Image

കദനത്താല്‍ ഉഴലുന്ന മലയോര റാണി , പുനര്‍ജര്‍മം വിദൂരതയില്‍....? (എബി മക്കപ്പുഴ)

Published on 09 September, 2018
കദനത്താല്‍ ഉഴലുന്ന മലയോര റാണി , പുനര്‍ജര്‍മം വിദൂരതയില്‍....? (എബി മക്കപ്പുഴ)
കൊച്ചു കേരളത്തിന്റെ മലനാടിന്റെ റാണി എന്ന വിശേഷണത്തില് പുളകം കൊണ്ടിരുന്ന പ്രകൃതി രമണീയമായ റാന്നിയുടെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്. മലയോര റാണിക്ക് പൊന്നരിഞ്ഞാണം പോലെ സൗന്ദര്യം ഏകി മലയോരമേഖലയുടെ അഭിമാനവും ആശ്രയവും എല്ലാമായിരുന്നു പമ്പാ നദി!!!! ഓഗസ്റ്റ് 14 ന് വ്യാഴാഴ്ച നേരം ഇരുണ്ടു വെളുത്തപ്പോള് റാന്നി പ്രദേശത്തെ കശക്കിയെറിഞ്ഞു. ഉടുതുണിക്കു മറുതുണി ഇല്ലാതെ പ്രാണരക്ഷാര്ഥം ഉയര്ന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറിയവര്ക്ക് പതിന്നാലിനു രാത്രിയിലും പതിനഞ്ചിനു പകലുമായി ഉണ്ടായ വെള്ളപ്പൊക്കം ഒരു ഞെട്ടലോടു കൂടിയേ ഓര്‍മിക്കാന്‍ കഴിയൂ.ഓര്മയില് പോലും സൂക്ഷിക്കാന് ആഗ്രഹിക്കാത്ത ദുരിത ദിനങ്ങളില് നിന്നും ഈ നാടിന്റെ മോചനം ഇനി എത്രയോ കാലം അകലെയാണെന്നതാണ് വാസ്തവം.

2018 ആഗസ്‌റ് മാസം 15 നു ഇന്‍ഡ്യാ മഹാ രാജ്യം സ്വാതന്ത്ര്യദിനം കൊണ്ടാടുമ്പോള്‍, ആ ദിനത്തിന്റെ പുലര്‍ച്ചയില്‍ മലയോര റാണിയുടെ രണ്ടാമത്തെ വലിയ ദുരന്തം പൂര്‍ത്തിയാകുകയായിരുന്നു.

റാന്നിയുടെ മക്കളെ ഞെട്ടിപ്പിച്ച ഒന്നാമത്തെ ദുരന്തം 1996 ജൂലായ് 29 ന് ആയിരുന്നു. പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപാലം അപ്രതീക്ഷിതമായി പമ്പാ നദിയിലേക്കു തകര്ന്നു വീണ കരി ദിനം. റാന്നി വലിയ പാലം തകര്ന്നതോടെ യാത്രാ ക്ലേശം രൂക്ഷമായി. മലയോര മേഖലയുടെ വികസനം പതിറ്റാണ്ടുകളാണ് പിന്നോട്ടടിച്ചത്. ആദ്യം പട്ടാളം നിര്മ്മിച്ച ബെയ്‌ലി പാലവും പിന്നീട് കോടികള് ചെലവിട്ട് യുദ്ധകാലാടിസ്ഥാനത്തില് ഇപ്പോഴത്തെ പാലവും യാഥാര്ത്ഥ്യമായതോടെ റാന്നി വീണ്ടും പുനര്ജനിക്കുകയായിരുന്നു. പൂര്‍വ ദിനങ്ങളെ മറന്നു മിടുക്കിയായി കാല്‍പാദങ്ങള്‍ മുന്നോട്ടു നയിക്കുമ്പോഴാണ് അശനിപാതം പോലെ പമ്പാ നദിയിലെ പ്രളയജലം മലയോര റാണിയെ വീണ്ടും മറിച്ചിട്ടത്. ഇത്തവണത്തെ വീഴ്ച അതി കഠിനമായിരുന്നു.മദം ഇളകി വരുന്ന കാട്ടാനയെ പോലെ പ്രളയം റാന്നിയില്‍ താണ്ഡവമാടി.നിരീശ്വരവാദികള്‍ പോലും പ്രാണനു വേണ്ടി ഈശ്വരനോട് യാചിച്ചു.ഭൂലോകത്തെ മെനഞ്ഞെടുത്ത സൃഷ്ടിതാവ് റാന്നിയിലെ ജനതയുടെ പ്രാണനെ കാത്തു.എങ്കിലും മനുഷ്യവാസ കേന്ദ്രമായ റാന്നി ഇന്നൊരു മരുഭൂമിയുടെ അവസ്ഥയാണ്. റാന്നിയില് നിന്ന് പ്രളയജലം ഇറങ്ങിയതോടു പ്രളയാനന്തര റാന്നിയുടെ ഭീകരാവസ്ഥ പുറം ലോകം കാണുന്നില്ല.അതിദയനീയമായ കാഴ്ചയാണ് റാന്നിയിലെത്തിയാല് ഇന്ന് കാണാന്‍ കഴിയുക.

ചെളിയടിഞ്ഞ റോഡുകള്, വ്യാപാരികള് ഉപേക്ഷിച്ചു പോയ സ്ഥാപനങ്ങള്. ചെളിയടിഞ്ഞ് ഇനിയും കയറി താമസിക്കാന് കഴിയാത്ത വിധമുള്ള വീടുകള്. ഒറ്റ പ്രളയം കൊണ്ട് അരനൂറ്റാണ്ട് പിന്നിലേക്ക് പോയിരിക്കുകയാണ് റാന്നി. പ്രളയം ബാധിക്കാത്ത ഒരു മേഖലയും റാന്നിയില് ഇല്ല. വ്യാപാര സ്ഥാപനങ്ങള്, പെട്രോള് പാമ്പുകള്‍, വീടുകള് എന്നിവയെല്ലാം അടഞ്ഞു കിടക്കുന്നു. ചെളിമൂടി കിടക്കുന്ന റോഡുകള്. പ്രളയം അടയാളപ്പെടുത്തിയ വമ്പന്‍ കെട്ടിടങ്ങള്...അങ്ങനെ നീളുന്നു ദുരിത കാഴ്ചകള്‍.

റാന്നിയുടെ ബഹുഭൂരിഭാഗം പഞ്ചായത്തുകളേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. കോടികളുടെ നഷ്ടമാണ് ഓരോ പഞ്ചായത്തുകളിലും ഉണ്ടായത്. നൂറു കണക്കിനു വീടുകള് വെള്ളപ്പൊക്കത്തില് മുങ്ങി. വെള്ളം കയറി നാശമുണ്ടായ വീടുകള് അതിലേറെയാണ്. എല്ലാം നഷ്ടപ്പെട്ടവരാണ് ഇന്നു റാന്നിക്കാര്.
ഒരു ഉയിര്‌ത്തെഴുന്നേല്പ്പ് ഇന്നാട്ടുകാര്ക്ക് അടുത്ത കാലത്തെങ്ങും സാധ്യമാകുമെന്നു കരുതുന്നില്ല. ജീവിതകാലം മുഴുവന് കഷ്ടപ്പെട്ട് സമ്പാദിച്ചതത്രയും പ്രളയജലം കവര്ന്നതിന്റെ ഞെട്ടലില് നിന്നും ആഴ്ചകള്‍ കഴിഞ്ഞിട്ടും ആരും മോചിതരായിട്ടില്ല. വീടുകളില് മിക്കതും വാസയോഗ്യമല്ലാത്ത വിധം തകര്ന്നു കഴിഞ്ഞു. വെള്ളം ഇറങ്ങിയതിനു പിന്നാലെ നിരവധി വീടുകളുടെ ഭിത്തികള് വിണ്ടു കീറി. പലതും ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലുമാണ്. വസ്ത്രങ്ങള്, വീട്ടുപകരണങ്ങള്, ഫ്രിഡ്ജ്, ടിവി. വാഷിങ് മെഷിന്, മിക്‌സര് ഗ്രൈന്ഡര്, കമ്ബ്യൂട്ടറുകള് തുടങ്ങി വെള്ളം കയറി നശിച്ച ഇലക്ട്രോണിക് സാധനങ്ങള് എണ്ണമറ്റതാണ്. അതിരുകള് ഇളക്കിയെറിഞ്ഞാണ് പ്രളയജലം കുത്തിയൊഴുകിയത്. വെള്ളം കയറിയ മേഖലകളില് മതിലുകളും കയ്യാലകളും വലിയ തോതിലാണ് തകര്ന്നത്. മനുഷ്യര്ക്ക് കാര്യമായ ജീവഹാനി ഉണ്ടായില്ലെന്നത് ഒഴിച്ചാല് പ്രളയത്തിന്റെ സംഹാരം പൂര്ണമായിരുന്നു.

ഈ പുതിയ നൂറ്റാണ്ടിലും കിണറുകള്‍ മാത്രം ആശ്രയിച്ചു കഴിയുന്ന റാന്നി നിവാസികള്ക്ക് ഇന്ന് കുടി വെള്ള പ്രശ്‌നം ഇന്ന് അതി സങ്കീര്ണമായിരിക്കുന്നു.വെള്ളം കയറിയ കിണറുകളിലെ കലക്ക വെള്ളം ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള് ഉണ്ടാകുവാനുള്ള സാധ്യതകള്‍ തളളികളയാനാവില്ല.റാന്നിയിലെ താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര മരുന്നുകളോ, ശസ്തക്രിയ സൗകര്യങ്ങളോ ഒന്നും തന്നെയില്ല. ഗവണ്മെന്റ് ഡിസ്‌പെന്‍സറികളില്‍ ഒന്നും തന്നെ വേണ്ടത്ര സ്യകാര്യങ്ങളില്ല.ഇത്തരം സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി എത്തിയാലുള്ള അനുഭവം ഒന്ന് ഓര്‍ക്കുക.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരൊക്കെ ബുദ്ധിമുട്ടുകള് ഉള്ളിലൊതുക്കി സ്വന്തം വീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

റാന്നിയുടെ ദുരിത കാഴ്ചകള് അവര്ണനീയമാണ്. സാധാരണ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാന് കഴിയാത്ത മതി വച്ചത്. റോഡായ റോഡെല്ലാം തകര്ന്നു. വ്യാപാര സ്ഥാപനങ്ങളിലൊക്കെ വെള്ളം കയറി. നൂറു കണക്കിനു കടകളാണ് ടൗണില് മാത്രം മുങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരികളില് പലരും ആത്മഹത്യയുടെ വക്കിലാണ്. വ്യാപാരികള് കടംകയറി ജീവിതം വഴി മുട്ടി നില്ക്കുകയാണ്. അന്നത്തെ കച്ചവടം കൊണ്ട് കഷ്ടിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്ന ചെറിയ കച്ചവടക്കാരും ഇടത്തരം വ്യാപാരികളുമൊക്കെ ഇരുളിന്റെ ഭാവിയാണ് മുമ്പില്‍ കാണുന്നത്.

വീടുകളില് നിന്നും വാരിവലിച്ചിട്ട മാലിന്യങ്ങള് അവരവരുടെ പറമ്പുകളില്‍ കുന്നു കൂടി കിടക്കുകയാണെങ്കില് വ്യാപാര സ്ഥാപനങ്ങളിലെ സ്ഥിതി മറിച്ചാണ്. പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയില് റാന്നി പൊലീസ് സ്റ്റേഷന് മുതല് റാന്നി പെരുമ്ബുഴ സ്റ്റാന്ഡ് വരെയും വലിയപാലം മുതല് മാമുക്ക്, ഇട്ടിയപ്പാറ, ചെത്തോങ്കര, എസ്സി പടി വരെയും ഇതര റോഡുകളില് അങ്ങാടി ചെട്ടിമുക്ക്, പുളിമുക്ക്, പുല്ലൂപ്രം, വരവൂര്, കാലായില്പടി, പേരൂര്, ഇടപ്പാവൂര്, മൂക്കന്നൂര്, പുതിയകാവ്, അയിരൂര്, ചെറുകോല്പ്പുഴ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളില് നിന്നുള്ള ചെളി കോരി റോഡിലേക്ക് നിക്ഷേപിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് അടക്കം വന്തോതില് മാലിന്യം ഇട്ടിയപ്പാറ ബസ് സ്റ്റാന്ഡിനോടു ചേര്ന്നുള്ള വയല് നികത്തിയ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. അവിടം ഇപ്പോള് മാലിന്യത്തിന്റെ വന് കൂമ്പാരം കാണാന്‍ കഴിയും. റോഡരുകരിലേക്ക് കോരി ഇട്ടിരിക്കുന്ന ചെളി ചെറിയ മഴയില് പോലും റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് ഇരുചക്ര വാഹന യാത്രികരെ അപകടത്തിലാക്കുന്നുണ്ട്. ഒപ്പം മാലിന്യ കൂമ്പാരം റാന്നിയെ ഏതു സമയത്തും പകര്ച്ചവ്യാധി കയറി പിടിക്കും..

റാന്നിയുടെ ചരിത്രം ഒരു തിരനോട്ടം നടത്തിയാല്‍ ശരിയായ വികസനന പ്രവര്‍ത്തങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ജന പ്രതിനിധികള്‍ മാറി മാറി കേരള നിയമ സഭയില്‍ പോയി എന്നതല്ലാതെ കാര്യമായി റാന്നിയില്‍ വികസനങ്ങള്‍ നടത്തിയിട്ടില്ല. ഇടതു പക്ഷ സഖ്യത്തില്‍ നിന്നും മത്സരിച്ചു നിയമസഭയിലെത്തിയ ആരാധ്യനായ ശ്രീ. സണ്ണി പനവേലിയുടെ കാലത്തു നേടിയെടുത്ത റാന്നി താലൂക്കിന്റെ അവസ്ഥയില്‍ പിന്നീട് കാര്യമായ നേട്ടങ്ങളൊന്നും തന്നെ ചൂണ്ടികാണിക്കുവാനില്ല.ഗള്‍ഫിലും അമേരിയിലുമുള്ള പ്രവാസികളുടെ കഠിന പ്രയക്ത്‌നം കൊണ്ട് കുറെ വലിയ കെട്ടിടങ്ങളും, വ്യാപാര സംരംഭങ്ങളും നടത്തുന്നതല്ലാതെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ റാന്നിയെ അവഗണയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.റാന്നിക്കു എന്തെങ്കിലും വികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രവാസികള്‍ നേടിയെടുത്തതാണ്.

റാന്നിയുടെ ഇന്നത്തെ ദയനീയാവസ്ത്ഥ നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ റാന്നിയുടെ ജനപ്രധിനിധിയെ അനുവദിച്ചില്ല എന്നത് റാന്നിയുടെ മക്കളോട് സര്‍ക്കാര്‍ കാട്ടിയ കനത്ത അനീതിയാണ്.

ധാരളം പണം ദുരിതാശ്വാസ ഫണ്ടിലേക്ക് കുമിഞ്ഞൊഴുകുകയാണ്. നാടിന്‍റെ വികസനത്തിനും,ദുരിതമനുഭവയ്ക്കുന്ന മക്കള്‍ക്കും ഇതൊന്നും ലഭ്യമാകുന്നില്ല എന്നുള്ളതാണ് വാസ്തവം.പ്രത്യേകിച്ചു റാന്നിയിലേക്കു.സാധാരാണക്കരന്റെ പിച്ച ചട്ടിയില്‍ കൈയിട്ടു വാരിയെടുക്കുന്ന സ്വഭാവമുള്ള കേരളത്തിലെ അധികാരികള്‍ക്ക് ഇനിയെങ്കിലും നല്ല ബുദ്ധി ഈശ്വരന്‍ നല്‍കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

നഷ്ടങ്ങളുടെ ഓര്മകളിലില്‍ നിന്നും മലയോര റാണിക്ക് പുനര്‍ജന്മം അനിവാര്യമാണ് പ്രളയം കശക്കിയെറിഞ്ഞ റാണിയുടെ മുഖച്ഛായ മാറ്റിയെടുക്കുവാന്‍, മലയോര റാണിയുടെ മക്കളായി എന്നും അഭിമാനം കൊള്ളുവാന്‍ പ്രവാസികളായ നമുക്ക് കൈകോര്‍ത്തു പ്രവര്‍ത്തിക്കാം.
കദനത്താല്‍ ഉഴലുന്ന മലയോര റാണി , പുനര്‍ജര്‍മം വിദൂരതയില്‍....? (എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക