Image

സഭയ്‌ക്കെതിരായ സംഘടിത നീക്കമെന്ന്; കന്യാസ്ത്രീയെ തള്ളി മിഷണറീസ് ഓഫ് ജീസസ്

Published on 10 September, 2018
സഭയ്‌ക്കെതിരായ സംഘടിത നീക്കമെന്ന്; കന്യാസ്ത്രീയെ തള്ളി മിഷണറീസ് ഓഫ് ജീസസ്
ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന ആരോപണം തള്ളി മിഷണറീസ് ഓഫ് ജീസസ്. ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അവര്‍ വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ അപലപിക്കുന്നതായും തള്ളിക്കളയുന്നതായും മിഷണറീസ് ഓഫ് ജീസസ് അധികൃതര്‍ പറഞ്ഞു. സഭയ്‌ക്കെതിരായ സംഘടിത നീക്കത്തിന്റെ ഭാഗമാണ് കന്യാസ്ത്രീയുടെ പരാതിയെന്നും സന്യാസിനീ സഭ കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീ മഠത്തിലെ മദര്‍ എന്ന നിലയില്‍ ബിഷപ്പ് പങ്കെടുക്കുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നത് സന്തോഷത്തോടെയാണ്. കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളില്‍ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്. ഇവര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ചതിന്റെയും മറ്റ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നതിന്റെയും പിന്നില്‍ ബാഹ്യശക്തികളാണന്നും പ്രസ്താവനയില്‍ പറയുന്നു.

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ കുറിവിലങ്ങാട് മഠത്തിലെ അന്തേവാസികളെല്ലെന്നും കോണ്‍ഗ്രിഗേഷന്റെ നിയമങ്ങളെ വെല്ലുവിളിച്ച് ഇവിടെ കഴിയുന്ന ഇവരെ പല തവണ താക്കീത് ചെയ്തതാണെന്നും പ്രസ്താവനയില്‍ വിവരിക്കുന്നു.

യുക്തിവാദം പ്രചരിപ്പിക്കുന്ന സംഘത്തിന്റെ പിന്തുണയോടെയാണ് കന്യാസ്ത്രീമാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഇത് അന്വേഷിക്കണം.വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും സമരത്തിന് പിന്തുണയുമായെത്തുന്ന രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ വഞ്ചിക്കപ്പെടരുതെന്നും മിഷനറീസ് ഓഫ് ജീസസ് പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മിഷനറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കൗണ്‍സില്‍ യോഗം അടുത്ത ദിവസം ചേരുമെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക