Image

പ്രകൃതി പറയുന്നു (കവിത: മഞ്ജുള ശിവദാസ്)

Published on 09 September, 2018
പ്രകൃതി പറയുന്നു (കവിത: മഞ്ജുള ശിവദാസ്)
പതിവില്‍ക്കവിഞ്ഞൊന്നുകാലവര്‍ഷം
പാതിപെയ്തപ്പൊഴേ പഴിക്കുന്നുവല്ലേ!

ഇരവുപകലില്ലാതെ തുടരുന്നു ദ്രോഹങ്ങള്‍
പ്രതികരിച്ചീടുവാന്‍ പാടില്ലത്രേ!

മലിനത ശ്വസിച്ചുംകുടിച്ചുമെന്‍ മാറില്‍
വിഷം ചുരന്നൊഴുകിപരന്നിടുന്നു.

നിര്‍ദ്ദയംതുടരുന്ന പീഡകളാലെന്റെ
തനുവുംമനസ്സും തളര്‍ന്നെങ്കിലും,

പ്രളയമൊരുപ്രതികാരമായിരുന്നില്ലെന്റെ
പ്രതിരോധം പോലുമല്ലായിരുന്നു..

അതിരുകള്‍ ലംഘിച്ചു കെട്ടിയ സാമ്രാജ്യം
അഴല്‍മഴ പെയ്യിച്ചിടാതിരിക്കാന്‍.,

നിമിനേരമെങ്കിലും നിസ്വാര്‍ത്ഥസ്‌നേഹമീ
മര്‍ത്യരിലൊന്നു പുലര്‍ന്നിടാനായ്.,

ദുരയൊട്ടുമില്ലാതൊരല്‍പ്പനേരം
എന്റെ തനയരെ കണ്‍നിറച്ചൊന്നു കാണാന്‍.,

മരണഭയമുള്ളില്‍പ്പടര്‍ത്തിയാണെങ്കിലും
പകവെടിഞ്ഞുള്ള മനുഷ്യരാക്കാന്‍.

ദൈര്‍ഘ്യം കുറഞ്ഞു നല്‍ക്കാഴ്ചകള്‍ക്കെങ്കിലും
കെടുതിയാല്‍ ചെയ്തതെന്‍ കടമമാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക