Image

കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ്ജിന് 'ദേശീയ കുപ്രസിദ്ധി'... ബര്‍ക്ക ദത്ത് മുതല്‍ രവീണ വരെ; റിമൂവ് പിസി

Published on 10 September, 2018
കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജ്ജിന് 'ദേശീയ കുപ്രസിദ്ധി'... ബര്‍ക്ക ദത്ത് മുതല്‍ രവീണ വരെ; റിമൂവ് പിസി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയെ അത്രയും അധിക്ഷേപിച്ച ആളാണ് പിസി ജോര്‍ജ്ജ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ പിന്നെ കന്യകയല്ലെന്നും, പരാതിക്കാരിക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ലെന്നും വരെ പിസി ജോര്‍ജ്ജ് പറഞ്ഞു.

പന്ത്രണ് തവണ പീഡിപ്പിച്ചപ്പോഴും അത് പീഡനം ആയില്ല പതിമൂന്നാം തവണ മാത്രമാണോ പീഡനം ആയത് എന്നൊക്കെയാണ് പിസി ജോര്‍ജ്ജ് ചോദിച്ചത്. എന്തായാലും ഈ വിഷയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കാര്യമായി പരിഗണിച്ചില്ല. പക്ഷേ, റിപ്പബ്ലിക് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ പിസി ജോര്‍ജ്ജിനെ വെറുതേ വിട്ടില്ല.

റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ച ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഉത്തരംമുട്ടിയ പിസി ജോര്‍ജ്ജിന് പക്ഷേ, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ വിരട്ടുന്നതുപോലെ റിപ്പബ്ലിക് ടിവി അവതാരകയെ വിരട്ടാന്‍ കഴിഞ്ഞില്ല. എന്തായാലും ഒറ്റ സംഭവം കൊണ്ട് പിസി ജോര്‍ജ്ജ് ദേശീയ തലത്തില്‍ 'കുപ്രസിദ്ധി' നേടിയിരിക്കുകയാണ്. ട്വിറ്ററില്‍ വലിയ കാമ്പയിന്‍ ആണ് ജോര്‍ജ്ജിനെതിരെ നടക്കുന്നത്.

പൂഞ്ഞാര്‍ എംഎല്‍എ ആണ് പിസി ജോര്‍ജ്ജ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിച്ച് നിയമസഭയില്‍ എത്തിയ ആളാണ്. പക്ഷേ, എന്നും വിവാദങ്ങളുടെ കളിത്തോഴനും ആണ് ജോര്‍ജ്ജ്. മിക്ക വിവാദങ്ങളും അദ്ദേഹത്തിന്റെ വാക് പ്രയോഗങ്ങള്‍കൊണ്ട് തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്.

ട്വിറ്ററില്‍ പിസി ജോര്‍ജ്ജിനെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. അതില്‍ മലയാളികള്‍ മാത്രമല്ല ഉള്ളത്. റിപ്പബ്ലിക് ടിവി ചര്‍ച്ച കണ്ടവരാരും തന്നെ പിസി ജോര്‍ജ്ജിനെ പിന്തുണയ്ക്കാനും സാധ്യതയില്ല. റിമൂവ് പിസി ജോര്‍ജ്ജ് എന്ന ഹാഷ്ടാഗോടെ ആണ് ജോര്‍ജ്ജിനെതിരെയുള്ള പ്രതിഷേധം

പിസി ജോര്‍ജ്ജ് കേരളത്തിലെ വലിയ വാര്‍ത്താ കേന്ദ്രം ആണ്. ഇരുമുന്നണികളും ജോര്‍ജ്ജിന്റെ നാവിന്റെ ചൂടറിഞ്ഞവരാണ്. എന്നാല്‍ ദേശീയ തലത്തില്‍ ഇതുവരെ ജോര്‍ജ്ജ് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ കന്യാസ്ത്രീ വിവാദത്തില്‍ പിസി ജോര്‍ജ്ജ് ദേശീയ തലത്തില്‍ തന്നെ കുപ്രസിദ്ധി നേടിയിരിക്കുകയാണ്.

പ്രസിദ്ധ മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത് അടക്കമുള്ളവരാണ് ട്വിറ്ററില്‍ ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബര്‍ക്കയെ പോലുള്ള മറ്റ് പലരും സമാനമായ രീതിയില്‍ പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും ജോര്‍ജ്ജ് അടങ്ങിയിട്ടില്ല. ഇതിനൊക്കെ ശേഷവും ജോര്‍ജ്ജ് തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ്.

ആദ്യം ഇരയെ അപമാനിക്കുക, പിന്നെ സമ്മതത്തോടെയുള്ള ലൈംഗിത ബന്ധം ആണെന്ന് പറയുക. സമ്മതം എന്നത് എല്ലാസമയത്തേക്കും ഉള്ളതാണെന്ന് കണക്കാക്കുക. ഇത് ആരോചകം ആണ്. പിസി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനും പിടിച്ച് ദയിലില്‍ അടയ്ക്കാനും ഇത് ധാരാളം ആണെന്നാണ് ബര്‍ക്ക ദത്ത് തന്റെ ട്വീറ്റില്‍ പറയുന്നത്.

പിസി ജോര്‍ജ്ജിനെതിരെ പ്രമുഖ ബോളിവുഡ് നടി രവീണ ടണ്ടനും രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലേ എന്നാണ് രവീണ ട്വീറ്റിലൂടെ ചോദിച്ചത്. മനേക ഗാന്ധിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു രവീണയുടെ ട്വീറ്റ്.

കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടെങ്കില്‍ കോടതിയെ ആണ് സമീപിക്കേണ്ടത് എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. അല്ലാതെ സമരം നടത്തുകയല്ല വേണ്ടത് എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സഭയെ അവഹേളിക്കാന്‍ നടക്കുന്നവരുടെ പിന്തുണയോടെ ആണ് ഇപ്പോഴത്തെ സമരം എന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.

കന്യാസ്ത്രീയെ കഴിഞ്ഞ ദിവസം അവഹേളിച്ചതുകൊണ്ട് തൃപ്തി വരാത്തതുപോലെ ആണ് പിസി ജോര്‍ജ്ജിന്റെ കാര്യങ്ങള്‍. ചില അപഥസഞ്ചാരിണികള്‍ക്ക് അനുകൂലമായി നിയമത്തെ വളച്ചൊടിക്കാനാണ് ചിലരുടെ ശ്രമം എന്നും ജോര്‍ജ്ജ് പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അതിനെ അംഗീകരിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
Join WhatsApp News
Phil 2018-09-10 11:15:59
എന്തും പറയുവാനുള്ള ലൈസൻസ് ഈ പുള്ളിക്ക് സർക്കാർ കൊടുത്തിട്ടുണ്ട് . വിഡ്‌ഡികൾ ആയ നമ്മൾ വീണ്ടും ഇയാളെ ജയിപ്പിക്കു. ഇവരെ ഒക്കെ എങ്ങനെ സംസാരിക്കണം  എന്ന് പഠിപ്പിച്ച ശേഷമേ ഇലക്ഷന് നിർത്താവൂ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക