Image

ഇവന്മാരെ പത്തലുവെട്ടി അടിക്കണം (ലേഖനം:സാം നിലമ്പള്ളില്‍)

Published on 09 September, 2018
ഇവന്മാരെ പത്തലുവെട്ടി അടിക്കണം (ലേഖനം:സാം നിലമ്പള്ളില്‍)
മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളസ്വപ്നം പങ്കിടുന്നവരാണ് പ്രവാസി മലയാളികള്‍, പ്രത്യേകിച്ചും യൂറോപ്പലും അമേരിക്കയിലും ഉള്ളവര്‍. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എന്തെല്ലാംചെയ്യാനും അവര്‍ തയ്യാറാണ്. വിദേശരാജ്യങ്ങളിലെ നല്ലകാര്യങ്ങളെല്ലാം കണ്ടനുഭവിച്ച് അതില്‍ പങ്കാളികളായി ജീവിക്കുന്ന അവര്‍ ഒന്നോരണ്ടോ വര്‍ഷംകൂടുമ്പോള്‍ മാതൃരാജ്യംകാണാനുള്ള കൊതികൊണ്ട് കേരളത്തില്‍ കാലുകുത്തുമ്പോള്‍ നിരാശാജനകമായ കാഴ്ചകള്‍കണ്ട് അവരുടെ മനംമടുക്കുന്നു. എത്രയുവേഗം തിരിച്ചുപോകാന്‍ അവരുടെ മക്കള്‍ നിര്‍ബന്ധിക്കുന്നു. കൂനകൂടിക്കിടക്കുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധം, ദുര്‍ഘടംപിടിച്ച റോഡുകളിലൂടെയുള്ള കഠിനയാത്ര, എല്ലാമതവിഭാഗങ്ങളും മത്സരിച്ച് നടപ്പാക്കുന്ന ശബ്ദമലിനീകരണം, അട്ടഹസംമുഴക്കിവരുന്ന രാഷ്ട്രീയ ഘോഷയാത്ര, ഇതിനെല്ലാം മേമ്പൊടിയായിട്ട് ആഴ്ചതോറും ആഘോഷിക്കുന്ന ഹര്‍ത്താല്‍. ഇതെല്ലാമാണ് കേരളമിന്ന്. കെട്ടിക്കിടന്ന മാലിന്യങ്ങളധികവും പ്രളയജലം കടലില്‍കൊണ്ടുപോയി തള്ളി. എന്നാല്‍ ബക്കിയുള്ള മാലിന്യങ്ങളെല്ലാം അവശേഷിക്കയാണ്. നവകേരളത്തെ സൃഷിടിക്കാന്‍ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി ഇതിനെല്ലാമാണ് പരിഹാരം കണ്ടെത്തേണ്ടത്.

കേരളം ഒരുനൂറ്റാണ്ടിനിടയില്‍കണ്ട മഹാപ്രളയദുരന്തത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഒരു രാഷ്ട്രീയക്കാരനേയും കണ്ടില്ലെന്ന് നാട്ടുകാരില്‍ചിലര്‍ പറയുന്നതുകേട്ടു. കോണ്‍ഗ്രസ്സുകാര്‍ വെള്ളക്കുപ്പായവും ധരിച്ച് ചെളിവെള്ളത്തില്‍ ചവിട്ടാതെ കാറില്‍സഞ്ചരിച്ച് ജനങ്ങളുടെ കഷ്ടപ്പാടുകളില്‍ മുതലക്കണ്ണീര്‍പൊഴിച്ചപ്പോള്‍ സിപിഎമ്മുകാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നുവന്ന ഭഷ്യസാധനങ്ങളുംമറ്റും പൂഴ്ത്താനുള്ള ശ്രമത്തിലായിരുന്നു. ഇനി വോട്ടുചോദിക്കാന്‍വരുന്ന രാഷ്ട്രീയക്കാരെ ചൂലുകൊണ്ട് തല്ലിയോടിക്കുമെന്ന് ഒരു പാവപ്പെട്ട സ്ത്രീ പറയുന്നതുകേട്ടു. ജാതിമത രാഷ്ട്രീയ ഭേദമെന്യെ കേരളത്തിലെ യുവജനങ്ങളും മല്‍സ്യത്തൊഴിലാളികളുമാണ് മനുഷ്യജീവന്‍ രക്ഷിക്കാന്‍ രാപ്പകലില്ലാതെ കഠിനപ്രയത്‌നം ചെയ്തത്. കേരളജനതക്ക് അവരോടുള്ള കൃതജ്ഞത പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.

ഇപ്പോഴിതാ ഹര്‍ത്താലെന്ന പഴയ പ്രഹസമനവുമായി രാഷ്ട്രീയക്കോമാളികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രതിക്ഷേധിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. അത് ജനജീവിതം തടസപ്പെടുത്തിക്കൊണ്ട് ആയിരിക്കരുതെന്നുമാത്രം. പെട്രോള്‍വില വര്‍ധിപ്പിച്ച കേന്ദ്രഗവണ്മെന്റിനെ തോല്‍പിക്കാനാണ് സമരം. പെട്രോള്‍വിലവര്‍ധവ് ആഗോളപ്രതിഭാസമാണെന്ന് അറിയാത്തവരല്ല ഇവര്‍. പൊതുജനങ്ങള്‍ കഴുതകളാണെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടരുടെ വെറുംരാഷ്ട്രീയ സ്റ്റണ്ടാണ് ഇതൊക്കെ.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂഡോയിലിന്റെവില കൂടുമ്പോള്‍ സ്വാഭാവികമായും പെട്രോള്‍വിലയുംകൂടും. നിങ്ങള്‍ ഹര്‍ത്താല്‍ നടത്തിയാല്‍ പെട്രോള്‍വില ഒരു പൈസയെങ്കിലും കുറയുമോ? അപ്പോള്‍ ആര്‍ക്കെതിരായാണ് നിങ്ങളുടെ ഹര്‍ത്താല്‍? പൊതുജനങ്ങള്‍ക്കെതിരെ. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഇതുകൊണ്ട് ജനങ്ങളുടെമേലുള്ള രാഷ്ട്രീയസ്വാധീനം വര്‍ധിക്കുമെന്ന്. ഒരുശതമാനംപോലും വര്‍ധിക്കത്തില്ലെന്ന് നിങ്ങള്‍ക്കുതന്നെ അറിയാം. പിന്നെന്തിന് ഇത്തരം രാഷട്രീയ ഭോഷത്തരങ്ങള്‍. പ്രത്യേകിച്ചും ജനങ്ങള്‍ ദുരിതത്തില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ഈ സന്ദര്‍ഭത്തില്‍. വിദ്യാലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കിയതിനാല്‍ പഠനാവസരം നഷ്ടപ്പെട്ട കുട്ടികളെ വീണ്ടും ശിക്ഷിക്കാനല്ലെ നിങ്ങളുടെ പുറപ്പാട്. നിങ്ങളുടെ ഹര്‍ത്താലുകൊണ്ട് ആര്‍ക്കും ഒരുഗുണവും ഉണ്ടാകുകയില്ല എന്നുമാത്രമല്ല ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ഒരുഡിഗ്രി കൂട്ടുകയുമാണ്.

ഇപ്പോഴത്തേത് അഖിലേന്ത്യാ പ്രക്ഷോഭമാണെന്ന് നിങ്ങള്‍ പറയുന്നു. മുന്‍പുനടന്ന പല അഖിലേന്ത്യാ ബന്ദുകളും പൂര്‍ണ്ണമായി വിജയിച്ചത് കേരളത്തില്‍ മാത്രമാണ്. മറ്റുസംസ്ഥാനങ്ങളിലൊന്നും അത് ജനജീവിതത്തെ ബാധിച്ചിട്ടില്ല. ഇപ്പോഴത്തേതും അങ്ങനെതന്നെ ആയിരിക്കും. കേരളത്തില്‍ വാട്ട്‌സാപ്പ ഗ്രൂപ്പുകള്‍വരെ ഹര്‍ത്താലുകള്‍ പരീക്ഷിക്കുകയാണ്. ഏത് ഊച്ചാളിപാര്‍ട്ടി വിചാരിച്ചാലും കേരളജീവിതം സ്തംഭിപ്പിക്കാന്‍ സാധിക്കും. ലോകത്തില്‍ മറ്റൊരുരാജ്യത്തും കേട്ടുകേഴ്‌വിപോലുമില്ലാത്ത തെമ്മാടിത്തരമാണ് ഹര്‍ത്തലെന്ന പേരില്‍ നടത്തുന്ന ബന്ദ്. നവകേരളം സ്വപ്നംകാണുന്ന മുഖ്യമന്ത്രി തന്റെപാര്‍ട്ടിയോട് ഇത്തരം പ്രഹസനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍കാന്‍ പറയണം. ഇടതുപക്ഷം വിചാരിച്ചാല്‍ ഹര്‍ത്താല്‍രഹിക കേരളം സൃഷ്ട്ടിക്കാന്‍ സാധിക്കും. പ്രതിക്ഷേധിക്കാന്‍ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നടപ്പാക്കാന്‍ സാധിക്കുന്നവ. വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടണ്ടാക്കാതെ പ്രകടനങ്ങള്‍ നടത്തുക, മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് ഘോരഘോരം പ്രസംഗിക്കുക, സെക്രട്ടറിയേറ്റ് പടിക്കലും കളക്ടറേറ്റിന്റെ വാതില്‍കലും സത്യാഗ്രഹം കിടക്കുക, മരണംവരെയായാലും വിരോധമില്ല. ഇതൊക്കെ പരീക്ഷിച്ചുനോക്കരുതോ. തന്റെ സംസ്ഥാനത്ത് സമരങ്ങള്‍ അനുവദിക്കില്ലെന്ന്് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യപിച്ചിരിക്കയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദില്‍ അവരുടെ പാര്‍ട്ടി സഹകരിക്കില്ല. അതായത് സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും വേലകളൊന്നും അവിടെ നടക്കില്ലെന്ന്.

രാഷ്ട്രീയക്കോമരങ്ങള്‍ക്ക് കുടപിടിക്കാന്‍ നടക്കുന്ന യുവജനങ്ങളോട് ഒന്നുപറയട്ടെ. പ്രളയസമയത്ത് നിങ്ങള്‍ചെയ്ത നിസ്വാര്‍ഥ സേവനംകണ്ട് അഭിമാനിച്ചവരാണ് ഞങ്ങള്‍. നിങ്ങളുടെ ഒത്തൊരുമ കേരളത്തിന് ഇനിയും ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ നവകേരളസ്പ്നം സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരിക്കണം. രാഷ്ട്രീയക്കാര്‍ക്ക് മുദ്രാവാക്യംവിളിച്ചും പോസ്റ്ററൊട്ടിച്ചും ചെലവഴിക്കാനുള്ളതല്ല നിങ്ങളുടെ വിലയേറിയ ജീവിതം. അവര്‍ക്കുവേണ്ടത് രക്തസാക്ഷികളെയാണ്. നിങ്ങളെ ബലികൊടുത്ത് അവര്‍ രക്തസാക്ഷിദിനം ആഘോഷിക്കും, പ്രകടനം നടത്തും, പഞ്ചായത്തുതലത്തിലോ ജില്ലാതലത്തിലോ ഹര്‍ത്താല്‍ നടത്തും. ഒരാഴ്ച കഴിയുമ്പോള്‍ അവര്‍ നിങ്ങളെ മറക്കും. നിങ്ങളുടെ അഛനും അമ്മയും മകനെയോര്‍ത്ത് വര്‍ഷങ്ങളോളം കരയും. അതുകൊണ്ട് ബുദ്ധിയുള്ളവരായിരിക്കുക. നാട്ടില്‍ ഹര്‍ത്താലാഘോഷിക്കാന്‍ വരുന്നവരെ പത്തലുവെട്ടി അടിച്ചോടിക്കാന്‍ നിങ്ങള്‍ക്കാകുമോ?

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
വിദ്യാധരൻ 2018-09-09 23:44:22
ഉണ്ടായിരുന്നെനിക്കുമൊത്തിരി സ്വപ്നങ്ങൾ
ഈ നാട്ടിൽ ഞാൻ വന്ന നാൾ തുടങ്ങി. 
ഇവിടെ ചെങ്കൊടി സമരമില്ല
അലറി വിളിച്ചുള്ള ജാഥയില്ല  
ഉച്ചഭാഷണി ഒച്ചയില്ല
തലതല്ലിപൊട്ടിക്കാറുമില്ല 
ബന്തെന്ന് പറയുന്ന കുന്തമില്ല 
പൊതുമുതൽ നശിപ്പാക്കാറുമില്ല 
അയലത്ത്കാരില്ലാത്ത തക്കം നോക്കി 
മാലിന്യപൊതിഞ്ഞെറിയാറുമില്ല 
റോഡിൽ ഇരുന്നുള്ള തൂറ്റലില്ല 
റോഡിൽ നെടുനീളെ  തുപ്പാറില്ല 
പട്ടി പശു ആട് കോഴി ഒന്നും 
അലഞ്ഞു തിരിഞ്ഞു നടക്കാറില്ല'
ഇതുപോലെ എൻ  നാടും ആയിരുന്നേൽ 
എന്ന് ഞാൻ  സ്വപനം കണ്ടിരുന്നു
"സ്വപ്നങ്ങൾ കണ്ടുകൊണ്ടങ്ങിരിക്കാൻ 
കേരളമില്ലത് അമേരിക്കയാ"
പത്തല് വെട്ടി അടിക്കുമ്പോലെ 
ഭാര്യേടെ ഗർജ്ജനം കേട്ട് ഞാൻ ഉണർന്നു  
  
പത്തല് വെട്ടി അടിച്ചെന്നാലും 
വാല്  കുഴലിൽ  കേറ്റിയാലും 
കേരളം  ഒരു നാളും ശരിയാകുകില്ല 
സ്വാർത്ഥതയാൽ വിഷലിപ്‌തമായ രക്തം 
കേരള ധമനിയിൽ പാഞ്ഞിടുന്നു 
കടപ്പാടവിടെ പര്സപരം ആർക്കുമില്ല
ചൂഷണമണാ നാടിൻ മുദ്രാവാക്ക്യം
എന്റെ നാട് എന്ന് ശരിയായിടുമോ 
പൂവണിയുമോ എന്നേലും എന്റെ സ്വപ്നം?
സമരങ്ങൾ ബന്തുകൾ ഹർത്താലും  ഇല്ലാത്ത
മാവേലി സ്വപ്നം  കണ്ട എന്റെ നാട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക