Image

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍

Published on 11 September, 2018
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍


കല്‍പറ്റ: ഉരുള്‍പൊട്ടലും പ്രളയവും തീര്‍ത്ത കനത്ത ദുരിതത്തില്‍ ക്ഷതമേറ്റ വയനാടന്‍ കാര്‍ഷിക മേഖലയില്‍ ആശങ്കയുയര്‍ത്തി കര്‍ഷക ആത്മഹത്യകള്‍ വീണ്ടും. ബാങ്കു വായ്‌പയെടുത്തും പലിശക്ക്‌ പണം വാങ്ങിയുമൊക്കെ കൃഷിയിറക്കിയവര്‍ക്ക്‌ തീരാദുരിതമായി വിളനാശം സംഭവിച്ചതോടെ കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവരുകയാണ്‌. ഒരുമാസത്തിനിടെ മൂന്നു പേരാണ്‌ വിളനാശത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ജീവനൊടുക്കിയത്‌. പ്രളയക്കെടുതികളുടെ മധ്യേയാണ്‌ ഈ മൂന്നു ആത്മഹത്യകളും. നെല്ല്‌, കുരുമുളക്‌, കാപ്പി, വാഴ, ഇഞ്ചി തുടങ്ങിയ സകല വിളകള്‍ക്കും മഴക്കെടുതികള്‍ വരുത്തിയത്‌ വന്‍നാശമാണ്‌.

മുന്‍വര്‍ഷങ്ങളില്‍ കൃഷിനാശം സംഭവിച്ചതിനെ തുടര്‍ന്ന്‌ ഒട്ടേറെ കര്‍ഷകര്‍ വായ്‌പകള്‍ തിരിച്ചടക്കാത്തതിനാല്‍ ബാങ്ക്‌ നടപടി നേരിടുകയാണ്‌. ഇതിനിടയിലാണ്‌ പ്രളയം നാശം വിതച്ചത്‌. ഇതോടെ വായ്‌പ തിരിച്ചടവ്‌ കൂടുതല്‍ പ്രതിസന്ധിയിലായി. ഈ ആധിയാണ്‌, കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തിരിച്ചുവരുന്നതിന്‌ വഴിയൊരുക്കുന്നത്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാറില്‍നിന്ന്‌ ലഭിക്കേണ്ട നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തതും നാമമാത്ര നഷ്ടപരിഹാരത്തിനുതന്നെ അന്യായ മാനദണ്ഡങ്ങളുടെ കടമ്പകളും കര്‍ഷകരെ കുഴക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക