Image

8 വര്‍ഷം നീണ്ടുനിന്ന ഒരു നിയമയുദ്ധത്തിന്റെ പരിസമാപ്തിയും ചില ഗുണപാഠങ്ങളും (തോമസ് കൂവള്ളൂര്‍)

Published on 09 September, 2018
8 വര്‍ഷം നീണ്ടുനിന്ന ഒരു നിയമയുദ്ധത്തിന്റെ പരിസമാപ്തിയും ചില ഗുണപാഠങ്ങളും (തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: 2010 ഫെബ്രുവരി മാസത്തില്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സുപ്രീംകോര്‍ട്ടില്‍ വന്‍തുക ആവശ്യപ്പെട്ടുകൊണ്ട് സീസര്‍ എന്നു പേരുള്ള ഒരു സ്പാനിഷ്കാരന്‍ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിനെതിരെ സമര്‍പ്പിച്ചിരുന്ന കേസ് 2018 ആഗസ്റ്റ് മാസത്തില്‍ പരിസമാപ്തിയിലെത്തുകയുണ്ടായി.

മേല്‍പറഞ്ഞ കേസുമായി ബന്ധപ്പെട്ട വ്യക്തിയല്ലെങ്കിലും പ്രസ്തുത ചര്‍ച്ചിലെ ഒരു മെമ്പര്‍ എന്ന നിലയ്ക്ക് ഈ കേസിനാസ്പദമായ സംഭവം തുടക്കത്തില്‍ത്തന്നെ ഏറെക്കുറെ മനസ്സിലാക്കുവാന്‍ ഈ ലേഖകന് കഴിഞ്ഞിരുന്നു. ആരെയെങ്കിലും വിമര്‍ശിക്കാനോ കുറ്റപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയോ അല്ല. പ്രത്യുത, ഈ കേസില്‍ നിന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും പഠിക്കാന്‍ കഴിയുമെന്ന സദുദ്ദേശത്തോടെ മാത്രമാണ് ഇങ്ങനെ ഒരു ലേഖനം എഴുതുന്നത് എന്ന് തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിക്കൊള്ളട്ടെ.

ഈ കേസിനാസ്പദമായ സംഭവം ചുരുക്കത്തില്‍ ഇവിടെ വിവരിക്കാം. 2009-10 കാലഘട്ടത്തില്‍ ചര്‍ച്ചിന്റെ ഒരു പണി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ചര്‍ച്ചിലെ മെമ്പര്‍ കൂടി ആയിരുന്ന ഒരു കോണ്‍ട്രാക്ടര്‍ക്ക് കരാറടിസ്ഥാനത്തില്‍ കൊടുക്കുകയുണ്ടായി. ആ കോണ്‍ട്രാക്ടറുടെ ഒരു പണിക്കാരനായിരുന്നു മേല്‍പറഞ്ഞ സീസര്‍ എന്നയാള്‍. ചര്‍ച്ചിനുവേണ്ടി പണിതുടങ്ങിയ ദിവസം തന്നെ അയാള്‍ ഗോവണിയില്‍ നിന്നും താഴെവീണു പരിക്കുപറ്റി എന്നും, അതിനു നഷ്ടപരിഹാരമായി വന്‍തുക ചര്‍ച്ച് കൊടുക്കണമെന്നും കാണിച്ചാണ് അയാള്‍ ചര്‍ച്ചിനെതിരെ കോടതിയില്‍ കേസ് കൊടുത്തിരുന്നത്.

തുടക്കത്തില്‍ കേസിനാസ്പദമായ വസ്തുതകള്‍ ശരിക്കും പഠിച്ചു മനസ്സിലാക്കാതെയാണ് ചര്‍ച്ചിനെ പ്രതിനിധാനം ചെയ്ത വക്കീല്‍ കോടതയില്‍ ഹാജരായത്. എന്നുതന്നെയല്ല, ചര്‍ച്ചിന്റെ ഭാരവാഹികള്‍ കേസ് കൈകാര്യം ചെയ്തു പരിജ്ഞാനമില്ലാത്തവരുമായിരുന്നു. അക്കാരണത്താല്‍ത്തന്നെ പരിക്കുപറ്റി എന്നു പറയപ്പെടുന്ന പണിക്കാരന്‍ കോണ്‍ട്രാക്ടറുടെ പണിക്കാരനായിരുന്നുവെന്നും, ചര്‍ച്ചും കോണ്‍ട്രാക്ടറും തമ്മില്‍ വ്യക്തമായ കരാറുകള്‍ ഉണ്ടെന്നും, അതുമായി ബന്ധപ്പെട്ട രേഖകള്‍ വേണ്ടവിധത്തില്‍ വേണ്ടസമയത്ത് കോടതിയില്‍ സമര്‍പ്പിക്കാനും വക്കീല്‍ പരാജയപ്പെട്ടു എന്നു തന്നെ പറയാം. അക്കാരണത്താല്‍ 2015 സെപ്തംബര്‍ മാസത്തില്‍ കോടതി ചര്‍ച്ചിനു ദൂഷ്യമായ വിധത്തില്‍ ഒരു വിധി പ്രഖ്യാപിച്ചിരുന്നു.

2015-ല്‍ കോടതിയില്‍ ഏറെക്കുറെ പരാജയപ്പെട്ട പ്രസ്തുത കേസ് പുനരുജ്ജീവിപ്പിച്ച് വിജയത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കിയത് ചര്‍ച്ചിലെ ഒരു മെമ്പറും നിയമകാര്യങ്ങളില്‍ നിപുണനുമായ ഷൈജു കളത്തില്‍ എന്ന ചെറുപ്പക്കാരനാണ്. 600-ലധികം പേജുകളുള്ള കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മനസ്സിരുത്തി പഠിച്ചശേഷം വക്കീലിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങിനെ ഒടുവില്‍ കോടതി കേസ് പുനര്‍വിചാരണ കൊടുക്കുകയും 2018 ആഗസ്റ്റ് മാസം ചര്‍ച്ചിന് അനുകൂലമായ വിധത്തില്‍ വിധി വരുകയും ചെയ്തു.

പരാതിക്കാരനായ തൊഴിലാളി കേസുമായി ഇനി അപ്പീലിനു പോയാല്‍ത്തന്നെ കോടതി വിധിയെ മറികടക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഭാരവാഹികള്‍ ഏതായാലും ലൈസന്‍സ് ഉള്ള കോണ്‍ട്രാക്ടറെ ആയിരുന്നു കരാര്‍ ഏല്പിച്ചിരുന്നത്. അല്ലായിരുന്നുവെങ്കില്‍ പണിക്കാരന്‍ ഡിമാന്റ് ചെയ്ത തുക തന്നെ കൊടുക്കേണ്ടി വന്നേനേ.

ഈ സംഭവം വാസ്തവത്തില്‍ സാമാന്യജനങ്ങളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായ ഒന്നാണ്. സാധാരണക്കാരായ നാം പലപ്പോഴും കുറഞ്ഞ ചിലവില്‍ പണി ചെയ്യാന്‍ തയ്യാറുള്ള ലൈസന്‍സും, മതിയായ ഇന്‍ഷുറന്‍സും ഇല്ലത്തവരെക്കൊണ്ടും പണിയെടുപ്പിച്ചാല്‍ ചിലപ്പോള്‍ വന്‍തുക നഷ്ടപരിഹാരമായി അത്തരക്കാര്‍ക്കു കൊടുക്കേണ്ടതായി വരികയും, ഒരുപക്ഷേ ജയില്‍ശിക്ഷയ്ക്കുവരെ അര്‍ഹരായിത്തീരാന്‍ സാദ്ധ്യതയുണ്ടെന്നുള്ള കാര്യവും പലര്‍ക്കും അറിയമാമെന്നു തോന്നുന്നില്ല. ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ നിയമമനുസരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും പണി എടുപ്പിക്കുമ്പോള്‍ ലൈസന്‍സും മതിയായ ഇന്‍ഷുറന്‍സും ഉള്ളവരെക്കൊണ്ടേ പണി എടുപ്പിക്കാവൂ, അതല്ലെങ്കില്‍ പണി എടുപ്പിക്കുന്നവര്‍ അതിന് ഉത്തരവാദികള്‍ ആയിരിക്കും എന്നാണ് നിയമം. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴാണ് നിയമം യാഥാര്‍ത്ഥ്യമാകുന്നത്.

ലൈസന്‍സുള്ള കോണ്‍ട്രാക്ടര്‍മാര്‍ ജോലിക്കാരെ എടുക്കുമ്പോള്‍ അവര്‍ ജോലിയില്‍ പരിജ്ഞാനമുള്ളവരാണോ, ഗോവണിയില്‍ കയറേണ്ട പണികളില്‍ നിയുക്തരാണെങ്കില്‍ അതിനുള്ള പരിചയമുണ്ടോ, തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാത്തിനുമുപരി കോണ്‍ട്രോക്ടറുടെ കമ്പനിയില്‍ പണിയെടുക്കുന്നവരുടെ പേരില്‍ മതിയായ ഇന്‍ഷുറന്‍സും എടുക്കേണ്ടത് അവരുടെ ചുമതലയില്‍പ്പെടുന്നു.

എന്തിനേറെ, കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെടുമ്പോള്‍, ഏതെങ്കിലും പണി അവരെ ഏല്പിക്കുന്നതിനു മുമ്പ് അവരുടെ ലൈസന്‍സിന്റെ കോപ്പിയും, ഇന്‍ഷുറന്‍സിന്റെ കോപ്പികളും, എല്ലാം വാങ്ങിച്ച ശേഷം ആയിരിക്കണം കോണ്‍ട്രാക്ടില്‍ ഒപ്പിടാന്‍. പ്രത്യേകിച്ച് ഇലക്ട്രിക് സംബന്ധമായ ജോലികളും, പ്ലംബിങ്ങ് തുടങ്ങിയ പണികളും, മറ്റ് മേജര്‍ ജോലികളും ചെയ്യിക്കുമ്പോള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരുകയില്ല എന്നു ചുരുക്കം.

ഇത്രയും ആയ സ്ഥിതിക്ക് ഷൈജു കളത്തില്‍ എന്ന ചെറുപ്പക്കാരനെ വായനക്കാരുടെ മുമ്പില്‍ ഒന്നു പരിചയപ്പെടുത്തിക്കൊള്ളട്ടെ. അദ്ദേഹം ഇപ്പോള്‍ ബ്രോങ്ക്‌സിലുള്ള മോണ്ടിഫ്യൂറി ഹോസ്പിറ്റലില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് നേഴ്‌സസ് അസ്സോസിയേഷന്റെ (ചഥടചഅ) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും, നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും, കേസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ള ആളുമാണ്. ഇവയ്ക്കുപുറമെ വൈറ്റ് പ്ലെയിന്‍സില്‍ അറിയപ്പെടുന്ന ഒരു നിയമസ്ഥാപനത്തിന്റെ മെഡിക്കല്‍ മാല്‍പ്രാക്ടീസ് കേസുകള്‍ പരിശോധിച്ച് അറ്റോര്‍ണിമാരെ സഹായിക്കുന്ന ജോലി കൂടി ചെയ്യുന്നു.

ഷൈജു കളത്തിലിനെപ്പോലെയുള്ള ഒരാളുടെ കഴിവുകള്‍ സമൂഹത്തിനു കൂടി ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിച്ചുകൂടേ എന്ന് ഈ ലേഖകന്‍ ആരായുകയുണ്ടായി. അതിനു മറുപടിയായി തന്റെ കഴിവുകള്‍ പരമാവധി സമൂഹത്തിനു ഫലപ്രദമായ വിധത്തില്‍ വിനിയോഗിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും, സാധിക്കുമെങ്കില്‍ തന്റെ ചുറ്റുപാടുമുള്ള അമേരിക്കന്‍ മലയാളികളെ കൂട്ടിയിണക്കി അവരെ അമേരിക്കന്‍ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ഒരു പദ്ധതി തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

അതിന്റെ തുടക്കമായി യോങ്കേഴ്‌സ് പ്രദേശത്തുള്ള അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ പ്ലാന്‍ചെയ്തു കഴിഞ്ഞു എന്നും, ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി (IA-PAC) എന്നാണ് അതിന്റെ പേരെന്നും, അതിന്റെ അഡൈ്വസറി കമ്മറ്റിയിലേയ്ക്ക് കടന്നുവരാന്‍ എന്നെ ക്ഷണിക്കുകയുമുണ്ടായി. പ്രസ്തുത പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റിയില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്നവര്‍ ഉണ്ടായിരിക്കുമെന്നും, ഇന്ത്യാക്കാരായ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പുള്ളവരുടെയും, ഗ്രീന്‍കാര്‍ഡ് ഉള്ളവരുടെയും ഒരു ഡേറ്റാബാങ്ക് ഉണ്ടാക്കിയെടുക്കുകയാണ് ആദ്യത്തെ സ്റ്റെപ്പ് എന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. നമ്മുടെ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്കുവേണ്ടി സെമിനാറുകള്‍ സംഘടിപ്പിക്കാനും അദ്ദേഹത്തിനു പ്ലാനുണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയെസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമായി പിന്നീട് അറിയിക്കുന്നതായിരിക്കും.

വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍
Phone: 914-409-5772, Email: tjkoovalloor@live.com

Date: September 8, 2018
8 വര്‍ഷം നീണ്ടുനിന്ന ഒരു നിയമയുദ്ധത്തിന്റെ പരിസമാപ്തിയും ചില ഗുണപാഠങ്ങളും (തോമസ് കൂവള്ളൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക