്രത്തില്‍ അഡ്മിന്‍സിന്റെ ഭാഗത്തു നിന്നും ഒരു കടന്നു കയറ്റം AFX ഗ്രൂപ്പില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ഒരു സിനിമയെ മനപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാതെയുള്ള പോസിറ്റീവ്/നെഗറ്റീവ് വശങ്ങള്‍ പറഞ്ഞുകൊണ്ടുള്ള മെമ്പേര്‍സിന്റെ അഭിപ്രായങ്ങള്‍/പോസ്റ്റുകള്‍ (സിനിമ റിലീസ് ദിവസം മുതല്‍ തന്നെ) എക്കാലത്തും AFX ഗ്രൂപ്പില്‍ അനുവദനീയമായിട്ടുള്ള ഒന്നാണ്. ഇന്ന് അതേ കാരണം കൊണ്ട് വര്‍ഷങ്ങളുടെ കഷ്ടപ്പാടുകൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഗ്രൂപ്പ് തന്നെ ബ്ലോക്ക് ആയിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.

ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ മീഡിയ വെച്ചുള്ള സിനിമാ പ്രൊമോഷന്‍ എല്ലാവരും ചെയ്തു വരുന്ന ഒന്നാണ്. എന്നാല്‍ ഒരു സിനിമ കണ്ട പ്രേക്ഷകന് അയാളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പാടില്ല എന്നുള്ള രീതിയില്‍ ഉള്ള സമീപനം ആ സിനിമാക്കാരുടെ ഭാഗത്തു നിന്നും തന്നെ ഉണ്ടാവുന്നത് അത് ഏതു രീതിയില്‍ ഉള്ളതായാലും ന്യായീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആ മലയാള ചിത്രത്തിന്റെ അണിയറക്കാരോ, അതിന്റെ പ്രൊമോഷന്‍ ഏറ്റെടുത്തിട്ടുള്ളവരോ മാത്രം ആദ്യമായി ചെയ്യുന്ന ഒരു ഒറ്റപ്പെട്ട പ്രവര്‍ത്തി ആയി ഇതിനെ കാണാന്‍ സാധിക്കില്ല. ഇതിനു മുന്‍പ് ഇറങ്ങിയ മറ്റു ചില ചിത്രങ്ങള്‍ക്കും ഇതേ രീതികള്‍ കണ്ടിരുന്നു. നെഗറ്റീവ് റിവ്യൂസ് എഴുതി എന്നുള്ളതിന്റെ പേരില്‍ പോസ്റ്റ് ഡിലീറ്റ് ആക്കുകയും, പോസ്റ്റ് ഇടുന്നവരുടെ ഫേസ്ബുക്ക് ഐഡി തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്യിക്കുന്ന ഒരു പ്രവണത സിനിമാ മേഖലത്തില്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളത് ഭീകരമായ സത്യമാണ്.

ഒരു ഫേസ്ബുക്ക് പ്രൊഫൈലോ, ഗ്രൂപ്പോ പോയാല്‍ അത് വീണ്ടും ഉണ്ടാക്കി എടുക്കാന്‍ സാധിക്കും. എന്നാല്‍ സിനിമ കാണുന്ന ഒരു പ്രേക്ഷകന് അവരുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഉള്ള അവരുടെ അവകാശത്തെ തടയിടുന്ന ഈ പ്രവണത ചോദ്യം ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. അതല്ല എങ്കില്‍ സങ്കുചിതരായ ചില സിനിമാക്കാരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാത്രം സിനിമാ എഴുത്തുകള്‍ വരുന്ന വെറും പ്രൊമോഷന്‍ വേദി മാത്രമായ ഒരിടമായി ഫേസ്ബുക്ക് മാറും. ഓരോ താരങ്ങളുടെയും ഫാന്‍സിന് അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിങ്ങളെ, നിങ്ങള്‍ ഭാഗമായ ഗ്രൂപ്പുകളെ നിയന്ത്രിക്കാവുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. 

തങ്ങളുടെ താര സിനിമകളെ കുറിച്ച് മറ്റുള്ളവര്‍ക്ക് അവരുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കഴിയാത്ത തരത്തിലേക്ക് വായ മൂടി കെട്ടിക്കുവാന്‍ കഴിയും. സിനിമാ താരങ്ങളുടെ അറിവോടെയോ അല്ലാതെയോ നടക്കുന്ന ഈ പ്രവര്‍ത്തി സിനിമാ മേഖലയെ ഒന്നടങ്കം നാണം കെടുത്തുന്ന ഒരു രീതിയിലേക്ക് ഒരു കാന്‍സര്‍ ആയി വളരുന്നതിന് മുന്‍പേ തടയേണ്ടത് നമ്മളും, ഓരോ സിനിമാക്കാരും തന്നെയാണ്. ഇന്ന് സിനിമാ അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങ് എന്നുള്ള നിലയില്‍ തുടങ്ങിയിരിക്കുന്ന ഈ പ്രവണത നാളെ സാധാരണക്കാര്‍ക്ക് അവരുടെ മറ്റു അഭിപ്രായങ്ങള്‍ പോലും വിളിച്ചു പറയാന്‍ സാധിക്കാത്ത തരത്തില്‍ വായ മൂടി കെട്ടി ഇരിക്കേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുന്ന ഒരു അവസ്ഥയും വിദൂരമല്ല എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നിര്‍ത്തുന്നു.

#Stand_Against_Cinematic_Fascism
#Stand_With_AFX
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക