Image

ശാസ്ത്രം, കഥ, ഭാവന, ഗുണ്ടു് (ഡോ: എസ്.എസ്. ലാല്‍)

Published on 10 September, 2018
ശാസ്ത്രം, കഥ, ഭാവന, ഗുണ്ടു് (ഡോ: എസ്.എസ്. ലാല്‍)
ശ്രീ. എം. മുകുന്ദന്‍ പ്രസിഡന്റായിരുന്ന ഡല്‍ഹിയിലെ കേരള ക്ലബ്ബിലെ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ സാഹിതീ സഖ്യം. ഡല്‍ഹിയിലെ മലയാളി എഴുത്തുകാര്‍ ആ സാഹിതീ സഖ്യത്തില്‍ സ്വന്തം രചനകള്‍ അവതരിപ്പിക്കും. പ്രസിദ്ധീകരിക്കാന്‍ അയക്കുന്നതിനു മുമ്പു്. ചിലപ്പോള്‍ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ തിരുത്തലുകള്‍ ആക്കിക്കൊണ്ടു്.

എം. മുകുന്ദനു മുന്നില്‍ സ്വന്തം കഥകളും കവിതകളും വായിക്കുന്നത് ഞങ്ങള്‍ സാധാരണ എഴുത്തുകാര്‍ക്ക് എളുപ്പമല്ലായിരുന്നു. ഡല്‍ഹിയില്‍ ജീവിക്കുന്ന കാലത്ത് എനിക്കും അത്തരം അനുഭവങ്ങളുണ്ടായി. പില്‍ക്കാലത്ത് 'ആനുകാലിക മലയാളം' വാരികയില്‍ പ്രസിദ്ധീകരിച്ച 'ഋതുക്കള്‍ ആര്‍ക്കുവേണ്ടി' എന്ന എന്റെ ചെറുകഥ ആദ്യം വായിച്ചു കേട്ടത് എം. മുകുന്ദനും കേരള ക്ലബ്ബില്‍ ഒത്തുചേരുന്ന സാഹിത്യാഭിരുചിയുള്ള സുഹൃത്തുക്കളുമാണ്.

ആ കഥ മുകുന്ദനു മുന്നില്‍ വായിക്കുമ്പോള്‍ കടലാസു പിടിച്ചിരുന്ന എന്റെ കൈകള്‍ വിറയ്ക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. തൊണ്ട ഇടറാതിരിക്കാനും. വലിയ ശ്രമം വേണ്ടിവന്നു അതിനൊക്കെ.

കഥയ്ക്കു ശേഷം മുകുന്ദന്‍ പറഞ്ഞ മിക്ക വരികളും എനിക്കോര്‍മ്മയുണ്ട്. അതില്‍ പ്രധാനപ്പെട്ട കുറച്ചു വരികള്‍ ഉണ്ടു്. നമ്മള്‍ ഓര്‍ക്കേണ്ട വരികള്‍. അത് പിന്നീടു പറയാം.

ഒരേ സമയം ശാസ്ത്രവും കഥകളും എഴുതുന്ന ഒരാളാണ് ഞാന്‍. വെവ്വേറെ. അവയൊക്കെ ഉദാത്തമാണെന്ന അവകാശവാദമൊന്നും ഇല്ല. അതല്ല ഇവിടെ വിഷയവും. ഞാന്‍ എഴുതുന്ന രണ്ടും വായിച്ചിരുന്ന, ഇപ്പോഴുംവായിക്കുന്ന, ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് പറയുന്നതാണു്.

ഞാന്‍ മെഡിസിന്‍ പാസാക്കുന്നത് 1990-ല്‍ ആണ്. അന്നുമുതല്‍ വൈദ്യശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ എഴുതുന്നുണ്ട്. പല ആരോഗ്യ മാസികളില്‍ സ്ഥിരമായി എഴുതിയിരുന്നു. ഫേസ്ബുക്കിനും സ്വന്തം ബ്ലോഗിനും പുറത്ത് ഇപ്പോഴും ശാസ്ത്രം എഴുതുന്നു.

ഞാന്‍ കഥ എഴുതിത്തുടങ്ങിയത് അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ്. എന്റെ ആദ്യത്തെ കഥകള്‍ വായിച്ച് ഞാന്‍ തന്നെ നെടുവീര്‍പ്പിട്ടിട്ടുണ്ടു്, കരഞ്ഞു പോയിട്ടുണ്ട്. അത്ര നിലവാരം കുറഞ്ഞവയായിരുന്നു :) പിന്നെ, മനസ്സിരുത്തിയുള്ള വായനയും പരിസരങ്ങളെ സൂക്ഷിച്ചു നോക്കാനുള്ള ശ്രമങ്ങളും പതിയെ എന്റെ കഥകളെ മറ്റുള്ളവരെ കാണിക്കാവുന്ന തരത്തില്‍ എത്തിച്ചു. എന്നാലും കഥകള്‍ പ്രസിദ്ധീകരണ യോഗ്യമാകാന്‍ വര്‍ഷങ്ങള്‍ എടുത്തു. പ്രസിദ്ധീകരിക്കാനായി വാരികയ്ക്ക് സാധാരണ പോസ്റ്റില്‍ അയച്ചുകൊടുത്ത കഥ മാസികയുടെ എഡിറ്റര്‍ സ്പീഡ് പോസ്റ്റില്‍ തിരികെയയച്ചതു പോലെയുള്ള സംഭവങ്ങള്‍ :)

പില്‍ക്കാലത്ത് എന്റെ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ നാട്ടിലെ പ്രധാന വാരികകള്‍ തയ്യാറായി. അത് എന്റെ കഥകള്‍ നന്നായതിനാലാണ്. വാരികകളുടെ മനസ് മാറിയതല്ല. അങ്ങനെ കുറേയേറെ കഥകളും രണ്ടു് നോവലുകളും ഇതിനിടയില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷങ്ങളില്‍ ഒരുപാടെഴുതി. അവയൊക്കെ പുസ്തകങ്ങളാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഭാര്യ സന്ധ്യയും അടുത്ത ചില സുഹൃത്തുക്കളുമാണ് അതിനു നിര്‍ബന്ധിച്ചത്. സുഹൃത്ത് രാധാകൃഷണണനാണ് ആദ്യ ബുക്കിന് വഴിയൊരുക്കുന്നത്. സിന്ധു ഹരിയാണ് എഡിറ്റിംഗ് ഏറ്റെടുത്തിരിക്കുന്നത്.

ശാസ്ത്രവും കഥയും എഴുതാന്‍ ഒരേ തലച്ചോറാണ് ഞാന്‍ ഉപയോഗിക്കന്നത്. ഒരേ കൈവിരലുകളും. ഒരേ പേനയും. ഒരേ ഭാഷയും. പക്ഷേ, എഴുത്തില്‍ ഒരു പ്രധാന വ്യത്യാസമുണ്ടു്. കഥകള്‍ എഴുതുമ്പോള്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളും തോന്നലുകളും പിടിവാശികളും അറിവും അറിവില്ലായ്മയും ഒക്കെ അതില്‍ പ്രതിഫലിക്കും. ഭാവനയില്‍ വരുന്ന എന്തും എഴുതാം. അത് പരീക്ഷിക്കപ്പെട്ടതോ ലോക സത്യമോ ആയിരിക്കണമെന്നില്ല. ചിലപ്പോള്‍ കള്ളവും (ഗുണ്ടു്) :) ആകാം. വായിക്കുന്നവരെ പിടിച്ചിരുത്താനുള്ള സസ്‌പെന്‍സും ചിരിപ്പിക്കാനുള്ള മസാലയും കരയിക്കാനുള്ള മുളകുപൊടിയുമൊക്കെ ഞാനതില്‍ സന്ദര്‍ഭാനുസരണം വിതറും. പ്രത്യേക രുചിയൊന്നുമില്ലാത്ത അരിയും പല കടകളില്‍ നിന്ന് വാങ്ങിയ വസ്തുക്കളും ചേര്‍ത്ത് വേവിച്ച് രുചിയുള്ള പായസം ഉണ്ടാക്കുന്നതുപോലെ. അവിടെ എനിക്കിഷടമുള്ള തരത്തില്‍ പായസം ഉണ്ടാക്കാം. അതുപോലെ, പായസം മറ്റുള്ളവര്‍ക്ക് രുചിക്കുകയോ കഴിക്കുകയോ വലിച്ചെറിയുകയോ ചെയ്യാം. ആര്‍ക്കും അപകടം വരില്ല.

വൈദ്യശാസ്ത്ര ഖേനങ്ങള്‍ എഴുതുമ്പോള്‍ മറ്റേതൊരു ഗൗരവമുള്ള ശാസ്ത്ര എഴുത്തുകാരനെയും പോലെ ഞാനും ശ്രദ്ധാപൂര്‍വമാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രം പറയുമ്പോള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് വിലയില്ല. ശാസ്ത്രജ്ഞര്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി എനിക്കെന്തെങ്കിലും തോന്നിയാല്‍ അത് എന്റെ ധാരണപ്പിശകാകാനാണ് സാധ്യത. ഇനി ഞാന്‍ പറയുന്ന പുതിയ കാര്യത്തില്‍ എനിക്ക് കടുത്ത വിശ്വാസമുണ്ടെങ്കില്‍ അത് അറിയിക്കാനും ചര്‍ച്ച ചെയ്യാനും വേദികളുണ്ട്. അവിടെപ്പറയാം. അല്ലാതെ, ചക്ക വീണ് മുയല്‍ ചത്ത അനുഭവങ്ങള്‍ ഫിലോസഫിയായും ശാസ്ത്രമായും എഴുന്നള്ളിക്കുന്നവര്‍ ശാസ്ത്രജ്ഞരല്ല. കഥയെഴുത്തുകാര്‍ മാത്രമാണ്.

സ്വന്തം മൂത്രം കുടിച്ച് എയ്ഡ്‌സ് മാറിയ ഒരു രോഗിയെ എനിക്കറിയാമെന്ന് ഞാന്‍ പറഞ്ഞാല്‍, ഞാനത് പത്രത്തില്‍ എഴുതിയാല്‍, ടെലിവിഷനില്‍ പറഞ്ഞാല്‍, എന്റെ കുടുംബാംഗങ്ങളോടു പോലും ചോദിക്കാതെ ദയവായി എന്നെ മാനസിക രോഗ ചികിത്സകന്റെയടുത്തെത്തിക്കണം. എന്റെ രോഗം മൂര്‍ഛിക്കാന്‍ അവസരമുണ്ടാക്കരുത്. സ്വബോധത്തോടെ ഞാനത് പറയില്ല. മാനസികരോഗമില്ലാത്ത ഒരാള്‍ അങ്ങനെ പറഞ്ഞാല്‍ അയാള്‍ തട്ടിപ്പു വീരനാണ്. എയ്ഡ്‌സിനെതിരെ 'മരുന്ന്' കണ്ടു പിടിച്ച കൊച്ചിയിലെ മജീദും കഷണ്ടിയ്ക്കു 'മരുന്നു' കണ്ടു പിടിച്ച തിരുവനന്തപുരത്തെ ഗോപാലനും വലിയ ധനികരായതല്ലാതെ മരുന്നു വാങ്ങിയ ഒരാളും ഇതുവരെ രക്ഷപെട്ടില്ല.

എന്റെ കഥ വായനയ്ക്കു ശേഷം എം. മുകുന്ദന്‍ പറഞ്ഞതില്‍ എന്റെ മനസ്സില്‍ ഉടക്കിയ പ്രധാന വരികള്‍ ഇവയാണ്. 'ഈ കഥയില്‍ ചില ശാസത്ര കാര്യങ്ങള്‍ വരുന്നുണ്ട്. നല്ല പ്രവണതയാണിത്. കഥ വായിക്കുന്നവര്‍ക്ക് ശാസ്ത്ര വിവരങ്ങളും കിട്ടുന്നത് നല്ലതാണ്. കഥയില്‍ ശാസ്ത്രം ആകാം. എന്നാല്‍ ശാസത്രത്തില്‍ കഥകള്‍ പാടില്ല. ശാസ്ത്രം ശാസ്ത്രം തന്നെയായിരിക്കണം. പരീക്ഷണങ്ങളുടെയും തെളിവുകളുടെയും പിന്‍ബലത്തോടെ. കഥയില്‍ ഭാവന എഴുതാം. ശാസത്രത്തില്‍ അതുപാടില്ല'

നമ്മള്‍ മനുഷ്യര്‍ക്ക് കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. അസാദ്ധ്യമായ കാര്യങ്ങള്‍ നടന്നെന്നും അത്ഭുതങ്ങള്‍ സംഭവിച്ചെന്നും കേള്‍ക്കാന്‍ ഇഷ്ടമാണ്. അത്തരം കഥകള്‍ പറയുന്നത്, പറഞ്ഞുപരത്തുന്നത്, ശാസ്ത്രജ്ഞര്‍ എന്ന് അവകാശപ്പെടുന്നവരാണെങ്കില്‍ അവരെ സൂക്ഷിക്കുക.

ഉള്‍വിളി തോന്നിയ വടക്കഞ്ചേരിമാര്‍ ചികിത്സ തീരുമാനിക്കുന്ന, ഗണപതി പ്ലാസ്റ്റിക് സര്‍ജറിയുടെ ഉല്പന്നമായി ശാസ്ത്ര കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്ന, മത ഗ്രന്ഥ പാരായണം പ്രമേഹം കുറയ്ക്കുമെന്ന ശാസ്ത്ര ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്ന ഇക്കാലത്ത് മുകുന്ദന്റെ വരികള്‍ ഓര്‍ത്തു പോയതാണ്.
ശാസ്ത്രം, കഥ, ഭാവന, ഗുണ്ടു് (ഡോ: എസ്.എസ്. ലാല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക